സി.കെ സഈദ് മുസ്ലിയാർ അരിപ്ര ; ഇമാം നബ്ഹാനിയിലേക്ക് കണ്ണി ചേരുന്ന ഗുരുപരമ്പരയുടെ വൈജ്ഞാനിക ഗോപുരം
(ഇതൊരല്പം ദീർഘമായ കുറിപ്പാണ്. ക്ഷമയോടെ വായിക്കുകയാണെങ്കിൽ ഉപകരിച്ചെന്നു വരും - ഇൻശാ അല്ലാഹ്. റമളാൻ ഒമ്പത് ഇമാം നബ്ഹാനി റഹിമഹുല്ലാഹിയുടെ ആണ്ടുദിനമാണ്. അവിടുത്തെ പേരിൽ ഒരു ഫാതിഹഃ ഓതി ഹദിയഃ ചെയ്തതിനു ശേഷം ഇതു വായിക്കുകയാണെങ്കിൽ കൂടുതൽ സന്തോഷം)
ഇമാം യൂസുഫ് അന്നബ്ഹാനി റഹിമഹുല്ലാഹിയെ കേൾക്കാത്തവർ നമുക്കിടയിൽ വിരളമായിരിക്കും. തന്റെ കാലഘട്ടത്തിലെ ബൂസ്വീരി എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന മഹാനർ, സുന്നത്തുജമാഅത്തിന്റെ ശക്തനായ നേതാവായിരുന്നു.
മാദിഹുന്നബി, ആശിഖുർറസൂൽ എന്നീ അപദാനങ്ങളും മഹാനരെക്കുറിച്ച് ഉലമാക്കൾ ഉപയോഗിച്ചു വരാറുണ്ട്. അവിടുത്തെ ജീവചരിത്രം പഠിക്കുകയും രചനകൾ വായിക്കുകയും ചെയ്തിട്ടുള്ള ഏതൊരാൾക്കും ഇപ്പറഞ്ഞ വിശേഷണങ്ങളൊന്നും മഹാനരിൽ അധികപ്പറ്റായി തോന്നുകയില്ല. നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങൾക്കു വേണ്ടി തന്റെ സർഗ്ഗശേഷി വിനിയോഗിച്ച ആൾ എന്നു മഹാനരെപ്പറ്റി നിസ്സംശയം പറയാം.
നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ നുബുവ്വത്ത്, അവിടുത്തെ രിസാലത്ത്, അവിടുത്തെ മുഅ്ജിസത്ത്, അവിടുത്തെ മറ്റു പ്രത്യേകതകൾ അങ്ങനെ ഏതൊന്നിനെക്കുറിച്ചും ആക്ഷേപകർ വിമർശനം ഉന്നയിച്ചിട്ടുണ്ടോ, അപ്പോഴൊക്കെയും മഹാനർ അവരുടെ വാദങ്ങളെ ഖണ്ഡിച്ചു രചനകൾ നിർവഹിച്ചിട്ടുണ്ട്.
ഹുജ്ജത്തുല്ലാഹി അലൽആലമീൻ, അൽബുർഹാനുൽമുസദ്ദദ് ഫീ ഇസ്ബാതി നുബുവ്വത്തി സയ്യിദിനാ മുഹമ്മദ്, ഖുലാസ്വതുൽകലാം ഫീ തർജീഹി ദീനിൽഇസ്‌ലാം, സആദതുൽഅനാം ഫീ ഇത്തിബാഇ ദീനിൽഇസ്‌ലാം, നുജൂമുൽമുഹ്തദീൻ തുടങ്ങിയ കിതാബുകൾ ഇസ്‌ലാമിനെയും അതിന്റെ പ്രവാചകരെയും പ്രതിരോധിക്കുന്നവർ നിർബന്ധമായും വായിച്ചിരിക്കേണ്ടവയാണ്.
മുബ്തദിഉകൾക്കു മറുപടി പറയുന്നവരാകട്ടെ, മഹാനരുടെ ശവാഹിദുൽഹഖ്ഖ്, അൽഅസാലിബുൽബദീഅഃ, അൽഖസ്വീദതുർറാഇയ്യതുസ്സ്വുഗ്റാ ഫീ ദമ്മി അൽബിദ്അത്തിൽവഹ്ഹാബിയ്യഃ എന്നിവയെങ്കിലും മിനിമം നോക്കിയിരിക്കണം.
മുത്തുനബിയെ അറിയാനും ആസ്വദിക്കാനുമുള്ളവർക്കുള്ളതാണു ജവാഹിറുൽബിഹാർ, വസാഇലുൽവുസ്വൂൽ ഇലാ ശമാഇലിർറസൂൽ, അൽഫളാഇലുൽമുഹമ്മദിയ്യഃ, അൽഅൻവാറുൽമുഹമ്മദിയ്യഃ തുടങ്ങിയവ.
മഹാനരുടെ അധികം രചനകളും നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളെക്കുറിച്ചുള്ളതാണ്. അവിടുത്തെ മദ്ഹുകൾ ഗദ്യത്തിലും പദ്യത്തിലും എമ്പാടും മഹാനരുടെ അനുഗൃഹീത തൂലികയിൽ നിന്നു നിർഗളിച്ചിട്ടുണ്ട്. ഇതിനു പുറമെ മുൻകഴിഞ്ഞു പോയ ധാരാളം പ്രവാചകപ്രേമികൾ നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ മദ്ഹിലായി ചൊല്ലിയ കാവ്യങ്ങൾ/കവിതകൾ ശേഖരിച്ച് അവിടുന്നു പ്രസിദ്ധീകരിച്ചിട്ടുണ്ട്, അൽമജ്‌മൂഅതുന്നബ്ഹാനിയ്യഃ എന്ന പേരിൽ.
മഹാനരുടെ അഫ്ളലുസ്സ്വലവാത്ത് അലാ സയ്യിദിസ്സാദാത്ത്, ജാമിഉസ്സ്വലവാത്ത്, അർറഹ്‍മത്തുൽമുഹ്‌ദാത്ത്, സ്വലവാത്തുസ്സനാ തുടങ്ങി അനേകം കിതാബുകൾ നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ മേലുള്ള സ്വലാത്തുകളുടെ സമാഹാരങ്ങളാണ്.
നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ തിരുകുടുംബത്തിന്റെ മഹത്ത്വം ലളിതമായ ഭാഷയിൽ നമുക്കു മനസ്സിലാക്കിത്തരുന്ന രചനയാണ് ഇമാമവർകളുടെ അശ്ശറഫുൽമുഅബ്ബദ്. ഇമാമിന്റെ രചനകളിൽ ആദ്യം വെളിച്ചം കണ്ടതും ഇതാണ്. നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ നഅ്ലേശരീഫിനെക്കുറിച്ചും മഹാനർ എഴുതിയിട്ടുണ്ട്.
അഹ്‌സനുൽവസാഇൽ, അൽഅസ്മാ ഫീമാ ലിമുഹമ്മദിൻ മിനൽഅസ്മാ എന്നിവ പോലെ തിരുനബിനാമങ്ങൾ കോർത്തിണക്കിയ ഒന്നിലധികം കാവ്യങ്ങൾ മഹാനർക്കുണ്ട്. ഇതിനു പുറമെ അല്ലാഹുവിന്റെ അസ്മാഉകൾ കൊണ്ട് ഇസ്തിഗാസഃ നടത്തുന്ന ഒരു കൃതിയുമുണ്ട്. ഉന്നതരായ ആരിഫീങ്ങൾ നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളോട് ഇസ്തിഗാസഃ നടത്താൻ ഉപയോഗിച്ച കൈഫിയ്യത്തുകൾ നല്ല മട്ടത്തിൽ ചേർത്തു വച്ച കിതാബാണു ഹിസ്ബുൽഇസ്തിഗാസാത്ത് ബി സയ്യിദിസ്സാദാത്ത്.
ഖുർആനിലും ഹദീസിലും വന്ന പ്രധാന ദിക്റു-ദുആകളുടെ സമാഹാരമാണ് അവിടുത്തെ രിയാളുൽജന്നഃ. ഇമാം ബൂസ്വീരി റഹിമഹുല്ലാഹിയുടെ ബുർദഃ ബൈത്തിനൊരു ചെറിയ ശറഹും ഇമാം ജസൂലി റഹിമഹുല്ലാഹിയുടെ ദലാഇലുൽഖൈറാത്ത് എന്ന സ്വലാത്തു കിതാബിനു ടിപ്പണിയുമുണ്ട് ഇമാമവർകൾക്ക്.
നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളെ ഏറ്റമറ്റ തവണ സ്വപ്നത്തിൽ കണ്ടിട്ടുള്ള മഹാനർ അവയിലേറെയും രേഖപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്, അൽബശാഇറുൽഈമാനിയ്യഃ ഫിൽ മുബശ്ശിറാത്തിൽമനാമിയ്യഃ എന്ന പേരിൽ.
കൂട്ടത്തിലൊന്നു പറയട്ടെ, മഹാനർക്കൊരു കൃതിയുണ്ട്, അതു നാമെല്ലാം നിർബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്, അമുസ്‌ലിംകളാൽ നടത്തപ്പെടുന്ന വിദ്യാലയങ്ങളിലേക്കു നമ്മുടെ കുട്ടികളെ പറഞ്ഞയക്കുന്നതിനെക്കുറിച്ചാണ് അതിൽ മഹാനർ ചർച്ച ചെയ്യുന്നത്, ഇർശാദുൽഹയാറാ എന്നാണതിന്റെ പേര്.
ഇമാമവർകളുടെ രചനകളെക്കുറിച്ച് എഴുതാൻ ഒരുമ്പെട്ടാൽ അതു തന്നെ വലിയൊരു കൃതിയാകും. തഫ്സീർ, ഹദീസ്, ഫിഖ്ഹ്, തസ്വവ്വുഫ്, അഖീദഃ തുടങ്ങിയ മിക്ക ഫന്നുകളിലും മഹാനർക്കു രചനകളുണ്ട്. ഔലിയാക്കളുടെ അത്ഭുതലോകം എന്തെന്നറിയാൻ അവിടുത്തെ ജാമിഉ കറാമാത്തിൽഔലിയാ എന്ന കിതാബ് നോക്കിയാൽ മതി. പേരറിയപ്പെടുന്ന ആയിരത്തി നാനൂറോളം ഔലിയാക്കളുടെ കറാമത്തുകൾ അതിൽ സമാഹരിച്ചിട്ടുണ്ട്, പേരറിയപ്പെടാത്തവരുടേതു വേറെയും.
ഇത്തരത്തിൽ ബഹുമുഖ പ്രതിഭാത്വം ഉള്ള ഒരാളാണെങ്കിലും #ഇമാം_നബ്ഹാനി റഹിമഹുല്ലാഹിയെ നാം അറിയുന്നത് അവിടുന്നു നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ സ്വലാത്തുകൾക്കു ചെയ്ത ഖിദ്മകളുടെ പേരിലാണ്. സ്വലാത്തിന്റെ ഉപാസകനായും അതിന്റെ പ്രചാരകനായും അവിടുന്നു നമുക്കിടയിൽ അറിയപ്പെട്ടു.
ആ മഹോന്നത വ്യക്തിത്വത്തിന്റെ ഒരു ഭാഗം മാത്രമേ അതാകുന്നുള്ളുവെങ്കിൽ കൂടി നമുക്ക് അവിടുന്നു പ്രിയങ്കരനാകാൻ അതു തന്നെ ധാരാളമായിരുന്നു. ഇതിനു കാരണം ഒരു പക്ഷെ, അവിടുത്തെ രചനകളിൽ നിന്നു നമ്മുടെ നാട്ടിൽ പ്രചാരം സിദ്ധിച്ചത് അവിടുന്നു സ്വലാത്തു സംബന്ധമായി രചിച്ച കിതാബുകൾ മാത്രമായതായിരിക്കാം. അവയിൽ തന്നെ സആദത്തുദ്ദാറൈൻ ഫിസ്സ്വലാത്തി അലാ സയ്യിദിൽകൗനൈൻ എന്ന കിതാബ്. സ്വലാത്തു സംബന്ധിയായി അവിടുത്തേക്കു ധാരാളം രചനകളുണ്ടെങ്കിലും അവയൊന്നും ഇതിനോളം പ്രശസ്തമാവുകയോ പ്രചാരത്തിലാവുകയോ ചെയ്തിട്ടില്ല.
കേരളത്തിലെ ഭൂരിപക്ഷം ഉലമാക്കൾക്കും ഈ കിതാബ് പരിചിതമാണ്. സ്വലാത്തുകളുടെ ഒരു എൻസയ്ക്ളോപീഡിയ എന്നു വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. ധാരാളം ഔലിയാക്കളുടെ സ്വലാത്തുകൾ, അനിവാര്യമായ വിവരണങ്ങളോടെ മഹാനർ അതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്വലാത്തുകൾക്കു പുറമെ അസ്മാഉൽഹുസ്‌നയുടെതടക്കം ദുനിയാവും ആഖിറവും ഭാസുരമാക്കാനുതകുന്ന ഒട്ടേറെ ഫാഇദകൾ അതിലുണ്ട്.
നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളെ സ്വപ്‍നത്തിൽ കാണാൻ ഉപകരിക്കുന്ന ധാരാളം സംഗതികൾ അതിൽ അനാവരണം ചെയ്തിട്ടുണ്ട്. സ്വലാത്തുമായി ബന്ധപ്പെട്ട ധാരാളം മസ്അലകളുടെ കെട്ടഴിക്കുന്ന പ്രസ്തുത ഗ്രന്ഥം പ്രവാചകപ്രേമി എന്നവകാശപ്പെടുന്ന ഏതൊരാളുടെ പക്കലും ഉണ്ടായിരിക്കൽ അനിവാര്യമാണ്.
സ്വലാത്തുകളെക്കുറിച്ചു മലയാളത്തിൽ അച്ചടിക്കപ്പെട്ടിട്ടുള്ള അധികപക്ഷ രചനകളുടെയും പ്രധാന സ്രോതസ്സ് ഈ കിതാബാണ്. മലയാളത്തിലെന്നു മാത്രമല്ല, ഈ ഗ്രന്ഥം പുറത്തിറങ്ങിയതിനു ശേഷം ഇതിൽ നിന്ന് ഉദ്ധരിക്കാത്ത അത്തരം രചനകൾ അറബി ഉൾപ്പെടെയുള്ള ഒരു ഭാഷയിലും ഇറങ്ങിയിട്ടില്ലെന്നു പറയുന്നതാകും ശരി. അതായത് ഇമാം നബ്ഹാനി റഹിമഹുല്ലാഹിയ്ക്കു ശേഷം സ്വലാത്തു പ്രമേയമാക്കി രചനകൾ നടത്തിയിട്ടുള്ള തൊണ്ണൂറു ശതമാനം പേരും മഹാനരോടു കടപ്പെട്ടിരിക്കുന്നു എന്നർത്ഥം. അതിനു മാത്രം കഠിനാധ്വാനം ചെയ്താണ് ഇമാമവർകൾ പ്രസ്തുത ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്.
ഇതിനോടകം നമുക്കു പരിചിതമായി തീർന്നിട്ടുള്ള ഒട്ടുമിക്ക സ്വലാത്തുകളുടെയും ആധാരം പ്രസ്തുത ഗ്രന്ഥമാണ്. നാം പരിചയിച്ചിട്ടില്ലാത്ത സ്വലാത്തുകൾ ഇനിയുമേറെയുണ്ട് അതിൽ. ഇന്ന് അച്ചടിയിലില്ലാത്ത പല സ്വലാത്തു കിതാബുകളും മഹാനർക്കു ലഭിച്ചതിനാൽ അവയിൽ നിന്നു തെരഞ്ഞെടുത്ത സ്വലാത്തുകൾ മഹാനർ സ്വന്തം ഗ്രന്ഥത്തിൽ ചേർക്കുകയുണ്ടായി. ചുരുക്കത്തിൽ പല സ്വലാത്തുകളുടെയും ഏകാവലംബം കൂടിയാണു പ്രസ്തുത കിതാബ്.
ഇരിക്കട്ടെ, ഈ ഗ്രന്ഥത്തിന്റെ മഹത്ത്വം പറഞ്ഞാൽ അതെങ്ങുമെത്തില്ല. അതു സ്വന്തമാക്കി, അതൊരു വട്ടം ആദ്യാവസാനം വായിച്ചു നോക്കിയാൽ മാത്രമേ ഇയ്യുള്ളവൻ ഇപ്പറഞ്ഞത് അതിന്റെ മഹത്ത്വത്തിലേക്കു വച്ചു നോക്കുമ്പോൾ ഒരു തരിമ്പുമായിട്ടില്ലെന്നു ബോധ്യപ്പെടൂ.
അതിലുപരി, ഈ കിതാബ് കൈയ്യിൽ കിട്ടിയ ഒരു വ്യക്തിയ്ക്കു ജനിക്കുന്ന ഒരാശയുണ്ട്, മഹത്തായ സ്വലാത്തുകളും മറ്റു ഫാഇദകളും അടങ്ങിയ ഈ കിതാബിലെ മുഴുവൻ സംഗതികൾക്കും ഇജാസത്തു കിട്ടിയിരുന്നെങ്കിലോ എന്നതാണത്. അതേ, ഇജാസത്തിന്റെ മേന്മകളും മഹത്ത്വങ്ങളും ബോധ്യമുള്ള ഏതൊരാളും ഈ കിതാബിന് ഇജാസത്ത് ആഗ്രഹിച്ചു പോകും.
ആരിഫീങ്ങളുടെ സ്വലാത്തുകൾ, ഔലിയാക്കളിൽ നിന്ന് ഉദ്ധരിക്കപ്പെട്ട മുജർറബാത്തുകൾ, സ്വൂഫിയാക്കളുടെ ഫാഇദകൾ അങ്ങനെ അടപടലം ഫാഇദാമയമായ ഈ കിതാബിനു യോഗ്യനായ ആരിൽ നിന്നെങ്കിലും സമ്മതം കിട്ടിയിരുന്നുവെങ്കിൽ ദുനിയാവിൽ മറ്റൊരു ഇജാസത്തു തന്നെ ആവശ്യമായി വരുകയില്ല. നേരത്തെ പറഞ്ഞതു പോലെ ദുനിയാവും ആഖിറവും ഭാസുരമാക്കാൻ ആവശ്യമായ സകലതും അതിലുണ്ട്.
ചില അസ്മാ-ത്ഥൽസമാത്ത് കിതാബുകളിൽ കാണുന്നതു പോലെ ഒഴിവാക്കപ്പെടേണ്ടതോ ശറഅ് ആക്ഷേപിച്ചതോ ആയ ഒരു കാര്യവും അതിലില്ല. രചയിതാവ് അതിനു നല്കിയ പേര്, #സആദത്തുദ്ദറൈൻ (ഇരുലോകവിജയം) എന്നതിനെ അന്വർത്ഥമാക്കുന്നതേ അതിലുള്ളൂ.
കേരവൃക്ഷത്തോട് അതിനെ ഉപമിക്കാം, തെങ്ങിന്റെ സകലതും നമുക്ക് ഉപയോഗ്യപ്രദമായതു പോലെ ഈ കിതാബിന്റെ ഇരുചട്ടകൾക്കുള്ളിലുള്ളതെല്ലാം നമുക്ക് ഉപകാരപ്രദമാണ്. ഒന്നും മാറ്റി വയ്ക്കേണ്ടാതായിട്ടില്ല. ഇത്തരമൊരു കിതാബിന് എങ്ങനെയെങ്കിലും ഇജാസത്തു സമ്പാദിച്ചേ പറ്റൂ എന്നൊരാൾ ആഗ്രഹിച്ചാൽ അയാളെ കുറ്റം പറയാനൊക്കത്തില്ല.
അതിനു പക്ഷെ എന്തുണ്ടു വഴി? ഇമാമവർകൾ ഇപ്പോൾ നമ്മോടൊപ്പമില്ല. അവിടുത്തേക്ക് ഇജാസത്തുള്ളതാണ് അവിടുന്നു പ്രസ്തുത ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മഹാനവർകളിലേക്ക് എത്തുന്ന ഇജാസത്തിന്റെ ഒരു സനദുണ്ടെങ്കിൽ നമുക്കും ആ ഇജാസത്തുകളൊക്കെയായി. അതിനെന്താണൊരു മാർഗം?
കൂടുതൽ തല പുകക്കണ്ട, ഇമാം നബ്ഹാനി റഹിമഹുല്ലാഹിയുടെ സആദത്തുദ്ദറൈൻ എന്ന കിതാബിനു മാത്രമല്ല, അവിടുത്തെ മൊത്തം കിതാബുകൾ ഉൾപ്പെടെ, അവിടുത്തേക്ക് അവിടുത്തെ മശായിഖ് നല്കിയ മുഴുവൻ ഇജാസത്തുകളും വേണമെന്നുണ്ടെങ്കിൽ പെരിന്തൽമണ്ണയ്ക്കടുത്തുള്ള അരിപ്രയിലേക്കു വണ്ടി കയറിയാൽ മതി. അവിടെ ഒരാളുണ്ട്, ഞാനൊന്നുമല്ലേ എന്ന മട്ടിൽ അന്തർമുഖനായി, സ്വവസതിയിൽ വിശ്രമജീവിതം നയിക്കുന്ന ഒരു പണ്ഡിതൻ! അദ്ദേഹത്തെ പോയി കണ്ടാൽ ഇമാം നബ്ഹാനി റഹിമഹുല്ലാഹിയെ മൊത്തമായി കവർന്നെടുത്തു കൊണ്ടു വരാം.
ഇതെങ്ങനെ? ഇദ്ദേഹം ഇമാം നബ്ഹാനി റഹിമഹുല്ലാഹിയെ കണ്ടിട്ടുണ്ടോ? ഇദ്ദേഹത്തിന് എങ്ങനെ ഇമാമവർകളുടെ ഇജാസത്തു കിട്ടി? ചോദ്യങ്ങൾ എമ്പാടും കാണും. തിടുക്കം കാണിക്കണ്ട. ഇനി പറയുന്നതു ശ്രദ്ധയോടെ വായിക്കുക, ഉത്തരങ്ങൾ തനിയെ തെളിയും - ഇൻശാ അല്ലാഹ്
മഹാനായ പിതാവിന്റെ മഹാനായ പുത്രൻ എന്നു ചിലരെ നാം വർണിക്കാറില്ലേ? ആ വർണ്ണനയ്ക്കു സർവ്വാത്മനാൽ അർഹനായ ഒരു വ്യക്തിയാണ് ഈ അരിപ്ര സ്വദേശി. പേര്, #മുഹമ്മദ്_സഈദ്_മുസ്‌ലിയാർ, ബാഖവി ബിരുദധാരിയാണ്.
ബാഖവി എന്നു വെറുതെ പറഞ്ഞു പോയാൽ പോരാ. കേരളത്തിൽ ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും സീനിയറായ ബാഖവി. ശൈഖ് ആദം ഹസ്രത്ത് റഹിമഹുല്ലാഹിയുടെ ശിഷ്യൻ. മഹാനരുടെ മലയാളി ശിഷ്യരായി ഇന്നു ജീവിച്ചിരിക്കുന്ന അഞ്ചു പേരിൽ ഒരാൾ. അവരിൽ തന്നെ മഹാനരുടെ ആദ്യശിഷ്യൻ.
ഇതു കൊണ്ടൊന്നും അദ്ദേഹത്തിന്റെ വിശേഷണങ്ങൾ തീരില്ല. മഹാനായ പിതാവിന്റെ മഹാനായ പുത്രൻ എന്നാണല്ലോ നാം വർണ്ണിച്ചത്? അതു സാർത്ഥകമാണെന്നു തിരിയണമെങ്കിൽ ആദ്യം അദ്ദേഹത്തിന്റെ പിതാവിനെ അറിയണം. അരിപ്ര സി.കെ. മുഹ്‌യിദ്ദീൻ ഹാജി എന്ന നാടൻ പേരിൽ അറിയപ്പെടുന്ന #അശ്ശൈഖ്_മുഹ്‌യിദ്ദീൻ_അൽബാഖവി എന്ന മഹാജ്ഞാനിയാണ് അദ്ദേഹത്തിന്റെ പിതാവ്.
ഹിജ്‌റഃ 1308 (AD1889) ലാണു മുഹ്‌യിദ്ദീൻ ഹാജിയുടെ ജനനം. പിതാവ്: സൈദാലി ഹാജി. ആലിമും ആബിദും സ്വാലിഹും കർഷകപ്രമാണിയും ധർമിഷ്ഠനുമായിരുന്ന സൈദാലി ഹാജി ഹിജ്‌റഃ 1322-ൽ ഹജ്ജ്, ഉംറഃ, സിയാറത്താദികൾക്കു ശേഷം മക്കയിൽ വച്ചു മരണപ്പെട്ടു, ജന്നത്തുൽമുഅല്ലയിലാണു ഖബ്ർ. ഖദീജയാണു മുഹ്‌യിദ്ദീൻ ഹാജിയുടെ ഉമ്മ. അവരുടെ മരണം ഹിജ്‌റഃ 1321-ലായിരുന്നു. പിതാവു മരിക്കുമ്പോൾ മുഹ്‌യിദ്ദീൻ ഹാജിയ്ക്കു പതിനാലു വയസ്സുണ്ട്.
പ്രാഥമിക വിദ്യാഭ്യാസം സ്വദേശത്തെ പണ്ഡിതരിൽ നിന്നു നേടിയ മുഹ്‌യിദ്ദീൻ ഹാജി പിന്നീടു സ്വദേശം വിട്ടു പോവുകയും ഉന്നതരായ ഉലമാക്കളുടെ ശിഷ്യത്വം സ്വീകരിച്ച്, ദീനീ ഉലൂമുകളിൽ അഗാധജ്ഞാനം സമ്പാദിക്കുകയും ചെയ്തു. കട്ടിലശ്ശേരി ആലി മുസ്‌ലിയാർ, കരിമ്പനക്കൽ അഹ്‌മദ് മുസ്‌ലിയാർ, കൈപറ്റ കുഞ്ഞിമുഹ്‌യിദ്ദീൻ മുസ്‌ലിയാർ (റഹിമഹുമുല്ലാഹ്) എന്നിവർ ഇദ്ദേഹത്തിന്റെ പ്രധാന ഉസ്താദുമാരാണ്. ഇവരിൽ നിന്നെല്ലാം ആവോളം വിജ്ഞാനമധു നുകർന്നുവെങ്കിലും മുഹ്‌യിദ്ദീൻ ഹാജിയുടെ ജ്ഞാനതൃഷ്ണ അടങ്ങിയിരുന്നില്ല.
ഹിജ്‌റഃ 1329-ൽ ഹജ്ജിനായി ഹിജാസിലേക്കു പോയ മുഹ്‌യിദ്ദീൻ ഹാജി തിരികെ വരാൻ ഒരുക്കമായിരുന്നില്ല. അദ്ദേഹം മക്കയിൽ രണ്ടു വർഷം താമസിച്ചു. അവിടത്തെ പ്രധാന ഉലമാക്കളുടെ ദർസിൽ പങ്കെടുത്തും അവരിൽ നിന്നു ജ്ഞാനമാർജ്ജിച്ചും തന്റെ മക്കാ ജീവിതം ധന്യമാക്കി.
അല്ലാമാഃ മുഹമ്മദ് സഈദ് ബാബുസ്വൈൽ, അല്ലാമാഃ ഉമർ ബിൻ അബൂബകർ ബാജുനൈദ്, അല്ലാമാഃ മുഹമ്മദ് സ്വാലിഹ് ബാഫള്ൽ, അല്ലാമാഃ മുഹമ്മദ് സഈദ് അൽയമനി, അല്ലാമാഃ അബ്‌ദുല്ലാഹ് അസ്സവാവി, സയ്യിദുൽബകരി എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്നവരും നമ്മുടെ ഫത്ഹുൽമുഈനിന്റെ ഹാശിയായ ഇആനത്തിന്റെ രചയിതാവുമായ അല്ലാമാഃ അബൂബകർ ശത്ഥാ അദ്ദിംയാത്ഥിയുടെ മകനായ അല്ലാമാഃ അഹ്‌മദ്, അല്ലാമാഃ മുഹമ്മദ് ഹസ്ബുല്ലാഹ് അൽമക്കി (റഹിമഹുമുല്ലാഹ്) തുടങ്ങിയ പ്രമുഖരായിരുന്നു അദ്ദേഹത്തിന്റെ മക്കയിലെ ഉസ്താദുമാർ.
ഇആനത്തിന്റെ രചയിതാവിനെ കാണാൻ ഇദ്ദേഹത്തിനു സാധിച്ചിട്ടില്ല. മഹാനർ ഹിജ്‌റഃ 1310 വഫാത്തായിരുന്നു. മകനായ അസ്സയ്യിദ് അഹ്‌മദ് ജനിക്കുന്നതു മക്കയിൽ ഹിജ്‌റഃ 1300 ലാണ്.
ബകരി എന്ന വിളിപ്പേരു കണ്ട് ഇവർ സയ്യിദുനാ അബൂബക്കർ സ്വിദ്ദീഖ് റളിയല്ലാഹു അൻഹുവിന്റെ കുടുംബമാണെന്നു മനസ്സിലാക്കണ്ട, ഇവർ അഹ്‌ലുബൈത്താണ്. ഇമാം ഹുസൈൻ റളിയല്ലാഹു അൻഹുവിലേക്കാണ് ഇവരുടെ കുടുംബപരമ്പര ചെന്നെത്തുന്നത്. ഇആനത്തിന്റെ രചയിതാവിന്റെ പൂർണ്ണനാമമായ അബൂബകർ എന്നതു ലോപിച്ച രൂപമാണു ബകരി.
രണ്ടു വർഷത്തെ മക്കാ ജീവിതത്തിനു ശേഷം മുഹ്‌യിദ്ദീൻ ഹാജി മദീനാമുനവ്വറയിലേക്കു പോയി. ഇതു മദീനയിലേക്കുള്ള അദ്ദേഹത്തിന്റെ രണ്ടാം യാത്രയായിരുന്നു. സിയാറത്തിനായി അദ്ദേഹം നേരത്തെ മദീനയിൽ പോയിരുന്നു. രണ്ടാം യാത്രയ്ക്കു നിദാനമായതാകട്ടെ, ഒരു സ്വപ്നദർശനവും. നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളെ അദ്ദേഹം സ്വപ്നത്തിൽ കണ്ടു, അവിടുന്നു മദീനയിലേക്കു ക്ഷണിക്കുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. ഹബീബിന്റെ ക്ഷണം വന്നാൽ അടങ്ങിയിരിക്കുന്നതെങ്ങനെ?
മക്കയിലെ ഉസ്താദുമാരോടു സമ്മതം ചോദിച്ചു മദീനയിലേക്കു മടങ്ങിയ ഇദ്ദേഹത്തിന്റെ ഉദ്ദേശ്യം ഇനിയുള്ള കാലം മദീനയിൽ താമസിക്കാനും അവിടെ കിടന്നു മരിക്കാനുമായിരുന്നു. ഹിജ്‌റഃ 1331 സ്വഫർ മാസത്തിലാണ് അദ്ദേഹം മദീനയിലെത്തിയത്. അവിടെയെത്തി സിയാറത്തു ചെയ്തതിനു ശേഷം അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട സംഗതിയിൽ തന്നെ സമയമത്രയും വിനിയോഗിച്ചു. അതായതു ജ്ഞാനസമ്പാദനം.
അല്ലാമാഃ യാസീൻ ബിൻ അഹ്‌മദ് അൽഖിയാരി അൽമൻസ്വൂരി, അല്ലാമാഃ അബുൽഅബ്ബാസ് അഹ്‌മദ് ബിൻ ശംസുദ്ദീൻ അൽശ്ശൻഖീത്ഥി, അല്ലാമാഃ അബ്ബാസ് ബിൻ മുഹമ്മദ് രിളവാൻ അൽമദനി, അല്ലാമാഃ ഖലീൽ അഹ്‌മദ് സഹാറൻപൂരി, അല്ലാമാഃ ഉമർ മുസ്തഫ അത്ഥിയ്യഃ, അല്ലാമാഃ യൂസുഫ് ബിൻ ഇസ്മാഈൽ അന്നബ്ഹാനി (റഹിമഹുമുല്ലാഹ്) തുടങ്ങിയവരിൽ നിന്നെല്ലാം അദ്ദേഹം ശരീഅത്തിന്റെയും ത്ഥരീഖത്തിന്റെയും ഇല്മുകൾ നേടി.
ഒടുവിൽ പേരു പറഞ്ഞ ആളെ ശ്രദ്ധിച്ചുവോ? അതേ, നമ്മുടെ ഇമാം നബ്ഹാനി റഹിമഹുല്ലാഹ് തന്നെ. മഹാനർ ബൈറൂത്തിലെ ഖാളിയായിരുന്നു. പക്ഷെ ആ ഉത്തരവാദിത്തത്തിൽ നിന്ന് ഇടവേളയെടുത്തു മദീനയിൽ പാർക്കാൻ വന്നതായിരുന്നു മഹാനർ. നമ്മുടെ മുഹ്‌യിദ്ദീൻ ഹാജിയ്ക്ക് അതൊരു വലിയ ഭാഗ്യമായി. കിട്ടിയ അവസരം മുതലെടുത്ത് അദ്ദേഹം ഇമാമവർകളോടൊപ്പം കൂടി. മഹാനരിൽ നിന്ന് ആവോളം ജ്ഞാനമധു നുകർന്നു.
ഇതേ കാലയളവിൽ മലയാളനാട്ടിൽ നിന്നു മറ്റൊരാൾ കൂടി ഇമാമിനെ മുതലാക്കുന്നുണ്ടായിരുന്നു. നമ്മുടെ #പാലോട്ടു_മൂസക്കുട്ടി_ഹാജി (റഹിമഹുല്ലാഹ്). വലിയ ആലിമായിരുന്ന ഇദ്ദേഹമാണു പിൻകാലത്തു ശൈഖുനാ എം. എ. അബ്‌ദുൽഖാദിർ മുസ്‌ലിയാർ റഹിമഹുല്ലാഹിയുടെ ആദർശഗുരുവായിത്തീർന്നത്. ഇദ്ദേഹത്തെക്കുറിച്ചു മറ്റൊരിക്കൽ പറയാം - ഇൻശാ അല്ലാഹ്.
ഹിജ്‌റഃ 1329-ൽ ഹിജാസിലെത്തിയ മുഹ്‌യിദ്ദീൻ ഹാജി ഇതു വരെ നാട്ടിലേക്കു പോയിട്ടില്ല. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ നാട്ടിലേക്കു ക്ഷണിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതായപ്പോൾ മദീനയിലെ തന്റെ ഉസ്താദുമാരോടും അഭ്യുദയാംകാംക്ഷികളോടും മുശാവറഃ നടത്തിയും അവരുടെ സമ്മതം മേടിച്ചും അദ്ദേഹം നാട്ടിലേക്കു മടങ്ങി. ഹിജ്‌റഃ 1332 ൽ അദ്ദേഹം നാട്ടിലെത്തി.
ഹറമൈനിയിലെ താമസക്കാലത്തു തന്നെ തന്റെ ഉസ്താദുമാരുടെ നിർദ്ദേശം അനുസരിച്ച് അദ്ദേഹം അധ്യാപനം നടത്തിയിരുന്നുവെങ്കിലും അധ്യയനത്തിലായിരുന്നു അദ്ദേഹത്തിന്റെ കൂടുതൽ ശ്രദ്ധയും. പക്ഷെ നാട്ടിലെത്തിയപ്പോൾ ഹറമൈനിയിൽ ദർസു നടത്തി വന്ന മുദർരിസിനെ വെറുതെയിരുത്താൻ നാട്ടുകാർ തയ്യാറായിരുന്നില്ല. അദ്ദേഹത്തെ ദർസു നടത്താൻ നിർബന്ധിച്ചു. അങ്ങനെ അദ്ദേഹം അരിപ്രയിൽ ദർസ് ആരംഭിച്ചു. പക്ഷെ അതിനധികം ആയുസ്സുണ്ടായിരുന്നില്ല. അദ്ദേഹത്തിലെ ജ്ഞാനാർത്ഥി പഠിപ്പിക്കാനല്ല, പഠിക്കാനാണ് ആഗ്രഹിച്ചത്.
അദ്ദേഹം വെല്ലൂരിലേക്കു വച്ചു പിടിച്ചു. ബാഖിയാത്തിൽ ചേരാൻ, മഹാനായ #അല്ലാമാഃ_അബ്‌ദുൽവഹാബ്_ശാഹ്_ഖാദിരി (ബാനി ഹസ്രത്ത്) റഹിമഹുല്ലാഹിയുടെ ശിഷ്യത്വം സ്വീകരിക്കാൻ. ഹിജ്‌റഃ 1333-ൽ അദ്ദേഹം ബാഖിയാത്തിലെ വിദ്യാർത്ഥിയായി. അവിടെ അദ്ദേഹത്തിനു കൊയ്ത്തുത്സവമായിരുന്നു.
ആരൊക്കെയാണ് അവിടത്തെ ഉസ്താദുമാർ? ബാനി ഹസ്രത്തിനെ കൂടാതെ, അല്ലാമാഃ മുഹമ്മദ് അബ്‌ദുൽജബ്ബാർ ഹസ്രത്ത്, ശൈഖ് ആദം ഹസ്രത്ത്, അല്ലാമാഃ അബ്‌ദുർറഹീം ഹസ്രത്ത്, അല്ലാമാഃ മുഹമ്മദ് അബ്‌ദുൽഅലി ഹസ്രത്ത് (റഹിമഹുമുല്ലാഹ്) അങ്ങനെ ഉന്നതശീർഷരായ ഉലമാക്കളിൽ നിന്നെല്ലാം അദ്ദേഹം ദീനീ ഉലൂമുകളിൽ വ്യുല്പത്തി നേടി.
മൂന്നു വർഷത്തെ ബാഖിയാത്തുവാസത്തിനു ശേഷം, ഹിജ്‌റഃ 1336-ൽ അദ്ദേഹം സ്വന്തം നാട്ടിൽ തിരിച്ചെത്തി. വന്ന ഉടനെ അദ്ദേഹത്തിനു മുദരിസായി നിയമനം ലഭിച്ചു, പാങ്ങിൽ. ഹിജ്‌റഃ 1339 വരെ അവിടെ തുടർന്നു. അനന്തരം കക്കൂത്തു പള്ളിയിലേക്കു മാറി. പക്ഷെ അവിടെ അധികം തുടരാൻ സാധിച്ചില്ല, മുസ്‌ലിം-ബ്രിട്ടീഷ് കലഹങ്ങളാൽ പ്രശ്നകലുഷിതമായ അന്തരീക്ഷം അദ്ദേഹത്തെ വീട്ടിലിരിക്കാൻ നിർബന്ധിതനാക്കി.
സംഘർഷാവസ്ഥയ്ക്കു ശമനം പ്രതീക്ഷിച്ചു വീട്ടിലിരിക്കുന്നതു ബുദ്ധിയല്ലെന്നു മനസ്സിലാക്കിയ മുഹ്‌യിദ്ദീൻ ഹാജി വീണ്ടുമൊരിക്കൽ കൂടി ബാഖിയാത്തിന്റെ പടി ചവിട്ടി. മുത്ഥവ്വൽ സിലബസ്സിൽ അനുശാസിക്കും പ്രകാരമുള്ള മുഴുവൻ കിതാബുകളും ഇത്തവണ അദ്ദേഹം അവിടത്തെ ഉസ്താദുമാരുടെ കീഴിൽ ഓതി. ഇത്തവണ സ്ഥാനവസ്ത്രവും ഫത്‌വഃ ചെയ്യാനുള്ള ഇജാസത്തും സനദുമൊക്കെയായാണ് അദ്ദേഹം നാട്ടിലേക്കു തിരിച്ചത്. ഹിജ്‌റഃ 1342-ൽ അദ്ദേഹം നാട്ടിലെത്തി. വീണ്ടും ദർസു രംഗത്തു സജീവമായി..
ബേപ്പൂർ, മണ്ണാർക്കാട്, മേൽമുറി, ആലത്തൂർപാടി, തിരൂരങ്ങാടി, വള്ളുവങ്ങാട്, കരുവാരക്കുണ്ട്, പൊന്നാനി, പുല്ലൂക്കര എന്നിവിടങ്ങളിൽ ദീർഘകാലം ദർസു നടത്തുകയും പ്രശസ്തരും അപ്രശസ്തരുമായ ധാരാളം ശിഷ്യഗണങ്ങളെ സമ്പാദിക്കുകയും ചെയ്ത മുഹ്‌യിദ്ദീൻ ഹാജി ഹിജ്‌റഃ 1377 ശവ്വാൽ 24-ന് അതായത് 1958 മെയ് ആറിനു വഫാത്തായി. അരിപ്ര വേളൂർ ജുമുഅത്തുപള്ളിയോടു ചേർന്ന ഖബ്‌റിസ്ഥാനിലാണ് അദ്ദേഹത്തിന്റെ ഖബ്റുശ്ശശരീഫ്.
മുഹ്‌യിദ്ദീൻ ഹാജിയുടെ ജീവചരിത്രം ഏറ്റവും സംക്ഷിപ്തരൂപത്തിലാണ് ഇവിടെ വിവരിച്ചത്. സംഭവബഹുലമായ ഒരു ജീവിതം ഒരു ചെറുകുറിപ്പിൽ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചത് ഇയ്യുള്ളവന്റെ അവിവേകമായി കരുതി പൊറുക്കുക.
മുഹ്‌യിദ്ദീൻ ഹാജിയിൽ നിന്നു വിദ്യ നുകർന്ന ചിലരുടെ പേരുകൾ ഇവിടെ എഴുതാം, അവരെ അറിയുന്നവർക്ക് ഊഹിക്കാം അവരുടെ ഗുരുവിന്റെ മഹത്ത്വം. ശൈഖ് ഹസൻ ഹസ്രത്ത്, എടപ്പലം ബാപ്പുട്ടി മുസ്‌ലിയാർ, കെ. ടി. മാനു മുസ്‌ലിയാർ, കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാർ, വലിയുല്ലാഹി ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ, എ. വി. മാനുപ്പ മുസ്‌ലിയാർ, പി. കുഞ്ഞാണി മുസ്‌ലിയാർ...അങ്ങനെ നീണ്ടു പോകുന്നു ആ ലിസ്റ്റ്.
പിതാവിനെക്കുറിച്ച് ഏകദേശമൊരു ധാരണ ലഭിച്ചില്ലേ? എങ്കിൽ നമുക്കു പുത്രനെ, അതായതു നമ്മുടെ കഥാപുരുഷനെ ഒന്നു പരിചയപ്പെടാം. പനങ്ങാങ്ങര എം. ടി. മൊയ്‌ദുണ്ണിയുടെ മകൾ, കുഞ്ഞിഫാത്തിമയായിരുന്നു മുഹ്‌യിദ്ദീൻ ഹാജിയുടെ ഭാര്യ. അവരിൽ അദ്ദേഹത്തിനു നാല് ആൺമക്കളുണ്ടായി.
ഇവരിൽ രണ്ടാമനാണു നമ്മുടെ സഈദ് മുസ്‌ലിയാർ. ഹിജ്‌റഃ 1355 ജമാദുൽഅവ്വൽ 21, ഒരു ശനിയാഴ്ച്ചരാവ്, ഇശാഇനു മുമ്പായി, പെരിന്തൽമണ്ണയ്ക്കടുത്തുള്ള പാതിരാമണ്ണിൽ ഇദ്ദേഹം പിറന്നു വീണു. 1936 ജൂലൈ മുപ്പത്തിയൊന്നാണ് ഈസായി കലണ്ടർ പ്രകാരം ജന്മതീയതി.
ഇദ്ദേഹത്തിന്റെ അഞ്ചാം വയസ്സിൽ ഇദ്ദേഹത്തെയും സഹോദരി ഖദീജയെയും ഖുർആൻ പഠിക്കാനും പ്രാഥമിക അറിവു നേടാനുമായി അരിപ്രകാരനായ മമ്മദുകുട്ടി മുല്ലയുടെ ഓത്തുപള്ളിയിൽ ചേർത്തു. നാലു കൊല്ലം അവിടെ പഠിച്ചു. അനന്തരം പിതാവ്, മകനെ തന്റെ ദർസിലേക്കു കൂട്ടിക്കൊണ്ടു പോയി. അന്ന് അദ്ദേഹത്തിനു കരുവാരക്കുണ്ടിലായിരുന്നു ദർസ്.
ഹിജ്‌റഃ 1364-ലാണു സഈദ് മുസ്‌ലിയാർ ദർസുജീവിതം ആരംഭിക്കുന്നത്. കരുവാരക്കുണ്ടിലെ സർക്കാർ സ്‌കൂളിൽ ചേർന്ന് അഞ്ചാം തരം വരെ പഠിക്കുകയും ചെയ്‌തു. അപ്പോൾ അദ്ദേഹത്തിനു വയസ്സു പത്ത്.
പാഠഭാഗങ്ങളിൽ അല്‌പം ചിലതു ജ്യേഷ്‌ഠൻ മുഹമ്മദ് മുസ്‌ലിയാരിൽ നിന്നും മാനുപ്പ മുസ്‌ലിയാരിൽ നിന്നും ഓതിയിട്ടുണ്ടെന്നത് ഒഴിച്ചാൽ നീണ്ട ഒമ്പതു വർഷക്കാലം പിതാവിന്റെ കീഴിൽ തന്നെയായിരുന്നു ഇദ്ദേഹത്തിന്റെ മതപഠനം. ദർസിലെ സീനിയർ വിദ്യാർത്ഥികളിൽ നിന്നു ജൂനിയർ വിദ്യാർത്ഥികൾ കിതാബുകൾ ഓതുന്നതു സാധാരണ സംഭവമാണല്ലോ? ഇദ്ദേഹത്തിന്റെ ജ്യേഷ്‌ഠനും മാനുപ്പ മുസ്‌ലിയാരും തത്സമയം പിതാവിന്റെ ദർസിലെ സീനിയർ വിദ്യാർത്ഥികളായിരുന്നു.
സഈദ് മുസ്‌ലിയാരുടെ ജ്യേഷ്ഠനായ #മുഹമ്മദ്_മുസ്‌ലിയാർ റഹിമഹുല്ലാഹിയെക്കുറിച്ചു ചുമ്മാ ഇങ്ങനെ പരാമർശിച്ചു പോകുന്നത് അദബിനു ചേർന്നതല്ല. വിശിഷ്യാ മഹാനർ, ഇയ്യുള്ളവന്റെ ഗുരുപ്രമുഖനായ #ടി_കെ_അബ്‌ദുർറഹ്‌മാൻ_മുസ്‌ലിയാർ റഹിമഹുല്ലാഹിയുടെ ഉസ്താദു കൂടിയായ നിലയ്ക്ക്.
മുഹ്‌യിദ്ദീൻ ഹാജിയുടെ ആൺമക്കളിൽ മൂത്തയാളാണ് ഇദ്ദേഹം. ഹിജ്‌റഃ 1343-ൽ ജനിച്ച ഇദ്ദേഹത്തിന്റെ പ്രധാന ഉസ്താദ് പിതാവു തന്നെ.
AD1950-ലാണ് ഇദ്ദേഹം ബാഖവി ബിരുദം നേടുന്നത്. പട്ടിക്കാട്, പുത്തനങ്ങാടി, പള്ളിപ്പുറം, പയ്യനാട്, തൃക്കരിപ്പൂർ, എടരിക്കോട്, തിരുവള്ളൂർ, മാന്നാർ തുടങ്ങിയ ഇടങ്ങളിലൊക്കെ ദീർഘകാലം ഇദ്ദേഹം ദർസു നടത്തിയിട്ടുണ്ട്. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ധാരാളം ശിഷ്യരുമുണ്ട്.
പുത്തനങ്ങാടിയിൽ ദർസു നടത്തുമ്പോഴാണ് ഇയ്യുള്ളവന്റെ ഉസ്താദ്, മർഹൂം ടി.കെ. അബ്‌ദുർറഹ്‌മാൻ മുസ്‌ലിയാർ മഹാനരുടെ ശിഷ്യത്വം സ്വീകരിക്കുന്നത്. രണ്ടായിരത്തിയെട്ടിൽ (ഹിജ്റഃ1429, റബീഉൽഅവ്വൽ 2) വഫാത്തായ ഇദ്ദേഹത്തിന്റെ ഖബ്ർ, പിതാവിന്റെ ഖബ്‌റിന്നടുത്തു തന്നെയാണ്. അദ്ദേഹത്തിനും, AD2020 ഡിസംബർ മാസത്തിൽ പരലോകം പൂകിയ ഇയ്യുള്ളവന്റെ ഉസ്താദിനും അല്ലാഹു സ്വർഗം നല്‌കട്ടെ - ആമീൻ.
ഇരിക്കട്ടെ, നമുക്കു സഈദ് മുസ്‌ലിയാരിലേക്കു മടങ്ങാം, നമ്മുടെ കഥാപുരുഷന്റെ ഒരു പ്രത്യേകത തന്റെ ദർസുകാല മതപഠന ജീവിതത്തിൽ അദ്ദേഹം പിതാവിനോടല്ലാതെ കടപ്പെട്ടിട്ടില്ല എന്നതാണ്. ആദ്യാവസാനം ഓതിയതു പിതാവിൽ നിന്നു തന്നെ.
ഹിജ്‌റഃ 1374-വരെ പിതാവിനെ ഒരു നിഴൽ പോലെ പിന്തുടർന്ന അദ്ദേഹം, അനന്തരം അതേ വർഷം, പിതാവിന്റെ നിർദ്ദേശം മാനിച്ച്, ബാഖിയാത്തിലേക്കു പോയി.
ബാഖിയാത്തിലെ പ്രവേശന പരീക്ഷയ്ക്കു നേതൃത്വം വഹിച്ചിരുന്നതു #ശൈഖ്_ആദം_ഹസ്രത്ത് റഹിമഹുല്ലാഹിയായിരുന്നു. ബൈളാവിയും മുല്ലാ ഹസനും വച്ചുള്ള അദ്ദേഹത്തിന്റെ ഇന്റർവ്യൂ സഈദ് മുസ്‌ലിയാർക്കു വലിയ കടമ്പയായിരുന്നില്ല. അത്യാവശ്യത്തിലധികം കിതാബുകൾ പിതാവിൽ നിന്ന് ഓതിപ്പഠിച്ച അദ്ദേഹം ബാഖിയാത്തിലേക്കു പോകുന്നത് ഉപരിപഠനാർത്ഥം എന്നതിനേക്കാൾ തന്റെ അറിവിന് ഒരൗദ്യോഗിക അംഗീകാരം ലഭിക്കാനും ബാഖിയാത്തിലെ സനദ് നേടാനുമായിരുന്നു എന്നു പറയുന്നതാകും ശരി.
ബാഖിയാത്തിൽ അദ്ദേഹത്തിനു മുത്ഥവ്വൽ കോഴ്‌സിന് അഡ്‌മിഷൻ ലഭിച്ചു. 1955 ജൂൺ മാസം, അതായതു ഹിജ്‌റഃ 1374 ശവ്വാലിൽ ബാഖിയാത്തിൽ ചേർന്ന അദ്ദേഹം രണ്ടു വർഷം അവിടെ പഠിക്കുകയും ഹിജ്‌റഃ 1376 ശഅ്ബാനിൽ (1957 മാർച്ചിൽ) #ബാഖവി ബിരുദധാരിയായി പുറത്തിറങ്ങുകയും ചെയ്‌തു.
അന്യഭാഷകളിൽ അറബിയെക്കൂടാതെ ഫാർസി, ഉറുദു എന്നിവയും ഇദ്ദേഹത്തിന് അനായാസം വഴങ്ങും. അതിനു കാരണം അദ്ദേഹത്തിന്റെ ജ്ഞാനതൃഷ്ണ തന്നെയാണ്. പിതാവിൽ നിന്ന് ഈ രണ്ടു ഭാഷകളിലും ചെറിയ നിലയ്ക്ക് അവഗാഹം നേടിയെങ്കിലും ബാഖിയാത്തിൽ ചേർന്നതിനു ശേഷം അവിടത്തെ ചെറിയ ക്ലാസ്സുകളിലെ സിലബസ് അനുസരിച്ച് ഇവ രണ്ടും പൂർണ്ണമായും സ്വായത്തമാക്കി.
മുത്ഥവ്വൽ കോഴ്‌സിലെ വിദ്യാർഥികൾ ഇതു പഠിക്കേണ്ട കാര്യമില്ല, അവരുടെ സിലബസിൽ ഇതില്ല. പക്ഷെ അദ്ദേഹം വ്യക്തിപരമായ താല്പര്യമെടുത്ത് ഈ ഭാഷകൾ പഠിപ്പിക്കുന്ന ഗുരുജനങ്ങളിൽ നിന്ന് ഇതു രണ്ടും പഠിച്ചെടുത്തു.
ശൈഖ് ആദം ഹസ്രത്ത്, ശൈഖ് ഹസൻ ഹസ്രത്ത്, ഉത്തമപാളയം അബൂബകർ ഹസ്രത്ത്, മുഹമ്മദ് മീരാൻ അൻസ്വാരി ഹസ്രത്ത്, ഹാഫിള് മംഗലം അബ്‌ദുൽഅസീസ് ഹസ്രത്ത്, (റഹിമഹുമുല്ലാഹ്) തുടങ്ങിയ പ്രഗത്ഭരായ ഉസ്‌താദുമാരിൽ നിന്നെല്ലാം അദ്ദേഹം ബാഖിയാത്തിലെ ജീവിതകാലത്തു ജ്ഞാനസമാഹരണം നടത്തി.
അക്കാലത്തെ അദ്ദേഹത്തിന്റെ ശരീകന്മാർ (സഹപാഠികൾ) ആരെന്നു കൂടി അറിഞ്ഞിരിക്കൽ നല്ലതാണ്. അല്ലാമാഃ കെ. ടി. മാനു മുസ്‌ലിയാർ, അല്ലാമാഃ ഈ.കെ. ഹസൻ മുസ്‌ലിയാർ, അല്ലാമാഃ ഓ.കെ. അബ്‌ദുർറഹ്‌മാൻകുട്ടി ഹസ്രത്ത്, അല്ലാമാഃ ആനക്കര കോയക്കുട്ടി മുസ്‌ലിയാർ, അല്ലാമാഃ കെ. കെ. മഞ്ചേരി അബ്‌ദുല്ലാഹ് മുസ്‌ലിയാർ, അല്ലാമാഃ വണ്ടൂർ അബ്‌ദുൽഖാദിർ മുസ്‌ലിയാർ (റഹിമഹുമുല്ലാഹ്) തുടങ്ങി പിൻകാലത്തു ബാഖിയാത്തിലെ ഉസ്‌താദുമാരും പ്രിൻസിപ്പാളുമായവർ വരെ അക്കൂട്ടത്തിലുണ്ട്.
കൗതുകകരമായ ഒരു സംഗതി പറയട്ടെ, വർധക്യത്തിലെത്തിയ നിരവധി പണ്ഡിതരെ ഇക്കാലയളവിനുള്ളിൽ ഇയ്യുള്ളവൻ കണ്ടിട്ടുണ്ട്. തങ്ങളുടെ ദർസിലെയും കോളേജിലെയും സതീർത്ഥ്യരെ തിരക്കുമ്പോൾ അവരിൽ അധികപേരും മേലോട്ടു നോക്കുന്നതാണ് അനുഭവം. ഏറിയാൽ രണ്ടോ മൂന്നോ പേരുകൾ അവരിൽ ചിലർക്കു പറയാൻ കഴിഞ്ഞിട്ടുണ്ടാകും. എന്നാൽ സഈദ് മുസ്‌ലിയാർ ബിൽകുൽ വ്യത്യസ്‌തനാണ്. അദ്ദേഹം തന്റെ സഹപാഠികളെ മാത്രമല്ല ഓർക്കുന്നത്, അദ്ദേഹത്തിന്റെ പഠനകാലത്തു വിവിധ കോഴ്‌സുകളിലായി പഠിച്ചിരുന്ന അനേകരെ, വിശിഷ്യാ മലയാളികളെ അദ്ദേഹം ഓർക്കുന്നുണ്ട്. അത്തരം മുപ്പതിലധികം ആളുകളുടെ പേരുകളെഴുതിയ ഒരു ലിസ്റ്റ് തന്നെ അദ്ദേഹത്തിന്റെ പക്കലുണ്ട്. സത്യത്തിൽ അതൊരു ചരിത്രരേഖ കൂടിയാണ്. വർത്തമാനലോകം വിസ്‌മരിച്ച പലരെക്കുറിച്ചും നമുക്കു വിലപ്പെട്ട വിവരങ്ങൾ നല്‌കുന്ന ഒരാധികാരിക രേഖ.
ആയുസ്സിൽ വളരെയധികം ബറകത്തു നല്‌കപ്പെട്ട ഒരാളായാണു സഈദ് മുസ്‌ലിയാരെ മനസ്സിലാക്കാൻ കഴിയുന്നത്. ഇരുപതാം വയസ്സിൽ ബാഖവിയായി, ഇരുപത്തിയൊന്നാം വയസ്സിൽ സഹമുദർരിസായി പിതാവിനോടൊപ്പം പുല്ലൂക്കര പാറാൽ പള്ളിയിൽ സേവനനിരതനായി.
ഒരു വർഷം മാത്രമേ പിതാവിനോടൊപ്പം അധ്യാപനരംഗത്തു തുടരാൻ കഴിഞ്ഞുള്ളു. ഹിജ്‌റഃ 1376 ശവ്വാലിൽ തുടങ്ങി ഹിജ്‌റഃ 1377 ശഅ്ബാനോടെ ആ ഭാഗ്യം അവസാനിച്ചു. റമളാൻ അവധി കഴിഞ്ഞു ദർസ് ആരംഭിക്കാൻ പിതാവിനു കഴിഞ്ഞില്ല, ദർസു തുടങ്ങേണ്ട ശവ്വാലിൽ അദ്ദേഹം നിര്യാതനായി. പിതാവില്ലാത്ത പുല്ലൂക്കരയിലേക്കു നമ്മുടെ കഥാപുരുഷൻ തിരികെ പോയില്ല. പകരം ചെമ്പ്രശ്ശേരിയിൽ ദർസ് ഏറ്റെടുത്തു. രണ്ടു വർഷം അവിടെ സേവനം ചെയ്തതിൽ ആദ്യവർഷം അവിടത്തെ ഖാളി സ്ഥാനവും അലങ്കരിക്കേണ്ടി വന്നു.
ഹിജ്‌റഃ 1379 ശഅ്ബാൻ വരെ ചെമ്പ്രശ്ശേരിയിൽ തുടർന്നതിനു ശേഷം അതേ വർഷം ശവ്വാലിൽ തുവ്വൂരിലേക്കു മാറി. നാലു വർഷം തുവ്വൂരിലായിരുന്നു. ഹിജ്‌റഃ 1383 ശഅ്ബാനോടെ അവിടെ നിന്നു പിരിഞ്ഞു. ഇവിടെ സേവനം ചെയ്യുമ്പോഴാണ് അദ്ദേഹം വിവാഹിതനാകുന്നത്. ഹിജ്‌റഃ 1380 ശവ്വാലിൽ. വിവാഹം സുന്നത്തുള്ള മാസത്തിൽ.
തുവ്വൂരിൽ നിന്നു നേരെ പോയത് ഒതുക്കുങ്ങൽ ഇഹ്‌യാഉസ്സുന്നയിലേക്കാണ്. ഹിജ്‌റഃ 1383 ശവ്വാലിൽ. #ശൈഖുനാ_ഓ_കെ_ഉസ്താദ് റഹിമഹുല്ലാഹിയുടെ സ്നേഹസമൃണമായ ക്ഷണമായിരുന്നു അതിനു പിന്നിൽ. അവിടെ പക്ഷെ ആ ഒരു അധ്യയനവർഷം മാത്രമേ നിന്നുള്ളൂ. വ്യക്തിപരമായ കാരണങ്ങളാൽ ശൈഖുനാ ഓ. കെ. ഉസ്താദ് റഹിമഹുല്ലാഹിയുടെ സമ്മതത്തോടെ അവിടെ നിന്നും പിരിഞ്ഞു.
അടുത്ത അധ്യയനവർഷം, അതായതു ഹിജ്‌റഃ 1384 ശവ്വാലിൽ പള്ളിപ്പുറം ജുമുഅത്തുപള്ളിയിൽ ദർസ് ആരംഭിച്ചു. പന്ത്രണ്ടു വർഷം നീണ്ട ദർസായിരുന്നു അത്. ഹിജ്‌റഃ 1396 ശഅ്ബാനിലാണ് അവിടെ നിന്നും പിരിയുന്നത്. തുടർന്നു ദർസ് ഏറ്റെടുത്തതു കാച്ചിനിക്കാടാണ്. അവിടെ ഒരു വർഷം, അതായതു ഹിജ്‌റഃ 1396 ശവ്വാൽ മുതൽ ഹിജ്‌റഃ 1397 ശഅ്ബാൻ വരെ.
അനന്തരം ഹജ്ജ്, ഉംറഃ, സിയാറത്താദികൾ ലക്‌ഷ്യം വച്ചു ഹറമൈനിയിലേക്കു പോയി. ഹിജ്‌റഃ 1397 ദുൽഖഅദ് മാസത്തിലായിരുന്നു അത്. കപ്പലിലായിരുന്നു യാത്ര. രണ്ടായിരം ഹാജിമാരുണ്ടായിരുന്നു ആ കപ്പലിൽ. ഹിജാസിലെത്തിയ അദ്ദേഹം തന്റെ യാത്രാലക്ഷ്യം പൂർത്തീകരിച്ചുവെങ്കിലും ഉടനെ തിരികെ വന്നില്ല. അവിടെ താമസിച്ചു ചില്ലറ ജോലികളൊക്കെ ചെയ്തു തന്റെ കടങ്ങൾ വീട്ടാനും കുടുംബം പോറ്റാനുമുള്ള വക കണ്ടെത്തി.
അവധിയ്ക്കു നാട്ടിലെത്തുമായിരുന്നുവെങ്കിലും ഏകദേശം പത്തുവർഷക്കാലം അദ്ദേഹം ഒരു പ്രവാസിയായിത്തുടർന്നു. ഹിജ്‌റഃ 1408-ലാണു പ്രവാസം അവസാനിപ്പിച്ച്, അദ്ദേഹം നാട്ടിൽ സ്ഥിരതാമസമാക്കുന്നത്.
പ്രവാസജീവിതം അദ്ദേഹത്തിനു കേവലം ജീവിതോപാധി തേടൽ മാത്രമായിരുന്നില്ല. അക്കാലയളവിൽ ഹിജാസിലെ ധാരാളം പണ്ഡിതരുടെ ദർസുകളിൽ പങ്കെടുക്കുകയും വിദ്യ നുകരുകയും ചെയ്തു അദ്ദേഹം. അല്ലാമാഃ മുഹമ്മദ് സകരിയാ സ്വാഹിബ്, അല്ലാമാഃ മുഹമ്മദ് അലവി അൽമാലികി (റഹിമഹുമല്ലാഹ്) തുടങ്ങിയവർ അദ്ദേഹത്തിന്റെ ഗുരുനാഥന്മാരാകുന്നത് അങ്ങനെയാണ്.
പഠിക്കാൻ മാത്രമല്ല, പഠിപ്പിക്കാനും അദ്ദേഹം സമയം കണ്ടെത്തി. പ്രവാസികളായ മലയാളികൾക്കു ദർസുകൾ നടത്തി ഇല്മിന്റെ പ്രസരണത്തിൽ അദ്ദേഹം സജീവമായി.
ഈ പ്രവാസകാലത്താണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്. മലയാളിയാണെങ്കിലും സൗദിയിൽ സ്ഥിരതാമസക്കാരനായ പണ്ഡിതനും ധനികനുമായ #അശ്ശൈഖ്_ഉമർ_ബിൻ_അലി_അൽമലൈബാരി റഹിമഹുമുല്ലാഹിയുമായി അദ്ദേഹത്തിനു സൗഹൃദം കൈവന്നു.
ഇത്രയും വലിയൊരു പണ്ഡിതൻ പ്രവാസത്തിലായി കാലം കഴിക്കുന്നത് അനുചിതമായി അനുഭവപ്പെട്ട ഉമർ അൽമലൈബാരി, താൻ മുൻകൈയ്യെടുത്ത് ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയിൽ നടത്തി വരുന്ന ദീനീസ്ഥാപനം ഏറ്റെടുക്കാനും അവിടെ ദർസു നടത്താനും സഈദ് മുസ്‌ലിയാരോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണു ഹിജ്‌റഃ 1408-ൽ ആറാട്ടുപുഴയിലെ പ്രസ്തുത സ്ഥാപനത്തിൽ അദ്ദേഹം എത്തുന്നത്. അതാണ് #അസ്‌ലമിയഃ_അറബിക്_കോളേജ്.
അന്നു മുതൽ ഇന്നു വരെ പ്രസ്തുത സ്ഥാപനത്തിന്റെ ജീവനാഡിയായി സഈദ് മുസ്‌ലിയാർ തുടരുന്നു. തുടക്കത്തിൽ മുദർരിസായിട്ടാണു ചുമതല ഏറ്റെതെങ്കിലും ഇന്ന് അദ്ദേഹം അതിന്റെ പ്രിൻസിപ്പാൾ കൂടിയാണ്. തന്നെ ചുമതല ഏല്പിച്ച ഉമർ മലൈബാരി കായവനികയ്ക്കുള്ളിൽ മറഞ്ഞുവെങ്കിലും അദ്ദേഹത്തിനു നല്കിയ ഒരു വാക്കിന്റെ പുറത്ത്, സ്വന്തം വീട്ടിൽ നിന്നു വളരെയേറെ ദൂരത്തായിട്ടു പോലും, ഏറെ കഷ്ടപ്പാടുകൾ സഹിച്ചും പ്രസ്തുത സ്ഥാപനം അദ്ദേഹം നോക്കി നടത്തുന്നു.
ഇക്കാലമത്രയുമായി താൻ പുലർത്തി പോരുന്ന ചേരി-ചേരാ നയത്തിനു ഭംഗം വരാതെ സൂക്ഷിക്കാൻ കൂടി അസ്‌ലമിയഃ കോളേജിലെ സേവനം ഇദ്ദേഹത്തിനു സഹായകമായിട്ടുണ്ട് എന്നതൊരു സത്യമാണ്. പ്രവർത്തനമേഖല തെക്കൻജില്ല ആയതിനാൽ മലബാറിലെ ഉലമാക്കൾക്കിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളിൽ കക്ഷി ചേരാതെ നില്ക്കാൻ അദ്ദേഹത്തിനു സാധിച്ചു. മുദർരിസായി സേവനരംഗത്തിറങ്ങിയ കാലത്തു സമസ്തയുടെ കാര്യപരിപാടികളുമായി സഹകരിച്ചിരുന്ന ഇദ്ദേഹം, സംഘടനയിൽ സംഭവിച്ച ദൗർഭാഗ്യകരമായ വിള്ളലുകൾക്കു ശേഷം മെല്ലെ ഉൾവലിയുകയാണുണ്ടായത്.
പിന്നീടു രണ്ടു വിഭാഗത്തോടും സമദൂര സിദ്ധാന്തം പാലിക്കുകയും ആരോടും കൂടുതൽ അടുപ്പത്തിനു നില്ക്കാതെ, സ്വന്തവും സ്വതന്ത്രവുമായ ഒരിടം കണ്ടെത്തുകയും ചെയ്തു. അതോടൊപ്പം അല്ലാമാഃ വണ്ടൂർ സ്വദഖതുല്ലാഹ് മുസ്‌ലിയാർ, അല്ലാമാഃ കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാർ, അല്ലാമാഃ ഈ.കെ. അബൂബകർ മുസ്‌ലിയാർ, അല്ലാമാഃ മൂസാ അൽബർദലി, ശൈഖുനാ കാന്തപുരം അബൂബകർ മുസ്‌ലിയാർ തുടങ്ങി വിവിധ സംഘടനകൾക്കു നേതൃത്വം നല്കിയിരുന്ന ഉലമാക്കളുമായി വ്യക്തിബന്ധം സൂക്ഷിക്കുകയും ചെയ്തു. സുന്നത്തുജമാഅത്തിന്റെ ഉലമാക്കളോടും അതു പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളോടും അദ്ദേഹം അന്നും ഇന്നും സ്നേഹവും ബഹുമാനവും പുലർത്തുന്നു.
ബിദ്അത്തിന്റെ ആളുകളെ അദ്ദേഹത്തിനു കണ്ണിനു നേരെ കണ്ടു കൂടാ, അക്കാര്യത്തിൽ അദ്ദേഹം തന്റെ പിതാവിനെയും അദ്ദേഹത്തിന്റെ ഗുരുവര്യരായ ഇമാം നബ്ഹാനി റഹിമഹുല്ലാഹിയെയാണു മാതൃകയാക്കുന്നത്. അവരോട് ഒരു വിധ നീക്കുപോക്കിനും സന്നദ്ധമല്ലാത്ത മനസ്സിന്നുടമകളായിരുന്നുവല്ലോ അവരിരുവരും? ബിദ്അത്തിനെ പ്രതിരോധിക്കുന്നതിൽ നിലവിലെ സംഘടനകളിൽ ചിലത് ഉദാസീനത കാണിക്കുന്നുണ്ടോ എന്ന ആശങ്കയാണു സഈദ് മുസ്‌ലിയാർക്കുള്ളത്.
ഏകദേശം മുപ്പത്തിനാലു കൊല്ലമായി അസ്‌ലമിയഃ കോളേജിലെ സേവനം അദ്ദേഹം അനുസ്യൂതം തുടരുന്നു. നൂറുകണക്കിന് അസ്‌ലമി ബിരുദധാരികളുടെ വന്ദ്യഗുരുവാണ് ഇന്നദ്ദേഹം. ഈ ലോക്ക്ഡൗൺ കാലത്തു മാത്രമാണു സ്ഥാപനത്തിൽ നിന്നു ദീഘകാലത്തേക്ക് അദ്ദേഹം വിട്ടു നിന്നത്.
പള്ളിദർസു സേവനകാലത്ത് ഇദ്ദേഹത്തിൽ നിന്നു ജ്ഞാനാമൃതമുണ്ട ശിഷ്യരുടെ പേരുകൾ എഴുതാനാണെങ്കിൽ ഒരുപാടുണ്ട്. മർഹൂം അരിപ്ര മച്ചഞ്ചേരി അബ്‌ദുല്ലാഹ് മുസ്‌ലിയാർ, മർഹൂം പാതിരിമണ്ണ അബ്‌ദുൽജബ്ബാർ ഫൈസി, അരിപ്ര പെരിമ്പലം അഹ്‌മദുകുട്ടി മുസ്‌ലിയാർ, സി. കെ. അബ്‌ദുൽഖാദിർ മുസ്‌ലിയാർ എന്നിവർ അവരിൽ ചിലരാണ്.
സമസ്ത കേരള ജംഇയ്യത്തുൽഉലമാ വൈസ് പ്രസിഡണ്ടും സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ് ജനറൽസെക്രട്ടറിയുമായ ഉസ്‌താദ് എം. ടി. അബ്‌ദുല്ലാഹ് മുസ്‌ലിയാർ ദർസിലെ പ്രധാന കിതാബുകൾ ഓതിയതു സഈദ് മുസ്‌ലിയാരിൽ നിന്നാണ്.
പുത്തനങ്ങാടിയിൽ ദീർഘകാലം ഖത്ഥീബായി സേവനം ചെയ്തിട്ടുള്ള സഈദ് മുസ്‌ലിയാർ ഒരു വർഷം അരിപ്ര മഹല്ലിലെ ഖാളിയുമായിരുന്നിട്ടുണ്ട്. ഇപ്പോൾ മണ്ണാറമ്പ് മഹല്ലു ഖാളിയാണിദ്ദേഹം.
പെരിമ്പലം യൂസുഫ് അൽഫള്ഫരി റഹിമഹുല്ലാഹിയുടെ മകൻ കുഞ്ഞിമുഹമ്മദ് മൗലവിയുടെ പുത്രിയാണ് ഇദ്ദേഹത്തിന്റെ സഹധർമിണി. ആണും പെണ്ണുമായി മൊത്തം ഒമ്പതു മക്കളെ അല്ലാഹു അദ്ദേഹത്തിനു നല്കി. ഇവരിൽ നാല് ആൺമക്കളുണ്ട്. നാലു പേരും ഫൈസിമാരാണ്, വിജ്ഞാനപ്രസരണ രംഗത്തു സജീവരും. അദ്ദേഹത്തിനും കുടുംബത്തിനും അല്ലാഹു ബറകത്തു ചെയ്യട്ടെ - ആമീൻ.
നമ്മുടെ കഥാപുരുഷന്റെ ഒരു സംക്ഷിപ്ത ജീവിതരേഖയാണു മുകളിൽ കൊടുത്തത്. അദ്ദേഹത്തെക്കുറിച്ച് ഒരേകദേശ ഭാവന ലഭിക്കാൻ ഇതു ധാരാളമാണെന്നു കരുതുന്നു. ഇതിലും വിശാലമായി എഴുതാൻ സാധിക്കാഞ്ഞിട്ടല്ല, ദൈഘ്യം ഭയന്നു ചുരുക്കുന്നതാണ്.
ശൈഖ് ആദം ഹസ്രത്ത് റഹിമഹുല്ലാഹിയുടെ മലയാളി ശിഷ്യരിൽ ഇന്നു ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും സീനിയർ ഇദ്ദേഹമാണെന്നു നേരത്തെ പറഞ്ഞുവല്ലോ? മൊത്തം അഞ്ചു പേരാണ് അക്കൂട്ടത്തിൽ -ഇയ്യുള്ളവന്റെ അറിവനുസരിച്ച്- ശേഷിച്ചിരിക്കുന്നവർ. അവർക്കെല്ലാം അല്ലാഹു ദീർഘായുസ്സും ആഫിയത്തും നല്‌കട്ടെ - ആമീൻ.
ഇപ്പറഞ്ഞതിനു പുറമെ മറ്റു രണ്ടു പ്രത്യേകതകളിലും സഈദ് മുസ്‌ലിയാർക്കു കേരളമണ്ണിൽ സമന്മാരില്ല. അതിലൊന്ന് ഇന്ത്യൻ മുഹദ്ദിസീങ്ങളിൽ പ്രശസ്തനായ #അസ്സയ്യിദ്_ഹുസൈൻ_അഹ്‌മദ്_മദനി (റഹിമഹുല്ലാഹ്) എന്നവരുടെ ശിഷ്യത്വമാണ്. ഇദ്ദേഹത്തിൽ നിന്നു സ്വഹീഹുൽബുഖാരിയിൽ നിന്ന് ഓതാൻ സഈദ് മുസ്‌ലിയാർക്കു ഭാഗ്യം ലഭിച്ചിട്ടുണ്ട്.
എടുത്തു പറയാൻ മാത്രം ഇതിലെന്തിരിക്കുന്നു എന്നു സാധാരണക്കാർക്കു തോന്നാം. എന്നാൽ ഹദീസുകളുടെ സനദുകളെക്കുറിച്ച് അവബോധമുള്ളവർക്ക് ഇതിലെ പ്രത്യേകത മനസ്സിലാകും. #ശൈഖ്_ഹസൻ_ഹസ്രത്ത് (റഹിമഹുല്ലാഹ്) ബാഖിയാത്തിൽ ശൈഖുൽഹദീസായി സേവനം ചെയ്ത കാലയളവിൽ, കേരളത്തിൽ നിന്നു ബാഖവി ബിരുദം നേടിയിട്ടുള്ള മുഴുവൻ പണ്ഡിതരുടെയും ഹദീസിലെ സനദ് ശൈഖ് ഹസൻ ഹസ്രത്തിലൂടെയാണു കടന്നു പോകുന്നത്. ഹസ്രത്തിന്റെ ശൈഖാകട്ടെ അസ്സയ്യിദ് ഹുസൈൻ മദനിയും.
ഹസ്രത്ത് തന്റെ വിദ്യാർത്ഥികൾക്കു നല്കിയിരുന്ന ഹദീസുകളുടെ സനദ് മദനി സ്വാഹിബിൽ നിന്നു സ്വീകരിച്ചതായിരുന്നു. അസ്സയ്യിദ് ഹുസൈൻ മദനിയിൽ നിന്നു ഹദീസു കേട്ടാൽ സനദിൽ ഒരംഗം കുറയുമെന്നർത്ഥം. ഹദീസിന്റെ സനദുകളിൽ ആൾബലം കുറയുന്നതാണു നല്ലത്. ചുരുക്കത്തിൽ, ശൈഖ് ഹസൻ ഹസ്രത്തും സഈദ് മുസ്‌ലിയാരും ഈ സനദു പ്രകാരം ഒരേ ദറജയിൽ വരും. സനദുകളെക്കുറിച്ച് അറിയുന്നവർക്കേ ഇതിന്റെ മേന്മ തിരിയൂ.
മറ്റൊരു സവിശേഷത, ശൈഖുൽഹദീസ് എന്നറിയപ്പെട്ടിരുന്ന #അല്ലാമാഃ_മുഹമ്മദ്_സകരിയ്യാ സ്വാഹിബിന്റെ ശിഷ്യത്വമാണ്. സകരിയ്യാ സ്വാഹിബ് ഇന്ത്യയിൽ ഉണ്ടായിരുന്ന കാലത്ത്, അദ്ദേഹത്തെ നേരിൽ പോയി കണ്ടു ഹദീസുകൾ കേൾക്കുകയും ഇജാസത്തുകൾ സ്വീകരിക്കുകയും ചെയ്ത ഒരാളാണു നമ്മുടെ #വൈലത്തൂർ_ബാവ_മുസ്‌ലിയാർ റഹിമഹുല്ലാഹ്. ആ ഇജാസത്തുകളും സനദുകളും മഹാനർ അവിടുത്തെ സബത്തിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.
സകരിയ്യാ സ്വഹിബിനെ നേരിൽ കണ്ട അപൂർവ്വം ചിലർ ഇന്നും നമുക്കിടയിൽ ജീവിച്ചിരിപ്പുണ്ടെങ്കിലും അദ്ദേഹത്തിന്റെ ദർസുകളിൽ സജീവമായി പങ്കെടുക്കാൻ അവസരം ലഭിച്ചവർ അവരിലുണ്ടോ എന്ന കാര്യം സംശയമാണ്. അദ്ദേഹം തന്റെ ജീവിതത്തിന്റെ അവസാന കാലത്തു മദീനയിലേക്കു ഹിജ്‌റഃ പോവുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്‌തു. മദീനയിൽ വച്ച് അദ്ദേഹം നടത്തി വന്ന ദർസുകളിലാണു നമ്മുടെ കഥാപുരുഷൻ പങ്കെടുത്തിരുന്നത്.
സകരിയ്യാ സ്വാഹിബിന്റെ ഗുരുവര്യരായ അല്ലാമാഃ ഖലീൽ അഹ്‌മദ് സഹാറൻപൂരിയും മദീനയിലാണു തന്റെ അവസാനകാലം ചെലവഴിച്ചത്. അക്കാലത്താണു സഈദ് മുസ്‌ലിയാരുടെ പിതാവു മുഹ്‌യിദ്ദീൻ ഹാജി, അല്ലാമാഃ സഹാറൻപൂരിയുടെ ശിഷ്യത്വം നേടിയത്. ഹിജ്റഃ 1402-ൽ വഫാത്തായ സകരിയ്യാ സ്വാഹിബിന്റെയും ഹിജ്റഃ 1346-ൽ വഫാത്തായ അല്ലാമാഃ സഹാറൻപൂരിയുടെയും ഖബ്‌റുകൾ ജന്നത്തുൽബഖീഇലാണ്.
ഇവിടെ പ്രത്യേകം അറിഞ്ഞിരിക്കേണ്ട ഒരു കാര്യം, ഹദീസുകളുടെ ഔദ്യോഗിക ക്രോഡീകരണ കാലഘട്ടത്തിനു ശേഷം, ഹദീസുകളുടെ സനദുകൾ സ്വീകരിക്കുമ്പോൾ അതിൽ കടന്നു വരുന്ന അംഗങ്ങളുടെ ഫിഖ്‌ഹും അഖീദയുമൊന്നും സാരമാക്കേണ്ടതില്ലെന്ന ഉലമാക്കളുടെ നിലപാടാണ്.
തുമാരി അഖീദഃ തുമാരി, ഹമാരി അഖീദഃ ഹമാരി എന്ന നിലപാടാണു സുന്നത്തുജമാഅത്തിന്റെ ഉലമാക്കൾ എക്കാലവും ഇവ്വിഷയത്തിൽ സ്വീകരിച്ചിട്ടുള്ളത്. പൊന്നാനി മസ്‌ലക് അനുധാവനം ചെയ്‌തു ജീവിച്ചു വരുന്ന ഒരാലിമിന്റെ സനദിലോ ഇജാസത്തിലോ ദയൂബന്ദ് ഉലമാക്കൾ കടന്നു വന്നുവെന്നു കരുതി അദ്ദേഹം ദയൂബന്ദ് മസ്‌ലകിലാണെന്ന അർത്ഥകല്പന കൊടുക്കരുതെന്നു ചുരുക്കം.
സഈദ് മുസ്‌ലിയാർ ശരീഅത്തിന്റെ ഇല്മിൽ മാത്രമല്ല സ്വന്തം പിതാവിനോടു കടപ്പെട്ടിരിക്കുന്നത്, തസ്വവ്വുഫിന്റെ ഇല്മിലും അഥവാ ത്ഥരീഖത്തിന്റെ ഇല്മിലും പിതാവു തന്നെയാണു പുത്രന്റെ മുഖ്യാവലംബം. അതായത് അദ്ദേഹത്തിന്റെ ഉസ്താദും ശൈഖും പിതാവു തന്നെ.
മലബാറിലും ഹറമൈനിയിലും വെല്ലൂരിലുമുള്ള മശായിഖിൽ നിന്നു താൻ സമ്പാദിച്ച ഇല്മുകളും ഇജാസത്തുകളും ഫാഇദകളുമൊക്കെ മക്കൾക്കു കൈമാറിയാണു മുഹ്‌യിദ്ദീൻ ഹാജി അന്ത്യശ്വാസം വലിച്ചത്. അവരിലൊരാണു നമ്മുടെ സഈദ് മുസ്‌ലിയാർ.
ഇതിനർത്ഥം പിതാവ് ഒഴിച്ചു മറ്റാരിൽ നിന്നും അദ്ദേഹത്തിന് ഇജാസത്തുകൾ ഇല്ലെന്നല്ല. അസ്സയ്യിദ് ഹുസൈൻ അഹ്‌മദ് മദനി റഹിമഹുല്ലാഹിയിൽ നിന്ന് ഇദ്ദേഹത്തിനു ചിശ്തിയ്യഃ ത്ഥരീഖത്തും കോഴിക്കോടു ജിഫ്രി ഹൗസിലെ കാരണവരായിരുന്ന അസ്സയ്യിദ് ഫള്ൽ പൂക്കോയത്തങ്ങൾ റഹിമഹുല്ലാഹിയിൽ നിന്നു ഖാദിരിയ്യതുൽഅലവിയ്യത്തുമുണ്ട്.
വലിയ്യുല്ലാഹി ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ, വലിയ്യുല്ലാഹി കക്കിടിപ്പുറം അബൂബകർ മുസ്‌ലിയാർ, വലിയ്യുല്ലാഹി ഉമയനല്ലൂർ ഉപ്പാപ്പ (റഹിമഹുമുല്ലാഹ്) എന്നീ മഹത്തുക്കളിൽ നിന്നും ഇദ്ദേഹത്തിന് ഇജാസത്തുകളുണ്ട്.
ഇദ്ദേഹം നേരിൽ കണ്ട സ്വാലിഹീങ്ങളുടെ പേരുവിവരങ്ങൾ എഴുതൽ ശ്രമകരമാണ്. ഇദ്ദേഹം സ്വന്തം നിലയിൽ പോയിക്കണ്ടവരും ഇദ്ദേഹത്തിന്റെ പിതാവിനെ കാണാൻ ഇങ്ങോട്ടു വന്നവരുമായ അത്തരക്കാരുടെ പേരുകൾ എഴുതാനാണെങ്കിൽ ഒരുപാടുണ്ട്.
ബീരാൻ ഔലിയാ ഉപ്പാപ്പ, തേനു മുസ്‌ലിയാർ ഉപ്പാപ്പ, സീയം വലിയ്യുല്ലാഹ്, ശൈഖുൽമശായിഖ് പുതിയാപ്പിള അബ്‌ദുർറഹ്‌മാൻ മുസ്‌ലിയാർ, അല്ലാമാഃ ഖുത്ഥുബി മുഹമ്മദ് മുസ്‌ലിയാർ (റഹിമഹുമുല്ലാഹ്) ഇങ്ങനെ പോകുന്നു ആ ശ്രേഷ്ഠശ്രേണി. അല്ലാമാഃ അഹ്‌മദ് കോയ അശ്ശാലിയാത്തി റഹിമഹുല്ലാഹിയെയും ഇദ്ദേഹം നേരിൽ കണ്ടിട്ടുണ്ട്. ഇതിനെക്കുറിച്ചു മറ്റൊരിക്കൽ വിശദീകരിക്കാം - ഇൻശാ അല്ലാഹ്.
നമുക്കു പറഞ്ഞു വന്നതിലേക്കു മടങ്ങാം, ഇമാം നബ്ഹാനി റഹിമഹുല്ലാഹിയുടെ ഇജാസത്തിനെക്കുറിച്ചാണല്ലോ നാം തുടങ്ങി വച്ചത്?
ഇജാസത്ത് എന്നു പറയുമ്പോൾ ഏതെങ്കിലും പ്രത്യേക ദിക്റോ വിർദോ ചൊല്ലാൻ മാത്രമുള്ള സമ്മതമെന്നു ധരിച്ചു പോകണ്ട. തന്റെ വൈജ്ഞാനിക ജീവിതകാലത്തിനിടയിൽ അദ്ദേഹം നേടിയിട്ടുള്ള മുഴുവൻ ഇജാസത്തുകളും, (അതിൽ ശരീഅത്തു സംബന്ധമായതും തസ്വവ്വുഫ്/ത്ഥരീഖത്തു സംബന്ധമായതുമെല്ലാം ഉൾപ്പെടും) അദ്ദേഹം ഒരു ഗ്രന്ഥത്തിൽ സമാഹരിച്ചു. ഇത്തരം ഇജാസത്തു സമാഹാരങ്ങളെ സാങ്കേതികമായി #സബത്തുകൾ എന്നാണു വിളിക്കുക.
ഇമാം നബ്ഹാനി റഹിമഹുല്ലാഹിയുടെ സബത്തിന്റെ പേരാണു #ഹാദിൽമുരീദ്. ഒരു ഗുരു തന്റെ സബത്ത് ഇജാസത്തോടെ തന്റെ ശിഷ്യനു നല്കിയാൽ അതിനർത്ഥം ആ ഗുരുവിന്റെ മുഴുവൻ ഇജാസത്തുകളും ആ ശിഷ്യനു ലഭിച്ചു എന്നാണ്. ഇമാം നബ്ഹാനി റഹിമഹുല്ലാഹ് അവിടുത്തെ മശായിഖിൽ നിന്നു അവിടുത്തേക്കു ലഭിച്ച ഇല്മുകളുടെയും അമലുകളുടെയും ഇജാസത്തുകളും അവയുടെ സനദുകളും ഉപരിസൂചിത ഗ്രന്ഥത്തിൽ ക്രോഡീകരിച്ചിട്ടുണ്ട്. ഇജാസത്തുകൾക്കായി ഗുരുജനങ്ങളെ സമീപിക്കുന്ന ശിഷ്യർക്ക് അനായാസേന അവ കൈമാറാം എന്നതാണു സബത്തുകളുടെ കോർവയുടെ പുറകിലുള്ള ഒരു ലക്‌ഷ്യം.
സഈദ് മുസ്‌ലിയാരുടെ പിതാവ്, മുഹ്‌യിദ്ദീൻ ഹാജി മദീനയിൽ വച്ച് ഇമാം നബ്ഹാനി റഹിമഹുല്ലാഹിയുടെ ശിഷ്യത്വം സ്വീകരിച്ചിരുന്നു എന്നു നേരത്തെ പറഞ്ഞുവല്ലോ? തത്സമയം ശിഷ്യന്റെ യോഗ്യതയും സാമർത്ഥ്യവും ബോധ്യപ്പെട്ട ഇമാമവർകൾ, അവിടുത്തെ സബത്ത്, ഹാദിൽമുരീദ് ഇജാസത്തോടെ മുഹ്‌യിദ്ദീൻ ഹാജിയ്ക്കു നല്കി. അങ്ങനെ അദ്ദേഹം ഇമാമവർകളുടെ ഇജാസത്തുകൾ കൊണ്ട് അനുഗൃഹീതനായി.
സബത്തിനു മാത്രമല്ല, താൻ അതു വരെ എഴുതിപ്പൂർത്തിയാക്കിയ രചനകൾക്കും ഇനി എഴുതാനിരിക്കുന്ന കൃതികൾക്കും കൂടിയുള്ള സമ്മതം ഇമാമവർകൾ തന്റെ വത്സലശിഷ്യനു നല്കുകയുണ്ടായി.
ഇതിനു പുറമെ ഇമാമിന്റെ തന്നെ ഒരപൂർവ്വം സ്വലാത്തും അവിടുന്നു സ്വന്തം ശിഷ്യനു സമ്മാനിക്കുകയുണ്ടായി. അസ്മാഉൽഹുസ്നാ കൊണ്ടു തവസ്സുൽ ചെയ്തു നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ മേൽ സ്വലാത്ത് ആശംസിക്കുന്ന പ്രസ്‌തുത സ്വലാത്ത് വളരെയധികം വിശേഷങ്ങൾ ഉൾക്കൊള്ളുന്നതും ഒട്ടേറെ മഹത്ത്വങ്ങൾ അടങ്ങിയതുമാണ്. ഇമാമവർകളുടെ സ്വലാത്ത് എന്ന മേൽവിലാസം തന്നെ മതി നമ്മെ സംബന്ധിടത്തോളം അതു മേന്മയുള്ളതാകാൻ.
ഫാസിസ്റ്റു ശക്തികൾ ഭരണത്തിലുൾപ്പെടെ ജീവിതത്തിന്റെ സകല മേഖലകളിലും പിടി മുറുക്കിയ സാഹചര്യത്തിൽ, ഉമ്മത്ത് അതിന്റെ ശത്രുക്കളുടെ കൈകളിൽ ചക്ഷുശ്രവണ ഗളസ്ഥമാം ദർദ്ദുരത്തിന്റെ ദയനീയാവസ്ഥയിൽ കൈകാലിട്ടടിക്കുന്ന ഈ കാലഘട്ടത്തിൽ, ഉമ്മത്തിന്റെ ക്ഷേമമവും രക്ഷയും ആഗ്രഹിക്കുന്ന ഓരോ സത്യവിശ്വാസിയും ഈ സ്വലാത്ത് ഇഖ്‌ലാസ്വോടെ ഉരുവിടുവേണ്ടത് അനിവാര്യമാണെന്ന് ആ സ്വലാത്തിന്റെ അർത്ഥത്തിലൂടെ കണ്ണോടിച്ചാൽ ഏതൊരാൾക്കും ബോധ്യമാകുമെന്നു സാന്ദർഭികമായി ഉണർത്തുന്നു.
ഇമാമവർകളുടെ രചനകൾക്കുള്ള സമ്മതമെന്നാൽ, അവിടുത്തെ കൃതികൾ മുത്ഥാലഅഃ ചെയ്യാനും അവയിലുള്ളതു പ്രകാരം പ്രവർത്തിക്കാനും അവയിൽ നിന്നുദ്ധരിക്കാനും അവ മറ്റുള്ളവർക്കു പഠിപ്പിക്കാനും പറഞ്ഞു കൊടുക്കാനുമൊക്കെയുള്ള സമ്മതമെന്നാണർത്ഥം. വാസ്തവത്തിൽ ഏതൊരു ആലിമിന്റെ കിതാബ് ഉപയോഗപ്പെടുത്താനും ഇമ്മട്ടിലൊരു സമ്മതം അദ്ദേഹത്തിൽ നിന്നോ അദ്ദേഹം സമ്മതം നല്കിയവരിൽ നിന്നോ നേടിയിരിക്കൽ അത്യന്താപേക്ഷിതമായാണ് ഉലമാക്കൾ കരുതിപ്പോരുന്നത്. സനദുകൾ/ഇജാസത്തുകൾ കിതാബുകളുടെ ആധാരമാണെന്ന് അതായത് അധികാരപത്രമാണെന്ന് അവർ പറയുന്നതും മറ്റൊന്നും കൊണ്ടല്ല.
ഇമാമവർകളുടെ രചനകളെയും അവയിലെ വിഷയ വൈപുല്യ/വൈവിധ്യങ്ങളെയും ശരിക്കും അറിയുന്ന ഏതൊരു ജ്ഞാനാർത്ഥിയും അവയ്ക്ക് ഇജാസത്തു കിട്ടിയിരുന്നുവെങ്കിൽ എന്നാശിച്ചു പോകും. വിശിഷ്യാ അവിടുന്നു നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളെക്കുറിച്ചും അവിടുത്തെ മേലുള്ള സ്വലാത്തുകളെക്കുറിച്ചും എഴുതിയ രചനകൾ കാണുമ്പോൾ. അവയിലൊന്നാണല്ലോ നാം തുടക്കത്തിൽ പരിചയപ്പെടുത്തിയ സആദത്തുദ്ദറൈൻ?
ഇതു മാത്രമല്ല, വിവിധ സ്വലാത്തുകൾ വിവിധ കൈഫിയ്യത്തുകളിൽ കോർത്തിണക്കിയ വേറെയും സ്വാലത്തു കിതാബുകളുണ്ട്, ബുർദയുടെ ശറഹുണ്ട്, ദലാഇലുൽഖൈറാത്തിന്റെ വിശദീകരണമുണ്ട്, ആരിഫീങ്ങളുടെ ഹിസ്‌ബുകളുടെ ശേഖരമുണ്ട്, അസ്മാഉൽഹുസ്നാ ബൈത്തുണ്ട്, നബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ പേരുകൾ ചിട്ടപ്പെടുത്തിയ ഖസ്വീദയുണ്ട്, അങ്ങനെ എന്തുമാത്രം രചനകൾ! ഇതിനെല്ലാം ഇജാസത്തു കിട്ടുക എന്നതു ചെറിയ കാര്യമാണോ?
ഈ ഇജാസത്തിന്റെ മറ്റൊരു സവിശേഷത, ഹാദിൽമുരീദ് എന്ന സബത്ത്, മറ്റു നാല്പത്തി രണ്ടോ നാല്പത്തിയേഴോ സബത്തുകളുടെ ഇജാസത്തുകൾ ഉൾക്കൊള്ളുന്നുണ്ട്. ഹാദിൽമുരീദിന്റെ ഇജാസത്തു കിട്ടുമ്പോൾ നാല്പതിൽ പരം വരുന്ന പ്രസ്തുത സബത്തുകളുടെ കൂടി ഇജാസത്താണു ലഭിക്കുന്നതെന്നർത്ഥം. ഈ സബത്തുകൾ ഓരോന്നും മറ്റനേകം സബത്തുകളുടെ ഇജാസത്തുകൾ ഉൾക്കൊള്ളുന്നുണ്ട് എന്നോർക്കുക.
ഇമാം നബ്ഹാനി റഹിമഹുല്ലാഹ് ശിഷ്യനായ മുഹ്‌യിദ്ദീൻ ഹാജിയ്ക്കു നല്കിയ ഇജാസത്ത് അതേ പടി അദ്ദേഹം തന്റെ മകനും ശിഷ്യനുമായ സഈദ് മുസ്‌ലിയാർക്കു നല്കി. ഇന്ന് അദ്ദേഹമാണ് അതിന്റെ വിതരണക്കാരൻ. അദ്ദേഹത്തെ സമീപിച്ചാൽ ആ മഹത്തായ ഇജാസത്തു സ്വന്തമാക്കാം. ഇമാമവർകൾ തന്റെ സ്വന്തം കൈപ്പടയിൽ ശിഷ്യന് എഴുതിക്കൊടുത്ത ഇജാസത്തും നിങ്ങൾക്കു നേരിൽ കാണാം.
ഇമാം നബ്ഹാനി റഹിമഹുല്ലാഹിയുടെ ശിഷ്യത്വം സ്വീകരിച്ച മറ്റു പല മലയാളികളും ഉണ്ടായിട്ടുണ്ട് എന്നാണു ചരിത്രം പഠിക്കുമ്പോൾ മനസ്സിലാകുന്നത്. എന്നാൽ അവർക്കെല്ലാം മുഹ്‌യിദ്ദീൻ ഹാജിയ്ക്കു ലഭിച്ചതു പോലുള്ള ഇജാസത്തു മഹാനരിൽ നിന്നു ലഭിച്ചിട്ടുണ്ടോ എന്നു നമുക്കറിയില്ല. ലഭിച്ചിരിക്കാനാണു സാധ്യത, പക്ഷെ അത് അറിയപ്പെടുന്നില്ല, അതിന്റെ വിതരണാവകാശമുള്ളവരെ നാം അറിയുകയുമില്ല. നമ്മുടെ മുന്നിൽ ഇന്നുള്ള ഏക സ്രോതസ്സു സഈദ് മുസ്‌ലിയാരാണ്.
ഇയ്യുള്ളവൻ പറയുന്നതു മലയാളി ഉലമാക്കളിലൂടെ ഇമാമിലേക്കെത്തുന്ന സനദിനെയും ഇജാസത്തിനെയും കുറിച്ചാണ്, അതല്ലെങ്കിൽ അറബി പണ്ഡിതരിലൂടെ ഇമാമിലേക്കെത്തുന്ന ഇജാസത്തിന്റെ സനദുകൾ ഒട്ടേറെയുണ്ട്. ഇയ്യുള്ളവന്റെ പക്കൽ തന്നെ ഒന്നിലധികമുണ്ട്.
ഇയ്യുള്ളവന്റെ ഗുരുവര്യരായ അൽഹബീബ് സാലിം അശ്ശാത്ഥിരി റഹിമഹുല്ലാഹിയുടെ ഗുരു, അല്ലാമതുസ്സയ്യിദ് അലവി ബിൻ അബ്ബാസ് അൽമാലികി (റഹിമഹുല്ലാഹ്) ഇമാമിന്റെ ശിഷ്യനാണ്. ഇയ്യുള്ളവന്റെ വന്ദ്യഗുരു ശൈഖുനാ മുഹമ്മദ് മുത്ഥീഅ് അൽഹാഫിള്, ഇമാമവർകളുടെ ശിഷ്യന്റെ ശിഷ്യനാണ്.
ഹാദിൽമുരീദ് ഉൾപ്പെടെ ഇമാമവർകളുടെ മുഴുവൻ ഇജാസത്തുകളും കൈപ്പറ്റിയ അല്ലാമതുസ്സയ്യിദ് അബൂബകർ ബിൻ അഹ്‌മദ് അൽഹബ്ശി (റഹിമഹുല്ലാഹ്) ഇയ്യുള്ളവന്റെ മറ്റൊരു ഗുരുവര്യരായ അസ്സയ്യിദ് അഹ്‌മദ് അൽഹബ്ശി എന്നവരുടെ വന്ദ്യപിതാവും ഗുരുവുമാണ്.
അല്ലാമാഃ മുഹമ്മദ് യാസീൻ അൽഫാദാനി റഹിമഹുല്ലാഹിയ്ക്കുമുണ്ട് ഇമാമിന്റെ ഇജാസത്ത്. മഹാനരുടെ ഇതുൾപ്പെടെയുളള മുഴുവൻ ഇജാസത്തുകളും ഇയ്യുളളവന്നു തരപ്പെട്ടു കിട്ടിയിട്ടുണ്ട്. അതിനൊരു കാരണക്കാരൻ ശൈഖുനൽമർഹൂം മൂസാ അൽബർദലി റഹിമഹുല്ലാഹിയാണ്.
ഹിജ്‌റഃ 1265-ൽ ജനിച്ച്, ഹിജ്‌റഃ 1350-ൽ, (ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 1932-ൽ) വഫാത്തായ ഇമാമവർകളിലേക്ക് എത്തുന്ന സനദിൽ, നമ്മുടെ ഇക്കാലത്ത്, രണ്ടിലധികം വാസിത്ഥകൾ അഥവാ രണ്ട് ഇടനിലക്കാരിലധികം കടന്നു വരുന്നത് ഒഴിവാക്കണമെങ്കിൽ സഈദ് മുസ്‌ലിയാർ തന്നെയാണു നമുക്കുള്ള ഏക മലയാളി ആശ്രയം. മഹാനരെ പ്രയോജനപ്പെടുത്തുന്നവനാണു യഥാർത്ഥ ബുദ്ധിമാൻ.
മഹാനരിൽ നിന്ന് ഇജാസത്തു ലഭിച്ചാൽ കേവലം രണ്ടാളുകളുടെ വാസിത്ഥയോടെ ഇമാമവർകളുടെ മുഴുവൻ ഇജാസത്തുകളും നമുക്കു സ്വന്തമാകും. ഈ അവസരം നഷ്ടപ്പെടുത്തുന്നവനെക്കാൾ നിർഭാഗ്യവാൻ മറ്റാരുണ്ടാകും?
ഇമാമവർകളുടെ ഉപരിസൂചിത ഇജാസത്തിനു കേരളത്തിൽ നിന്നൊരു അവകാശിയുണ്ടായതു കേവലം യാദൃശ്ചികമാകാൻ തരമില്ല. മഹാനരെ ഏറെ ബഹുമാനിക്കുകയും പ്രിയം വയ്ക്കുകയും ചെയ്യുന്ന ഒരു നാടാണു നമ്മുടേത്. ചെറിയ മുതഅല്ലിമീങ്ങൾക്കു പോലും മഹാനരെ അറിയാം, അവിടുത്തെ കിതാബുകളിൽ ചിലതെങ്കിലും അവർ കണ്ടിട്ടുണ്ടാകും. മറ്റു പല ഇമാമീങ്ങളുടെയും ഉലമാക്കളുടെയും കാര്യത്തിൽ തോന്നുന്ന നേരിയ ഒരു അപരിചിതത്വം പോലും മഹാനരുടെ കാര്യത്തിൽ നമുക്ക് അനുഭവപ്പെടുന്നില്ല. അത്രയേറെ നമ്മുടെ സ്വന്തമായിരിക്കുന്നു മഹാനർ.
തന്നെ സ്നേഹിക്കുന്നവരും തന്റെ രചനകളെ നെഞ്ചോടു ചേർക്കുന്നവരും ഈ മണ്ണിൽ ധാരാളമുണ്ടാകുമെന്ന് ഇമാമവർകൾ ദീർഘദർശനം ചെയ്‌തതു പോലുണ്ട് അവിടുന്നു മുഹ്‌യിദ്ദീൻ ഹാജിയ്ക്ക് എഴുതി നല്‌കിയ ഇജാസത്തു കാണുമ്പോൾ. മൊത്തം ഇജാസത്തുകളും നല്‌കിയിരിക്കുന്നു, അടി തൊട്ടു മുടി വരെ എന്നു പറയാം വിധം. താനിനി ഭാവിയിൽ എഴുതാനിരിക്കുന്ന, തനിക്കിനി കിട്ടാനിരിക്കുന്ന ഇജാസത്തുകൾ വരെ അദ്ദേഹം സമ്മാനിച്ചിരിക്കുന്നു.
മഹാനരുടെ ഇജാസത്തുകൾക്കായി മലയാളികൾ ഇനിയെങ്ങും അലയേണ്ടതില്ലാത്ത വിധം അവിടുന്ന് അവരെ ധന്യരാക്കിയിരിക്കുന്നു. തന്റെ ഇജാസത്തിന്റെ വാഹകർ മലബാറിന്റെ മണ്ണിലും നിറയട്ടെ, അവരുടെ ഗുരുപരമ്പരയിൽ ഒരംഗമായി തനിക്കും അമരത്തം കൈവരട്ടെ, അവരുടെ ദുആകളുടെയും ഉസ്‌താദിയ്യത്തിന്റെയും ബറകത്ത് ബർസഖിലും തനിക്കു വന്നണയട്ടെ എന്നെല്ലാം മഹാനർ ആഗ്രഹിച്ചതു പോലുണ്ട്. അതെന്തായാലും അവിടുന്നു നല്‌കിയ ഈ ഉപഹാരം അമൂല്യവും അതുല്യവുമാണ്. ഇതിൻ പ്രതി അല്ലാഹു അവിടുത്തേക്കു മുന്തിയ ജസാ നല്‌കട്ടെ - ആമീൻ.
ഇതത്രയും വായിച്ചതിനു ശേഷം, ഞാനൊരു മൊയ്‌ല്യാരല്ല, എനിക്ക് അറബിയൊട്ട് അറിയത്തുമില്ല എന്ന ആത്മവിചാരത്തോടെ പൂച്ചയ്ക്കെന്തു പൊന്നുരുക്കിന്നിടത്തു കാര്യം എന്നുരുവിടുന്ന സാധാരണക്കാരോടു പറയാനുള്ളത്, ഇത് അങ്ങനെ ഒഴിഞ്ഞു മാറി അകന്നു നില്‌ക്കേണ്ട സംഗതിയല്ലെന്നാണ്. ഈ ഇജാസത്തിൽ നിങ്ങൾക്കുമുണ്ട് നിങ്ങളുടേതായ ഓഹരി. ആലിമിന്റെ പങ്ക് ആലിം പറ്റിക്കൊള്ളട്ടെ, നമ്മുടെ പങ്കു നാമും പറ്റണം.
നമ്മുടെ ഭാഗധേയം നാമെന്തിനു വിട്ടു കൊടുക്കണം? സആദാതുദ്ദാറൈൻ ഉൾപ്പെടെയുള്ള അനവധി സ്വലാത്തു കിതാബുകളുടെ സമ്മതം നാമെന്തിനു വേണ്ടെന്നു വയ്ക്കണം? ദലാഇലുൽഖൈറാത്ത്, ബുർദഃ ബൈത്ത്, ഇമാം ജീലാനി, ഇമാം ശാദുലി, ഇമാം ബദവി, ഇമാം ദസൂഖി (റഹിമഹുമുല്ലാഹ്) തുടങ്ങി നൂറു കണക്കിന് ആരിഫീങ്ങളുടെ അഹ്‌സാബുകൾ അടക്കമുള്ള അതിമഹത്തായ ഔറാദുകൾക്കുള്ള ഇജാസത്തു ലഭിക്കുന്ന അസുലഭാവസരം നാമെന്തിനു നഷ്ടപ്പെടുത്തണം?
അറബി അറിയില്ലെന്നതാണോ പ്രശ്‌നം? അതു മറ്റൊരാളുടെ സഹായത്തോടെ പരിഹരിക്കാവുന്നതല്ലേയുള്ളൂ? ഒരാൾ വായിച്ച് അർത്ഥം പറഞ്ഞു തന്നാൽ തീരുന്ന സമസ്യയാണത്. ഇമാമിന്റെ കിതാബുകളിൽ ചിലതു പൂർണ്ണമായോ ഭാഗികമായോ ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. അവയിലുള്ള പ്രധാന സംഗതികൾ (സ്വലാത്തുകളും ഫാഇദകളും മറ്റും) മലയാള പുസ്‌തകങ്ങളിലും ഇടം പിടിച്ചു കണ്ടിട്ടുണ്ട്. ഇജാസത്തുണ്ടെങ്കിൽ അറബി അറിയാത്തവർക്ക് ഇവ്വിധത്തിലെല്ലാം മഹാനരുടെ ജ്ഞാനമധു നുകരാമല്ലോ?
ഇജാസത്ത് ഒരു നിധിയാണ്. ഇപ്പോൾ കാര്യമായ സാമ്പത്തിക ക്ലേശമില്ലെന്നു കരുതി കൈയ്യിലെത്തിയ നിധി ആരെങ്കിലും വേണ്ടെന്നു വയ്ക്കുമോ? നമുക്കല്ലെങ്കിൽ നമ്മുടെ സന്തതികൾക്ക് എന്ന ചിന്ത സ്വാഭാവികമായും ഉണ്ടാകില്ലേ? അതേ, ഈ ഇജാസത്തു നിങ്ങൾക്കു വേണ്ടെങ്കിൽ നിങ്ങളുടെ മക്കൾക്കു വേണ്ടി മേടിക്കുക, ഒന്നുകിൽ അവരെക്കൊണ്ടു പോയി സഈദ് മുസ്‌ലിയാരിൽ നിന്നു മേടിച്ചു കൊടുക്കുക, അതല്ലെങ്കിൽ അവർക്കു വേണ്ടി നിങ്ങൾ സ്വീകരിക്കുക.
അവരിപ്പോൾ ചെറിയ കുഞ്ഞുങ്ങളാണെങ്കിലും സാരമില്ല. ഇന്നത്തെ ചെറിയവരാണു നാളത്തെ വലിയവർ. നവജാതനു മാത്രമല്ല, ഇതു വരെ ഭൂമിലോകത്തേക്കു വന്നിട്ടില്ലാത്തവന്നു വരെ ഇജാസത്തു കൊടുക്കാൻ പറ്റുമെന്നാണു ഭൂരിഭാഗം ഉലമാക്കളുടെയും അഭിപ്രായം. തനിക്കു ജനിക്കാനിരിക്കുന്ന മക്കൾക്കു വേണ്ടി ഇജാസത്തു ചോദിച്ചവരെയും അതംഗീകരിച്ച് ഇജാസത്തു നല്കിയവരെയും നമുക്കു ചരിത്രത്തിൽ കാണാൻ സാധിക്കും.
മഹിളകൾക്കുമുണ്ട് ഈ ഇജാസത്തിൽ ഒരു വിഹിതം. നേരിൽ പോയോ മറ്റാരെയെങ്കിലും നിങ്ങൾക്കു പകരം പറഞ്ഞയച്ചോ ഇതു സ്വീകരിക്കുക. നിങ്ങൾ ദൈനംദിനം ചെയ്യുന്ന സകല ദിക്റു-ദുആ-സ്വലാത്തുകൾക്കും അതോടെ ഇജാസത്താകും. ഓരോന്നോരോന്നിനായി ശൈഖന്മാരെ തെരഞ്ഞും ഇജാസത്തിന് അലഞ്ഞും നടക്കേണ്ട ആവശ്യം പിന്നീടില്ല.
ഇമാമവർകൾ നാനാതരം മന്ത്രങ്ങൾ/തഹ്‌സ്വീനാതുകൾ അവിടുത്തെ വിവിധ കിതാബുകളിൽ വിവരിച്ചിട്ടുണ്ട്. അതെല്ലാം മനസ്സിലാക്കിയ ഒരു വീട്ടമ്മയ്ക്കു തന്റെ ഭർത്താവിനും മക്കൾക്കും സിഹ്ർ, കണ്ണേർ, പൈശാചികോപദ്രവങ്ങൾ എന്നിവയിൽ നിന്നെല്ലാം അവരെ കാത്തു രക്ഷിക്കുന്ന ഒരു സുരക്ഷാകവചം തീർക്കാൻ കഴിയും.
എല്ലാ കിതാബുകളും വേണമെന്നില്ല, അവിടുത്തെ സആദതുദ്ദാറൈൻ മാത്രം കൈയ്യിലുണ്ടായിരുന്നാൽ മതി, ഇരുലോകജീവിതവും സൗഖ്യ-സൗഭാഗ്യ സമ്പൂർണ്ണമാക്കാം - ഇൻശാ അല്ലാഹ്.
നമ്മുടെ നാട്ടിലെ പണ്ഡിതർ കൂടുതലായും ഉപയോഗിക്കുന്ന മുഴുവൻ കിതാബുകൾക്കും ഈ സബത്തു പ്രകാരം ഇജാസത്തു കൈവരും. വിശിഷ്യാ ഇമാം ബാജൂരി റഹിമഹുല്ലാഹിയുടെ കിതാബുകൾ. മഹാനരുടെ ഒന്നിലധികം ശിഷ്യരുടെ ശിഷ്യത്വം കൊണ്ട് അനുഗ്രഹീതനാണു നമ്മുടെ ഇമാം നബ്ഹാനി. ഹദീസുകളുടെ ഇജാസത്തിനെക്കുറിച്ചു പിന്നെ പറയാനില്ല. സ്വഹീഹൈനി ഉൾപ്പെടെ ഇന്നു ലഭ്യമായ എല്ലാ ഹദീസുഗ്രന്ഥങ്ങളും ഈ സബത്തിൽ അടങ്ങിയിട്ടുണ്ട്.
അല്ലാഹു തൗഫീഖ് നല്കിയാൽ അധികം വൈകാതെ ഈ സബത്ത് ഇയ്യുള്ളവൻ പുനഃപ്രസിദ്ധീകരണം ചെയ്യുന്നതാണ്. അതിന്റെ പണിപ്പുരയിലാണ് ഇപ്പോഴുള്ളത്. അതെത്രയും പെട്ടെന്നു പൂർത്തിയാക്കാൻ അല്ലാഹു തൗഫീഖ് നല്‌കട്ടെ - ആമീൻ.
സഈദ് മുസ്‌ലിയാരിൽ നിന്നു പ്രസ്‌തുത സബത്തിന്റെ സമ്മതം മേടിക്കാനുതകുന്ന ഒരു ഇജാസത്തുചീട്ട് ഈ കുറിപ്പിനോടൊപ്പം അറ്റാച്ച് ചെയ്തിട്ടുണ്ട്. അറബിയിൽ ഇതിനു #സ്വക്കുൽഇജാസഃ എന്നു പറയും. ഇജാസത്തിനായി സഈദ് മുസ്‌ലിയാരെ സമീപിക്കുന്നവരുടെ സൗകര്യവും ഉസ്‌താദവർകളുടെ തന്നെ സുകരതയും മാനിച്ച് ഇയ്യുള്ളവൻ തയ്യാറാക്കിയതാണിത്.
സമ്മതം മേടിക്കാൻ ഇതു തന്നെ വേണമെന്നില്ല. അദ്ദേഹമൊന്നു മൊഴിഞ്ഞാൽ തന്നെ ധാരാളം. എന്നാൽ ഇതു പ്രിൻറ് എടുത്തു കൊണ്ടു പോവുകയാണെങ്കിൽ മുജീസിനും മുജാസിനും (ഇജാസത്തു ദാതാവിന്നും സ്വീകർത്താവിന്നും) കാര്യങ്ങൾ എളുപ്പമാകും. അതു വായിച്ചു നോക്കി, അദ്ദേഹം സമ്മതം മൊഴിയുകയേ വേണ്ടൂ. ആരോഗ്യം അനുവദിക്കുകയാണെങ്കിൽ അദ്ദേഹം തന്റെ കൈയ്യൊപ്പു ചാർത്തിത്തരുകയും ചെയ്യും - ഇൻശാ അല്ലാഹ്. അങ്ങനെ ലഭിച്ചാൽ അതൊരു നിധിയാണ്, നമുക്ക് എക്കാലത്തേക്കും സൂക്ഷിച്ചു വയ്ക്കാൻ പാകത്തിലുള്ള അനർഘനിധി.
ഇജാസത്തു നല്കലും നല്കാതിരിക്കലും അദ്ദേഹത്തിന്റെ സ്വഭീഷ്ടം അനുസരിച്ചിരിക്കും. അതിന് ഇയ്യുള്ളവൻ ഉത്തരവാദിയല്ല. വഴി തെളിയിക്കുക എന്ന ദൗത്യം മാത്രമേ ഇയ്യുള്ളവന്നുള്ളൂ. അതിനു പകരമായി നിങ്ങളുടെ ദുആകളിൽ നിന്നൊരോഹരി മടി കൂടാതെ തന്നേക്കുക. ഇല്ലെങ്കിൽ അതു കടമായി അവശേഷിക്കും.
സഈദ് മുസ്‌ലിയാർ, നേരത്തെ പറഞ്ഞതു പോലെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ്. അടുത്ത അധ്യയനവർഷം മുതൽ അസ്‌ലമിയയിൽ സജീവമാകണമെന്ന ആഗ്രഹത്തോടെ. അല്ലാഹു അദ്ദേഹത്തിന് അതിനുള്ള ഭാഗ്യം നല്‌കട്ടെ - ആമീൻ.
അരിപ്ര പള്ളിപ്പടിയ്ക്കു സമീപം മനേങ്ങാട്ടുപറമ്പിലാണ് അദ്ദേഹത്തിന്റെ താമസം. വയോധികനായ ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ ചോദിച്ച് ആരും ഇയ്യുള്ളവനെ ബന്ധപ്പെടേണ്ട. അദ്ദേഹത്തെ കാണാനും ഇജാസത്തു സ്വീകരിക്കാനുമൊക്കെ പോകുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വേണം പോകാൻ. അദ്ദേഹത്തിന്റെ ആരോഗ്യവും ആഫിയത്തും പ്രധാനമാണ്. അതപകടത്തിലാക്കുന്ന പ്രവൃത്തികൾ സന്ദർശകരിൽ നിന്നുണ്ടാകരുത്. പൊരുത്തം മോഹിച്ചു പൊരുത്തക്കേടുണ്ടാക്കരുത്.
അദ്ദേഹത്തിന്റെ ആയുസ്സിൽ അല്ലാഹു ബറകത്തു ചെയ്യട്ടെ. ദീനിനും അതിന്റെ ഇല്മുകൾക്കും ഇനിയുമേറെ നാൾ ഖിദ്മഃ ചെയ്യാനുള്ള തൗഫീഖ് അദ്ദേഹത്തിനും നമുക്കും അല്ലാഹു നല്കട്ടെ. ഇക്കാലയളവിനുള്ളിൽ ദീനീ ഉലൂമുകൾക്ക് അദ്ദേഹം ചെയ്ത മുഴുവൻ സേവനങ്ങളും അല്ലാഹു സ്വീകരിക്കുകയും ബദലായി മുന്തിയ ജസാ അദ്ദേഹത്തിന് ഓശാരമായി നല്കുകയും ചെയ്യട്ടെ. നമ്മെയും അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സജ്ജനങ്ങളിൽ ഉൾപ്പെടുത്തി അല്ലാഹു അനുഗ്രഹിക്കട്ടെ - ആമീൻ.
✒️അൽനുഹാസി
Post a Comment