മാറ്റം വന്നിട്ടില്ല, വരുന്ന പ്രശ്നവുമില്ല
അല്ലാഹുവിൻറെ പരമാധികാരം നിരാകരിക്കുന്ന ഭരണകൂടങ്ങൾ സ്ഥാപിക്കാനും നിലനിർത്താനും ഉദ്ദേശിച്ച് ഇലക്ഷനിൽ പങ്കെടുക്കുന്നതും സ്ഥാനാർത്ഥിയാവുന്നതും അനനുവദനീയവും തൗഹീദിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു. ഈ വീക്ഷണത്തിൽ ഒരിക്കലും മാറ്റം വന്നിട്ടില്ല. വരുന്ന പ്രശ്നവുമില്ല. ഇപ്പോൾ ജമാഅത്ത് അതിൻ്റെ അംഗങ്ങൾക്ക് വോട്ടിംഗ്ൽ പങ്കെടുക്കാൻ അനുമതി നൽകിയത് ഈ പ്രഖ്യാപിത സത്യത്തിന് ഒരിക്കലും എതിരാവുന്നില്ല."
ശൈഖ് മുഹമ്മദ് കാരക്കുന്ന്
തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി
പേജ് 29 ഐ പി എച്ച്
നിലവിലുള്ള ഭരണ വ്യവസ്ഥിതി നിർബന്ധിച്ചാലും ഏറ്റെടുക്കില്ല
"കഴിഞ്ഞ 32 വർഷത്തിനിടയിൽ ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു അംഗവും ഒരു എം പി യോ എം എൽ എയോ എന്ന് വേണ്ട പഞ്ചായത്ത് മെമ്പർ പോലും ആയിട്ടില്ല,
ആകാൻ ശ്രമിച്ചിട്ടുമില്ല. രാഷ്ട്രീയ ലക്ഷ്യമായിരുന്നെങ്കിൽ ഇഖാമത്ത് ദീനിന് ശ്രമിക്കുന്നതിനു പകരം നിലവിലുള്ള ഏതെങ്കിലും ഒരു പാർട്ടിയുടെ മുദ്രാവാക്യമംഗീകരിച്ച് അവരോടൊപ്പം ചേരുകയാണ് വേണ്ടിയിരുന്നത്. എന്നാൽ നിലവിലുള്ള ഭരണ വ്യവസ്ഥിതി നടത്തിക്കൊണ്ടുപോകുവാൻ നിർബന്ധിച്ച് ഏൽപ്പിച്ചാൽ പോലും ജമാഅത്തതിന് തയ്യാറാവുകയില്ല. അധികാരം നൽകാമെന്ന് പറഞ്ഞ ഖുറൈശി പ്രമുഖരോട് നബി(സ) പറഞ്ഞ മറുപടി ആവർത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്യും. കാരണം ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നത് നിലവിലുള്ള വ്യവസ്ഥകൾക്ക് പകരം ഇസ്‌ലാമിൻറെ സംസ്ഥാപനമാണ്."
ശൈഖ് മുഹമ്മദ് കാരക്കുന്ന്, തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി iph പേജ് 44
രാഷ്ട്രീയത്തിൽ
പ്രവർത്തിക്കണമെങ്കിൽ...
"മുഴു ജീവിതത്തിലും അല്ലാഹുവിൻറെ ദീനിനൊത്ത് പ്രവർത്തിക്കുമെന്ന് തീരുമാനിച്ചു കഴിഞ്ഞവനാണല്ലോ മുസ്‌ലിം. പ്രസ്തുത തീരുമാനത്തിനെതിരാകുന്ന വിധം അനിസ്‌ലാമിക രാഷ്ട്രീയത്തിൽ പങ്കുവഹിക്കുക അവന് യോജിച്ചതല്ല. ഇന്നത്തെ ഭൗതിക രാഷ്ട്രീയത്തെ മന:സംതൃപ്തിയോടെ അംഗീകരിച്ചുകൊണ്ട് അതിൻ്റെ സ്ഥാനാർത്ഥിയായോ അത്തരം സ്ഥാനാർത്ഥികളുടെ വിജയത്തിനുവേണ്ടി പ്രവർത്തിക്കാനോ മുസ്‌ലിമിന്നു നിവൃത്തിയില്ല. എന്തെന്നാൽ താൻ നാട്ടിന്റെ യഥാർത്ഥ ഉടമാവകാശിയാണെന്നും നാട്ടിന്റെ നിയമനിർമാതാവാണെന്നും അവൻ വിചാരിക്കുന്നില്ല. എന്നാലല്ലേ പ്രസ്തുത അധികാരമനുസരിച്ച് പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. ഒരു മുസ്‌ലിമിന് ഹൃദയം തുറന്ന് ഒരു കാര്യത്തിൽ പങ്കു വഹിക്കണമെങ്കിൽ കുറഞ്ഞത് അല്ലാഹുവിൻ്റെ പരമാധികാരം സമ്മതിക്കുകയും ശരീഅത്തിനെ അടിസ്ഥാനമായി പരിഗണിക്കുകയും വേണം. ഈ ഉപാധിയോടുകൂടിയല്ലാതെ രാഷ്ട്രീയത്തിൽ മന:സംതൃപ്തിയോടെ പങ്കുവഹിക്കാൻ ദീൻ അനുവദിച്ചിട്ടില്ല."
ഇസ്‌ലാമിക പാഠങ്ങൾ , അബ്ദുൽ ഹയ്യ് - പേജ്: 93, ഐപിഎച്ച്
ജമാഅത്തുകാരൻ ഇവ ഒഴിവാക്കൽ നിർബന്ധമാണ്
- "ദൈവികമല്ലാത്ത ഏതെങ്കിലും ഭരണ വ്യവസ്ഥയിൽ താൻ വല്ല കുഞ്ചിക സ്ഥാനവും വഹിക്കുന്നവനോ അതിൻ്റെ നിയമനിർമ്മാണ സഭയിലെ അംഗമോ അതിൻ്റെ കോടതിവ്യവസ്ഥയിൽ ന്യായാധിപസ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആണെങ്കിൽ ആസ്ഥാനം കയ്യൊഴിക്കുക.
- ദൈവികമല്ലാത്ത ഏതെങ്കിലും ഭരണ വ്യവസ്ഥിതിയുടെ ഉപകരണമോ അതിന്റെ നിയമങ്ങളുടെ നടത്തിപ്പില്‍ സഹായിയോ ആണെങ്കിൽ ആ അഹോവൃത്തി മാർഗ്ഗത്തിൽ നിന്ന് കഴിയും വേഗം ഒഴിവാകുക.
- നിർബന്ധിതാവസ്ഥയിലല്ലാതെ ഇടപാടുകളെ തീർപ്പിനായി അനിസ്‌ലാമിക കോടതികളെ സമീപിക്കാതിരിക്കുക."
ജമാഅത്തെ ഇസ്ലാമി ഭരണഘടന പേജ് 16 17
ദീൻ സമ്പൂർണ്ണമാവാൻ
സ്റ്റേറ്റ് സ്ഥാപിതമാവണം
" ഒരു വ്യക്തിയോ സമുദായമോ നമ്മളോട് എവിടെ വെച്ച് എങ്ങനെ ബന്ധപ്പെടുകയാണെങ്കിലും നാം സത്യമെന്ന് വാദിക്കുന്ന സിദ്ധാന്തങ്ങൾ സത്യമാണെന്നതിനും അതുവഴി മനുഷ്യജീവിതം ഉന്നതവും ഉത്തമവും ഉൽകൃഷ്ടവുമായി തീരണമെന്നതിനും നമ്മുടെ വ്യക്തിപരവും സാമുദായികവുമായ ചര്യകളിൽ നിന്ന് അവർക്ക് അനിഷേധ്യമായ തെളിവുകൾ ലഭിക്കണം. ഇത്രയുമല്ല, അതേ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ ഒരു സ്റ്റേറ്റ് സ്ഥാപിതമാവണം. ദീൻ സമ്പൂർണ്ണമായും പ്രയോഗത്തിൽ വരുത്തി അതിൻറെ നീതിന്യായ വ്യവസ്ഥ, സംസ്കരണ പരിപാടി, രാഷ്ട്രമീമാംസ, നാട്ടുകാരുടെ ക്ഷേമൈശ്വര്യം, ഭരണകർത്താക്കളുടെ ഉത്തമചര്യ, മെച്ചപ്പെട്ട ആഭ്യന്തര ഭരണം, നിഷ്കളങ്കമായ വിദേശ നയം, മാന്യമായ സമരം, പാലിക്കപ്പെടുന്ന സന്ധി എന്നിവ പ്രാവർത്തികമാകണം. ഈ സ്റ്റേറ്റിന് ജന്മം നൽകിയ ദീനാണ് വാസ്തവത്തിൽ മനുഷ്യ വിജയത്തിന് നിദാനം. ആ ദീനിനെ അനുഗമിക്കുന്നതിലൂടെ മാത്രമാണ് മനുഷ്യവംശത്തിന്റെ നന്മ.
ഇത് ലോകത്തിൻ്റെ മുമ്പിൽ സാക്ഷ്യം വഹിക്കാത്ത കാലത്തോളം പ്രസ്തുത സത്യസാക്ഷ്യം പരിപൂർണ്ണമാകുന്നില്ലെന്ന പരമാർത്ഥം ഞാൻ ഉണർത്തിച്ചുകൊള്ളട്ടെ."
സത്യസാക്ഷ്യം - മൗദൂദി, ഐപിഎച്ച് പേജ് 14.
ഭരണകൂടത്തോട്
സഹകരിക്കരുത്
"സംഘടനയിലെ യാതൊരു വ്യക്തിയും അല്ലാഹുവിൻ്റെ നിയമങ്ങൾക്ക് വിരുദ്ധമായി രൂപീകരിച്ച ഭരണകൂടത്തിന്റെ നടത്തിപ്പിൽ- അത് മുസ്‌ലിംകളാൽ നടത്തപ്പെടുന്നതായാലും- സഹകരിക്കരുത്. സംഘടനയുടെ ദൃഷ്ടിയിൽ എല്ലാ അനിസ്‌ലാമിക ഭരണകൂടങ്ങളും മനുഷ്യ നിർമ്മിത നിയമങ്ങളും പരമാബദ്ധമായിരിക്കും. അവയോട് ഇസ്‌ലാമിക സംഘടനക്കുള്ള ബന്ധം അടിസ്ഥാനപരമായി യോജിപ്പിന്റെതല്ല, വിയോജിപ്പിന്റേതാണ്."
ഇസ്‌ലാമിക പാഠങ്ങൾ , പേജ്: 163 ഐ പി എച്ച്
ജമാഅത്തെ ഇസ്‌ലാമി തെളിയിക്കേണ്ടത്...
"ഈ സംഘടന (ജമാഅത്തെ ഇസ്ലാമി) അനിസ്‌ലാമിക ലക്ഷ്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയത്തിൽ പങ്കുവഹിക്കരുത്. പ്രസ്തുത അനിസ്‌ലാമിക രാഷ്ട്രീയത്തിന്റെ സാക്ഷാൽ നിലപാട് ജനതാ മധ്യേ തുറന്നു കാട്ടണം. ഇസ്‌ലാമുമായി അത് തീരെ യോജിക്കില്ലെന്ന് തെളിയിക്കണം."
ഇസ്‌ലാമിക പാഠങ്ങൾ
പേജ് 163 iph
'ഹുകൂമത്തെ ഇലാഹിയ്യ'യെ
'ഇഖാമതുദ്ധീനാ'ക്കി മാറ്റി
"ജമാഅത്തെ ഇസ്‌ലാമി
അതിന്റെ നയപരിപാടികൾ നിരന്തരം പരിഷ്കരിച്ചു കൊണ്ടിരിക്കുന്നു. അടിസ്ഥാന ലക്ഷ്യങ്ങൾക്ക് അനുഗുണമായ മാറ്റങ്ങൾ സ്വീകരിക്കാൻ അത് മടിക്കാറില്ല. പ്രസ്ഥാനം അതിൻ്റെ ലക്ഷ്യം ആദ്യം അവതരിപ്പിച്ചത് ഹുകൂമത്തെ ഇലാഹിയ്യ- ദൈവിക ഭരണം- എന്ന വാക്കിലൂടെയായിരുന്നു. ദൈവത്തിൻ്റെ പരമാധികാരത്തിനും അനുശാസനങ്ങൾക്കും വിധേയമായ ജനാധിപത്യ ക്രമമാണ് അതുകൊണ്ടുദ്ദേശിക്കപ്പെട്ടത്. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ സ്ഥിതിഗതികൾ മാറി. രാജ്യം വിഭജിക്കപ്പെട്ടു. മുസ്‌ലിം ജനതയുടെ വലിയൊരു ഭാഗം പാക്കിസ്ഥാൻ എന്ന പുതിയ രാഷ്ട്രത്തിന്റെ ഭാഗമായി. ഇന്ത്യ സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. എങ്കിലും വിഭജനത്തിന്റെ ബാക്കിപത്രമായി രാജ്യത്തെങ്ങും ഹിന്ദുക്കൾക്കിടയിൽ കടുത്ത മുസ്‌ലിം വിരോധം നിലനിന്നു. ഈ സാഹചര്യം ജമാഅത്തെ ഇസ്‌ലാമി ഉന്നയിച്ച ഹുകൂമത്തെ ഇലാഹിയയുടെ ഉദ്ദേശ്യം ഇന്ത്യയിൽ ബ്രിട്ടീഷ് പൂർവ്വ മുസ്‌ലിം ആധിപത്യം പുനസ്ഥാപിക്കുകയാണെന്ന് തെറ്റിദ്ധരിക്കാനും തെറ്റിദ്ധരിപ്പിക്കപ്പെടാനും കാരണമായി. ജമാഅത്ത് അതിൻ്റെ ലക്ഷ്യം അവതരിപ്പിക്കാൻ പുതിയൊരു വചനം സ്വീകരിച്ചുകൊണ്ടാണ് ഈ സങ്കീർണതയെ മറികടന്നത്. അതാണ് ഇഖാമതുദ്ദീൻ. ഇതുവഴി ജമാഅത്ത് ലക്ഷ്യം തെറ്റുകയായിരുന്നില്ല, യഥാർത്ഥ ലക്ഷ്യത്തെ കൂടുതൽ കൃത്യമായി കുറിക്കുന്നതും തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത കുറഞ്ഞതുമായ ഒരു ലക്ഷ്യ വചനം കണ്ടെത്തുകയായിരുന്നു."
കർമ്മകാലം
ജമാഅത്തെ ഇസ്‌ലാമിയുടെ
75 വർഷങ്ങൾ
പ്രബോധനം വിശേഷാൽപ്പതിപ്പ്.
2017 പേജ് 29
കലിമ ചൊല്ലിയാണ് മൗദൂദി
ജമാഅത്തിൽ മെമ്പറായത്
"ജമാഅത്തിന്റെ ഭരണഘടന അംഗീകരിച്ചതിനുശേഷം ആദ്യമായി മൗലാനാ മൗദൂദി എഴുന്നേറ്റ് അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹു... എന്ന സത്യസാക്ഷ്യ വചനം ചൊല്ലിക്കൊണ്ട് പറഞ്ഞു: ഞാൻ ഇന്ന് പുതിയ ആവേശത്തോടെ ഈമാനിൽ പ്രവേശിക്കുകയും ജമാഅത്തിൽ ചേരുകയും ചെയ്തതിന് ജനങ്ങളെ നിങ്ങൾ സാക്ഷികളാകൂ. അതിനുശേഷം മുഹമ്മദ് മൻസൂർ നുഅമാനി എഴുന്നേൽക്കുകയും മൗദൂദി ചെയ്തതുപോലെ ഈമാൻ പുതുക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് സദസ്സിലുള്ളവർ ഓരോരുത്തരായി ശഹാദത്തിന്റെ വചനം ഉരുവിടുകയും ജമാഅത്തിൽ പ്രവേശിക്കുകയും ചെയ്തു. അധികമാളുകളുടെയും കണ്ണുകളിൽ നിന്ന് കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു. ചില ആളുകൾ കരഞ്ഞു കരഞ്ഞു ബോധം മറഞ്ഞ അവസ്ഥയിലായി. ഏറെക്കുറെ എല്ലാവരും ശഹാദത്ത് ഉരുവിടുന്ന സമയത്ത് ഉത്തരവാദിത്വബോധത്താൽ വിറച്ചുകൊണ്ടിരുന്നു. എല്ലാവരും ശഹാദത് ഉരുവിട്ട് കഴിഞ്ഞപ്പോൾ ജമാഅത്തെ ഇസ്‌ലാമി നിലവിൽ വന്നതായി മൗലാനാ മൗദൂദി പ്രഖ്യാപിച്ചു."
(പ്രാസ്ഥാനിക ശിക്ഷണം
റൂദാദ് ജമാഅത്തെ ഇസ്‌ലാമി സംഗ്രഹം. പേജ്:21)
നിയമത്തെ ഭയപ്പെടൽ ശിർക്ക്!
ജമാഅത്തെ ഇസ്‌ലാമി
"മറ്റാരുടെ(അല്ലാഹു അല്ലാത്തവരുടെ)യും തന്നിഷ്ട നിയമങ്ങൾ ലംഘിക്കുന്നതിൽ നമുക്ക് ഭയം തോന്നരുത്. മറ്റാരുടെയും വെറുപ്പിനെ പേടിക്കുകയും അരുത്. കാരണം അത് ഈമാനിന് വിരുദ്ധമാണ്. അല്ലാഹുവിൻ്റെ അവകാശത്തിൽ മറ്റുള്ളവരെ പങ്ക് ചേർക്കുന്നത് തെറ്റാണെന്ന് പറഞ്ഞുവല്ലോ. അതുപോലെ അല്ലാഹു അല്ലാത്തവരുടെ നിയമങ്ങൾ നിഷേധിക്കുന്നതിൽ ഭയം ഉണ്ടാകരുത്. അത് പരമാബദ്ധമാണ്. 'ലാഇലാഹ ഇല്ലല്ലാഹു' എന്ന പരിശുദ്ധ വാക്യത്തിന്റെ താല്പര്യമാണത്."
ഇസ്‌ലാമിക പാഠങ്ങൾ,
പേജ് 33 ഐ.പി.എച്ച്
ഗവൺമെന്റിനെ
അനുസരിക്കൽ കുറ്റകരം
"ഗവൺമെൻറ് അല്ലാഹുവിൻ്റെ നിയമത്തിൽ അധിഷ്ഠിതവും അവൻറെ വിധി നടപ്പാക്കുന്നതുമാണെങ്കിൽ അതിനെ അനുസരിക്കൽ നിർബന്ധമാണ്. അങ്ങനെയല്ലെങ്കിൽ അതിനെ അനുസരിക്കുന്നത് കുറ്റവുമാകുന്നു."
(ഖുർആനിലെ
നാല് സാങ്കേതിക
ശബ്ദങ്ങൾ-
പേജ് 99 ഐപിഎച്ച്)
സംഘടന,ഹിജ്റ,ജിഹാദ്
"ആദ്യമായി സംഘടന നിലവിൽ വരികയും എല്ലാ വ്യക്തികളും നേതൃത്വത്തെ സർവാത്മനാ അനുസരിക്കുമെന്ന അവസ്ഥ സംജാതമാക്കുക. പിന്നീട് പരിതസ്ഥിതിയും സന്ദർഭവും ആവശ്യപ്പെടുകയാണെങ്കിൽ ഹിജ്റയുടെയും ജിഹാദിന്റെയും മാർഗ്ഗം കൈക്കൊള്ളുക. ഇതാണ് ഇസ്‌ലാമിക പ്രവർത്തനത്തിന്റെ ശരിയായ ക്രമം.
സംഘടനയിൽ നിന്നുള്ള വേർപാട് ഇസ്‌ലാമിൽ നിന്നുള്ള വേർപാടിന് തുല്യമാണ്. ആരും ആരെയും അനുസരിക്കാതിരുന്ന, ഇസ്‌ലാമിന് മുമ്പത്തെ ജാഹിലിയ്യ ജീവിതത്തിലേക്ക് മനുഷ്യൻ തിരിച്ചു പോകുകയാണെന്നാണതിൻ്റെ അർത്ഥം.
ഇസ്‌ലാമിൻ്റെ മിക്ക താൽപര്യങ്ങളും സാക്ഷാൽ ഉദ്ദേശ്യങ്ങളും സംഘടനയും സംഘടിത പരിശ്രമങ്ങളും വഴിക്കേ പൂർത്തിയാക്കാനാവൂ. അതിനാൽ സംഘടനയിൽനിന്ന് വിട്ടുപോകുന്നവനെ- അവൻ നിസ്കരിക്കുകയും നോമ്പനുഷ്ടിക്കുകയും മുസ്‌ലിമെന്ന് വാദിക്കുകയും ചെയ്യുന്നതോടൊപ്പം- ഇസ്‌ലാമിൽ നിന്ന് പുറത്തു കടന്നവനായി നബി(സ) തിരുമേനി കണക്കാക്കിയിരിക്കുന്നു."
സത്യസാക്ഷ്യം
ഐ പി എച്ച് പേജ് 26
ജമാഅത്ത് അമീർ
ഇതൊന്ന് വായിക്കണം
2025 ജനുവരിയിൽ ഐപിഎച്ച് പുറത്തിറക്കിയ 'പ്രാസ്ഥാനിക ശിക്ഷണം' എന്ന പുസ്തകത്തിൽ നിന്ന്:
"സത്യത്തോട് മാത്രം പ്രതിബദ്ധത പുലർത്തുകയും സത്യവ്യവസ്ഥ സ്ഥാപിക്കുകയും അത് നിലനിർത്തുകയും അതിനെ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവും മുന്നിൽ ഇല്ലാത്ത ഒരു ഉത്കൃഷ്ട സംഘടന അനിവാര്യമാണ്.
(അമീറിനോട്: ജമാഅത്തെ ഇസ്‌ലാമിയെ കൊണ്ട് ഉദ്ദേശിക്കുന്നത് ഇതല്ലേ?)
ഭൂമിയിൽ വിശ്വാസിയായി ഒരാൾ മാത്രം ഉണ്ടാകുന്ന അവസ്ഥയിലും താൻ ഏകനും നിസ്സഹായനും എന്ന ന്യായം പറഞ്ഞു മിഥ്യാവ്യവസ്ഥയെ തൃപ്തിപ്പെടുകയോ തിന്മ കുറഞ്ഞതിനെ അന്വേഷിച്ച് കുഫ്റിനും തിന്മക്കും കീഴിൽ പാതിമത ജീവിതം നയിക്കാൻ പരിശ്രമിക്കുകയോ ചെയ്യുന്നതും ഭൂഷണമല്ല.
(അമീറിനോട്: യുഡിഎഫിനോട് ചേർന്ന് പ്രവർത്തിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിക്ക് ഭൂഷണമാണോ?
യു ഡി എഫിനോട് ചേർന്ന് പ്രവർത്തിക്കൽ കുഫ്‌റിനും തിന്മക്കും കീഴിൽ പാതിമത ജീവിതം നയിക്കലല്ലേ?)
മറിച്ച്, അവരെ സംബന്ധിച്ചിടത്തോളം സ്വീകരിക്കാവുന്ന ലളിതമായ വഴി അല്ലാഹുവിൻറെ ദാസന്മാരെ അല്ലാഹുവിന് ഇഷ്ടപ്പെട്ട വഴിയിലേക്ക് ക്ഷണിക്കുക എന്നത് മാത്രമാണ്.
(അമീറിനോട്: ഈ ലളിതമായ വഴി നിങ്ങൾ സ്വീകരിക്കാത്തതെന്തുകൊണ്ട്? യു ഡി എഫിനോട് ചേർന്ന് പ്രവർത്തിക്കൽ ഇത് സാധ്യമാക്കുമോ?)
അവർ പറയുന്നത് ആരും കേൾക്കുന്നില്ലെങ്കിൽ തൻറെ ജീവിതകാലം മുഴുവൻ ശരിയായ വഴിയിൽ ഉറച്ചുനിന്ന് ആളുകളെ വിളിച്ചുകൊണ്ടേയിരിക്കുക. അങ്ങനെ വിളിക്കുന്നതിനിടയിൽ മരണപ്പെടുകയാണെങ്കിൽ അത് മാർഗ്ഗ ഭ്രംശത്തിൽ തകർന്നുകൊണ്ടിരിക്കുന്ന ലോകത്തിന് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ഉച്ചത്തിൽ മുഴക്കുന്നതിനേക്കാളും കുഫ്റിൻ്റെ നേതൃത്വത്തിൽ ലോകം ചലിച്ചുകൊണ്ടിരിക്കുന്ന വഴിയിൽ ചലിക്കുന്നതിനേക്കാളും ഒരു ലക്ഷം മടങ്ങ് നല്ലതാണ്.
(അമീറിനോട് : ഈ 'ഒരു ലക്ഷം മടങ്ങ് നല്ല പ്രവർത്തനം' നിങ്ങൾ സ്വീകരിക്കാത്തതെന്തുകൊണ്ട്?)
അല്ലാഹുവിന്റെ കുറച്ച് ദാസന്മാർ അവർ പറയുന്നത് കേൾക്കാൻ തയ്യാറായാൽ അവരെ കൂടെ കൂട്ടി ഒരു സംഘം ആവുകയും തങ്ങളുടെ മുഴുവൻ സാമൂഹിക ശക്തിയും ഈ മഹത്തായ ലക്ഷ്യത്തിനുവേണ്ടി പരിശ്രമിക്കുകയും ചെയ്യേണ്ടത് അവർക്കും നിർബന്ധമാണ്.
(അമീറിനോട്: ജമാഅത്തുകാർ അവർ കുറഞതാണെങ്കിലും അവരെ കൂട്ടി നിങ്ങളുടെ ഈ ലക്ഷ്യത്തിൽ ഉറച്ചു നിൽക്കാത്തതെന്തുകൊണ്ട്?)
(പ്രാസ്ഥാനിക ശിക്ഷണം
പേജ് 171,172. 2025 iph)
(അമീറിനോട്: 2025 ജനുവരിയിലാണ് ഈ പുസ്തകം പുറത്തിറങ്ങിയത്. ഇത് നിങ്ങൾ മൗദൂദിയെ തള്ളുന്നതിന് മുമ്പാണോ? ശേഷമാണോ?)
ജമാഅത്ത് അമീർ...
ഇത് തൃപ്തിപ്പെടാനാവുമോ?
"ഒരാളുടെ മനസ്സിൽ ഈമാൻ ഉണ്ടെങ്കിൽ അയാൾക്ക് മിഥ്യാവ്യവസ്ഥ തൃപ്തിപ്പെടാൻ ആവില്ല എന്നും സത്യവ്യവസ്ഥ സ്ഥാപിക്കാനുള്ള പരിശ്രമങ്ങളിൽ നിന്ന് പിറകോട്ട് പോകാനാവില്ല എന്നുമാണ് പറഞ്ഞു വന്നതിന്റെ താല്പര്യം."
പ്രാസ്ഥാനിക ശിക്ഷണം
(പേജ് 171. ഐപിഎച്ച്
പ്രസിദ്ധീകരിച്ചത് 2025)
അമീർ...
- 'മിഥ്യാ വ്യവസ്ഥ' കൊണ്ട് ഉദ്ദേശിക്കുന്നത് യുഡിഎഫ് പോലുള്ള രാഷ്ട്രീയ കക്ഷികളെ ആണല്ലോ. എങ്കിൽ 'ഈമാനു'ള്ള ജമാഅത്തെ ഇസ്‌ലാമിക്ക് ഇപ്പോൾ അവരെ തൃപ്തിപ്പെടാൻ ആവുന്നതെങ്ങിനെ?
- നിലവിലുള്ള രാഷ്ട്രീയ പാർട്ടികൾ അല്ലെങ്കിൽ മിഥ്യാ വ്യവസ്ഥ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?
- സത്യവ്യവസ്ഥ സ്ഥാപിക്കുക എന്നതുകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിച്ചത്?
ജമാഅത്തെ ഇസ്‌ലാമി
പുതിയ പുസ്തകത്തിൽ
പറഞ്ഞുവെച്ച കാര്യങ്ങൾ
"നല്ല നേതൃത്വവും ശരിയായ വ്യവസ്ഥയും ഉണ്ടാക്കൽ ദീനിന്റെ അടിസ്ഥാന ലക്ഷ്യമാണ്. ഈ ലക്ഷ്യം നേടാൻ സാമൂഹിക ശക്തി അനിവാര്യമാണ്. അതിനാൽ ഒരാൾ സാമൂഹിക ശക്തി നഷ്ടപ്പെടുത്തുന്നത് നമസ്കാരം കൊണ്ടോ നോമ്പുകൊണ്ടോ കലിമ കൊണ്ടോ പരിഹരിക്കാനാകാത്ത കുറ്റമാണ്. ദീനിൽ ജിഹാദിന് ഇത്രമാത്രം പ്രാധാന്യം നൽകപ്പെട്ടത് എന്തുകൊണ്ട് എന്നും ആലോചിക്കൂ. അതിൽനിന്ന് ഓടിപ്പോകുന്ന വരെയും മുഖം തിരിക്കുന്നവരെയും ഖുർആൻ കപട വിശ്വാസി എന്നാണ് വിളിച്ചത്. ശരിയായ വ്യവസ്ഥ സ്ഥാപിക്കാനുള്ള പരിശ്രമം തന്നെയാണ് ജിഹാദ്. മനുഷ്യൻറെ വിശ്വാസം പരീക്ഷിക്കാനുള്ള ഉരക്കല്ലായി ഈ ജിഹാദിനെ ഖുർആൻ കാണുകയും ചെയ്യുന്നു."
പ്രാസ്ഥാനിക ശിക്ഷണം
(പേജ് 170,171 iph 2025)
സംഗ്രഹം:
- ശരിയായ വ്യവസ്ഥ (ഇസ്‌ലാമിക വ്യവസ്ഥ) ഉണ്ടാക്കൽ അടിസ്ഥാന ലക്ഷ്യം.
- ഇതിന് സാമൂഹിക ശക്തി (ഭരണം) അനിവാര്യമാണ്.
- ഭരണം ഇല്ലാത്ത പക്ഷം കലിമ കൊണ്ടോ നിസ്കാരം നോമ്പ് പോലുള്ള കർമ്മങ്ങൾ കൊണ്ടോ രക്ഷപ്പെടില്ല.
- ഭരണ ശ്രമത്തിൽ നിന്നും പിന്തിരിഞ്ഞു നിൽക്കൽ കപട വിശ്വാസികളുടെ അടയാളമാണ്.
- ഇസ്‌ലാമിക ഭരണം സ്ഥാപിക്കാനുള്ള പരിശ്രമമാണ് ജിഹാദ്.
- വിശ്വാസം പരീക്ഷിക്കാനുള്ള ഉരക്കല്ലാണ് ഭരണം സ്ഥാപിക്കാൻ വേണ്ടി നടത്തുന്ന ജിഹാദ്.
ജമാഅത്തിന്റെ പുതിയ നിർദ്ദേശം
അമീർ അറിയാതെ പോയോ..?
2025 ജനുവരിയിൽ ഐ പി എച്ച് പുറത്തിറക്കിയ പ്രാസ്ഥാനിക ശിക്ഷണം എന്ന പുസ്തകത്തിൽ എഴുതുന്നു:
"ലക്ഷ്യത്തിൽ ഏകാഗ്രതയുണ്ടാകുക. നിങ്ങളുടെ ചുറ്റിലും ചിലർ ചില ബഹളങ്ങൾ ഉണ്ടാക്കുന്നുണ്ട്. നിങ്ങളുടെ പ്രസ്ഥാനത്തിൻറെ ലക്ഷ്യവുമായി അതിന് ഒരു ബന്ധവുമില്ല. അങ്ങനെയൊന്ന് അവിടെയില്ലെന്ന രീതിയിലായിരിക്കണം അവയോട് ബന്ധമില്ലാതെ നിങ്ങൾ കഴിയേണ്ടത്. അസംബ്ലികൾ, ഡിസ്ട്രിക്ട് ബോർഡുകൾ, അതിലേക്കുള്ള തിരഞ്ഞെടുപ്പുകൾ, ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും സിക്കുകാരുടെയും സാമുദായിക സംഘർഷങ്ങൾ, വിവിധ പാർട്ടികളുടെ, മത ഗ്രൂപ്പുകളുടെ, ഗോത്രങ്ങളുടെ, ജാതികളുടെ സംഘർഷങ്ങൾ ഇവയോടൊന്നും ബന്ധമില്ലാതെ ഏകാഗ്രതയോടെ ശ്രദ്ധ മുഴുവൻ നിങ്ങളുടെ ലക്ഷ്യത്തിൽ കേന്ദ്രീകരിക്കണം. ലോകത്ത് എന്ത് നടക്കുന്നുവോ അതിനെ അതിൻ്റെ പാട്ടിന് വിടുക.
അല്ലാഹുവിൻ്റെ മാർഗത്തിൽ അല്ലാത്ത പ്രവർത്തനങ്ങളിൽ മുഴുകി നിങ്ങൾ നിങ്ങളുടെ സമയവും കഴിവും പാഴാക്കിക്കളഞ്ഞാൽ അവ രണ്ടിന്റെയും പേരിൽ നിങ്ങൾ വിചാരണ നേരിടേണ്ടി വരും.
(പ്രാസ്ഥാനിക ശിക്ഷണം
പേജ് 43 ഐ പി എച്ച് 2025)
അമീർ...
താങ്കൾ അനിസ്‌ലാമിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മുഴുകി സമയവും കഴിവും പാഴാക്കിയതിനാൽ വിചാരണ നേരിടേണ്ടി വരുമോ?
ജമാഅത്തുകാർ
ആത്മാർത്ഥ മുസ്‌ലിമാവണം; മൗദൂദി
ജമാഅത്തെ ഇസ്‌ലാമിയുടെ വർത്തമാന സാഹചര്യത്തിൽ മൗദൂദിയുടെ നിർദ്ദേശമൊന്ന്
വായിച്ചു നോക്കൂ.
"ഒരാൾ പരമ്പരാഗതമായ മുസ്‌ലിമോ അല്ലെങ്കിൽ മുസ്‌ലിമായവനോ ആണെങ്കിൽ അവനോടുള്ള നമ്മുടെ പ്രബോധനം ആത്മാർത്ഥ മുസ്‌ലിമായിത്തീരണമെന്നും ഇസ്‌ലാമിൻ്റെ വർണ്ണത്തിൽ ചാലിച്ച് ഒരേ വർണ്ണമുള്ളവനാകണമെന്നും കപടാത്മകയും വൈരുദ്ധ്യാധിഷ്ഠിതവുമായ നിലപാടിൽ നിന്ന് രക്ഷപ്പെടണമെന്നുമാണ്."
പ്രാസ്ഥാനിക ശിക്ഷണം
(പേജ് 256 ഐപിഎച്ച് 2025)
ജമാഅത്തെ ഇസ്‌ലാമി
കപടാത്മക നിലപാടും
വൈരുദ്ധ്യാത്മക നിലപാടും
2025 ജനുവരിയിൽ
ഐ പി എച്ച് പുറത്തിറക്കിയ 'പ്രാസ്ഥാനിക ശിക്ഷണം' എന്ന പുസ്തകത്തിൽ എഴുതുന്നു:
"താൻ പിന്തുണക്കുന്നതായി അവകാശപ്പെടുന്ന ദീനിന് തികച്ചും വിരുദ്ധമായ ഒരു വ്യവസ്ഥ തനിക്ക് മുകളിലൂടെ സഞ്ചരിക്കുന്നതിൽ സംതൃപ്തനാവുക; അതിനെ മാറ്റി തൽസ്ഥാനത്ത് തൻ്റെ ദീൻ സ്ഥാപിക്കാൻ യാതൊരു ശ്രമവും നടത്താതിരിക്കുക. മാത്രവുമല്ല അല്ലാഹുവിനെ ധിക്കരിക്കുന്നതും അവനെതിരെ കലാപം ചെയ്യുന്നതുമായ വ്യവസ്ഥയെ തനിക്കിണങ്ങുന്നതാക്കി അതിനെ തന്റെ വിശ്രമ സങ്കേതമാക്കുന്നതിനെ കുറിച്ച് ചിന്തിക്കുക - ഇതാണ് കപടാത്മക നിലപാടിന്റെ താല്പര്യം. ഇനി അയാൾ അത്തരം വ്യവസ്ഥ മാറ്റാൻ ശ്രമിക്കുകയാണെങ്കിൽ തന്നെ തൽസ്ഥാനത്ത് സത്യദീൻ സ്ഥാപിക്കുകയായിരിക്കില്ല അയാളുടെ ലക്ഷ്യം. മറിച്ച് ദൈവധിക്കാരപരമായ ഒരു വ്യവസ്ഥ നടത്തിക്കൊണ്ടു പോവുകയും ധിക്കാരത്തിന്റെ മറ്റൊരു വ്യവസ്ഥ ആ സ്ഥാനം ഏറ്റെടുക്കുകയുമായിരിക്കും.
വൈരുദ്ധ്യാത്മക നിലപാട് എന്നതിന്റെ താൽപര്യം ഒരാൾ നാവുകൊണ്ട് വാദിക്കുന്നതിനെ കർമ്മം കൊണ്ട് ലംഘിക്കുകയാണ്. മനുഷ്യന്റെ പ്രവർത്തനം ഒരു കാര്യത്തിൽ ഒന്നും മറ്റൊരു കാര്യത്തിൽ വേറൊന്നും ആകുക എന്നതും വൈരുദ്ധ്യാത്മക സമീപനമാണ്. തൻറെ മുഴു ജീവിതവും അല്ലാഹുവിൻ്റെ ദാസ്യത്തിന് വിട്ടു നൽകിയെന്ന് ഒരാൾ വാദിക്കുകയാണെങ്കിൽ പിന്നെ അവന്റെ ജീവിതത്തിൽ മനപ്പൂർവ്വം അല്ലാഹുവിൻ്റെ ദാസ്യത്തിന് വിരുദ്ധമായ യാതൊന്നും ഉണ്ടാകരുത്."
പ്രാസ്ഥാനിക ശിക്ഷണം
(പേജ് 256 ഐപിഎച്ച് 2025)
✍Aboohabeebpayyoli
Post a Comment