ഹസ്രത്ത് ഹവ്വഃ ബീവി(റ)
ആദിമ വനിതയാണ് ഹവ്വാ(റ). സ്വര്‍ഗീയ ഭവനത്തിലെ ആനന്ദദായകമായ നിമിഷങ്ങള്‍ക്കിടയിലും ആദം നബി(അ) നേരിടുന്ന ഏകാന്തതയുടെ വിരസതക്ക് വിരാമമായാണ് അല്ലാഹു ഇണയായി ഹവ്വാ (റ) യെ സമ്മാനിക്കുന്നത്. ഹവ്വാഇന്റെ സൃഷ്ടിപ്പിലും സ്വര്‍ഗപ്രവേശനത്തിലും പണ്ഡിതന്‍മാര്‍ക്കിടയില്‍ ഏറെ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. സ്വര്‍ഗലോകത്ത് ആദം(അ) ന്റെ ഏകാന്തവാസത്തിനറുതിയായിരുന്നു ഹവ്വായുടെ സൃഷ്ടിപ്പെന്നാണ് ഇബ്‌നു അബ്ബാസ്(റ), ഇബ്‌നു മസ്ഊദ്(റ) പോലോത്ത സ്വഹാബികള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇബ്‌നു ഇസ്ഹാഖ്(റ) നെ പോലുള്ള പണ്ഡിതന്‍മാര്‍ ആദമിന്റെ വാരിയെല്ലില്‍നിന്ന് ഹവ്വാ(റ) യെ സൃഷ്ടിച്ച ശേഷമായിരുന്നു ഇരുവരുടെയും സ്വര്‍ഗപ്രവേശനമെന്ന പക്ഷക്കാരാണ്.
ഹവ്വാ(റ) യുടെ സൃഷ്ടിപ്പ് സ്വര്‍ഗത്തില്‍ വെച്ചായിരുന്നു എന്നതാണ് പ്രബലാഭിപ്രായം. സ്വര്‍ഗത്തില്‍ വെച്ച് സൃഷ്ടിക്കപ്പെട്ടതുമൂലമാണത്രെ സ്ത്രീകള്‍ സുഖലോലുകളും ആനന്ദദാഹികളുമായിത്ത ീര്‍ന്നത്. ആദം(അ) നിദ്രയിലാണ്ട സമയത്ത് ഇടതു വാരിയെല്ലെടുത്ത് അപ്രകാരം അല്ലാഹു ഹവ്വാ(റ)യെ സൃഷ്ടിച്ചു. ജീവനുള്ളതില്‍ നിന്ന് (ഹയ്യ്) സൃഷ്ടിച്ചതുമൂലമാണ് ഹവ്വാ എന്ന പേര് നല്‍കപ്പെട്ടത്. ഉറക്കത്തില്‍ നിന്നുണര്‍ന്ന ആദം(അ) വേഷങ്ങള്‍കൊണ്ടും ആഭരണങ്ങളാലും അണിയിച്ചൊരുക്കിയ ഒരു സ്ത്രീയെയാണ് കണ്ടത്. ചുറ്റും സന്നിഹിതരായിരുന്ന മലക്കുകള്‍ ആദമിന്റെ ജ്ഞാനത്തെ പരീക്ഷിക്കാെനന്നവണ്ണം അതെന്താണെന്ന ചോദ്യമാരാഞ്ഞു. ഇതൊരു സ്ത്രീയാണെന്ന് ആദം(അ) മറുപടി പറഞ്ഞു. എന്താണ് അവളുടെ പേര്? എന്തുകൊണ്ട് അപ്രകാരം പേരുവെച്ചു? എന്തിനുവേണ്ടി അവള്‍ സൃഷ്ടിക്കപ്പെട്ടു? എന്നിങ്ങനെയുള്ള അവരുടെ തുടര്‍ന്നുള്ള ചോദ്യത്തിന്, പേര് ഹവ്വാ എന്നാണെന്നും ജീവനുള്ളതില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടതു മൂലമാണ് അപ്രകാരം പേരുനല്‍കപ്പെട്ടതെന്നും തങ്ങള്‍ക്ക് പരസ്പരം ജീവിക്കാന്‍ വേണ്ടിയാണ് സൃഷ്ടിച്ചതെന്നും മറുപടി പറഞ്ഞു.
സൃഷ്ടിപ്പു സംബന്ധമായുള്ള മറ്റൊരു സംഭവം ഇപ്രകാരം പരാമര്‍ശിക്കപ്പെട്ടതായി കാണാം. ”ആദം(അ) ഹവ്വായെ സ്പര്‍ശിക്കാനായി കൈ നീട്ടിയപ്പോള്‍ അല്ലാഹുവിന്റെ കല്‍പനയുണ്ടായി, ഹവ്വായുടെ മഹര്‍(വിവാഹ മൂല്യം) നല്‍കാതെ അവളെ തൊടാന്‍ പാടില്ല”. എന്താണ് മഹര്‍ എന്നു ചോദിച്ചപ്പോള്‍ ‘മുഹമ്മദ് നബി(സ്വ) യുടെ പേരില്‍ പത്ത് സലാത്ത് ചൊല്ലലാണെ’ന്ന് അല്ലാഹു അറിയിച്ചു. ആരാണ് മുഹമ്മദെന്ന് ആദം(അ) ചോദിച്ചു. അത് താങ്കളുടെ പുത്രന്‍തന്നെയാണെങ്കിലും സൃഷ്ടികളില്‍വെച്ച് ശ്രേഷ്ഠനും അന്ത്യപ്രവാചകനുമാണെന്നും നബി(സ്വ) ഹേതുകമായാണ് പ്രപഞ്ചത്തിലെ സര്‍വ ചരാചരങ്ങളെയും സൃഷ്ടിച്ചതെന്നും അല്ലാഹു അറിയിച്ചു.
നവവധുവുമായുള്ള ആദ്യസല്ലാപവേളയില്‍ ആദം നബി(അ) പരിഭ്രമിച്ചതുമൂലമാണത്രെ മണിയറയില്‍ ഇണയെ കാണുന്നപുരുഷന്മാരുടെ ഹൃദയം തുടികൊള്ളുന്നത്. സ്വര്‍ഗലോകത്തെ സര്‍വ സുഖങ്ങളും അല്ലാഹു തങ്ങളുടെ ഇംഗിതിങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാന്‍ ആദമിനും ഹവ്വാക്കും അനുവാദം നല്‍കിയിരുന്നു. നാഥന്‍ പറഞ്ഞു: ആദമേ, താങ്കളും താങ്കളുടെ ഇണയും സ്വര്‍ഗത്തില്‍ സുഖമായി താമസിച്ചുകൊള്ളുക. എന്തുവേണമെങ്കിലും ആവശ്യത്തിനു ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എങ്കിലും ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുത്. സമീപിച്ചാല്‍ നിങ്ങള്‍ അക്രമികളുടെ കൂട്ടത്തിലാകും.(അല്‍ ബഖറ).
ഈ വൃക്ഷമേതാണെന്നതില്‍ പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. അലി(റ) പറഞ്ഞത് ഇത് ‘കാഫൂര്‍’ ആയിരുന്നുവെന്നാണ്. ഗോതമ്പായിരുന്നുവെന്നും നാരങ്ങയായിരുന്നുവെന്നും മുന്തിരിയായിരുന്നുവെന്നുമൊക്കെ അഭിപ്രായങ്ങള്‍ കാണാം. ഈ വൃക്ഷത്തിലെ പഴം രുചിക്കാന്‍ ആദമിനോടും ഹവ്വായോടും ദുര്‍ബോധനം നടത്തുന്നത് സ്വര്‍ഗകവാടത്തില്‍ വെച്ചായിരുന്നുവെന്നാണ് സ്വാവി, ജമല്‍, എന്നീ തഫ്‌സീറുകള്‍ വ്യക്തമാക്കുന്നത്. ‘മനസ്സില്‍ ആയിരുന്നു ദുര്‍ബോധന’മെന്നാണ് ബൈളാവിയയുടെ ഭാഷ്യം. ആദമിന്റെയും ഹവ്വായുടെയും സേവകനായിരുന്ന പാമ്പിനെ വശീകരിച്ച് വായില്‍ കയറി സ്വര്‍ഗത്തിലെത്തി എന്ന വ്യാഖ്യാനവും കാണാനാവും. സര്‍പ്പത്തിന്റെ വായില്‍ കയറി ആദമിന്റെയും ഹവ്വയുടെയും അരികിലെത്തിയ ഇബ്‌ലീസ് അവരെ കണ്ട ഉടനെ അട്ടഹസിച്ചു. ഈ സുഖാനുഭൂതികള്‍ അവര്‍ശാശ്വതമാക്കാത്തതില്‍ അവരോട് പരിതപിക്കുകയും ചെയ്തു. വിലക്കപ്പെട്ട കനി ഭുജിക്കുന്നപക്ഷം അവശാശ്വതമാക്കാനാവുമെന്നും ഇബ്‌ലീസ് കൂട്ടിച്ചേര്‍ത്തു.
അപ്പോഴും മടിച്ചുനിന്നിരുന്ന ആദം(അ) നെ കനി ഭുജിക്കാന്‍ പ്രേരിപ്പിച്ചത് ഹവ്വാ(റ) ആയിരുന്നു. അങ്ങനെ കല്‍പനലംഘനം നടത്തിയ അവര്‍ ദുനിയാവിലേക്ക് തള്ളപ്പെട്ടു. ”ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോടുതന്നെ അക്രമം ചെയ്തുപോയി, ഞങ്ങള്‍ക്ക് നീ പൊറുക്കുകയും കരുണ ചെയ്യുകയും ചെയ്തില്ലെങ്കില്‍ നിശ്ചയം ഞങ്ങള്‍ പരാജിതരില്‍ പെട്ടുപോകും”
ഇബ്‌നു അബ്ബാസി(റ) ല്‍ നിന്ന് അബൂ സ്വാലിഹ്(റ) എന്നവര്‍ ആദമും ഹവ്വായും പാരത്രികമായ ഒരു ദിനത്തിന്റെ പകുതിയോളമാണ് താമസിച്ചതെന്ന് നിവേദനം ചെയ്തിട്ടുണ്ട്. ഭൂമിയിലെ 500 വര്‍ഷമാണിത്. സ്വര്‍ഗത്തില്‍ നിന്ന് നിഷ്‌കാസിതരായ ആദം(അ) സിലോണിലെ ആദംമലയിലും ഹവ്വാ(റ) ജിദ്ദയിലും ഇബ്‌ലീസിന്റെ സഹായിയായ സര്‍പ്പം ഇസ്ഫഹാനിലുമാണ് ഇറക്കപ്പെട്ടത്. ഭൂമിയിലെ നൂറു വര്‍ഷത്തെ അലച്ചിലുകള്‍ക്ക് ശേഷം മുസ്ദലിഫയില്‍(കൂടിച്ചേര്‍ന്ന സ്ഥലം) വെച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. ശിഷ്ട ജീവിതത്തില്‍ ഹവ്വാ(റ) 20 പ്രസവങ്ങളിലായി നാല്‍പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ഖാബീലും ഇബ്‌ലിമയുമായിരുന്നു ആദ്യപ്രസവത്തിലെ കുട്ടികള്‍. നാലാം പ്രസവത്തില്‍ ഹാബീലും ലബൂദയും. പുത്രന്മാരും പൗത്രികളുമായി നാലായിരം പേരുണ്ടായിരിക്കെ 930ാം വയസ്സിലാണ് ഹവ്വാ(റ) വഫാത്താകുന്നത്. ആദം നബി(അ) വഫാത്തായതിന്റെ മൂന്നു ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്. ആദം(അ) ന്റെ അരികില്‍തന്നെയായിരുന്നു ഹവ്വാ(റ)യെയും മറവ് ചെയ്തിരുന്നത്.
Post a Comment