ശൈഖുനാ മര്‍ഹൂം കോമു മുസ്‌ലിയാര്‍(ന:മ)


ആയുഷ്‌കാലം മുഴുവന്‍ ഇല്‍മിലും ഇബാദത്തിലും ചിലവഴിച്ച അപൂര്‍വ്വ പ്രതിഭ, കര്‍മ്മങ്ങളുടെ ആത്മാവ് ആത്മാര്‍ത്ഥതയാണെന്ന നബി വചന സാരാംശം ജീവിതത്തില്‍ സ്വാംശീകരിച്ച മഹാജ്ഞാനി, ആദര്‍ശപരമായ പ്രതിബദ്ധതയും പ്രതികരണ ശേഷിയും വേണ്ടുവോളം ഉള്‍ക്കൊണ്ട ജ്ഞാനധന്യരായ നിരവധി പണ്ഡിത മഹാത്മാക്കളുടെ ഗുരുവും സമസ്തയുടെ ആദ്യാകാല നേതാക്കളില്‍ പ്രമുഖന്‍.
വിശ്വമാനവികതയുടെ ആത്മീയ പ്രഭയുമായി ഒരു പുരുഷായുസ്സ് മതത്തിനും വിജ്ഞാനത്തിനും സമുദായത്തിനും സമ്പൂര്‍ണ്ണമായും സമര്‍പ്പിച്ച സൂഫിവര്യനായിരുന്നു മഹാനായ ശൈഖുനാ കോമു മുസ്‌ലിയാര്‍(ന:മ). വാഗ് വിലാസം, വിനയം, ധിഷണാവൈഭവം, വിജ്ഞാന തൃഷ്ണ, അവതരണ പാടവം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ പക്വമായ പ്രാതിനിധ്യം ശൈഖുനായെ വ്യതിരിക്തനാക്കുന്നു. അതുകൊണ്ടു തന്നെ മഹാനവറുകളുടെ ഉപദേശ നിര്‍ദേശങ്ങള്‍ സമസ്തക്കും സമസ്തയുടെ പ്രവര്‍ത്തകര്‍ക്കും എക്കാലവും ഊര്‍ജ്ജവും പിന്‍ബലവുമാണ്. അദ്ധേഹം ആയുഷ്‌കാലം മുഴുവന്‍ അനുവര്‍ത്തിച്ചത് സേവനാധിഷ്ഠിത സമീപനമായിരുന്നു. ”ഏറ്റവും വലിയ ആരാധനയും അമൂല്യമായ സമയങ്ങള്‍ വിനിയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ വിഷയവും ഇല്‍മുമായുള്ള സമ്പര്‍ക്കമാണ്” എന്ന ഇമാം നവവി(റ) യുടെ മിന്‍ഹാജിന്റെ മുഖദ്ദിമയില്‍ രേഖപ്പെടുത്തിയ തനതു പകര്‍പ്പായിരുന്നു മഹാനവര്‍കളുടെ ജീവിതം.
1889 ല്‍ മുരിങ്ങേക്കല്‍ മൂസ മൊല്ലയുടേയും ഫാത്വിമയുടേയും മകനായി പെരിങ്ങോട്ടുപുലത്താണ് ശൈഖുനാ കോമു മുസ്‌ലിയാരുടെ ജനനം. പ്രാഥമിക പഠനം നിര്‍വ്വഹിച്ചത് നാട്ടിലെ പള്ളിദര്‍സില്‍ നിന്നായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ അല്‍ഭുതകരമായ മുന്നേറ്റം നടത്താന്‍ അവര്‍ക്കു സാധിച്ചു. തുടര്‍ന്ന് നാടിന്റെ നാനാ ഭാഗത്തു നിന്നും ധാരാളം മുതഅല്ലിമുകള്‍ മഹാനവര്‍കളുടെ ദര്‍സില്‍ ഓതിയിരുന്നു.
പില്‍ക്കാലത്ത് കൈരളി ദര്‍ശിച്ച മഹാത്മാക്കളായ പണ്ഡിത പ്രമുഖര്‍ ശൈഖുനായുടെ ശിഷ്യന്മാരായിരുന്നു. മഹാന്മാരായ ശൈഖുനാ ശംസുല്‍ ഉലമ(ന:മ), കോട്ടുമല ഉസ്താദ്(ന:മ), ശംസുല്‍ ഉലമയുടെ സഹോദരന്‍ ഇ.കെ ഉമര്‍ ഹാജി(ന:മ) തുടങ്ങിയ പണ്ഡിത ശിരോമണികള്‍ അവരില്‍ ചിലരാണ്. കേരളത്തില്‍ ഇന്ന് അറിയപ്പെടുന്ന പണ്ഡിതന്മാരുടെ ഗുരു ശൃംഖല ഏതെങ്കിലും ഒരു വഴിയിലൂടെ ശൈഖുനായിലേക്കെത്തുന്നതായി കാണാം. മഹാത്മാക്കളാല്‍ സ്ഥാപിതമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രഗല്‍ഭ നേതാവായി നവോത്ഥാന നായകരില്‍ ജ്വലിച്ചു നില്‍ക്കാനും ശൈഖുനാക്ക് സാധിച്ചു.
മലപ്പുറത്തിനു ചാരെയുള്ള കുഗ്രാമമായ കാളമ്പാടിയെ വൈജ്ഞാനിക പ്രൗഢിയുള്ള മണ്ണാക്കി മാറ്റിയതില്‍ ശൈഖുനായുടെ പങ്ക് ചെറുതല്ല. അതിനാല്‍ തന്നെ സ്വന്തം നാടായ പെരിങ്ങോട്ടുപുലത്തു നിന്നും കാളമ്പാടിയിലേക്കു താമസം മാറ്റേണ്ടി വന്നു. അന്നാട്ടിലെ അശരണര്‍ക്കു അവലംബമായി ആത്മീയതയുടെ കെടാവിളക്കായി ശൈഖുന ജീവിച്ചു. കാളമ്പാടിയില്‍ ജുമാമസ്ജിദ് നിര്‍മിക്കുവാനും തുടര്‍ന്ന് നാട്ടുകാര്‍ക്ക് വിജ്ഞാനപ്രസരണം ചെയ്യാനും മുന്‍കൈ എടുത്തത് ശൈഖുനയായിരുന്നു. പള്ളിയുടെ ചാരത്തു തന്നെയാണ് മഹാനവര്‍കള്‍ അന്ത്യവിശ്രമം കൊള്ളുന്നത്. ”കോമു മുസ്‌ലിയാ
രുപ്പാപ്പാന്റെ പള്ളി” എന്നറിയപ്പെട്ടിരുന്ന പ്രസ്തുത പള്ളി ഇന്ന് ”കാളമ്പാടി മഖാം” എന്നാണ് വിളിക്കപ്പെടുന്നത്.
ഉസ്താദിന് എട്ടു മക്കളായിരുന്നു. അവരില്‍ നാലു പേര്‍ ചെറുപ്രായത്തില്‍ മരണപ്പെട്ടു. ബാക്കിയുള്ള നാലുപേര്‍ ഒരു പുത്രനും മൂന്നു പുത്രിമാരുമാണ്. അദ്ധേഹത്തിന്റെ മകളെയാണ് ഉന്നത പണ്ഡിതരുടെ ഗുരുവര്യനായി മലബാറില്‍ ആത്മീയ വെളിച്ചം വീശിയ ശൈഖുനാ കോട്ടുമല ഉസ്താദ്(ന:മ) വിവാഹം ചെയ്തത്.
സമുദായ മധ്യത്തില്‍ ശക്തി കേന്ദ്രമായി ദീര്‍ഘകാലം ശോഭിച്ച ആ വലിയ പണ്ഡിതന്റെ വിലപ്പെട്ട സംഭാവനകള്‍ മുസ്‌ലിം ലോകം എക്കാലത്തും സ്മരിക്കും. അല്ലാഹു മഹാനവര്‍കളുടെ ദറജ ഉയര്‍ത്തുമാറാകട്ടെ. അവരേയും നമ്മേയും ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിപ്പിക്കട്ടെ. ആമീന്‍