പവിഴ ദ്വീപിലെ ആത്മീയ വെളിച്ചം അണഞ്ഞു..
സയ്യിദ് ഫത്ഹുല്ല മുത്തുകോയ തങ്ങളുമായി സത്യധാര നടത്തിയ അഭിമുഖം ഇവിടെ വായിക്കാം
(അഭിമുഖ പതിപ്പ്: 2020 ജനുവരി)
തയ്യാറാക്കിയത്:ഉനൈസ് വാഫി ബത്തേരി, ജാഫര്‍ ദാരിമി അമിനി
കേരളത്തിന്റെ പടിഞ്ഞാറേ തീതത്ത് പവിഴപുറ്റുകളാല്‍ നിര്‍മിതമായ ലക്ഷദ്വീപ് സമുഹങ്ങളില്‍ നീണ്ട അഞ്ചു പതിറ്റാണ്ടു കാലം ഇസ് ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് സയ്യിദ് ഫത്ഹുല്ല മുത്തുകോയ തങ്ങള്‍. ലക്ഷദ്വീപിന്റെ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ തങ്ങള്‍ നിലവില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറയില്‍ അംഗമാണ്. സത്യധാരക്കു വേണ്ടി തങ്ങള്‍ സംസാരിക്കുന്നു.
തങ്ങളുടെ കുടുംബത്തെ ജനനത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും ?
ലക്ഷദ്വീപ് സാദാത്തീങ്ങളില്‍ പ്രസിദ്ധരായ സയ്യിദ് മുഹമ്മദ് ഖാസിം തങ്ങളുടെ അഞ്ചാമത്തെ പൗത്രനായ സയ്യിദ് അബൂ സ്വാലിഹ് തങ്ങളാണ് എന്റെ പിതാവ്. എന്റെ മാതാവ് ഹലീമ ബീവി. 17-08-1942 ലായിരുന്നു എന്റെ ജനനം.
അന്നത്തെ പ്രാഥമിക വിദ്യാഭ്യാസം എങ്ങനെയായിരുന്നു ?
അന്ന് ലക്ഷദ്വീപിലെ മുഴുവന്‍ ദ്വീപുകളിലും അഞ്ചാം ക്ലാസു വരെയായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചിരുന്നത്. മദ്‌റസ എന്ന വ്യവസ്ഥാപിത രൂപം നിലവിലില്ലാത്തതിനാല്‍ പഴയ കാല ഓത്തുപള്ളിയിലായിരുന്നു മത പഠനം. 1956ല്‍ തുടര്‍പഠനത്തിനായി ഞാന്‍ കേരളത്തിലേക്കു പുറപ്പെട്ടു. കാസര്‍ഗോഡ് നെല്ലി്ക്കുന്ന് പൈവളിക മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ രണ്ട് വര്‍ഷത്തോളം പഠനം നടത്തി. ശേഷം വാളക്കുളം മുഹമ്മദ് മുസ്‌ലിയാരുടെ കീഴില്‍ മംഗലാപുരത്ത് അസ്ഹരിയ്യ മദ്‌റസയിലും അതിനു ശേഷം കാസര്‍കോട്ട് ഇബ്‌റാഹീം മുസ്‌ലിയാരുടെയും മൊഗ്രാല്‍ കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെയും കീഴിലും ദര്‍സ് പഠനം നടത്തി. മംഗലാപുരം ദര്‍സില്‍ സമസ്ത വൈസ് പ്രസിഡന്റ് യു.എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ പ്രധാന സഹപാഠിയായിരുന്നു. 1960 ല്‍ സമസ്ത മുശാവറ അംഗവും പ്രമുഖ സൂഫിവര്യനുമായിരുന്ന കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ പരപ്പനങ്ങാടിയിലെ പനയത്ത് പള്ളിയിലെ പ്രസിദ്ധമായ ദര്‍സില്‍ ചേര്‍ന്നു.
ഉപരിപഠനം ജാമിഅ:യിലായിരുന്നുവെന്നു കേട്ടിട്ടുണ്ട്? പ്രധാന ഉസ്താദുമാരും സഹപാഠികളും?
1963ല്‍ പട്ടിക്കാട് ജാമിഅ: നൂരിയ്യയില്‍ ബിരുദപഠനത്തിന് ചേര്‍ന്നു. ജാമിഅ:യുടെ പ്രഥമ ബാച്ചില്‍ തന്നെ ചേരാമായിരുന്നുവെങ്കിലും ലക്ഷദ്വീപില്‍നിന്നുള്ള യാത്രാക്ലേശം കാരണം ആദ്യ ബാച്ചിന്റെ അഡ്മിഷന്‍ സമയത്ത് എത്താന്‍ സാധിക്കാത്തതിനാല്‍ രണ്ടാം ബാച്ചിലായിരുന്നു ചേരാനവസരം ലഭിച്ചത്. സമസ്ത മുശാവറ മെമ്പര്‍ കൂടിയായ വെന്‍മേനാട് എന്‍.കെ. അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ പ്രധാന സഹപാഠിയായിരുന്നു. സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, മര്‍ഹൂം സയ്യിദ് ഉമറലി ശിഹാബ് തങങള്‍ തുടങ്ങിയ പ്രമുഖര്‍ അന്ന് എന്റെ ജൂനിയറായി ജാമിഅ:യില്‍ പഠിച്ചവരായിരുന്നു. രണ്ടാം ബാച്ചിലായിരുന്നു ചേര്‍ന്നതെങ്കിലും ജാമിഅ:യുടെ പ്രഥമ സനദത്തില്‍ രണ്ടു ബാച്ചിനും ഒരുമിച്ചായിരുന്നു നല്‍കിയിരുന്നത്. കുമരംപുത്തൂര്‍ എ.പി. മുഹമ്മദ് മുസ്‌ലിയാര്‍, എ.ഐ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എരമംഗലം മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖരുടെ കൂടെയായിരുന്നു സനദ് വാങ്ങിയത്.
ജാമിഅ:യിലെ മറക്കാനാവാത്ത പ്രവര്‍ത്തനങ്ങള്‍ വല്ലതും?
ഉണ്ട്. ജാമിഅയിലെ വിദ്യാര്‍ത്ഥി സംഘടനയായ നൂറുല്‍ ഉലമ രൂപീകരിക്കുന്നതില്‍ മുന്‍പന്തിയില്‍നിന്നു പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. സംഘടനയുടെ പ്രധാന വരുമാന മാര്‍ഗമായി കാന്റീന്‍ നിര്‍മിക്കുകയും കാന്റീന്‍ നടത്തിപ്പിനായി വാടകക്ക് നല്‍കുകയും ചെയ്തു. അതില്‍നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചികിത്സ, പഠനം മറ്റു ആവശ്യങ്ങള്‍ക്ക് സാമ്പത്തികമായും മറ്റുമുള്ള സഹായങ്ങള്‍ നല്‍കിവന്നു. ആ രംഗത്തു സേവനം ചെയ്യാന്‍ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമാണ്.
ജാമിഅ: കഴിഞ്ഞ ശേഷം തങ്ങള്‍ എന്തു ചെയ്തു?
പഠനം കഴിഞ്ഞ് തഹ്‌സീലായി ഇറങ്ങിയശേഷം ഞങ്ങളുടെ കൂട്ടത്തില്‍നിന്ന് ആദ്യമായി ദര്‍സ് നടത്താനുള്ള നിര്‍ദ്ദേശം ലഭിച്ചത് എനിക്കായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. ശംസുല്‍ ഉലമയും കോട്ടുമല ഉസ്താദും പ്രത്യേകം ടെലിഗ്രാം നടത്തി എന്നോട് ഉടനെ ജാമിഅയില്‍ എത്താന്‍ നിര്‍ദേശിച്ചു. പെരിന്തല്‍മണ്ണക്കടുത്ത കക്കൂത്ത് പള്ളിയില്‍ ദര്‍സ് നടത്താനായിരുന്നു നിര്‍ദേശം. അവിടെ മഹല്ലില്‍ ചില പ്രശ്‌നങ്ങളുണ്ടാവുകയും തല്‍ഫലമായി ദര്‍സ് നിര്‍ത്തിവക്കുകയും ചെയ്തിരിക്കുകയായിരുന്നു. അതു തുടര്‍ന്നു നടത്താനായിരുന്നു എനിക്കുള്ള നിര്‍ദേശം. അതിനിടക്ക് ശൈഖ് ഉബൈദുല്ല തങ്ങളുടെ പരമ്പരയില്‍പെട്ട പാട്ടകല്‍ വീട്ടിലെ മുത്ത്ബിയെ വിവാഹം ചെയ്യുകയും തല്‍കാലികമായി പുതുപൊന്നാനി കുഞ്ഞി മുസ് ലിയാര്‍ എന്ന പണ്ഡിതനെ ദര്‍സ് നടത്താന്‍ ഏല്‍പ്പിക്കുകയും ചെയ്തു. കുറച്ചുകാലം നാട്ടില്‍ തങ്ങിയ ശേഷം തിരിച്ചു വന്നു. കക്കൂത്തില്‍ തന്നെ തുടര്‍ന്നു. 1970 വരെ അവിടെ ദര്‍സ് തുടര്‍ന്നു.
കഴിഞ്ഞ 50 വര്‍ഷത്തോളമായി തങ്ങള്‍ ലക്ഷദ്വീപിലെ അമിനി ദ്വീപില്‍ ഖാള്വിയായി സേവനമനുഷ്ഠിക്കുകയാണല്ലോ. അന്നത്തെ ഖാസി നിയമനത്തെ കുറിച്ച് പറയാമോ?
1958 ല്‍ അമിനി ദ്വീപിലെ നിലവിലെ ഖാള്വി മരണപ്പെട്ടതിനെ തുടര്‍ന്ന് പുതിയ ഖാള്വിയെ നിയമിക്കുന്ന പോസ്റ്റിലേക്ക് ഞാനും അപേക്ഷ സമര്‍പ്പിച്ചു. അതിനുവേണ്ടി ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ പരീക്ഷയില്‍ പങ്കെടുക്കാന്‍ ഞാനും കൂടെ മറ്റു അഞ്ചു പേരും തലശ്ശേരിയിലെത്തി. തലശ്ശേരി ഖാള്വിയുടെ അടുത്തായിരുന്നു പരീക്ഷ നടത്തിയത്. ഞങ്ങള്‍ ആറുപേര്‍ പങ്കെടുത്തിരുന്നെങ്കിലും ഞാനായിരുന്നു പരീക്ഷയില്‍ വിജയിച്ച് ഈ പദവിക്ക് അര്‍ഹനായത്. അതിന്റെ അടിസ്ഥാനത്തില്‍ 1970 ഫെബ്രുവരിയില്‍ ഞാന്‍ അമിനി ദ്വീപിന്റെ ഖാള്വിയായി നിയമിക്കപ്പെട്ടു. ഇന്നും ആസ്ഥാനത്ത് തുടരുന്നു. ശേഷം പ്രവര്‍ത്തനങ്ങള്‍ സ്വദേശമായ അമിനിയിലും സമീപ ദ്വീപുകളിലും തന്നെയായിരുന്നു. ഖാള്വിയായി നിയമിതനാതോടെ എന്റെ പ്രവര്‍ത്തന മണ്ഡലം എന്റെ സ്വദേശം തന്നെയായി മാറി. നിലവില്‍ ജുമുഅത്ത് പള്ളിയുടെ മുന്‍വശത്തായി നിലനിന്നിരുന്ന മഹ്‌ളറത്തുല്‍ ബദ്‌രിയ്യ എന്ന ദര്‍സ് പൊന്നാനി ബാവ മുസ്‌ലിയാരുടെ വഫാത്തോടെ ഞാന്‍ ഏറ്റെടുത്ത് നടത്തുകയായിരുന്നു ആദ്യം ചെയ്ത സംരംഭം. കൂടാതെ മുന്‍ ലക്ഷദ്വീപ് എം.പി. സഈദ് സാഹിബിന്റെ ജ്യേഷ്ഠ സഹോദരന്‍ സൈദ് മുഹമ്മദ് കോയ മുസ്‌ലിയാരും അവിടെ മുദര്‍രിസായിരുന്നു. 1970 ല്‍ ലക്ഷദ്വീപില്‍ തന്നെ ആദ്യത്തെ ദീനീ സംഘടനയായി ഖിദ്മത്തുല്‍ ഇസ്‌ലാം സംഘം രൂപീകരിച്ചു. 1974 ല്‍ ശൈഖുനാ ശംസുല്‍ ഉലമയെ ദ്വീപിലേക്ക് ക്ഷണിച്ചു. ഇന്നത്തെ പോലെ യാത്ര സൗകര്യങ്ങള്‍ ഇല്ലാതിരുന്ന ആ കാലത്ത് ശൈഖുനയെ ദ്വീപിലെത്തിച്ചത് ദ്വീപ് നിവാസികള്‍ക്കിടയില്‍ ആവേശവും ആഹ്ലാദവും നിറച്ചു. അന്ന് എം.പി. പി.എം. സഈദ് സാഹിബിന്റെ കൂടെയായിരുന്നു ശൈഖുനാ ദ്വീപിലെത്തിയത്. 1967 ല്‍ ലക്ഷദ്വീപില്‍ ആദ്യത്തെ ഇലക്ഷന്‍ നടന്നു. എന്റെ ഏറ്റവും അടുത്ത സുഹൃത്തും സഹപാഠിയുമായിരുന്ന പി.എം. സഈദ് സാഹിബ് ദ്വീപിന്റെ ആദ്യ എം.പി.യായി തെരഞ്ഞെടുക്കപ്പെടുകയും തുടര്‍ന്ന് നീണ്ട 37 വര്‍ഷം ലക്ഷദ്വീപിന്റെ എം.പിയായി വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ശൈഖുനായാണ് ആ വര്‍ഷം (1974ല്‍), ഇന്ന് തലയെടുപ്പോടെ നില്‍ക്കുന്ന മഹത്തായ ദീനീസ്ഥാപനമായ സിദ്ദീഖ് മൗലാ അറബിക് കോളേജ് ശിലാസ്ഥാപനം നടത്തിയത്. തുടര്‍ന്ന് ഏഴ് വര്‍ഷം ഞാന്‍ കോളേജ് പ്രിന്‍സിപ്പാളായി സേവനമനുഷ്ഠിച്ചു ഇന്ന് ലക്ഷദ്വീപിലെ പല ദ്വീപുകളിലെയും ഖാള്വിമാരും മറ്റു പണ്ഡിതന്മാരും ഈ സ്ഥാപനത്തില്‍ എന്റെ വിദ്യാര്‍ത്ഥികളായി പഠിച്ചവരായിരുന്നു.
ലക്ഷദ്വീപിലെ സമസ്തയുടെ വളര്‍ച്ചയെക്കുറിച്ച്?
ദ്വീപിലെ സമസ്തയുടെ വളര്‍ച്ചക്ക് എന്നാല്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. കില്‍ത്താന്‍ ദ്വീപുകാരനായിരുന്ന സമസ്തയുടെ മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന മിത്തബൈല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാരും ഞാനുമായിരുന്നു പ്രധാനമായും ദ്വീപുകളില്‍ സമസ്തയെ വളര്‍ത്തുന്നതില്‍ പരിശ്രമിച്ചിരുന്നത്. ഇന്ന് ലക്ഷദ്വീപിലെ ഏകദേശം മുഴുവന്‍ ദ്വീപുകളിലും സമസ്തയുടെയും മുഴുവന്‍ കീഴ്ഘടങ്ങളുടെയും കമ്മിറ്റികള്‍ നിലവിലുണ്ട്. അതെല്ലാം വളരെ ഭംഗിയായി നടന്നുപോവുകയും ചെയ്യുന്നുണ്ട്.
ലക്ഷദ്വീപിലെ ഇസ്‌ലാമി ആവിര്‍ഭാവം ചുരുക്കി വിശദീകരിക്കാമോ?
ലക്ഷദ്വീപില്‍ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖി(റ)ന്റെ സന്താന പരമ്പരയില്‍ പെട്ട ഉബൈദുല്ല തങ്ങള്‍ ഹിജ്‌റ 40 ഓടെ അമിനി ദ്വീപിലെത്തുകയും (ആദ്യമായി എത്തിയത് അമിനി ദ്വീപിലാണ്) തുടര്‍ന്ന് മറ്റു ദ്വീപുകളിലേക്ക് കൂടി ഇസ്‌ലാം പ്രചരിപ്പിക്കുകയുമാണ് ചെയ്തത് എന്നാണ് ചരിത്രം. പിന്നീട് ആന്ത്രോത്ത് ദ്വീപില്‍ അദ്ദേഹം സ്ഥിരതാമസമാക്കി. സ്വന്തമായി നിര്‍മിച്ച വീടിന് ഫാതിഹുല്‍ കുല്ല് എന്ന് പേരിടുകയും പിന്നീടത് ലോപിച്ച് പാട്ടകല്‍ എന്നായി മാറുകയും ചെയ്തു. ഇന്ന് ആ കുടുംബം പാട്ടകല്‍ കുടുംബം എന്ന പേരിലാണറിയപ്പെടുന്നത്. ഉബൈദുല്ല തങ്ങളുടെ മകന്‍ അബൂബക്കര്‍ ഇബ്‌നു ഉബൈദുല്ല തങ്ങള്‍ രചിച്ച ഫുതുഹാത്തുല്‍ ജസാഇര്‍ എന്ന ഗ്രന്ഥത്തില്‍ ദ്വീപിലെ ഇസ്‌ലാമിക ചരിത്രം വിശദീകരിക്കുന്നുണ്ട്.
ലക്ഷദ്വീപില്‍ നിന്നും ആദ്യമായി ഇസ്‌ലാം മതം സ്വീകരിച്ച അമിനി ദ്വീപിലെ അന്നത്തെ കുലീന കുടുംബമായ പൊന്റാന്‍ബേലി കുടുംബത്തില്‍പെട്ട ഫിസിയ എന്ന സ്ത്രീയെ ഉബൈദുല്ല തങ്ങള്‍ വിവാഹം കഴിക്കുകയും ശേഷം ഫിസിയ ഹമീദത്ത് എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
തങ്ങളുടെ വിദേശയാത്രകള്‍?
എന്റെ പിതാമഹന്മാര്‍ ദീനീ സേവനത്തിനായി നിരവധി സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. എന്റെ പിതാവിന് 40 വര്‍ഷത്തോളം ശ്രീലങ്കയുമായി ബന്ധമുണ്ടായിരുന്നു. ശ്രീലങ്കയില്‍ ഖാദിരി, രിഫാഈ ത്വരീഖത്ത് വ്യാപിപ്പിക്കുന്നതില്‍ ഉപ്പ വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹം മറപെട്ട് കിടക്കുന്നതും ശ്രീലങ്കയിലെ കൊളംബോയില്‍ തന്നെയാണ്. ഞാന്‍ പല സമയങ്ങളിലും ശ്രീലങ്കയില്‍ പോവാറുണ്ട്. എപ്പോഴും ബന്ധപ്പെടാറുണ്ട്. രണ്ടു തവണ ഹജ്ജ് ചെയ്യാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഒന്ന് 1984 ല്‍ ശ്രീലങ്കയില്‍നിന്നും രണ്ടാമത്തേത് 2000ല്‍ ഇവിടെ നിന്നും ഗള്‍ഫ് നാടുകളായ യു.എ.ഇ., ജോര്‍ദ്ദാന്‍ തുടങ്ങിയ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.
ലക്ഷദ്വീപിനെ കുറിച്ച് പറയുമ്പോള്‍ കപ്പല്‍യാത്രയെക്കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. കപ്പല്‍ യാത്ര അനുഭവം പങ്കുവെക്കാമോ?
ലക്ഷദ്വീപുകാരുടെ കൂടെ പിറപ്പാണല്ലൊ കടലും കപ്പല്‍യാത്രകളും. 1956 നവംബര്‍ രണ്ടാം തിയ്യതി ലക്ഷദ്വീപിനെ കേന്ദ്ര ഗവണ്‍മെന്റ് ഏറ്റെടുക്കുന്നത് വരെ ഇവിടെ കപ്പല്‍ യാത്ര ഉണ്ടായിരുന്നില്ല. അതുവരെ ജനങ്ങള്‍ യാത്രക്ക് വേണ്ടി ആശ്രയിച്ചിരുന്നത് ഉരുവും പായകപ്പലുമായിരുന്നു. തുടര്‍ വര്‍ഷങ്ങളില്‍ വന്ന വികസനങ്ങളുടെ ഭാഗമായി ഇന്ന് നിരവധി യാത്രാ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. ഞാന്‍ മംഗലാപുരത്ത് പഠിക്കാന്‍ പോകുമ്പോള്‍ പതിനാലു ദിവസത്തോളം കടലില്‍ കഴിയേണ്ടി വന്ന ഓര്‍മകള്‍ ഒരിക്കലും മറക്കാനാവില്ല.
Post a Comment