ശൈഖ് മുഹമ്മദ് ബിൻ അലവി അൽ മാലിക്കി :ഹിജാസിലെ പണ്ഡിതകുലപതി

വിശുദ്ധ ഹറമിൽ പതിറ്റാണ്ടുകളോളം ദർസ് നടത്തിയിരുന്ന വിശ്രുത മാലികി കുടുംബത്തിലാണ് മഹാനായ ശൈഖ് മുഹമ്മദ് ബിൻ അലവി അൽ മാലികി എന്നവർ 1947 ൽ ജനിക്കുന്നത് .അദ്ദേഹത്തിന്റെ പിതാമഹൻ അബ്ബാസ് ബിൻ അബ്ദുൽ അസീസ് അൽ മാലികി എന്നവർ വിശുദ്ധ ഹറമിലെ ഇമാമും മക്കയിലെ ഖാളിയുമായിരുന്നു. അവിടുത്തെ പിതാവ് സയ്യിദ് അലവി(ഹി.1328-1391) എന്നവർ അദ്ദേഹത്തിന്റെ ജീവിതാന്ത്യം വരെ നീണ്ട 30 വർഷക്കാലത്തോളം വിശുദ്ധ ഹറമുകളിൽ ദർസ് നടത്തിയ മഹാനായിരുന്നു.

പഠനം
പ്രഥമ ശിഷ്യത്വം പിതാവിൽ നിന്ന് സ്വീകരിച്ച സയ്യിദർ പിന്നീട് അക്കാലത്ത് ഹിജാസിൽ ജീവിച്ച സയ്യിദ് അമീൻ ഖുത്ബി,സയ്യിദ് ഹസൻ ഫദ്അഖ്,ശൈഖ് മുഹമ്മദ് നൂർ സെയ്ഫ്,ശൈഖ് സഈദ് യമാനി തുടങ്ങിയ ഒട്ടുമിക്ക സുന്നി പണ്ഡിതരുടെയും അടുക്കൽ പഠിച്ചിട്ടുണ്ട്.വന്ദ്യപിതാവിന്റെ നിർദേശപ്രകാരം തന്നെ മഹാനർ ഉന്നതപഠനത്തിനായി ഈജിപ്‌തിലെ വിശ്വപ്രസിദ്ധമായ അൽ അസ്ഹറിൽ പോവുകയും അവിടുത്തെ ശൈഖ് മുഹമ്മദ് അൽ ഹഫീള് തീജാനി ,ശൈഖ് ഇബ്‌റാഹീം അൽ ബാജൂരിയുടെ ശിഷ്യൻ ശൈഖ് മുഹമ്മദ് അൽ അഖൂരി,അൽ അസ്ഹർ ഇമാമായിരുന്ന സയ്യിദ് സ്വാലിഹ് അൽ ജഅഫരി,ഈജിപ്ത് മുഫ്തി ആയിരുന്ന ശൈഖ് ഹസനൈൻ മുഹമ്മദ് മഖ്ലൂഫ്,ശൈഖുൽ അസ്ഹർ ആയിരുന്ന ഡോ.അബ്ദുൽ ഹലീം മഹ്മൂദ് തുടങ്ങി ഒട്ടനേകം ഉന്നതശീർഷരായ പണ്ഡിതരുടെയും അടുക്കൽ മഹാനർ പഠിച്ചു.25 ആം വയസ്സിൽ ഹദീസിൽ ഡോക്ടറേറ്റും നേടി നാട്ടിലേക്കെത്തിയ മഹാനർക്ക് സ്വപിതാവിന്റെ സ്ഥാനത്ത് ദർസ് നടത്തേണ്ടിവന്നു.ഇരുഹറമുകളിലും ഏറ്റവും കൂടുതൽ ആളുകൾ സംബന്ധിച്ചിരുന്ന ദർസ് ആയിരുന്നു മഹാനവർകളുടേത്.മാലികി കുടുംബം പൂർണ്ണമായും അധ്യാത്മികവഴിയിൽ ശാദുലി സരണിയിലെ ഖലീഫയായിരുന്ന ഇമാം അൽ ഫാസിയുടെ വഴിയേ നടന്നവരായിരുന്നു. ഹൈദരാബാദിലെ ശൈഖ് അബുൽ വഫാ അൽ അഫ്‌ഗാനിയും ഇന്ത്യൻ ഖാദിരിയ്യ ത്വരീഖത്തിന്റെ എക്കാലത്തെയും അമരക്കാരൻ ഇമാം അഹ്‌മദ്‌ റസാ ഖാൻ ബറെൽവിയുടെ പ്രിയപുതൻ ഇമാം മുസ്തഫ റസാ ഖാൻ എന്നവരും മഹാനരുടെ ഇന്ത്യൻ ഗുരുക്കന്മാരുടെ പട്ടികയിലെ ഉന്നത്സ്ഥാനീയരാണ്. യമൻ,സിറിയ,ലെബനാൻ,ഈജിപ്ത്,മൊറോക്കോ,അൾജീരിയ,ലിബിയ,ടുണീഷ്യ,സുഡാൻ,ഇന്ത്യ,പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ ഒരു കൂട്ടം മഹാപണ്ഡിതരിൽ നിന്നും സനദുകൾ സ്വീകരിച്ച മഹാനർ അക്കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ സനദുകൾ ഉണ്ടായിരുന്ന പണ്ഡിതരിൽ ഒരാളായിരുന്നു.

 ആദർശജീവിതം

ഇബ്നു അബ്ദുൽ വഹാബിന്റെയും ആലു ശൈഖിന്റെയും ചീഞ്ഞളിഞ്ഞ നജ്ദിയൻ ആശയങ്ങളിൽ തളച്ചിടപ്പെട്ട സൗദി മുസ്ലിംകൾക്കിടയിൽ അധ്യാപനം കൊണ്ടും തൂലിക കൊണ്ടും സുന്നത്ത് ജമാഅത്തിന്റെ ഗർജ്ജനമായി മാറുകയായിരുന്നു സയ്യിദവർകൾ.ദീനിന്റെ മാർഗ്ഗത്തിലായി ആയിരക്കണക്കിന് ശിഷ്യന്മാരെ തന്റെ സ്വന്തം ചിലവിൽ മഹാനർ ഉണ്ടാക്കിയെടുത്തു .അവരിൽ വലിയ ഒരു വിഭാഗം ഇന്ന് മുഖ്യമായും യമനിലും മലേഷ്യയിലും ഇൻഡോനേഷ്യയിലുമെല്ലാം പ്രബോധനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവരാണ്.അന്നത്തെ സഊദി മുഫ്തിയായിരുന്ന ഇബ്‌നു ബാസിന്റെ പല ബിദഈ നയങ്ങളോടും പൊരുത്തപ്പെട്ടുപോവാൻ സാധിക്കാതിരുന്നതിനാൽ അധ്യാപനം നടത്തിയിരുന്ന ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റിയിൽ നിന്ന് മഹാനർ സ്ഥാനമൊഴിഞ്ഞ് പോന്നു.പരമ്പരകളായി അവർ നടത്തിവന്നിരുന്ന വിശുദ്ധ ഹറമുകളിലെ ദർസുകളും മഹാനവർകൾക്ക് അവസാനിപ്പിക്കേണ്ടിവന്നു.അന്നത്തെ മതകാര്യ മന്ത്രിയായിരുന്ന ശൈഖ് സ്വാലിഹ് ആലു ശൈഖ് ,'ഹാദിഹി മഫാഹീമുനാ'(ഇതാണ് നമ്മുടെ ധാരണകൾ) എന്ന ഗ്രന്ഥം രചിച്ചത് തന്നെ മഹാനരുടെ 'മഫാഹീമുൻ യജിബു അൻ തുസഹഹ'(തിരുത്തപ്പെടേണ്ട ധാരണകൾ) എന്ന ഗ്രന്ഥത്തെ ഖണ്ഡിക്കാൻ വേണ്ടിയായിരുന്നു.ഈ വക എതിർപ്പുകളൊക്കെ ശൈഖവർകളുടെ മാലിക്കിയുടെ പ്രശസ്തി വർദ്ധിപ്പിച്ചതേയുള്ളൂ.1990 കളിലെ ബിദഈ 'നവോഥാന' ചിന്തകൾക്ക് തടയിടാൻ വേണ്ടി സഊദ് രാജവംശം ഹിജാസിലെ സൂഫി പണ്ഡിതർക്ക് പിന്തുണ പ്രഖ്യാപിക്കുകയും തദ്ഫലമായി ശൈഖവർകളുടെ ശിഷ്യസമ്പത്ത് ഗണ്യമായ തോതിൽ വർദ്ധിക്കുകയും ചെയ്തു.അന്നുമുതൽ മഹാനരുടെ അന്ത്യം വരെ റുസയ്ഫ പ്രവിശ്യയിലെ മാലികി തെരുവിൽ സ്ഥിതിചെയ്യുന്ന സ്വവസതിയിൽ മഹാനർ ദർസ് നടത്തിപ്പോന്നു.മരിക്കുന്നതിന്റെ തലേന്ന് രാത്രി പോലും മഹനവർകൾ അവിടെ ദർസ് നടത്തിയിരുന്നു.

വേർപാട്

നീണ്ട അമ്പത്തി ഏഴ് വർഷക്കാലം ഹിജാസിലും വിശിഷ്യാ വിശുദ്ധ ഹറമുകളിലും സുന്നത്ത് ജമാഅത്തിന്റെ വെന്നിക്കൊടി പാറിച്ച ആ മഹാമനീഷി 2004 ലെ ഒരു റമളാൻ 15 നാണ് ഈ ലോകത്തോട് വിടപറഞ്ഞത്. ജന്നത്തുൽ മുഅല്ലായുടെ ഹൃദയഭാഗത്ത് അദ്ദേഹത്തെ സർവ്വാദരവുകളോട് കൂടി ഖബറടക്കാൻ സൗദി രാജകുടുംബത്തിലെ ഒട്ടനേകം ആംഗങ്ങൾ ഉൾപ്പടെ ആയിരങ്ങളാണ് എത്തിയത്.അന്നത്തെ കിരീടാവകാശിയും മുൻകഴിഞ്ഞ സൗദി ഭരണാധികാരിയുമായിരുന്ന അബ്ദുള്ള രാജാവ് പറഞ്ഞു :"മുഹമ്മദ് മാലികി മതത്തോടും രാഷ്ട്രത്തോടും ഒരു പോലെ കൂറു പുലർത്തിയ പണ്ഡിതനായിരുന്നു".

രചനകൾ

വിവിധങ്ങളായ വിഷയങ്ങളിൽ നൂറോളം ഗ്രന്ഥങ്ങൾ ശൈഖ് മുഹമ്മദ് മാലിക്കിയുടേതായിട്ടുണ്ട്.മൻഹജുസ്സലഫ് ഫീ ഫഹ്മിന്നുസൂസ്,അത്തഹ്ദീർ മിനത്തക്ഫീർ,അൽ മൻഹലുല്ലത്വീഫ് ഫീ ഉസൂലിൽ ഹദീസിശരീഫ്,മുഹമ്മദ് :അൽ ഇൻസാനുൽ കാമിൽ,ഉർഫുതഅരീഫ് ബിൽ മൗലിദിശരീഫ് തുടങ്ങി അഖീദയിലും തഫ്സീറിലും ഹദീസിലും തസവ്വുഫിലും സീറത്തുന്നബവിയിലും കർമ്മശാസ്ത്രത്തിലും നിദാനശാസ്ത്രത്തിലുമെല്ലാം മഹാനർക്ക് ഗ്രന്ഥങ്ങളുണ്ട്.പത്തോളം ഗ്രന്ഥങ്ങൾ അദ്ദേഹത്തിന് ലഭിച്ച നൂറുകണക്കിന് സനദുകളുടെ വിവരങ്ങൾ മാത്രം വിശദീകരിച്ചുകൊണ്ടുള്ളവയാണ്.

മഹാനരുടെ പൊരുത്തം കൊണ്ട് ദീൻ യഥാർത്ഥമായ രീതിയിൽ പഠിക്കാനും പഠിപ്പിക്കാനും നാഥൻ നമ്മെ തുണക്കട്ടെ ...ആമീൻ