ഹസ്രത്ത് മറിയം ബീവി(റ)
കുടുംബം ജനനം
ബനൂ ഇസ്രാഈലിലെ അനുഗൃഹീതവും ഉല്‍കൃഷ്ടവുമായ കുടുംബമാണ് ഇംറാന്‍ കുടുബം. ഇംറാന്റെ കുടുംബം ഉല്‍ഭവിച്ചത് ബനൂ ഇസ്രാഈലില്‍നിന്നാണ്. അഥവാ ഇബ്രാഹീം നബി(അ) ന്റെ പുത്രന്‍ ഇസ്ഹാഖ് നബി(അ) ന്റെ പുത്രന്‍ യഅ്ഖൂബ് നബി(അ) ന്റെ സന്താനപരമ്പരയാണ് ഇസ്രാഈല്‍ സന്തതികള്‍ എന്നറിയപ്പെടുന്നത്. ഈ പരമ്പരയില്‍ വന്ന ഭൂലോകചക്രവര്‍ത്തിയും പ്രവാചകവര്യരില്‍ ശ്രേഷ്ടനുമായ സുലൈമാന്‍ നബി(അ) ന്റെ സന്താനപരമ്പരയിലാണ് ഇംറാന്‍ എന്നവര്‍ ജനിച്ചത്.
ഫാഖൂദിന്റെ മകള്‍ ഹന്നത് ബീവിയാണ് ഇംറാന്‍ എന്നവരുടെ ഭാര്യ. ഇംറാന്‍-ഹന്നത്ത് എന്നവര്‍ക്ക് ജനിച്ച പുത്രിയാണ് മര്‍യം ബീവി(റ). മര്‍യം ബീവി(റ)യുടെ ജനനംതന്നെ അവിചാരിതമായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിക്കാല്‍ കാണാനുള്ള സൗഭാഗ്യം സാക്ഷാത്കൃതമാവാതെ ഈ ദമ്പതികള്‍ വാര്‍ദ്ധക്യത്തിലേക്ക് പ്രവേശിച്ചു. ഒരു കുഞ്ഞ് ജനിക്കാത്തതില്‍ അതീവ ദു:ഖിതയായിരുന്നു ഹന്നത്ത് ബീവി. ഒരു ദിവസമവര്‍ ഒരു മരത്തണലിലിരിക്കുകയായിരുന്നു. അപ്പോള്‍ ഒരു തള്ളപ്പക്ഷി അതിന്റെ കുഞ്ഞിന് തീറ്റ കൊടുക്കുന്നത് അവര്‍ കണ്ടു. ഈ കാഴ്ച അവരുടെ മനസ്സില്‍ ഒരു വല്ലാത്ത വൈകാരികതയുണ്ടാക്കി. ഒരു കുഞ്ഞിക്കാല്‍ കാണാനുള്ള അവാച്യമായ ഒരാഗ്രഹം അവരുടെ മനസ്സില്‍ മുളപൊട്ടി. അതിനായി സര്‍വ്വശക്തനോട് പ്രാര്‍ഥിക്കുകയും ചെയ്തു. ആ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുകയും വൃദ്ധയായ അവര്‍ ഗര്‍ഭിണിയാവുകയും ചെയ്തു. തന്റെ ഉദരത്തില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കപ്പെട്ടിരിക്കുന്നു എന്ന് മഹതിക്ക് ബോധ്യപ്പെട്ടപ്പോഴേക്കും പ്രിയഭര്‍ത്താവ് മരണത്തിന് കീഴടങ്ങിയിരുന്നു.
പിറക്കാനിരിക്കുന്ന തന്റെ കുഞ്ഞിനെ ബൈതുല്‍ മുഖദ്ദസിലേക്ക് പള്ളിപരിപാലനത്തിനായി മഹതി നേര്‍ച്ചയാക്കി. ആണ്‍കുട്ടികളെ പള്ളിപരിപാലനത്തിനായി നേര്‍ച്ചയാക്കുന്ന പതിവ് ഇസ്രാഈലിയര്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ മഹതി പ്രസവിച്ചത് പെണ്‍കുഞ്ഞിനെയായിരുന്നു. പള്ളിപരിപാലനത്തിന് ആണ്‍കുട്ടികളെപ്പോലെ പെണ്‍കുട്ടികളെ പറ്റില്ലല്ലോ. പ്രതീക്ഷിച്ചതിന്ന് വിപരീതമാണല്ലോ സംഭവിച്ചതെന്ന് ഹന്നത് ബീവി വ്യാകുലപ്പെട്ടു. എങ്കിലും അവര്‍ അല്ലാഹുവിന് നന്ദി പറയുകയും കുഞ്ഞിന് ‘മര്‍യം’ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. മര്‍യം എന്നതിന്ന് ”ശുശ്രൂശിക്കുന്നവള്‍, പരിപാലിക്കുന്നവള്‍” എന്നെല്ലാം അര്‍ഥമുണ്ടെന്ന് പണ്ഡിതര്‍ ചൂണ്ടിക്കാണിക്കുന്നു. പരിശുദ്ധ ഖുര്‍ആന്‍തന്നെ പ്രതിപാദിക്കുന്നു, ”അങ്ങനെ കുഞ്ഞിനെ പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു, എന്റെ രക്ഷിതാവേ, ഞാന്‍ പ്രസവിച്ചത് ഒരു പെണ്‍കുട്ടിയെയാണ്. അവള്‍ പ്രസവിച്ചത് എന്താണെന്ന് അള്ളാഹു നല്ലവണ്ണം അറിയുന്നവനാകുന്നു. ആണ്‍കുട്ടി പെണ്‍കുട്ടിയെപ്പോലെയല്ല,(ഏതായാലും) ഞാന്‍ അവള്‍ക്ക് മര്‍യം എന്ന് പേരിട്ടിരിക്കുന്നു. അവളെയും അവളുടെ സന്താനങ്ങളെയും ശപിക്കപ്പെട്ട പിശാചില്‍നിന്ന് രക്ഷിക്കാനായി നിന്നില്‍ ഞാന്‍ അഭയം പ്രാപിക്കുകയാണ്”.
ഹന്നത്ത് ബീവി തന്റെ മകളെയും അവളുടെ സന്താനങ്ങളെയും ശപിക്കപ്പെട്ട പിശാചില്‍ നിന്നും കാവല്‍ചോദിക്കുന്ന സന്ദര്‍ഭമാണ് പരിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. പെണ്‍കുട്ടിയായിരുന്നിട്ടുകൂടി രക്ഷിതാവിനേടുചെയ്ത വാഗ്ദാനം പാലിച്ച് മര്‍യം ബീവിയെ ബൈതുല്‍ മുഖദ്ദസിലേക്ക് അയക്കുകയും ചെയ്തു. വിശ്വാസവും ത്യാഗവും അര്‍പ്പണ ബോധവുമുള്ള ഒരു സ്ത്രീയെയാണ് മര്‍യമിന്റെ മാതാവിലൂടെ ഖുര്‍ആന്‍ നമുക്ക് വ്യക്തമാക്കിത്തരുന്നത്. വാര്‍ദ്ധക്യകാലത്ത് അഭിലാഷപൂര്‍വേണ ലഭിച്ച സന്താനത്തെ അല്ലാഹുവിന്റെ മാര്‍ഗത്തിലാക്കുകയാണ് ആ മഹതി ചെയ്തത്. ഭര്‍ത്താവിന്റെ അഭാവത്തില്‍ വാര്‍ദ്ധക്യകാലത്ത് ലഭിച്ച സന്തതി തനിക്ക് തുണയായി നില്‍ക്കണമെന്ന് ആ മഹതി ആഗ്രഹിച്ചില്ല. അല്ലാഹുവിന്റെ പ്രീതിയും സ്വീകാര്യതയും മാത്രമാണ് അവര്‍ ആഗ്രഹിച്ചത്.
ബൈതുല്‍ മുഖദ്ദസില്‍
അല്ലാഹുവിനോടുചെയ്ത വാഗ്ദാനം നിറവേറ്റി മാതാവ് മര്‍യം ബീവിയെ ബൈതുല്‍ മുഖദ്ദസില്‍ കൊണ്ടുചെന്നു. അന്നവിടെ പള്ളിപരിപാലനത്തിനായി 29 പുരോഹിതന്‍മാര്‍ ഉണ്ടായിരുന്നു. അവരെല്ലാവരുംതന്നെ മര്‍യം ബീവിയെ ഏറ്റെടുക്കാന്‍ വേണ്ടി ആവേശത്തോടെ മുന്നോട്ടുവന്നു. കുട്ടി അനാഥയായതിനാലും അതിലുപരി തങ്ങളുടെ നേതാവായിരുന്ന ഇംറാന്റ മകളായതിനാലുമാണ് അവര്‍ ഒന്നടങ്കം മുന്നോട്ടുവന്നത്. അവസാനം നറുക്കെടുപ്പ് നടത്താന്‍ തീരുമാനിച്ചു, അങ്ങനെ അവര്‍ ജോര്‍ദാന്‍ നദിക്കരയിലെത്തി. അവരുടെ പേനകള്‍ നദിയിലിടാനും ആരുടെ പേനയാണോ ഒഴുകിപ്പോകാത്തത് അവര്‍ കുട്ടിയെ ഏറ്റെടുക്കുക എന്നതായിരുന്നു നറുക്കെടുപ്പ്. അങ്ങനെ എല്ലാവരും പേന നദിയിലിട്ടു. എന്നാല്‍ സകരിയാ നബി(അ) ന്റെ പേന മാത്രം ഒഴുകിപ്പോയില്ല. മര്‍യം ബീവിയുടെ മാതൃസഹോദരിയുടെ ഭര്‍ത്താവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സംരക്ഷണത്തില്‍ സംസ്‌കാരസമ്പന്നയും പരിശുദ്ധയുമായി മര്‍യം ബീവി വളര്‍ന്നു. പണ്ഡിതന്‍മാരില്‍നിന്ന് അറിവ് നുകരാനും അവര്‍ ശ്രമിച്ചു. തികഞ്ഞ ഭക്തിയിലും ആരാധനയിലും വ്യാപൃതയാവാന്‍ വേണ്ടി ബൈതുല്‍ മുഖദ്ദസിന്റെ മുന്‍ഭാഗത്ത് സകരിയാ നബി(അ) മര്‍യം ബീവിക്കുവേണ്ടി റൂം സജ്ജീകരിച്ചു. കുറച്ചുപടികളുള്ള കോണി മുഖേനയായിരുന്നു അതില്‍ കയറിയിരുന്നത്. സകരിയാ നബി(അ) നല്ലാതെ മറ്റാര്‍ക്കും ആ മുറിയില്‍ പ്രവേശനമുണ്ടായിരുന്നില്ല. അദ്ദേഹം ഇടയ്ക്കിടക്ക് അവരെ സന്ദര്‍ശിക്കുമായിരുന്നു. അപ്പോഴെല്ലാം മര്‍യം ബീവിയുടെ മുന്നില്‍ വിഭവസമൃദ്ധമായ പലഹാരങ്ങളും പലതരത്തിലുള്ള പഴങ്ങളും അദ്ദേഹത്തിന് കാണാന്‍ സാധിച്ചിരുന്നു. മഴക്കാലത്ത് വേനല്‍കാലത്തെ പഴങ്ങളും വേനല്‍കാലത്ത് മഴക്കാലത്തെ പഴങ്ങളും അവര്‍ക്ക് ലഭിച്ചിരുന്നു. ഒരിക്കല്‍ സകരിയ്യാ നബി(അ) മര്‍യം ബീവിയോട് ചോദിച്ചു: ഇതെല്ലാം നിനക്ക് എവിടെനിന്നുകിട്ടി. അവര്‍ പറഞ്ഞു: അള്ളാഹുവിങ്കല്‍ നിന്ന,് അവന്‍ അവനുദ്ദേശിച്ചവര്‍ക്ക് ചോദിക്കാതെതന്നെ നല്‍കും.
മര്‍യം ബീവിയുടെ പരിചരണത്തിന്ന് സകരിയാ നബി(അ)യെ തന്നെ നിയോഗിച്ചത് അള്ളാഹുവിന്റെ പ്രത്യേക തിരഞ്ഞെടുപ്പായി ചിന്തിക്കാം. കാരണം ഒരു പ്രവാചകവര്യനില്‍നിന്നുള്ള പ്രത്യേക സംരക്ഷണത്തിലൂടെയും ശിക്ഷണത്തിലൂടെയും മര്‍യം ബീവിയുടെ ഹൃദയത്തെ സംസ്‌കരിക്കുക എന്നതു തന്നെ. ഏകാന്തയായി മുറിയില്‍ പ്രാര്‍ഥനാ നിമഗ്‌നയായി ഇരിക്കുമ്പോള്‍ അല്ലാഹുവിന്റെ പ്രത്യേക സാമീപ്യം മര്‍യം ബീവിക്ക് ലഭ്യമായിരുന്നു. ലോകത്തിലെ ഒരു സ്ത്രീക്കും നല്‍കാത്ത പല സ്ഥാനങ്ങളും അല്ലാഹു മര്‍യം ബീവിക്ക് നല്‍കി. മനുഷ്യചരിത്രത്തില്‍തന്നെ അത്യപൂര്‍വ ദൃഷ്ടാന്തത്തിന്ന് മര്‍യം ബീവിയുടെ മനസ്സും ശരീരവും സജ്ജമാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം
സ്വര്‍ഗീയഭക്ഷണം ലഭ്യമാക്കിയെന്നതും ആരാധനയ്ക്കുവേണ്ടി മാത്രം ഒഴിഞ്ഞിരിക്കാന്‍ അവസരം ലഭിച്ചുവെന്നതും ആണ്‍കുട്ടികള്‍ക്ക് മാത്രം ലഭിച്ചിരുന്ന പള്ളിപരിപാലനത്തിന് പെണ്‍കുട്ടിയായിരുന്നിട്ടുകൂടി അവരെ സ്വീകരിച്ചതും ഇതിന്റെ ഭാഗമായിരുന്നു. അതുപോെലത്തന്നെ അവരുടെ മനസ്സിനെ എല്ലാ മാലിന്യങ്ങളില്‍നിന്നും അല്ലാഹു പ്രത്യേകം ശുദ്ധിയാക്കി സംരക്ഷിക്കുകയും അല്ലാഹുവിനെ വേണ്ടി മാത്രം ആരാധിക്കാന്‍ കല്‍പിക്കുകയും ചെയ്തു. വിശുദ്ധ ഖുര്‍ആനില്‍ ആലു ഇംറാന്‍ 43ാം ആയത്തില്‍ ‘ഖുനൂത്ത്’ എന്നവാക്കിന് ‘ഭക്തിയോടെയുള്ള ആരാധന’ എന്നാണ് തഫ്‌സീറു കബീര്‍ വ്യക്തമാക്കുന്നത്.
പുരുഷ സ്പര്‍ശമില്ലാതെ ഗര്‍ഭിണിയാവുന്നു.
മര്‍യം ബീവിയുടെ ജനനം തന്നെ തീര്‍ത്തും ശുദ്ധവും ഭക്തിയും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു. അല്ലാഹുവിന്റെ മഹത്തായ കാവലിലായിരുന്നു മര്‍യം ബീവി വളര്‍ന്നത്. ശേഷം ബൈതുല്‍ മുഖദ്ദസില്‍ സകരിയ്യാ നബി(സ) യുടെ സംരക്ഷണത്തില്‍ ഒരു പ്രത്യേക മുറിയില്‍ നിരന്തരം ആരാധനയിലും പ്രാര്‍ഥനയിലുമായി കഴിഞ്ഞുകൂടി. തത്ഫലമായി ലോകത്തുള്ള മറ്റു സ്ത്രീകളില്‍ വെച്ച് മര്‍യം ബീവിയെ അല്ലാഹു ഉല്‍കൃഷ്ടയാക്കുകയും ചെയ്തു. തന്റെ മഹത്തായ ദൃഷ്ടാന്തത്തെ അവതരിപ്പിക്കാന്‍ വേണ്ടി ഒരു മാധ്യമമായി മര്‍യം ബീവിയെ അല്ലാഹു സജ്ജമാക്കുകയാണിവിടെ. ഈ വാര്‍ത്ത ജിബ്‌രീല്‍(അ) മുഖേന അല്ലാഹു മര്‍യം ബീവിയെ അറിയിക്കുകയും ചെയ്തു. പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു: മലക്കുകള്‍ (മര്‍യമിനോട്) പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക. മര്‍യം, നിശ്ചയമായും അല്ലാഹു നിങ്ങളെ ഉല്‍കൃഷ്ടയായി തിരഞ്ഞെടുക്കുകയും ശുദ്ധിയാക്കുകയും ലോകത്തുള്ള സ്ത്രീകളില്‍ വെച്ച് ശ്രേഷ്ഠയാക്കുകയും ചെയ്തു.(ആലു ഇംറാന്‍ 42) മര്‍യം ബീവിക്ക് അല്ലാഹു മലക്കുകള്‍ മുഖേന നല്‍കിയ ആദ്യ സന്ദേശത്തെക്കുറിച്ചാണ് ഈ ഖുര്‍ആനികാധ്യാപനം.
രണ്ടാമതായി ജിബ്‌രീല്‍(അ) മുഖേന വീണ്ടും അല്ലാഹു മര്‍യം ബീവിയിലേക്ക് സന്ദേശമയച്ചു. ഈസന്ദേശവുമായി മനുഷ്യരൂപത്തില്‍ ജിബ്‌രീല്‍(അ) മര്‍യം ബീവിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. സകരിയാ നബിയല്ലാത്ത മറ്റൊരു പുരുഷനെ കണ്ടപ്പോള്‍ മര്‍യം ബീവി ആകെ പരിഭ്രമിച്ചു. തന്നെ മാനഭംഗപ്പെടുത്താന്‍ വന്ന പുരുഷനാണെന്നു മര്‍യം ബീവി കരുതി. ഏതൊരു കന്യകയായ സ്ത്രീയിലുമുണ്ടാകുന്ന പരിഭ്രമമായിരുന്നു അത്.
അല്ലാഹുവില്‍ നിന്നുള്ള സന്ദേശം നിങ്ങളിലേക്കെത്തിക്കാന്‍ വന്ന മലക്കാണ് ഞാന്‍ എന്ന് പറഞ്ഞപ്പോഴാണ് മര്‍യം ബീവിക്ക് സമാധാനമായത്. ശേഷം അല്ലാഹുവില്‍ നിന്നുള്ള സന്തോഷം മര്‍യം ബീവിക്കറിയിച്ചു കൊടുത്തു. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള വചനപ്രകാരം ഒരു കുഞ്ഞ് ജനിക്കുമെന്ന് അല്ലാഹു സന്തോഷ വാര്‍ത്തയറിയിച്ചിരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ നാമം മര്‍യമിന്റെ മകന്‍ ഈസാ എന്നാകുന്നുവെന്നും അറിയിച്ചു. ഇഹത്തിലും പരത്തിലും പ്രമുഖനും അല്ലാഹുവിന്റെ സാമീപ്യം പ്രാപിച്ചവരില്‍പെട്ടവനുമാണദ്ദേഹം (ആലു ഇംറാന്‍ 45)
ഒരു പുത്രന്‍ ജനിക്കുന്നുവെന്ന വാര്‍ത്തയറിയിക്കപ്പെട്ടപ്പോള്‍ മര്‍യം ബീവി വീണ്ടും പരിഭ്രമിച്ചു. ഇതുവരെ ഒരു പുരുഷ സ്പര്‍ശനം പോലുമേല്‍ക്കാത്ത താന്‍ ഗര്‍ഭിണിയാവുകയോ. ആളുകള്‍ എന്തു ധരിക്കും? അല്ലാഹുവിന്റെ സന്ദേശത്തെക്കുറിച്ച് പറഞ്ഞാല്‍ അവര്‍ വിശ്വസിക്കുമോ? തുടങ്ങിയ ചിന്തകള്‍ മര്‍യം ബീവിയുടെ മനസ്സിനെ വല്ലാതെ അലട്ടി. ഇക്കാരണത്താല്‍തന്നെ ജനങ്ങളില്‍ നിന്ന് അകന്ന ഒരു സ്ഥലത്ത് ഏകയായിക്കഴിയാനാണ് അവര്‍ ഇഷ്ടപ്പെട്ടത്. കൃഷിയോ തളിരോ വെള്ളമോ ഇല്ലാത്ത ഒരു ഊശര ഭൂമിയിലാണ് അവര്‍ എത്തിപ്പെട്ടത്.
പ്രസവവേദന അനുഭവപെട്ടപ്പോള്‍ മര്‍യം ബീവി ഒരു ഈത്തപ്പന മരത്തില്‍ ചാരിയിരുന്നു. ആളുകളില്‍നിന്ന് ഒരു മറയായി ഇതിനെ അവര്‍ കരുതി. പ്രസവവേദനയും മാനസിക സംഘര്‍ഷവുമായി മഹതി എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു. ആദ്യ പ്രസവമായതിനാല്‍ അതിന്റെ ക്ലേശവും ബുദ്ധിമുട്ടും മര്‍യം ബീവിക്കനുഭവപെട്ടിരുന്നു. പരിചരിക്കാന്‍ ആളില്ല, വിജനമായസ്ഥലത്ത് മരച്ചുവട്ടില്‍ ഒറ്റക്കാണ്, ആഹാരവുമില്ല പാനീയവുമില്ല, എന്നാല്‍ എല്ലാം സഹിക്കാം, പ്രസവിച്ചു കഴിഞ്ഞാല്‍ സമൂഹത്തോട് എന്തുപറയും എന്നതായിരുന്നു മഹതിയുടെ ആശങ്ക.
എന്നാല്‍ തല്‍സമയത്തു തന്നെ അല്ലാഹുവിന്റെ സന്ദേശം മര്‍യം ബീവിയുടെ സഹായത്തിനെത്തി. അടുത്തുനിന്ന് ഒരശിരീരി, തൊട്ടടുത്ത് അരുവിയുണ്ട് ഈത്തപ്പനമരം കുലുക്കിയാല്‍ പഴങ്ങള്‍ വീഴും, തിന്നും കുടിച്ചും ധൈര്യയായിരിക്കൂ. ജനങ്ങള്‍ ചോദിച്ചാല്‍ ഒന്നും മിണ്ടരുത്. വൃതമാണെന്നും ഇന്ന് ജനങ്ങളോടൊന്നും സംസാരിക്കില്ലെന്നും ആംഗ്യം കാണിച്ചാല്‍ മതി. അങ്ങനെ ജനങ്ങളെ അഭിമുഖീകരിക്കുക എന്ന പ്രശ്‌നത്തിനുള്ള പരിഹാരവും അല്ലാഹു തന്നെ അറിയിച്ചുകൊടുത്തു ആ ഈത്തപ്പനമരത്തിന് ചുവട്ടിലായി ആള്ളാഹുവിന്റെ മഹത്തായ ദൃഷ്ടാന്തം, ഈസാ നബിയുടെ ജനനം മര്‍യം ബീവി മുഖേന പൂര്‍ണമായി. ക്രിസ്ത്യാനികളുടെ വാദപ്രാകാരം ബത്‌ലഹേമിലെ പുല്‍കൂട്ടിലാണ് ഈസാ നബിയുടെ ജനനം എന്നതിന്ന് ശക്തമായ ഖണ്ഡനമാണിത്.
പ്രസവ ശേഷം മര്‍യം ബീവി കുട്ടിയുമായി ജനങ്ങള്‍ക്കിടയിലേക്കുചെന്നു. അവിവാഹിതയായ മര്‍യം ബീവിയുടെ കുട്ടിയെ കണ്ട് അവര്‍ അത്ഭുതപ്പെട്ടു. അവര്‍ മര്‍യം ബീവിയെ ആക്ഷേപിച്ചു, വിശുദ്ധി ചമഞ്ഞുനടന്ന വ്യഭിചാരിണി. നിന്റെ ഉമ്മ വ്യഭിചാരിണിയായിരുന്നില്ലല്ലോ, ഉപ്പ നീചനുമായിരുന്നില്ല. എന്നിട്ടും ഇത്ര ധിക്കാരം ചെയ്യാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു. തുടങ്ങിയ ആക്ഷേപസ്വരങ്ങള്‍ അവര്‍ മര്‍യം ബീവിക്കുനേരെയെറിഞ്ഞു. എല്ലാം കേട്ട് അവര്‍ മൗനിയായി നിന്നു. ശേഷം മര്‍യം ബീവി കുട്ടിയിലേക്ക് ചൂണ്ടി. എല്ലാം ഇവനോടുചോദിക്കൂ എന്നുപറഞ്ഞു. ഇവളെന്താ തങ്ങളെ പരിഹസിക്കുകയാണോ എന്ന് അവര്‍ക്ക് തോന്നി. കാരണം കൈകുഞ്ഞ് സംസാരിച്ച അനുഭവം അവര്‍ക്കില്ല. എന്നാല്‍ അല്ലാഹുവിന്റെ മഹത്തായ ദൃഷ്ടാന്തം വീണ്ടും അവിടെ പുലര്‍ന്നു. അങ്ങനെ തൊട്ടില്‍പ്രായത്തില്‍ ഈസാ(അ) സംസാരിച്ചു:”ഞാന്‍ അല്ലാഹുവിന്റെ അടിമയാണ്. അവന്‍ എനിക്ക് ഗ്രന്ഥം തന്നു. എന്നെ പ്രവാചകനാക്കി. ഞാന്‍ എവിടെയാണെങ്കിലും എന്നെ അവന്‍ അനുഗൃരഹീതനാക്കി. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നിസ്‌കരിക്കാന്‍ അവന്‍ എന്നോടു കല്‍പ്പിച്ചു. അവന്‍ എന്നെ മാതാവിന് ഗുണം ചെയ്യുന്നവനുമാക്കി. അവന്‍ എന്നെ അഹങ്കരിക്കുന്ന ദുര്‍മാര്‍ഗിയാക്കിയില്ല. ഞാന്‍ ജനിക്കുന്ന ദിവസവും മരിക്കുന്ന ദിവസവും പുനര്‍ജീവിപ്പിക്കപ്പെടുന്ന ദിവസവും എനിക്ക് ശാന്തി.(മര്‍യം 30 31)
ഇപ്രകാരം കൈകുഞ്ഞിനെക്കൊണ്ട് സംസാരിപ്പിച്ച് അല്ലാഹു മര്‍യമിനെ ഒരു വലിയ സങ്കീര്‍ണമായ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റി. ഇതിനുശേഷം മര്‍യം ബീവിക്ക് എന്ത് സംഭവിച്ചുവെന്നോ അവിടുത്തെ അന്ത്യഘട്ടത്തെയോ ഖുര്‍ആനില്‍ പ്രതിപാദിച്ചിട്ടില്ല.
Post a Comment