സനാഇ, സനാഇയ്യ ബിരുദത്തെ കുറിച്ച് എസ്.എൻ.ഇ.സി അക്കാദമിക് കൗൺസിൽ ചെയർമാനും സമസ്ത മുശാവറ അംഗവുമായ ഉസ്താദ് അബ്ദുസ്സലാം ബാഖവി വടക്കേകാട് എഴുതുന്നു...
പ്രിയരേ,
എസ്.എൻ.ഇ.സിയുടെ ശരീഅ, ഷീ സ്ട്രീമുകളുടെ ബിരുദ നാമം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ബംഗളൂരുവിലെ സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളനത്തിൽ പ്രഖ്യാപിച്ചു കഴിഞ്ഞു. അൽഹംദുലില്ലാഹ്...
ആൺകുട്ടികൾക്ക് സനാഇ എന്നും പെൺകുട്ടികൾക്ക് സനാഇയ്യ എന്നും എസ്.എൻ.ഇ.സി ബിരുദം നൽകുന്നത് കൃത്യമായ ലക്ഷ്യത്തോടെയും ബോധ്യത്തോടെയും തന്നെയാണ്. അല്ലാഹുവിൻ്റെ ദീനിനെ പ്രബോധനം ചെയ്യാനും അഹ്ലുസുന്നത്തി വൽ ജമാഅത്തിൻ്റെ ആദർശം പ്രചരിപ്പിക്കാനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ആശയം ഉറക്കെ പറയാനും കഴിയുന്ന പണ്ഡിതൻമാരെയാണ് ഇതുകൊണ്ട് ലക്ഷ്യംവെക്കുന്നത്.
ഏതു പ്രവർത്തനത്തിൻ്റെയും ആത്യന്തിക ലക്ഷ്യം നാളെ അല്ലാഹുവിൽ നിന്നു ലഭിക്കുന്ന പ്രതിഫലം മാത്രമാകണം. വ്യക്തി ജീവിതത്തിൽ സൂക്ഷ്മത പുലർത്തുകയും സത്യസന്ധത കാണിക്കുകയും വേണം. ഇതെല്ലാമുള്ളവരെ ഈ നാമം കൊണ്ട് ഉദ്ദേശിക്കുന്നു.
«بَشِّرْ هذه الأُمَّةَ بالسَّناءِ والنَّصْرِ والتَّمْكينِ، فمَن عَمِلَ مِنهم عَمَلَ الآخِرةِ لِلدُّنْيا لم يكنْ له في الآخِرةِ نَصيبٌ».
ഈ ഹദീസിൽ പറയുന്ന السَّناء തന്നെയാണ് ഈ ബിരുദനാമം കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രഭ, ഔന്നത്യം, മഹത്വം എന്നൊക്കെ അർഥം പറയാം. ഈ ഹദീസിൻ്റെ അവസാനം വ്യക്തമാക്കുന്നതു പോലെ, ഈ ദുൻയാവാണ് പ്രവർത്തനങ്ങളുടെ ലക്ഷ്യമെങ്കിൽ നാളെ പരലോകത്ത് ഒന്നും ബാക്കിയുണ്ടാകില്ല. അതു കൊണ്ട്, ലക്ഷ്യം പ്രധാനമാണ്. യഥാർഥ അർഥത്തിൽ السَّناء ഉണ്ടാകണമെങ്കിൽ ഇലാഹിയായ ബോധത്തോടു കൂടിയാകണം ജീവിതവും പ്രവർത്തനങ്ങളും. മത വിദ്യാഭ്യാസം എന്നത് അല്ലാഹുവിന് വേണ്ടി ചെയ്യുന്ന ഒരു പ്രധാന സൽകർമമാണ്. അതിൻ്റെതായ ലക്ഷ്യബോധത്തോടെയാകണം മതപഠനവും പഠനാന്തര പ്രബോധന പ്രവർത്തനങ്ങളുമെല്ലാം. ആത്യന്തികമായി, അല്ലാഹുവിൻ്റെ പ്രീതിയാണ് പ്രബോധകർ ആഗ്രഹിക്കേണ്ടത്. ആ ലക്ഷ്യബോധം എക്കാലവും ഓർമപ്പെടുത്തുന്ന വിധത്തിലാണ് ഹദീസിൽ പറഞ്ഞ السَّناء നെ ബിരുദ നാമമായി തിരഞ്ഞെടുത്തത്. സമസ്തയുടെ ലക്ഷ്യവും ഇതുതന്നെയാണ്. എസ്.എൻ.ഇ.സിയും ഇതേവഴിയിൽ സഞ്ചരിക്കുന്നു. ഇതിൽ നിന്ന് ബിരുദം നേടുന്ന യുവാക്കളും യുവതികളുമായ പണ്ഡിതരും ഇതേ വഴിയിൽ ഉണ്ടാകും. ഇൻശാ അല്ലാഹ്...
Post a Comment