വിഖായ



ഒരോരുത്തരും അവരവരിലേക്കു ചുരുങ്ങുന്ന പുതിയ കാലത്ത് മറ്റുള്ളവര്‍ക്കു വേണ്ടി സ്വയം സമര്‍പ്പിതരാവാന്‍ തയ്യാറായിരിക്കുകയാണ് ‘സമസ്ത’യുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ വിഭാഗം വിഖായ വളണ്ടിയര്‍മാര്‍. മണ്ണിലും മനസ്സിലും കരുണ വറ്റിയ കാലത്ത് ആത്മ സമര്‍പ്പണത്തിന്റെ പുതുചരിത്രം രചിക്കുകയാണ് അവര്‍.


വിഖായ എന്നാല്‍ സുരക്ഷ

വിഖായ എന്നാല്‍ സുരക്ഷ എന്നാണര്‍ത്ഥം. നിരത്തിലും പൊതു ഇടങ്ങളിലും സ്വന്തം വീട്ടില്‍ പോലും ഒറ്റപ്പെടുന്ന സമൂഹത്തിന് സുരക്ഷ ഒരുക്കുകയാണ് വിഖായ വളണ്ടിയര്‍മാര്‍. എല്ലാരംഗവും കച്ചവട വല്‍ക്കരിച്ച പുതിയ കാലത്ത് സന്നദ്ധ സേവനവും ഇതില്‍ നിന്ന് വിഭിന്നമല്ല. സന്നദ്ധ സേവകരെ പടച്ചെടുക്കാന്‍ സര്‍വകലാശാലകളില്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ നടത്തുമ്പോഴും ആത്മാര്‍ഥതയുള്ള സേവനം ലഭ്യമല്ലെന്നതാണ് സത്യം. സേവന പ്രവര്‍ത്തനങ്ങള്‍ കടലാസു നാണയത്തില്‍ മൂല്യം കണക്കാക്കി ഇവന്റ്മാനേജ്‌മെന്റുകള്‍ക്ക് ക്വൊട്ടേഷന്‍ നല്‍കുന്ന രീതിയാണിന്നുള്ളത്. അയല്‍പക്കക്കാരും കൂട്ടുകാരും സഹപ്രവര്‍ത്തകരും സ്വമേധയാ നിര്‍വഹിച്ചിരുന്ന സേവനങ്ങള്‍ ഇവന്റ് മാനേജ്‌മെന്റുകളിലേക്ക് മാറുന്നത് സാമൂഹ്യ ബന്ധങ്ങളിലെ ഭീതിതമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. സമൂഹത്തിന്റെ പൊതു നന്‍മയ്ക്ക് വിദ്യാര്‍ഥി സമൂഹത്തെ ക്രിയാത്മകമായി ഉപയോഗിച്ച് മാതൃകയായ എസ്.കെ.എസ്.എസ്.എഫിന്റെ കാല്‍നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പഥത്തിലെ പ്രധാന ചുവടുവയ്പ്പാണ് വിഖായ പദ്ധതിയിലൂടെ നടത്തുന്നത്.
വിഖായയുടെ സേവനം
അഞ്ചു മേഖലകളെ സമന്വയിപ്പിച്ചാണ് വിഖായയുടെ സേവന പ്രവര്‍ത്തനങ്ങളുടെ ക്രമീകരണം

1)ആതുരാലയ സേവനം:
സാധാരണക്കാരുടെ ആശാ കേന്ദ്രമായ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന രോഗികളെ ഒ.പി കളിലും വാര്‍ഡുകളിലും കാഷ്വാലിറ്റികളിലും സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സേവന സമയം കൃത്യമായി നിര്‍ണയിച്ച് ആശുപത്രികളില്‍ മുഴുവന്‍ സമയവും സേവനം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആരംഭിച്ചിട്ടുള്ള ഊ പ്രവര്‍ത്തനത്തിന് ആശുപത്രി അധികാരികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

അപകടങ്ങളും അത്യാഹിതങ്ങളും പതിവായ കാലത്ത് രോഗികള്‍ക്ക് കൃത്യസമയത്ത് രക്തം ലഭ്യമല്ലാതാവുന്ന സാഹചര്യം നിലവിലുണ്ട്. ഇതിനു പരിഹാരമായി രക്തം നല്‍കാന്‍ സജ്ജരായ കാല്‍ലക്ഷം അംഗങ്ങളുള്ള രക്തദാന നിരയേയാണ് വിഖായ സജ്ജമാക്കിയിരിക്കുന്നത്. ംംം.സെളൈ്ശൂമ്യമ.രീാ എന്ന വിലാസത്തില്‍ ആര്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രക്തം ആവശ്യമുള്ള സ്ഥലത്തെ ദാതാക്കളെ രക്ത ഗ്രൂപ്പ് തിരിച്ച് കണ്ടെത്താനന്‍ സാധിക്കുമെന്നതാണ് വെബ് സൈറ്റിന്റെ പ്രത്യേകത.

2) അപകടസ്ഥലങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ അലര്‍ട്ട്
റോഡപകടങ്ങള്‍ മുതല്‍ വന്‍ ദുരന്തങ്ങളില്‍ വരെ പ്രഥമ ശുശ്രൂഷ നിര്‍ണായകമാണ്. ഇത്തരം സാഹചര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാന്‍ കൃത്യമായ പരിശീലനം സിദ്ധിച്ച വളണ്ടിയര്‍മാരെയും മെഡിക്കല്‍ വിദ്യാര്‍ഥികളേയും ഉള്‍പ്പെടുത്തിയാണ് വിഖായയുടെ ആക്‌സിഡന്റ് കെയര്‍ വിംഗായ അലര്‍ട്ട്. അപകടത്തില്‍ പെട്ടവരെ കൃത്യമായി ആശുപത്രികളിലെത്തിക്കാന്‍ സംസ്ഥാനത്തെ ഒരോ ജില്ലകളിലേയും പ്രധാന അപകട മേഖലകളിലും ആംബുലന്‍സുകളിലും വളണ്ടിയര്‍മാരുടെ സേവനം ഉണ്ടാവും.

3) ലഹരി വിരുദ്ധ സാമൂഹ്യ ഇടപെടല്‍
ലഹരിക്കെതിരേയുള്ള സമരങ്ങളിലും ബോധവല്‍ക്കരണങ്ങളിലും പങ്കാളികളിയാവുക, ലഹരിക്ക് അടിമപ്പെട്ടവര്‍ക്കു ചികിത്സയും പുനരധിവാസവും ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന പ്രവര്‍ത്തനം. ഇതുകൂടാതെ തെറ്റായ ഭക്ഷണ ശീലം, പ്ലാസ്റ്റിക് ഉപഭോഗം, അസാന്‍മാര്‍ഗിക ലൈംഗിക ബന്ധങ്ങള്‍ എന്നിവക്കെതിരെയും സംഘം ബോധവല്‍ക്കരണം നടത്തും.

4) സര്‍ക്കാര്‍, സര്‍ക്കാതിര സേവനങ്ങള്‍ ലഭ്യമാക്കുക
അറിവില്ലായ്മമൂലം സാധാരണക്കാര്‍ക്കു നഷ്ടപ്പെടാവുന്ന നിരവധി സര്‍ക്കാര്‍, സര്‍ക്കാരിതര ആനുകൂല്യങ്ങളെ കുറിച്ച് കൃത്യമായ വിവരം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് വിഖായയുടെ മറ്റൊരു പ്രവര്‍ത്തനം.

5) മഹല്ലു കേന്ദ്രങ്ങളിലെ ക്രിയാത്മക സേവനം
മഹല്ലുകള്‍ കേന്ദ്രീകരിച്ചു നടത്തേണ്ട പൊതു കാര്യങ്ങളില്‍ പുതിയ തലമുറക്ക് കൃത്യമായ പരിശീലനം നല്‍കുകയും ഇക്കാര്യത്തില്‍ അവരെ സജ്ജമാക്കുകയും ചെയ്യുകയാണിതിന്റെ ലക്ഷ്യം. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 250 കേന്ദ്രങ്ങള്‍ വഴിയാണ് 25,000 സന്നദ്ധ സേവകരുടെ പ്രവര്‍ത്തനം നിയന്ത്രിക്കപ്പെടുക. ക്ലസ്റ്റര്‍ തലങ്ങളില്‍ ഇതിനോടകം ആരംഭിച്ച സഹചാരി റിലീഫ് സെന്ററുകള്‍ ഇതിന്റെ ചുക്കാന്‍ പിടിക്കും. സ്റ്റേറ്റ് വിഖായ ട്രെയ്‌നേഴ്‌സ് ഗ്രൂപ്പും(എസ്.ടി.വി) സംഘടനയുടെ മെഡിക്കല്‍ വിഭാഗമായ അലര്‍ട്ടും വിഖായയുടെ വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനത്തിനു നേതൃത്വം നല്‍കുന്നുണ്ട്.