ഹസ്റത്ത് സുലൈഖ ബീവി(റ)


പ്രവാചകവര്യരായ യൂസുഫ് നബി(അ) ന്റെ കാലത്തെ ഈജിപ്തിലെ മന്ത്രിയായിരുന്ന അസീസിന്റെ പത്‌നിയായിട്ടാണ് സുലൈഖ ബീവി(റ)യെ പരിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. യൂസുഫ് നബി(അ) ജീവിതത്തില്‍ നിര്‍ണായക പരീക്ഷണം ഏല്‍ക്കേണ്ടിവരാന്‍ കാരണക്കാരിയാണ് സുലൈഖ ബീവി(റ). ഇരുവരുടെയും ചരിത്രം വിവരിക്കാന്‍ പരിശുദ്ധ ഖുര്‍ആന്‍ ഒരു അധ്യായം തന്നെ തെരഞ്ഞെടുത്തു. സാധാരണ ഗതിയില്‍ പ്രവാചകന്‍മാരുടെ ചരിത്രങ്ങള്‍ പല സൂറത്തുകളില്‍ പലയിടങ്ങളില്‍ പറയുകയാണ് ഖുര്‍ആനിന്റെ ശൈലി. എന്നാല്‍ യൂസുഫ് സൂറത്തില്‍ മഹാനവര്‍കളുടെ ചരിത്രം മാത്രമാണ് വിവരിക്കുന്നത്.
തന്റെ സഹോദരന്‍മാരുടെ അസൂയാമനോഭാവമാണ് യൂസുഫ് നബി(അ) യെ ഈജിപ്തിലെ കൊട്ടാരത്തിലെത്തിച്ചത്. സഹോദരങ്ങള്‍ കിണറ്റിലെറിഞ്ഞ യൂസുഫ് നബിയെ ഒരു യാത്രാസംഘം കരയ്‌ക്കെത്തിക്കുകയായിരുന്നു. മദ്‌യനില്‍ നിന്നും ഈജിപ്തിലേക്ക് പോവുകയായിരുന്നു അവര്‍. യഥാര്‍ഥത്തില്‍ ഈജിപ്തിലേക്കുള്ള വഴി അതല്ലായിരുന്നെങ്കിലും അവര്‍ വഴിതെറ്റി അതുവഴി വന്നതായിരുന്നു. യാത്രാസംഘത്തിന് കലശയായ ദാഹം അനുഭവപ്പെട്ടപ്പോള്‍ അവരിലൊരാള്‍ കിണറ്റിനരികിലെത്തുകയും ബക്കറ്റ് കിണറ്റിലേക്കിറക്കുകയും ചെയ്തു. ബക്കറ്റ് കണ്ട് യൂസുഫ് നബി(അ) അതില്‍ പിടിച്ചു. അത് ശ്രദ്ധയില്‍പെട്ട യാത്രാസംഘം യൂസുഫ് നബി(അ) യെ കരയിലേക്കുകയറ്റി. അതിസുന്ദരനായ യൂസുഫ് നബിയെ ഈജിപ്തില്‍ ചെന്ന് അടിമയായി വില്‍ക്കാനായിരുന്നു അവരുടെ പ്ലാന്‍. ഈജിപ്തില്‍ ചെന്ന് യൂസുഫ് നബിയെ അവര്‍ തുഛം വിലയ്ക്കു വിറ്റു.
യൂസുഫ് നബിയെ യാത്രാസംഘത്തില്‍ നിന്നും വാങ്ങിയത് അന്നത്തെ ഈജിപ്തിലെ രാജാവായിരുന്ന റയ്യാന്റെ മന്ത്രി ഖിത്വ്ഫീര്‍ എന്ന വ്യക്തിയായിരുന്നു(ഈജിപ്തില്‍ ധനകാര്യം കൈകാര്യം ചെയ്യുന്നവര്‍ അസീസ് എന്ന സ്ഥാനപ്പേരിലായിരുന്നു അറിയപ്പെട്ടത്). യൂസുഫ് നബി(അ) യെ വാങ്ങിയ അദ്ദേഹത്തിന് യൂസുഫ് നബി(അ) ന്റെ മുഖത്ത് അത്ഭുതകരമായ മഹത്വത്തിന്റെ ലക്ഷണങ്ങള്‍ കാണാന്‍ സാധിച്ചു. അതിനാല്‍തന്നെ അടിമയോടെന്നപോലെ യൂസുഫിനോട് പെരുമാറരുതെന്നും മാന്യമായ രീതിയില്‍ താമസസൗകര്യം ഏര്‍പെടുത്തണമെന്നും തന്റെ ഭാര്യ സുലൈഖയോട് മന്ത്രി പറഞ്ഞു. ഈ സന്ദര്‍ഭം പരിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു. : ഈജിപ്തില്‍ യൂസുഫ് നബിയെ വിലയ്ക്കുവാങ്ങിയ ആള്‍ തന്റെ ഭാര്യയോടു പറഞ്ഞു, ഇവനെ മാന്യമായി ഇവിടെ താമസിപ്പിക്കുക. ഇവന്‍ നമുക്ക് ഭാവിയില്‍ ഉപകാരപ്പെട്ടേക്കാം. അല്ലെങ്കില്‍ ഇവനെ ദത്തുപുത്രനാക്കി വെക്കാം. അപ്രകാരം യൂസുഫ് നബി(അ)ക്ക് ഭൂമിയില്‍(ഈജിപ്തില്‍) നാം സൗകര്യമൊരുക്കിക്കൊടുത്തു. (അവിടെ അദ്ദേഹത്തിന് ഭരണം നടത്തുവാനും ) സ്വപ്ന വാര്‍ത്തകളുടെ വ്യാഖ്യാനം തനിക്കു നാം പഠിപ്പിക്കുവാനും വേണ്ടി. അല്ലാഹു അവന്റെ കാര്യത്തില്‍ വിജയിക്കുന്നവനാണ്. പക്ഷേ അധികമാളുകളും ഗ്രഹിക്കുന്നില്ല.(യൂസുഫ് 21)
സുലൈഖാ ബീവി(റ) യെ പരാമര്‍ശിക്കുന്ന ഖുര്‍ആനിലെ ആദ്യ സൂക്തമാണിത്. അതുപ്രകാരം തന്നെ യൂസുഫ് നബിയെ അവര്‍ അവരുടെ വസതിയില്‍ മാന്യമായ രീതിയില്‍ പരിപാലിച്ചു വളര്‍ത്തി. പിതാവ് യഅ്ഖൂബ് നബിയുടെ സ്‌നേഹ വാത്സല്യത്തില്‍ 12 വര്‍ഷം വളര്‍ന്ന യൂസുഫ് നബി പിന്നീട് അടിമച്ചന്തയെല്ലാം തരണംചെയ്ത് 17 ാ മത്തെ വയസ്സിലാണ് ഈജിപ്തിലെ കൊട്ടാരത്തിലെത്തുന്നത്. അവിടെയാണ് അദ്ദേഹത്തിന്റെ യൗവ്വനത്തിന്റെ മുഴുവന്‍ ഭാഗവും ചിലവഴിച്ചത്. യൂസുഫ് നബി(അ)യുടെ അതീവ സൗന്ദര്യവും ശരീരഘടനയുമെല്ലാം കണ്ട് അസീസിന്റെ ഭാര്യ സുലൈഖ യൂസുഫ് നബി(അ) യില്‍ അതീവ തല്‍പരയായിരുന്നു.
യൂസുഫ് നബി(അ) സുലൈഖ ബീവി(റ) യിലൂടെ ഒരു പരീക്ഷണത്തിന് വിധേയനാവുകയായിരുന്നു. ഒരു പ്രാവശ്യമെങ്കിലും തന്റെ ഇംഗിതം യൂസുഫ് നബി(അ) യില്‍ സാധ്യമാക്കണമെന്ന അടങ്ങാത്ത താല്‍പര്യം സുലൈഖ(റ) യില്‍ ഉണ്ടായിരുന്നു. യൂസുഫ് നബിയുടെ ഹൃദയശുദ്ധിയും ചാരിത്ര്യശുദ്ധിയും ശരിക്കു മനസ്സിലാക്കിയവളായിരുന്നു സുലൈഖ ബീവി(റ). അതിനാല്‍തന്നെ വളരെ പെട്ടെന്നൊന്നും തന്റെ താല്‍പര്യത്തിന് യൂസുഫ് നബി(അ) വഴങ്ങില്ല എന്നവര്‍ക്കുറപ്പായിരുന്നു. സാധാരണ രീതിയിലുള്ള ഒരു വികാര പ്രകടനത്തിലൂടെയോ ശരീരചേഷ്ടകളിലൂടെയോ തന്റെ താല്‍പര്യം യൂസുഫിനെ അറിയിക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയ സുലൈഖ കുതന്ത്രംചെയ്യാന്‍ തന്നെ തീരുമാനിച്ചു. തന്റെ ആഗ്രഹ സഫലീകരണത്തിന് അനുയോജ്യമായ സന്ദര്‍ഭം സുലൈഖ ബീവി(റ) ക്ക് ലഭിച്ചു. ഒരു ദിവസം തന്റെ ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് സുലൈഖബീവി(റ) എല്ലാ ആഢംബരത്തോടെയും ചമഞ്ഞണിഞ്ഞ് കൂടുതല്‍ സൗന്ദര്യവതിയായി വീട്ടിലെ ഏഴുവാതിലുകളും ഭദ്രമായി അടച്ച് യൂസുഫിനെ തന്റെ ആഗ്രഹ സഫലീകരണത്തിന്ന് ക്ഷണിച്ചു. ഈ ക്ഷണത്തിന് ഖുര്‍ആന്‍ ഉപയോഗിച്ച പദം: ”ഹയ്ത ലക” (ഇവിടെ വാ) എന്നാണ്. പരിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നു, യൂസുഫ് താമസിച്ചിരുന്ന ഗൃഹത്തിന്റെ നായിക അദ്ദേഹത്തില്‍ കുതന്ത്രം പ്രയോഗിച്ച് വശീകരിക്കാന്‍ ശ്രമിച്ചു. അവള്‍ വാതിലുകളെല്ലാം അടച്ചു പൂട്ടിയിട്ടു. ഇങ്ങു വാ എന്ന് കല്‍പിച്ചു. അദ്ദേഹം പറഞ്ഞു: അല്ലാഹുവില്‍ ശരണം, അവന്‍ എന്റെ യജമാനനാണ്, വളരെ നല്ല നിലയിലാണ് അവന്‍ എന്നെ താമസിപ്പിച്ചിരിക്കുന്നത്. അക്രമികള്‍ ഒരിക്കലും വിജയിക്കില്ല. (യൂസുഫ് 23)


ഇവിടെ ചിന്തിക്കേണ്ട ഒരു കാര്യം ഇരുവരുടെയും സ്ഥാനമാണ്. സുലൈഖ(റ) ആഢംബരവും സൗന്ദര്യവും ഒത്തുചേര്‍ന്ന സ്ത്രീ, അതിലുപരി മന്ത്രിയുടെ പത്‌നിയും. എന്നാല്‍ യൂസുഫ് നബിയാകട്ടെ, അടിമച്ചന്തയില്‍ നിന്നും തന്റെ ഭര്‍ത്താവ് വാങ്ങിയ അടിമ! ആയതിനാല്‍തന്നെ അത്തരത്തില്‍ കുലീനയായ ഒരു സ്ത്രീ തന്റെ ആഗ്രഹ സഫലീകരണത്തിന് മുതിരുമ്പോള്‍ സന്ദര്‍ഭം എല്ലാതരത്തിലും അനുയോജ്യമാവണം. വീടിന്റെ ഏഴു വാതിലുകളുമടച്ച് അതിന്റെയുള്ളിലാണ് ഈ സംഭവം നടക്കുന്നത്. അതുകൊണ്ടുതന്നെ പുറത്ത് ഒരു വ്യക്തി പോലും അറിയാന്‍ സാധ്യതയുമില്ല. അതിലുപരി മന്ത്രിപത്‌നിയായതിനാലും യൂസുഫ് തന്റെ ഭൃത്യനായതിനാലും ആരും സംശയിക്കാനും ഇടയില്ല. എന്നിട്ടും യൂസുഫ് നബി(അ) പറഞ്ഞത് ‘അല്ലാഹുവിനെ സൂക്ഷിക്കുക. ഈ വീടിന്റെ ഉടമസ്ഥനും നിങ്ങളുടെ ഭര്‍ത്താവുമായ എന്റെ യജമാനനില്‍ ഞാന്‍ പൂര്‍ണ വിശ്വസ്തനാണ്. അതിനാല്‍തന്നെ അദ്ദേഹത്തിന്റെ വിശ്വാസ്യത തകര്‍ക്കാനോ അക്രമികളില്‍പെടാനോ ഞാന്‍ ഉദ്ദേശിക്കുന്നില്ല’ എന്നായിരുന്നു.
സൗന്ദര്യവും ആഢംബരവും പ്രതാപവുമുള്ള ഒരു യുവതി തന്റെ ആഗ്രഹ സഫലീകരണത്തിനു വേണ്ടി സുന്ദരനായ യുവാവിനെ ക്ഷണിക്കുമ്പോള്‍ സ്വാഭാവികമായും രക്തവും മജ്ജയുമുള്ള ഒരാളില്‍ വികാരം ഇളകും എന്നതില്‍ സംശയമില്ല. അതല്ലെങ്കില്‍ അയാള്‍ മനുഷ്യനല്ല എന്ന് പറയേണ്ടി വരും. അത്തരത്തില്‍ ഒരു ചായ്‌വ് യൂസുഫ് നബിയിലും ഉണ്ടായി. എന്നാല്‍ യൂസുഫ് നബി(അ) യുടെ വിശ്വാസ ദൗര്‍ബല്യത്തെയല്ല, മറിച്ച് പൂര്‍ണ അനുകൂല സാഹചര്യത്തിലും തന്റെ നാഥന്‍ ഇഷ്ടപ്പെടാത്ത ഒരു പ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍മാറിയതിനാല്‍ അദ്ധേഹത്തിന്റെ മഹത്വത്തെയാണ് അത് നമുക്ക് വ്യക്തമാക്കിത്തരുന്നത്. പരിശുദ്ധ ഖുര്‍ആന്‍ ഈ സന്ദര്‍ഭം വിവരിക്കുന്നു; സത്യമായും അവര്‍ അദ്ദേഹത്തെ സംബന്ധിച്ചു കരുതി. തന്റെ ദൃഷ്ടാന്തം കണ്ടിരുന്നില്ലെങ്കില്‍ അദ്ദേഹവും കരുതുമായിരുന്നു. അപ്രകാരം നാം ചെയ്ത തിന്മയെയും നീചപ്രവൃത്തിയെയും അദ്ദേഹത്തില്‍ നിന്ന് തിരിച്ചുകളയാനാണ്, നിശ്ചയമായും അദ്ദേഹം നമ്മുടെ ഉല്‍കൃഷ്ട ദാസന്‍മാരില്‍ പെട്ട വ്യക്തിയാവുന്നു.(യൂസുഫ് 24)
തന്റെ ദൃഷ്ടാന്തം കണ്ടില്ലായിരുന്നുവെങ്കില്‍ അദ്ദേഹവും കരുതുമായിരുന്നു എന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. അഥവാ യൂസുഫ് നബി(അ) യെ സുലൈഖ(റ) ആഗ്രഹ പൂര്‍ത്തീകരണത്തിന് ക്ഷണിച്ചപ്പോള്‍ യൂസുഫ് നബി(അ) അല്ലാഹുവില്‍ അഭയം തേടി. യൂസുഫ് നബി(അ) യുടെ വാക്കുകള്‍തന്നെ ഖുര്‍ആന്‍ വിവരിക്കുന്നു; കുറ്റങ്ങളില്‍ നിന്ന് എന്റെ മനസ്സിനെ ഞാന്‍ ഒഴിവാക്കുന്നില്ല. നിശ്ചയം മനുഷ്യമനസ്സ് തിന്‍മകളിലേക്ക് വളരെയധികം പ്രോത്സാഹിപ്പിക്കുന്നത് തന്നെയാണ്. (യൂസുഫ് 53)
അപ്രകാരം യൂസുഫ് നബിയുടെ മനസ്സ് തിന്‍മകളിലേക്ക് ചായാതിരിക്കുവാന്‍ അല്ലാഹുവിന്റെ അടുക്കല്‍ നിന്നുള്ള ദൃഷ്ടാന്തം കാണിച്ചുകൊടുത്തു. അഥവാ കുറ്റം ചെയ്യാതിക്കാനുള്ള ബോധം മനസ്സില്‍ ഉണ്ടാക്കി. ‘ബുര്‍ഹാന്‍’എന്നാണ് ഖുര്‍ആന്‍ അതിനെ സൂചിപ്പിക്കുന്നത്. ഇമാം ഖുര്‍തുബി(റ) പറയുന്നു: ആ ബുര്‍ഹാന്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്നുള്ള ഒരു ദൃഷ്ടാന്തമാണ്. അത് യൂസുഫ് നബി(അ) ന്ന് കാണിച്ചുകൊടുത്തു. അപ്പോള്‍ അദ്ദേഹത്തിന്റെ വിശ്വാസം ശക്തമാവുകയും തെറ്റില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയും ചെയ്തു. യൂസുഫ് നബി(അ) ന്റെ മനസ്സ് തെറ്റിലേക്ക് ചായുമോ എന്ന ഘട്ടത്തില്‍ അദ്ദേഹത്തിന് തന്റെ പിതാവ് യഅ്ഖൂബ് നബി(അ) ന്റെ രൂപം കാണിച്ചുകൊടുക്കുകയാണുണ്ടായത്. യഅ്ഖൂബ് നബി(അ) യൂസുഫ് നബി(അ) ന്റെ നെഞ്ചിലേക്ക് ശക്തമായി പ്രഹരിക്കുകയും അതിനാല്‍ യൂസുഫ് നബി(അ) സുലൈഖയില്‍ നിന്ന് തെന്നിമാറുകയും ചെയ്തു.
തന്റെ ഇംഗിതത്തിന് യൂസുഫ് നബി(അ) വഴങ്ങാത്തപക്ഷം അദ്ദേഹത്തെ നിര്‍ബന്ധിപ്പിക്കുവാന്‍ സുലൈഖ ശ്രമിച്ചു. തല്‍സമയം സുലൈഖയെ തള്ളിമാറ്റി യൂസുഫ് നബി(അ) രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ സുലൈഖയും പുറപ്പെട്ടു. വാതിലിനടുത്തെത്താറായപ്പോള്‍ പുറത്തേക്ക് ഓടാതിരിക്കുവാന്‍വേണ്ടി സുലൈഖ യൂസുഫ് നബി(അ) യുടെ ജുബ്ബയുടെ പിന്‍ഭാഗം പിടിച്ചുവലിച്ചു. തല്‍ഫലമായി ജുബ്ബ കീറുകയും ചെയ്തു. ഇരുവരും ചെന്നുപെട്ടത് യജമാനനായ അസീസിന്റെ മുന്നിലായിരുന്നു. ഭര്‍ത്താവിനെ കണ്ട സുലൈഖ യൂസുഫ് നബി(അ) ല്‍ കുറ്റം ചാര്‍ത്തി. അങ്ങയുടെ ഭാര്യയെ യൂസുഫ് അവഹേളിക്കുവാന്‍ ശ്രമിച്ചുവെന്നും ബലാല്‍കാരത്തിന് ക്ഷണിച്ചപ്പോള്‍ താന്‍ ഓടിയതാണെന്നും സുലൈഖ പറഞ്ഞു. ഇതുകേട്ട യൂസുഫ് നബി(അ) താന്‍ വഞ്ചിക്കപ്പെട്ടതാണെന്നുംയജമാനത്തിയാണ് തന്നെ വശീകരിക്കാന്‍ ശ്രമിച്ചതെന്നും പറഞ്ഞു. ഇങ്ങനെ രണ്ടുപേരും പ്രത്യാരോപണങ്ങള്‍ നടത്തുന്നതിനിടയില്‍ സുലൈഖയുടെ ബന്ധു പ്രശ്‌നം പരിഹരിക്കാന്‍ മുന്നോട്ടുവന്നു. അദ്ദേഹം പറഞ്ഞു: യൂസുഫിന്റെ ജുബ്ബയുടെ മുന്‍വശമാണ് കീറിയതെങ്കില്‍ ഇവന്‍ ബലാല്‍കാരം ചെയ്യുകയും കുറ്റക്കാരനുമാണ്. പിന്‍വശമാണ് കീറിയതെങ്കില്‍ ഇവള്‍ യൂസുഫിനെ ബലാല്‍കാരം ചെയ്യുകയും ഇവള്‍ കുറ്റക്കാരിയുമാണ്. യജമാനന്‍ നോക്കിയപ്പോള്‍ യൂസുഫിന്റെ ഖമീസിന്റെ പിന്‍വശം കീറിയതായാണ് കണ്ടെത്തിയത്. ഇതുകണ്ട യജമാനന്‍ ഇത് സ്ത്രീകളുടെ കുതന്ത്രത്തില്‍ പെട്ടതാണെന്നും പറഞ്ഞ് സംഭവം മറക്കാന്‍ യൂസുഫ് നബി(അ) യോടും തെറ്റില്‍ പാശ്ചാത്തപിക്കാന്‍ സുലൈഖ(റ) യോടും പറഞ്ഞ് പ്രശ്‌നം പരിഹരിച്ചു.
എന്നാല്‍ മന്ത്രിവസതിയില്‍ നടന്ന സംഭവം പട്ടണത്തില്‍ പാട്ടാവുകയും എല്ലാ സ്ത്രീകളുടെ ചെവിയിലുമെത്തുകയും ചെയ്തു. മന്ത്രിയുടെ ഭാര്യ യുവാവിനെ കാമിച്ചുവത്രെ, അതും ഭൃത്യനെ! മോശമായിപ്പോയി! ഇപ്രകാരം പറഞ്ഞ് അവര്‍ സംഭവം പ്രചരിപ്പിച്ചു. ഇതറിഞ്ഞ സുലൈഖ അവരെ പരീക്ഷിക്കാന്‍ തീരുമാനിച്ചു. തീര്‍ത്തും ആഢംബരപൂര്‍ണമായ രീതിയില്‍ അവരെ സല്‍കരിച്ചു. എല്ലാവര്‍ക്കും പഴങ്ങളും അത് മുറിക്കാനുള്ള കത്തിയും നല്‍കി. അവര്‍ പഴങ്ങള്‍ മുറിക്കാന്‍ തുടങ്ങിയ സമയം സുലൈഖ യൂസുഫ് നബി(അ) യോട് അവര്‍ക്കിടയിലൂടെ കടന്നുപോവാന്‍ പറഞ്ഞു. സുലൈഖയുടെ കല്‍പന മാനിച്ച് യൂസുഫ്(അ) അവര്‍ക്കിടയിലൂടെ കടന്നുപോയി. യൂസുഫ് നബി(അ) യുടെ അപാരമായ സൗന്ദര്യം കണ്ട് അവര്‍ പരസ്പരം മറന്നുപോയി. പഴങ്ങള്‍ക്കൊപ്പം തങ്ങളുടെ കൈവിരലുകളും അവര്‍ മുറിച്ചു. യൂസുഫ് നബി(അ) യുടെ സൗന്ദര്യത്തില്‍ ലയിച്ച അവര്‍ വേദന അറിഞ്ഞില്ല. അവര്‍ തങ്ങളിലേക്ക് യൂസുഫ് നബിയുടെ ശ്രദ്ധതിരിക്കാന്‍ ആവുംവിധമെല്ലാം ശ്രമിച്ചു. ഇതെല്ലാം കണ്ടുനിന്ന സുലൈഖ(റ) അവരോട് പറഞ്ഞു: ഞാന്‍ കാമിച്ചുവെന്നുപറഞ്ഞ് നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തിയ യുവാവാണിത്. ഇപ്പോള്‍ നിങ്ങള്‍ ഇദ്ദേഹത്തെ കണ്ടപ്പോള്‍ എന്തെല്ലാം ചെയ്തു. സ്വബോധം നഷ്ടപ്പെട്ട് നിങ്ങള്‍ നിങ്ങളുടെ കൈവിരലുകള്‍ പോലും മുറിച്ചു. ഇവനെ ഞാന്‍ കാമിച്ചു എന്നത് സത്യംതന്നെ എന്നാല്‍ ഇവന്‍ അതിന്നുവഴങ്ങിയില്ല. നിശ്ചയം ഞാന്‍ കല്‍പിച്ചത് ഇവന്‍ ചെയ്തില്ലെങ്കില്‍ നിന്ദ്യനായി ജയിലില്‍ കിടക്കേണ്ടിവരുമെന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു.
തന്റെ ഭാര്യയുടെ കഥകള്‍ പട്ടണത്തിലാകെ പരന്നതിനാല്‍ മന്ത്രി അപമാനത്തില്‍ നിന്നും രക്ഷപ്പെടാനും കുറെ കാലത്തേക്ക് സംഭവം ജനങ്ങളുടെ മനസ്സില്‍നിന്ന് മാറ്റാനും വേണ്ടി യൂസുഫ് നബിയെ കുറ്റക്കാരനാക്കി ജയിലിലടച്ചു. നിരപരാധിയാണെന്ന് സര്‍വരാലും തെളിഞ്ഞിട്ടും മന്ത്രിയുടെ ബന്ധുക്കള്‍ യൂസുഫ് നബി(അ) നുള്ള ശിക്ഷ ശരിവെക്കുകയായിരുന്നു. എന്നാല്‍ യൂസുഫ് നബി(അ) ക്ക് ഇതില്‍ യാതൊരു പരിഭവവും ഉണ്ടായിരുന്നില്ല. ഒരു നിലക്ക് യൂസുഫ് നബി(അ) ആഗ്രഹിച്ചതും ഇതുതന്നെയായിരുന്നു. സുലൈഖ(റ) തന്റെ ഇംഗിതം സാധ്യമാക്കുമെന്ന് വെല്ലുവിളിച്ചപ്പോള്‍ തന്നെ യൂസുഫ് നബി(അ) കാരാഗൃഹവാസം ആഗ്രഹിച്ചിരുന്നു. കാരണം, അവര്‍ ക്ഷണിക്കുന്ന സുഖസമ്പൂര്‍ണ്ണമായ മണിയറയെക്കാള്‍ അദ്ദേഹം ഇഷ്ടപ്പെട്ടത് ജയിലായിരുന്നു. എന്റെ നാഥാ, അവര്‍ എന്നെ എന്തിലേക്ക് ക്ഷണിക്കുന്നുവോ അതിനെക്കാള്‍ ജയിലാണ് എനിക്കു പ്രിയംങ്കരം, അവരുടെ തന്ത്രം നീ എന്നില്‍ നിന്ന് തിരിച്ചുവിടാത്ത പക്ഷം ഞാന്‍ അവരിലേക്കു ആകൃഷ്ടനാവുകയും വിവരമില്ലാത്തവരില്‍ പെട്ടുപോവുകയും ചെയ്യും. അങ്ങനെ യൂസുഫ് നബി(അ) വിശ്വസ്തതയും സദാചാരവും പുലര്‍ത്തിയതിന് അന്യായമായ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു.
ജയില്‍വാസത്തിനിടയില്‍ യൂസുഫ് നബി(അ) രണ്ടൂപേരെ പരിചയപ്പെട്ടിരുന്നു. അതിലൊരാള്‍ കുറ്റവിമുക്തനായി രാജാവിന്റെ അടുക്കലേക്ക് പോകുന്നതറിഞ്ഞ് യൂസുഫ് നബി(അ) അദ്ദേഹത്തോട് തന്റെ നിരപരാധിത്വത്തെയും താന്‍ അനുഭവിച്ച ദാരുണതയെയും കുറിച്ച് രാജാവിനോട് പറയാന്‍ പറഞ്ഞു. എന്നാല്‍ കൊട്ടാരത്തിലെത്തിയ കൂട്ടുകാരന്‍ യൂസുഫ് നബി(അ) യെക്കുറിച്ച് പറയാന്‍ മറന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം രാജാവ് ഒരു സ്വപ്നം കാണുകയും അതിന്റെ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട സമയത്ത് തന്റെ സ്വപ്നത്തിന് ജയിലില്‍നിന്നും വിശദീകരണം നല്‍കിയ യൂസുഫ് നബി(അ) യെ ആ വ്യക്തിക്ക് ഓര്‍മവരികയും, രാജാവിനോട് ഇക്കാര്യം ബോധ്യപ്പെടുത്തുകയും ചെയ്തു. രാജാവ് അദ്ദേഹത്തോട് യൂസുഫ് നബി(അ) യെ സമീപിച്ച് തന്റെ സ്വപ്നത്തിന് വ്യാഖ്യാനം തേടാന്‍ ആവശ്യപ്പെട്ടു. യൂസുഫ് നബി(അ) യുടെ വ്യാഖ്യാനം കേട്ട രാജാവ് അതീവ സന്തുഷ്ടനാവുകയും യൂസുഫ് നബി(അ) യെ കൊട്ടാരത്തില്‍ വിളിച്ച് സമ്മാനങ്ങള്‍ നല്‍കുവാനും തീരുമാനിച്ചു. എന്നാല്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ച് കൊട്ടാരത്തില്‍ ചെല്ലാന്‍ യൂസുഫ് നബി(അ) തിടുക്കം കാണിച്ചില്ല. കാരണം നിരപരാധിയായി, അഭിമാനം നഷ്ടപ്പെട്ടവനായിട്ടാണ് താന്‍ ജയിലിലായത്. അതിനാല്‍തന്നെ തന്റെ അഭിമാനം വീണ്ടെടുക്കുന്നതുവരെ ജയിലില്‍ നിന്ന് പുറത്തിറങ്ങില്ല എന്ന് അദ്ദേഹം ശപഥം ചെയ്തു. സല്‍കാരത്തിനിടയില്‍ തന്നെ വശീകരിക്കാന്‍ ശ്രമിച്ച സ്ത്രീകളുടെ ഉള്ളിലിരിപ്പ് അറിയണമെന്നും തന്നെ വഞ്ചിച്ച മന്ത്രിയുടെ പത്‌നി ജനങളെ കബളിപ്പിക്കുകയാണെന്നും യൂസുഫ് നബി(അ) മനസ്സില്‍ ഉറപ്പിച്ചു.
യൂസുഫ് നബി(അ) യുടെ ആവശ്യം അറിഞ്ഞ രാജാവ് ആ സ്ത്രീകളെ വിളിച്ച് വിചാരണ ചെയ്തു. സല്‍കാരത്തിനിടയില്‍ യൂസുഫ് നബി(അ) യുടെ ശ്രദ്ധ ക്ഷണിക്കാന്‍ തങ്ങള്‍ കാണിച്ച ചേഷ്ടകളില്‍ അദ്ദേഹം വഴങ്ങിയോ എന്നും അദ്ദേഹത്തെക്കുറിച്ച് ഇപ്പോള്‍ നിങ്ങളുടെ മനസ്സിലിരിപ്പ് എന്താണെന്നും രാജാവ് ചോദിച്ചു. തങ്ങളുടെ അനുനയ ശ്രമങ്ങള്‍ക്കൊന്നുംതന്നെ അദ്ദേഹം വഴങ്ങിയില്ല എന്നുമാത്രമല്ല അദ്ദേഹം മാന്യനും ശുദ്ധനുമാണെന്നും അവര്‍ പറഞ്ഞു. യൂസുഫിന്റെ സൗന്ദര്യംകണ്ട് താനാണ് യൂസുഫിനെ വശീകരിക്കാന്‍ ശ്രമിച്ചതെന്ന് മുന്‍പ് കൂട്ടുകാരികള്‍ക്കുമുന്നില്‍ തുറന്നുസമ്മതിച്ച സുലൈഖക്ക് തന്റെ വാക്കില്‍ നിന്ന് പിന്‍മാറാന്‍ കഴിഞ്ഞില്ല. അവര്‍ രാജാവിന്റെ മുന്നില്‍ താനാണ് യൂസുഫിനെ വശീകരിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം മാന്യനും ശുദ്ധനുമായതിനാല്‍ തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് അദ്ദേഹം വഴങ്ങിയില്ലെന്നും സുലൈഖ തുറന്നുസമ്മതിച്ചു. എന്നാല്‍ മാന്യനും ശുദ്ധപ്രകൃതനുമായ ഒരു യുവാവിനെക്കുറിച്ച് തെറ്റായ ആരോപണം ഉന്നയിച്ചു ജയിലിലടക്കാന്‍ താന്‍ കാരണക്കാരിയായതില്‍ സുലൈഖ(റ) മാനസാന്തരപ്പെടുകയും അവര്‍ അതില്‍ പാശ്ചാതത്തപിക്കുകയും ചെയ്തു. അവര്‍ അപ്രകാരം പറഞ്ഞ സന്ദര്‍ഭം ഖുര്‍ആന്‍ വിശദീകരിക്കുന്നു; ”ഇപ്പോഴാണ് സത്യം വെളിപ്പെട്ടത്. ഞാനാണ് അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിച്ചത്, അദ്ദേഹം സത്യവാന്‍മാരില്‍പെട്ടവനാണ്” (യൂസുഫ് 51)