പതിറ്റാണ്ടുകളോളം സുന്നികളെ മുജാഹിദുകൾ മുശ്രിക്കുകളും കാഫിറുകളുമാക്കി, സംവാദാത്മകമായി വിഷയങ്ങളെ സമീപിച്ച സുന്നികൾ എത്ര സഹിഷ്ണുതയുള്ളവരാണെന്ന് എല്ലാവർക്കും ഇപ്പോൾ മനസ്സിലായി - മുജ്തബ ഫൈസി ആനക്കര എഴുതുന്നു..



കേരളത്തിലെ മുസ്‌ലിം സമൂഹത്തിൽ സംഭവിച്ചു കഴിഞ്ഞ വമ്പിച്ച പുരോഗതിയുടെ തെളിവാണ് തങ്ങളുടെ ആശയത്തിൽ പെടാത്തവരെ കാഫിറും മുശ്രിക്കും ആയി മുദ്രകുത്തുമ്പോൾ അതിൽ അസ്വസ്ഥപ്പെട്ട് സകല കോണുകളിൽ നിന്നും വരുന്ന തിരുത്തൽ നിർദ്ദേശങ്ങൾ.  വിവിധ മുജാഹിദ് വിഭാഗങ്ങൾ ആരോപണത്തിൽ കുണ്ഠിതപ്പെടുന്നു, ജമാഅത്ത് ആഗോള നേതാക്കൾ ഉപദേശങ്ങളുമായി കളം നിറയുന്നു. എല്ലാം പുരോഗതി തന്നെ. 

പണ്ട് സുന്നികളെ ആയിരം വട്ടം മുശിരിക്കുകൾ ആക്കിയിരുന്ന, മക്കയിലെ അവിശ്വാസികൾ ഹാഫ് ടൈം മുശ്രിക്കാണെങ്കിൽ കേരളത്തിലെ സുന്നികൾ ഫുൾടൈം മുശിരിക്കാണ് എന്നൊക്കെയുള്ള ആരോപണങ്ങൾ ആഘോഷമാക്കിയിരുന്ന  സമുദായമല്ല ഇന്നത്തെ സമുദായമെന്നതും , മതത്തിൻറെ വൃത്തത്തിൽ നിന്ന് പുറത്താക്കുന്ന ശിർക്ക് പോലെയുള്ള ആരോപണങ്ങളിൽ ഏറെ അസ്വസ്ഥപ്പെടുന്നവരുണ്ടെന്നതും അതേ തുടർന്ന് തെറ്റിദ്ധാരണ ജനകമായ പ്രസ്താവന തിരുത്തപ്പെടുന്നതും  ചില്ലറ കാര്യമല്ല...

 മുസ്‌ലിം സമൂഹത്തിൽ ഈയൊരു ഉണർവ് ഉണ്ടാക്കിയെടുത്തതിൽ  വിവാദപ്രസ്താവനകൾ നടത്തിയവരോടുള്ള നന്ദി ഇവിടെ പ്രത്യേകം രേഖപ്പെടുത്തേണ്ടതുണ്ട്.

N.b: സത്യത്തിൽ ഇപ്പോഴാണ് മനസ്സിലായത് കേരളത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള മുസ്ലിംകൾ സുന്നികൾ ആണെന്ന് . പതിറ്റാണ്ടുകളെത്രയായി മുശ്രിക് ആരോപണങ്ങൾ കേരളത്തിലെ സുന്നികൾ കേൾക്കാൻ തുടങ്ങിയിട്ട്. ഇവിടെ പറഞ്ഞത് മാത്രമല്ല ഗൾഫിൽ പോയി പ്രചരിപ്പിക്കുകയും നാട്ടിൽ വരുന്ന അറബികളോട് മുശിരിക്കുകൾ എന്ന് പരിചയപ്പെടുത്തുകയും ചെയ്തു. എന്നിട്ടും ആരോപകരെ തിരുത്താൻ ഒരു ഉപദേശിയും വന്നു കണ്ടില്ല. ആരോപണങ്ങളിലെ വേദനകൾ മീഡിയകളിൽ വാർത്തയാക്കാൻ സുന്നികൾ മെനക്കെട്ടുമില്ല. ഒരു പ്രയാസവും ഇല്ലാതെ പതിറ്റാണ്ടുകളായി കേരളത്തിലെ ബിദഈ കക്ഷികൾ ഈ ആരോപണം ഉന്നയിച്ചു കൊണ്ടേയിരിക്കുകയാണ്. മതത്തിനകത്തെ പൗരത്വം വഹാബികൾ പതിറ്റാണ്ടുകളായി നിഷേധിച്ചിട്ടും സഹിഷ്ണുതയോടെ സംവാദാത്മകമായി വിഷയങ്ങളെ സമീപിച്ച സുന്നികൾ എത്ര സഹിഷ്ണുതയുള്ളവരാണ്.
എന്തായാലും 'നിങ്ങൾ മുശ്രിക്കുകൾ ആണ് ' എന്ന ആരോപണം കേൾക്കാൻ അത്ര സുഖമുള്ളതല്ല എന്ന് എല്ലാവർക്കും മനസ്സിലാക്കാൻ കഴിഞ്ഞല്ലോ..