ശൈഖുനാ അരിപ്ര മൊയ്തീൻ ഹാജി (ന:മ)
കേരളക്കരയിൽ വിജ്ഞാനം കൊണ്ട് അത്ഭുതം സൃഷ്ടിച്ച അത്യപൂർവ്വം പ്രതിഭകളിൽ ഒരാളായിരുന്നു ശൈഖുനാ അരിപ്ര സി.കെ മൊയ്തീൻ ഹാജി. ജീവിതം മുഴുവൻ വിജ്ഞാന സമ്പാദന-പ്രസരണത്തിനായി നീക്കിവെച്ച മഹാൻ സമസ്തയുടെ സ്ഥാപിതകാലം മുതല്‍ സംഘടനയില്‍ പ്രവര്‍ത്തിച്ച പണ്ഡിത ശ്രേഷ്ടരിൽ ഒരാൾ കൂടിയാണ്. സമസ്തക്കും സുന്നത്ത് ജമാഅത്തിനും താങ്ങും തണലുമായി ജീവിത കാലം മുഴുവന്‍ മഹാന്‍ വൈജ്ഞാനിക പ്രയാണം നടത്തി.
ജനനം,കുടുംബം
പെരിന്തല്‍മണ്ണ താലൂക്കിലെ അരിപ്ര പാതിരമണ്ണയില്‍ ഹിജറ 1308(എ.ഡി 1889) ലാണ് അദ്ദേഹം ജനിച്ചത്. തിരൂരങ്ങാടിയിലെ പ്രസിദ്ധമായിരുന്ന കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്ന് പാതിരമണ്ണ കക്കാട്ട്‌തൊടുവിലേക്ക് കുടിയേറിപ്പാര്‍ത്ത ഉണ്ണീന്റെ മകന്‍ സൂഫിയുടെ മകനായ സൈതാലി ഹാജിയാണ് പിതാവ്. മാതാവ് ഖദീജ.
പിതാവ് ഹജ്ജിന് ശേഷം മക്കയില്‍ മരിക്കുകയും ജന്നത്തുല്‍ മുഅല്ലയില്‍ മറവ് ചെയ്യപ്പെടുകയും ചെയ്തു. പിതാമഹന്മാരിലൊരാള്‍ പാതിരമണ്ണയില്‍ താമസിക്കുന്നതിന് മുമ്പ് ചൂളയില്‍ എന്ന സ്ഥലത്ത് താമസിച്ചിരുന്നതിനാല്‍ രണ്ടിലേക്കും ചേര്‍ത്ത് ചൂളയില്‍ കക്കാട്ടില്‍ (സി.കെ) എന്ന വീട്ടുപേരുപയോഗിച്ചു.
പ്രശസ്ത ഖാരിആയിരുന്ന അബ്ദുല്‍ ഖാദിര്‍ മൊല്ലയില്‍ നിന്ന് ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കി ദര്‍സ് പഠനമാരംഭിച്ചു. അല്‍ഫിയ്യക്കാരന്‍ എന്ന പേരില്‍ പ്രസിദ്ധനായ കൈപ്പറ്റ കുഞ്ഞി മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, മണ്ണാര്‍ക്കാട് കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയാര്‍, മൗലാ കട്ടിലശ്ശേരി ആലി മുസ്‌ലിയാര്‍ എന്നിവരാണ് മലബാറിലെ പ്രാധാന ഉസ്താദുമാര്‍.
മക്കയിലേക്ക്
ദര്‍സ് പഠനശേഷം ഹജ്ജും ഉംറയും നിര്‍വഹിക്കാനും കൂടുതല്‍ വിജ്ഞാന സമ്പത്ത് കരസ്ഥമാക്കാനും വേണ്ടി 1329 (എ.ഡി, 1911)ല്‍ മക്കയിലേക്ക് പുറപ്പെട്ടു. 4 വര്‍ഷത്തോളം അവിടെ ചെലവഴിച്ച് ഒട്ടനവധി പണ്ഡിത കുലപതികളില്‍ നിന്നും വിജ്ഞാനം നുകര്‍ന്നു. ലോക പ്രശസ്ത പണ്ഡിതനായ അഹ്മദ് സൈനി ദഹ്‌ലാന്റെ പ്രധാന ശിഷ്യനായ മുഫ്ത്തി ശൈഖ് മുഹമ്മദ് ബാവു സൈല്‍, ബാജുനൈദുല്‍ മക്കി എന്ന പേരില്‍ പ്രസിദ്ധനായ ശൈഖ് ഉമര്‍ ബിന്‍ അബീബക്കര്‍, ബാഫള്ല്‍ എന്ന പേരിലറിയപ്പെട്ട. ശൈഖ് മുഹമ്മദ് സ്വാലിഹ് മക്കി, ഇആനത്തിന്റെ കര്‍ത്താവ് ശൈഖ് അബൂബക്കര്‍ ശനായുടെ പുത്രന്‍ ശൈഖ് അഹ്മദ്, പ്രമുഖ ഗ്രന്ഥകാരന്‍, ശൈഖ് മുഹമ്മദ് ഹിസ്ബുല്ലാഹില്‍ സുലൈമാന്‍ മക്കി എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ച് രണ്ട് വര്‍ഷം മക്കയില്‍ താമസിച്ച ശേഷം മദീനയിലേക്ക് തിരിച്ചു.
ഒരു സ്വപ്ന ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും മദീനയിലേക്ക് പോവാനുള്ള തീരുമാനം മഹാനെടുത്തത്.
മദീനയില്‍ വെച്ച് ശൈഖുല്‍ അസ്ഹര്‍ യാസീനുബ്‌നു അഹ്മദുല്‍ ഖിയാരി, അബുല്‍ അബ്ബാസ് അഹ്മദുല്‍ ശന്‍ഖീത്വി, സയ്യിദ് അബ്ബാസു ബ്‌നു മുഹമ്മദ് രിള്വാന്‍, ശൈഖ് മുഹമ്മദ് തൗപീഖുല്‍ അയ്യൂബി, ശൈഖ് യൂസുഫ് ബിന്‍ ഇസ്മാഈല്‍ നബ്ഹാനി, ബദ്‌ലൂല്‍ മജ്ഹൂദിന്റെ കര്‍ത്താവ് ഹസ്രത്ത് ഖലീല്‍ അഹ്മദ് വഹാറന്‍പൂരി തുടങ്ങിയ മഹാന്മാരില്‍ നിന്നും അറിവ് നേടി.
കർമ രംഗം
മദീനയില്‍ തന്നെ കഴിയാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും നാട്ടുകാരുടെയും വീട്ടുകാരുടെയും നിര്‍ബന്ധം മാനിച്ച് ഹിജ്‌റ 1332 ല്‍ നാട്ടിലേക്ക് മടങ്ങി. സ്വന്തം നാടായ അരിപ്ര വേളൂര്‍ ജുമാമസ്ജിദില്‍ ദര്‍സാരംഭിച്ചു. 1 വര്‍ഷത്തെ ദര്‍സിന് ശേഷം വെല്ലൂര്‍ ബാഖിയാത്തിലേക്ക് പോയി.
അബ്ദുല്‍ വഹാബ് ഹസ്രത്ത്, അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്ത്, അബ്ദു റഹീം ഹസ്രത്ത് എന്നിവർ ബാഖിയ്യാത്തിലെ ഉസ്താദുമാരാണ്. സ്ഫുടമായി അറബി സംസാരിച്ചിരുന്ന അദ്ദേഹത്തെ ഉസ്താദുമാര്‍ ഹാജി സാഹബ് എന്നായിരുന്നു വിളിച്ചിരുന്നത്. പില്‍കാലത്ത് മൊയ്തീന്‍ ഹാജി എന്ന പേരിലാണ് അദ്ദേഹമറിയപ്പെട്ടത്. ബിരുദം നേടി തിരിച്ചെത്തിയെ ശേഷം 1336 ല്‍ പാങ്ങിലും 1339 ല്‍ കക്കൂത്തും ദര്‍സ് നടത്തി. 1340 ല്‍ വീണ്ടും വേലൂരിലേക്ക് പുറപ്പെട്ടു. 1342 ല്‍ വെല്ലൂരില്‍ നിന്നും നാട്ടിലേക്ക് തിരിച്ചു. ഒരു വര്‍ഷത്തിന് ശേഷം മണ്ണാര്‍ക്കാട് ഖാന്‍ ബഹാദൂര്‍ കല്ലടി സാഹിബിന്റെ നിര്‍ദ്ദേശ പ്രകാരം മഅ്ദനുല്‍ ഉലൂമില്‍ മുദരിസായി സ്ഥാനമേറ്റു.
1343 മുതല്‍ 49 വരെ അവിടെ തുടര്‍ന്നു ശേഷം മേല്‍മുറി പൊടിയാട്ടില്‍ (ആലത്തൂർപടി) ദര്‍സേറ്റെടുത്തു. 1350 ല്‍ വീണ്ടും മണ്ണാര്‍ക്കാട്ടേക്ക് തന്നെ തിരിച്ച്‌പോയി. 1352 മുതല്‍ 1354 വരെ തിരൂരങ്ങാടി നടുവിലെ പള്ളിയിലായിരുന്നു. ദര്‍സ്, ശേഷ കാലങ്ങളില്‍ വള്ളുവങ്ങാട്, കരുവാരക്കുണ്ട്, പൊന്നാനി ജുമാമസ്ജിദ്, തലശ്ശേരിക്കടുത്ത പുല്ലൂക്കര എന്നിവിടങ്ങില്‍ ദര്‍സ് നടത്തി. കരുവാരക്കുണ്ട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ഖാളിയായിരുന്നു.
ഒട്ടനേകം പ്രഗത്ഭരായ ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് ഭാഗ്യംലഭിച്ചു.
വെല്ലൂര്‍ പ്രിന്‍സിപ്പളായ ശൈഖ് ഹസന്‍ ഹസ്രത്ത്, കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍, കെ.ടി മാനു മുസ്‌ലിയാര്‍, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കരിങ്ങനാട് മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ അവരില്‍ ചിലരാണ്.
സമസ്തയുടെ ആലിമീങ്ങളുമായി അഭേദ്യ ബന്ധം പുലര്‍ത്തിയിരുന്ന മഹാന്‍ പുത്തനാശയക്കാരോടുള്ള സമീപനം രൂപീകരിക്കേണ്ടതിനെ കുറിച്ച് പുറത്തിറങ്ങിയ പ്രസിദ്ധമായ തര്‍കുല്‍ മുവാലാത്ത് ഫത്വയില്‍ അദ്ദേഹം ഒപ്പ് വെച്ചിട്ടുണ്ട്. അബ്ദുല്‍ വഹാബിനെ ഖണ്ഡിച്ച് കൊണ്ട് ഒരു കൃതി അറബിയില്‍ രചിച്ചുണ്ടെങ്കിലും അത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല.
നാല് മദ്ഹബുകളിലും ഫത്‌വ നല്‍കിയിരുന്ന അദ്ദേഹം വിവിധ ത്വരീഖത്തുകളില്‍ ഇജാസത്ത് നേടിയിരുന്നു. ഹിജ്‌റ 1335 ലാണ് വിവാഹം കഴിച്ചത്. 4 ആണ്‍ കുട്ടികളും മൂന്ന് പെണ്‍ കുട്ടികളും അവരിലുണ്ടായി.
1377 ശവ്വാല്‍ 24 ന് ആ മഹാനുഭാവന്‍ ഇഹലോകവാസം വെടിഞ്ഞു. അരിപ്ര പള്ളിക്ക് സമീപമാണ് അന്ത്യവിശ്രമംകൊള്ളുന്നത്.
-----------------------------------------------------
ശൈഖുനയെ കുറിച്ച് വിരചിതമായ അറബി ഗ്രന്ധം
ശൈഖുനയുടെ പൗത്രനും സമസ്ത കേരള ജംഇയ്യത്തുൽ മുദരിസീൻ മലപ്പുറം ജില്ലാ സെക്രട്ടറിയും അറബിയിലും മലയാളത്തിലുമുള്ള നിരവധി ഗ്രന്ധങ്ങളുടെ കർത്താവുമായ ഉസ്താദ് സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്രയാണ് ഈ ഗ്രന്ധം രചിച്ചത്.
ശൈഖുനയുടെ ജനനം,കുടുംബം,ജീവിതം,പഠനം,അദ്യാപനം,നിലപാടുകൾ,യാത്രകൾ,സ്മൃതികൾ,ഉസ്താദുമാർ,ശിഷ്യന്മാർ,വഫാത്ത് തുടങ്ങി നിരവധി കാര്യങ്ങൾ അനാവരണം ചെയ്യുന്ന ബൃഹത്തായ ഗ്രന്ധം പുറത്തിറക്കിയത് ആലത്തൂർപടി ദർസ് വിദ്യാർത്ഥി സംഘടനയാണ്.
-------------------------------------------------------------
മർസിയ്യത്ത് (അനുശോചന കാവ്യം)
--------------------------------------------------——-------
കബ്ർ
Post a Comment