സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സന്താന നിയന്ത്രണം നടപ്പാക്കിയവർ ഇന്ന് പൊട്ടിക്കരയുന്നു.. ഇസ്ലാമിൻറെ വഴിയിൽ ലോകരാജ്യങ്ങൾ
സന്താന നിയന്ത്രണമാണ് ദാരിദ്ര്യത്തിന് പരിഹാരമെന്ന നിലപാട് തിരുത്തിയിരിക്കുകയാണ് ചൈന. ഒരു കുടുംബത്തിന് ഒരു കുട്ടി എന്ന 1979 ൽ അംഗീകരിച്ച നിയമം പിൻവലിച്ചു ഇനി മുതൽ ഒരു കുടുംബത്തിൽ രണ്ട് കുട്ടികൾ വരെയാകാമെന്ന് കഴിഞ്ഞ വാരത്തിൽ ചേർന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി യോഗം തീരുമാനിച്ചിരിക്കുകയാണ്. ചൈനീസ് ഭരണകൂടത്തിൽ നിർണായക സ്വാധീനമുള്ള ഡെവലപ്മെന്റ് റിസെർച്ച് ഫൗണ്ടേഷന്റെ ശിപാർശയാണ് തീരുമാനത്തിനാധാരം. ജനസംഖ്യ നിയന്ത്രിക്കാൻ രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ കാലക്രമത്തിൽ പൂർണമായി ഒഴിവാക്കണമെന്നാണ് ഫൗണ്ടേഷന്റെ ശിപാർശ. പാർലിമെന്റിന്റെ തീരുമാനവും നിയമഭേദഗതികളും വന്നാലേ നയം ഉപേക്ഷിച്ചുവെന്ന് പറയാനാകൂ എങ്കിലും സി പി സി തീരുമാനം നിർണായക മാറ്റത്തെ കുറിക്കുന്നു.
ജനപ്പെരുപ്പം വിഭവങ്ങളുടെ കുറവിനും സാമ്പത്തിക രംഗത്തെ പ്രതിസന്ധിക്കും വഴിവെക്കുമെന്ന വീക്ഷണത്തിലാണ് ചൈനീസ് ഭരണ കൂടം 35 വർഷങ്ങൾക്ക് മുമ്പ് ഒരു ദമ്പതികൾക്ക് ഒരു കുഞ്ഞ് മതിയെന്ന് തീരുമാനിച്ചത്. രണ്ടാമത് കുട്ടികളുണ്ടാകുന്നവർക്ക് പിഴ, ജോലിയിൽ നിന്ന് പിരിച്ചുവിടൽ, നിർബന്ധിത ഗർഭഛിദ്രം, സർക്കാർ ആനുകൂല്യങ്ങൾ തടയൽ തുടങ്ങിയ ശിക്ഷാ നടപടികൾ ചുമത്തുകയും ചെയ്തു. ഇതേതുടർന്ന് രണ്ടാമത് കുഞ്ഞിന്റെ ജനനം തടയാൻ രാജ്യത്ത് 33.6 കോടി ഗർഭഛിദ്രവും 19.6 കോടി വന്ധ്യംകരണവും നടന്നിട്ടുണ്ടെന്നാണ് കണക്ക്. ഭരണ കൂടത്തിൻ്റെ കണക്കുകൂട്ടലിന് വിരുദ്ധമായി ഒറ്റക്കുട്ടി നയം ചൈനയുടെ സാമ്പത്തിക വളർച്ചക്ക് തിരിച്ചടിയാകുകയാണുണ്ടായത്. രാജ്യത്ത് ഉത്പാദനക്ഷമരല്ലാത്ത വയോധികരുടെ എണ്ണം വൻതോതിൽ ഉയരുകയും ഉത്പാദനക്ഷമരായ യുവാക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടുകയും ചെയ്‌തു. ചൈനീസ് ജനതയിൽ 15 ശതമാനത്തിലേറെ 60 വയസ്സും 30 ശതമാനം 50 വയസ്സും കടന്നവരാണ്. 15നും 59നും ഇടയിൽ പ്രായമുള്ളവരുടെ എണ്ണം 68.1 ശതമാനവും. 2050ഓടെ 60 കടന്ന പൗരൻമാരുടെ എണ്ണം 39.3 ശതമാനം കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സാമ്പത്തിക വളർച്ചാ മുരടിപ്പിൻ്റെ ഒരു പ്രധാന ഘടകമിതാണെന്ന് ഭരണ നേതൃത്വം തിരിച്ചറിഞ്ഞിരിക്കുന്നു. മാത്രമല്ല, രാജ്യത്തെ ആൺ-പെൺ വിഭാഗങ്ങളുടെ എണ്ണത്തിലും ഇത് ഗണ്യമായ അസന്തുലനം സൃഷ്ടിച്ചു. ലിംഗ നിർണത്തിൽ കുട്ടി പെണ്ണാണെന്നറിഞ്ഞാൽ ഗർഭം അലസിപ്പിക്കുകയാണ് ദമ്പതികളിൽ നല്ലൊരു ഭാഗവും. ഇതോടെ വിവാഹത്തിന് ഇണകളെ ലഭിക്കാതെ പ്രയാസപ്പെടുന്ന ചൈനീസ് ചെറുപ്പക്കാരുടെ എണ്ണവും കൂടി. ജനപ്പെരുപ്പമോ വിഭവങ്ങളുടെ കുറവോ അല്ല, വിഭവങ്ങളുടെ വിനിയോഗത്തിലുള്ള താളപ്പിഴയാണ് രാഷ്ട്രങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നതെന്ന് ഇസ്ലാം നൂറ്റാണ്ടുകൾക്ക് മുമ്പേ ചൂണ്ടിക്കാട്ടിയതാണ്. ഒട്ടേറെ ആധുനിക സാമ്പത്തിക ശാസ്ത്രജ്ഞരും ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട്. 1930ൽ ഇരുനൂറ് കോടിയായിരുന്നു ലോക ജനസംഖ്യ. 1987ൽ 500കോടിയായി. ഇന്ന് 700 കോടിയോളമെത്തി. എന്നാൽ 200 കോടി ജനസംഖ്യയുണ്ടായിരുന്ന കാലത്തേക്കാൾ ആളോഹരി വരുമാനത്തിൽ വർധനവും ജീവിത നിലവാരത്തിൽ ഉയർച്ചയുമാണ് ഇന്ന് കണ്ടു വരുന്നത്. ജനസംഖ്യ വർധിച്ചപ്പോൾ അധ്വാനശേഷി വർധിക്കുകയും ജനങ്ങൾ കൂടുതൽ വിഭവങ്ങൾ തേടിപ്പിടിക്കുകയും ചെയ്തു. കാലം ചെല്ലുന്തോറും ലോകത്ത് വരുമാനവും പുരോഗതിയും വൻ തോതിൽ വർധിക്കുകയാണെന്നത് അനിഷേധ്യമാണ്. ലോകത്തെ പ്രായപൂർത്തിയായ മനുഷ്യരുടെ എണ്ണത്തിന്റെ ഒരു ശതമാനം വരുന്ന കോടീശ്വരന്മാരാണ് ലോക സമ്പത്തിന്റെ 40 ശതമാനവും കൈയടക്കി വെച്ചതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്മെന്റ് ഇക്കണോമിക്സസ് നടത്തിയ പഠനം കാണിക്കുന്നു. 10 ശതമാനത്തിന്റെ കൈയിലാണ് ലോക ആസ്‌തിയുടെ 85 ശതമാനവും. ദരിദ്ര രാജ്യങ്ങളിലെ പകുതി പേർക്കും ലഭിക്കുന്നത് ലോകസമ്പത്തിന്റെ ഒരു ശതമാനം മാത്രമാണ്. ലോകത്ത് ആവശ്യമുള്ളത്ര വിഭവങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നും വിതരണം നീതിപൂർവവും ശാസ്ത്രീയവുമല്ലാത്തതാണ് പ്രശ്നമെന്നും ബെർണഡ് ഗിലൻ്റ്, റോജൻ വൈൽ തുടങ്ങിയ ആഗോള സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടിയതാണ്. ദാരിദ്ര്യത്തിന്റെമുഖ്യ കാരണം വിഭവങ്ങളുടെ തെറ്റായ വിതരണമാണെന്ന് നൊബേൽ ജേതാവ് അമർത്യസെന്നും അഭിപ്രായപ്പെടുകയുണ്ടായി. 40 കോടി പട്ടിണിപ്പാവങ്ങളുള്ള ഇന്ത്യയിൽ 500 കോടി രൂപക്കുള്ള ഗോതമ്പും പയർ വർഗങ്ങളുമൊക്കെ കന്നുകാലികൾക്കു പോലും കൊടുക്കാൻ പറ്റാത്തവിധം പാഴാക്കിക്കളഞ്ഞത് സുപ്രീം കോടതിയുടെ നിശിത വിമർശത്തിന് വിധേയമായതാണ്. അമേരിക്ക ഉത്പാദിപ്പിക്കുന്ന ചോളത്തിന്റെ മൂന്നിൽ ഒന്ന് ജൈവ ഇന്ധനത്തിനാണ് ഉപയോഗിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ദാരിദ്ര്യത്തിന്റെ ഇത്തരം കാരണങ്ങളും ജനസംഖ്യാ വർധനവിലാണ് ഭരണകൂടങ്ങൾ വരവ് വെക്കുന്നത്.
ജനിക്കാനുള്ള അവകാശം നിഷേധിക്കുകയല്ല, പട്ടിണിയും പ്രശ്നനങ്ങളും പരിഹരിക്കാനുള്ള ശരിയായ മാർഗമെന്നും പ്രകൃതിവിഭവങ്ങളുടെ നീതിപൂർവമായ വിനിയോഗവും മികച്ച തൊഴിലവസരങ്ങളും ദാരിദ്ര്യ നിർമാർജന സംരംഭങ്ങളുമാണ് അതിനുള്ള പരിഹാര മാർഗമെന്നുമാണ് ഇതെല്ലാം കാണിക്കുന്നത്. ചൈന ഈ വസ്തുത മനസ്സിലാക്കിത്തുടങ്ങി. ഇന്ത്യയുൾപ്പെടെ മറ്റു രാജ്യങ്ങൾക്കും താമസിയാതെ ഇത് ബോധ്യപ്പെടാതിരിക്കില്ല.
പ്രപഞ്ചത്തില്‍ വിഭവനഷ്‌ടം സംഭവിക്കുമെന്ന് പേടിച്ചും അസംഖ്യം സൃഷ്‌ടികള്‍ക്ക് ഉപജീവനം തടസ്സപ്പെടുമെന്ന് കരുതിയും സന്താനനിയന്ത്രണത്തിന് ആഹ്വാനം ചെയ്യുന്നവര്‍ തിരിച്ചറിയാതെ പോകുന്നത് ഭൂമിയുടെ പ്രകൃതമാണത്. സ്രഷ്‌ടാവിന് സൃഷ്‌ടികളുടെ എണ്ണവണ്ണങ്ങളുടെ പേരില്‍ ഉപജീവനത്തിലോ വിഭവ വിന്യാസത്തിലോ ആശങ്കയില്ലെന്നിരിക്കെ, സൃഷ്‌ടികള്‍ ആശങ്കാകുലരാകുന്നത് എന്തുമാത്രം അല്‍പത്തമാണ്!
ഉപജീവനത്തിന്റെ മാര്‍ഗം തേടുന്നവര്‍ക്ക് ദൈവം അത് തടയാറില്ല. അലസതയും അഹങ്കാരവും നിഷേധവും വഴി പ്രപഞ്ചത്തിലെ വിഭവങ്ങള്‍ ലഭ്യമാവാതിരിക്കുന്നതിന് ഇനിമേല്‍ ജനിക്കേണ്ടതില്ലെന്ന തിട്ടൂരം ലളിതമായി പറഞ്ഞാല്‍ ശുദ്ധ ഭോഷ്‌കാണ്! പ്രഭാതത്തില്‍ കൂടുവിടുന്ന പറവകള്‍ക്ക് സമൃദ്ധമായി ഭക്ഷണം ലഭ്യമാകുന്നത് അധ്വാനത്തിലൂടെയും അന്വേഷണത്തിലൂടെയുമാണ്. എന്നാല്‍ ജൈവദൗത്യം നിര്‍വഹിക്കാന്‍ കിലോമീറ്ററുകള്‍, ദിനങ്ങളോളം ആകാശ വിഹായസ്സില്‍ സഞ്ചരിക്കുന്ന ദേശാടനപക്ഷികള്‍ക്ക് ശരീരം തളരാതെ ആവശ്യമായ ഊര്‍ജം പ്രദാനംചെയ്യുന്നതും സ്രഷ്‌ടാവ് തന്നെ.
വൈകിയാണെങ്കിലും ഇസ്ലാം മുന്നോട്ട് വെക്കുന്ന ഈയൊരു യാഥാർത്ഥ്യത്തിലേക്ക് ഇന്ന് ലോകം കടന്നുവന്നുകൊണ്ടിരിക്കുന്നു.
Join Ours WhatsApp group by Click here
Post a Comment