മുത്ത് നബിക്കാണ് (സ) സ്വലാത്ത്
✒️ഇഖ്ബാൽ റഹ്മാനി.കാമിച്ചേരി
ഒരാളുടെ വിശ്വാസ പൂർത്തീകരണത്തിധന്റെ മർമ്മ പ്രധാനമായ കാര്യമാണ് പുണ്യ നബി(സ) യോടുള്ള അദമ്യമായ സ്നേഹം. വാക്കുകൊണ്ടും നോക്കുകൊണ്ടും പ്രവർത്തികൊണ്ടും പുണ്യ നബിയോടുള്ള സ്നേഹം സമ്പൂർണ്ണമായിരിക്കണം. നോക്കെത്താ ദൂരത്താണ് തിരു ത്വാഹായുള്ളതെങ്കിലും കയ്യെത്താ ദൂരത്തേക്കാളും അടുത്താണെന്ന് വിചാരത്തിൽ നിന്നും ബഹിർസ്ഫുരിക്കണം പുണ്യ നബിയോടുള്ള സ്നേഹ പെരുമാറ്റങ്ങൾ. സ്നേഹവായ്പ്പിന്റെ കാമ്പും കാതലും തിരിച്ചറിഞ്ഞുള്ള വാക്കും പ്രവർത്തിയും സമ്മേളിക്കുമ്പോഴാണ് ഹുബ്ബിന്റെ യഥാർത്ഥ രീതിയിലുള്ള സമർപ്പണം സാധ്യമാകുന്നത്.
സ്നേഹനിധിയിലേക്കുള്ള ഹുബ്ബിന്റെ സമർപ്പണ രീതികൾ നിരവധിയാണ്. അതിൽ വളരെ പ്രധാനപ്പെട്ടതാണ് പുണ്യ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ മേൽ സ്വലാത്ത് ചൊല്ലൽ. പുണ്യ നബി(സ)യുടെ മേൽ ധാരാളം സ്വലാത്ത് ചൊല്ലണം. സ്വലാത്ത് വർദ്ധിപ്പിക്കുന്നതിലൂടെ ദുന്യവിയും ഉഖറവിയുമായ നിരവധി നേട്ടങ്ങൾ ലഭിക്കുന്നതാണ്. പുണ്യ നബിയുടെ മേലിൽ സ്വലാത്ത് ചൊല്ലാൻ അല്ലാഹുവിന്റെ പ്രത്യേക കൽപ്പന കൂടിയുണ്ട്. സൂറത്ത് അഹ്സാബിലൂടെ അല്ലാഹു പറയുന്നു. "തീർച്ചയായും അല്ലാഹുവും അവൻറെ മലക്കുകളും നബിയുടെ മേൽ സ്വലാത്ത് ചൊല്ലുന്നു സത്യവിശ്വാസികളെ നിങ്ങളും നബിയുടെ മേൽ സ്വലാത്തും സലാമും ചൊല്ലുക"(അഹ് സാബ് 50) അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരായ മലക്കുകളോട് പുണ്യ നബിയെ കുറിച്ച് അല്ലാഹു വാഴ്ത്തി പറയും. മലക്കുകൾ പുണ്യ നബിയെ വാഴ്ത്തുകയും ദുആ ചെയ്യുകയും ചെയ്യും. ഇതാണ് മലക്കുകളും അല്ലാഹു ചൊല്ലുന്ന സ്വലാത്ത് കൊണ്ട് അർത്ഥമാക്കുന്നത്. അല്ലാഹുവിന്റെ അടുക്കൽ ഉന്നതമായ സ്ഥാനമാണ് പുണ്യ നബിക്കുള്ളതെന്ന പ്രഖ്യാപനം കൂടിയാണ് ഈ ആയത്തിലൂടെ അല്ലാഹു നടത്തുന്നത്. ഹയാത്തിലും വഫാത്തിലും അല്ലാഹു ഉൽകൃഷ്ടരാക്കിയ പുണ്യ നബിയുടെ മേലിൽ ഒന്നുമല്ലാത്ത നമ്മൾ ധാരാളം സ്വലാത്ത് ചൊല്ലൽ അനിവാര്യമാണ്.
അനേകം ശ്രേഷ്ഠതകളാണ് യുടെ പുണ്യ നബി (സ)യുടെ മേൽ സ്വലാത്ത് ചൊല്ലലിലൂടെ കൈവരിക. പുണ്യ നബി (സ) പറയുന്നു "എൻ്റെ മേലിൽ ആരെങ്കിലും ഒരു സ്വലാത്ത് ചൊല്ലിയാൽ അവന്റെ മേലിൽ അല്ലാഹു 10 സ്വലാത്ത് ചൊല്ലുന്നതാണ്" (രിയാളുസ്വാലിഹീൻ-ഹ:1397). മഹ്ശറയിൽ പുണ്യ ഹബീബിനോട് ഏറ്റവും അടുത്ത് നിൽക്കുക അവിടുത്തെ മേലിൽ ഏറ്റവും കൂടുതൽ സ്വലാത്ത് ചൊല്ലുന്നവരാണ്. ഈ സൗഭാഗ്യം എരിപിരി കൊള്ളുന്ന മഹ്ശറയിൽ നമുക്ക് വേണ്ടേ? പുണ്യ നബി (സ) പറയുന്നു "അന്ത്യനാളിൽ എന്നോട് ഏറ്റവും അടുത്തവൻ എന്റെ പേരിൽ ഏറ്റവും കൂടുതൽ സ്വലാത്ത് ചൊല്ലുന്നവനാണ്"(രിയാളുസ്വാലിഹീൻ-ഹ:1398)
സ്വലാത്ത് വർദ്ധിപ്പിക്കുന്നതിൽ വെള്ളിയാഴ്ച ദിവസം പ്രത്യേകം പരിഗണിക്കേണ്ടതാണ്. പുണ്യ നബി (സ) പറയുന്നു: "നിങ്ങളുടെ ഉത്തമ ദിവസങ്ങളിൽ ഒന്നാണ് വെള്ളിയാഴ്ച. അന്ന് നിങ്ങൾ എൻ്റെ പേരിൽ ധാരാളം സ്വലാത്ത് ചൊല്ലുക.നിങ്ങളുടെ സ്വലാത്ത് എൻ്റെ പക്കൽ ഹാജരാക്കപ്പെടും"(രിയാളുസ്വാലിഹീൻ-ഹ:1399 /1158). ഒരാൾ പുണ്യ നബി (സ)യുടെ മേൽ സലാം ചെല്ലുമ്പോൾ സ്നേഹനിധിയായ പുണ്യ ഹബീബ് അവന്റെ മേലിലും സലാം ചൊല്ലുന്നതാണ്. പുണ്യ നബി തന്നെ പറയുന്നത് നോക്കൂ. പുണ്യ നബി (സ) പറഞ്ഞു: "എൻ്റെ പേരിൽ ആര് സലാം ചെല്ലുമ്പോഴും സലാം മടക്കാൻ വേണ്ടി അല്ലാഹു എനിക്ക് എൻ്റെ റൂഹ് മടക്കിതരും".(രിയാളുസ്വാലിഹീൻ-ഹ:1402).
തിരുത്വാഹയുടെ പേര് കേൾക്കുമ്പോൾ സ്വലാത്ത് ചൊല്ലണം. ലോകത്ത് ഒരാൾക്കും ഇല്ലാത്ത ഏറ്റവും വലിയ പ്രത്യേകതയാണത്. ലോകത്തെ ഏറ്റവും വലിയ പിശുക്കൻ തിരുനബി (സ)യുടെ പേര് കേൾക്കുമ്പോൾ സ്വലാത്ത് ചൊല്ലാത്തവനാണ്. വിശുദ്ധ നബി (സ) പറയുന്ന ഒരു ഹദീസ് നോക്കൂ. പുണ്യ നബി പറയുന്നു: "എന്നെക്കുറിച്ച് പറഞ്ഞിട്ട് എൻ്റെ പേരിൽ സ്വലാത്ത് ചൊല്ലാത്തവന്റെ മൂക്ക് മണ്ണടിഞ്ഞു പോകട്ടെ."(രിയാളുസ്വാലിഹീൻ-ഹ:1400)
മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം. പുണ്യ നബി (സ)പറഞ്ഞു "എന്നെക്കുറിച്ച് പറയപ്പെട്ടിട്ട് എൻ്റെ പേരിൽ സ്വലാത്ത് ചൊല്ലാത്തവനാണ് പിശുക്കൻ."(രിയാളുസ്വാലിഹീൻ-ഹ:1404)
പുണ്യ ഹബീബിന്റെ മേലിൽ സ്വലാത്ത് വർദ്ധിപ്പിച്ചാൽ ദോഷങ്ങൾ പൊറുക്കപ്പെടുകയും സർവ്വ വിഷമങ്ങളും പരിഹരിക്കപ്പെടുകയും ചെയ്യുമെന്ന് പ്രസിദ്ധമായ ഒരു ഹദീസിൽ നമുക്ക് കാണാൻ സാധിക്കുന്നതാണ്. ഉബയ്യ്ബ്നു കഅ്ബി(റ)നിന്ന് റിപ്പോർട്ട് ചെയ്യുന്നു. 'രാത്രിയുടെ മൂന്നിലൊന്ന് കഴിഞ്ഞാൽ പുണ്യ നബി(സ) ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുമായിരുന്നു. ഒരിക്കൽ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റതിനുശേഷം പുണ്യ നബി(സ) പറഞ്ഞു: "മനുഷ്യരെ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. കാഹളത്തിലുള്ള ഒന്നാമത്തെ ഊത്ത് വന്നു കഴിഞ്ഞു. രണ്ടാമത്തെ ഊത്തും അതിനെ തുടർന്ന് വരുന്നതാണ്. മരണം അതിന്റെ കാഠിന്യത്തോടെ ആസന്നമായി കഴിഞ്ഞിരിക്കുന്നു." ഉബയ്യ്ബ്നു കഅ്ബ്(റ) പറയുകയാണ്. ഞാൻ പറഞ്ഞു: "അല്ലാഹുവിൻറെ ദൂതരേ ഞാൻ അങ്ങയുടെ പേരിൽ ധാരാളം സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുന്നു. അങ്ങേയ്ക്ക് ഞാൻ എത്ര സ്വലാത്താണ് ചൊല്ലേണ്ടത്?." പുണ്യ നബി പറഞ്ഞു: "നീ ഉദ്ദേശിച്ചത്" ഞാൻ ചോദിച്ചു: "നാലിൽ ഒന്നായാലോ?" അപ്പോഴും പുണ്യ നബി (സ) പറഞ്ഞു: "നീ ഉദ്ദേശിച്ചത്. അതിൽ കൂടുതൽ നീ ചെയ്യുകയാണെങ്കിൽ അത് നിനക്ക് നല്ലത് തന്നെ". ഞാൻ ചോദിച്ചു: "നേർ പകുതിയായാലോ?" അപ്പോഴും പുണ്യ നബി (സ) പറഞ്ഞു: "നീ ഉദ്ദേശിച്ചത്. അതിനേക്കാൾ നീ വർദ്ധിപ്പിക്കുകയാണെങ്കിൽ അതാണ് നിനക്ക് ഉത്തമം. ഞാൻ ചോദിച്ചു: "മൂന്നിൽ രണ്ട് ഭാഗമായാലോ?" അപ്പോഴും പുണ്യ നബി (സ) പറഞ്ഞു: "നീ ഉദ്ദേശിച്ചത്. നീ കൂടുതൽ ചെയ്യുകയാണെങ്കിൽ അതാണ് നിനക്ക് ഉത്തമം. ഞാൻ പറഞ്ഞു: എങ്കിൽ എന്റെ എല്ലാ പ്രാർത്ഥനയും ഞാൻ അങ്ങേയ്ക്ക് വേണ്ടി തിരിക്കുന്നു." അപ്പോൾ പുണ്യ നബി (സ) പറഞ്ഞു: "എങ്കിൽ നിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും നിന്റെ പാപങ്ങൾ പൊറുക്കപ്പെടുകയും ചെയ്യും".(രിയാളുസ്വാലിഹീൻ-ഹ: 580).
സ്വലാത്ത് ഹൃദയത്തിന്റെ വെളിച്ചമാണ്. ഖബറിലെ പ്രകാശമാണ്. സ്വിറാത്വിലെ പ്രഭയാണ്. അല്ലാഹുവിൽ എത്തിച്ചേരാനുള്ള ചവിട്ടുപടിയാണ്. ആദം (അ) നബിക്ക് സുജൂദ് ചെയ്യുന്നതിന് തുല്ല്യമാണ് പുണ്യ നബിയുടെ മേൽ സ്വലാത്ത് ചൊല്ലൽ.
പുണ്യ നബി (സ) തങ്ങളുടെ മേലിൽ സ്വലാത്തും സലാമും ചൊല്ലൽ സർവ്വ മുഅ്മിനീങ്ങളുടെ മേലിലും നിർബന്ധമാണെന്ന് പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട്. എവിടെയാണ് നിർബന്ധമെന്നതിൽ വ്യത്യസ്തമായ വീക്ഷണമാണ് അവർക്കുള്ളത്. ഇമാം മാലിക്ക് (റ)ന്റെ അഭിപ്രായപ്രകാരം ആയുസ്സിൽ ഒരു പ്രാവശ്യമെങ്കിലും സ്വലാത്തും സലാമും ചൊല്ലണം. എല്ലാ നിസ്കാരത്തിലും അവസാനത്തെ അത്തഹിയ്യാത്തിൽ നിർബന്ധമാണെന്നാണ് ഇമാം ശാഫി(റ) ന്റെ കാഴ്ചപ്പാട്. സർവ്വ സദസ്സുകളിലും ഒരു പ്രാവശ്യമെങ്കിലും സ്വലാത്തും സ്വലാത്തും സലാമും ചൊല്ലണമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.
പുണ്യ നബിയുടെ പേര് പറയപ്പെടുമ്പോഴും അല്ലാത്തപ്പോഴും ധാരാളം സ്വലാത്ത് ചൊല്ലണമെന്ന് പറഞ്ഞ ആലിമീങ്ങളുണ്ട്. മറ്റു ദിക്കറുകളിൽ നിന്നെല്ലാം പവിത്രമായതാണ് സ്വലാത്ത്. അത് കൊണ്ട് തന്നെ സ്വലാത്തിലൂടെ അല്ലാഹുവിൽ എത്തിച്ചേരാൻ കഴിയും. ഒരാൾ പുണ്യനബിയിലേക്ക് സ്വലാത്ത് ചെല്ലുമ്പോൾ ആ തിരുസവിധത്തിൽ അത് കാണിക്കപ്പെടുകയും അവിടുന്ന് തിരിച്ചും സ്വലാത്ത് ചൊല്ലുമെന്നും ശൈത്വാന്റെ പ്രവേശനത്തിന് സാധ്യത കൂടുതലായതുകൊണ്ട് മറ്റൊരു ദിക്റുകൾക്ക് ശൈഖ് അത്യാവശ്യമാണെന്നും എന്നാൽ ശൈത്വാനിന് കടന്നു വരാൻ തീരെ സാധിക്കാത്ത അമൂല്യ ദിക്റാണ് സ്വലാത്തെന്നും ആരിഫീങ്ങൾ പറഞ്ഞിട്ടുണ്ട്. (ഹാശിയത്തുസ്വാവി - അഹ്സാബ്-57).
സ്വലാത്തിന്റെ വാചകങ്ങൾ നിരവധിയാണ്. ഇന്ന വാചകം മാത്രമേ ഉപയോഗിക്കാവൂ എന്ന് കണക്കാക്കപ്പെട്ടിട്ടില്ല. പുണ്യ നബിയുടെ മേൽ സ്വലാത്ത് ചൊല്ലാൻ മാത്രമാണ് ഖുർആനിലെ നിർദ്ദേശം. പുണ്യ നബിയുടെ കുടുംബത്തിന്റേയും സഹാബാക്കളെയും ഉൾക്കൊള്ളിച്ച പദങ്ങളാണ് ഏറ്റവും ഉത്തമമായ സ്വലാത്തിന്റെ വാചകം. ഏതു പദം ഉപയോഗിച്ചും തിരുത്വാഹാ(സ) തങ്ങളുടെ മേലിൽ സ്വലാത്ത് ചൊല്ലാവുന്നതാണ്. ചില നവീന ആശയക്കാർ നിരവധി സ്വലാത്തിനെ എതിർക്കാൻ വേണ്ടി ഹദീസുകളിൽ വന്നത് മാത്രമാണ് പ്രതിഫലാർഹമെന്ന് പ്രചരിപ്പിക്കുന്നുണ്ട്. അതിൽ വഞ്ചിതരാവരുത്.
(ഹാശിയത്തുസ്വാവി, അൽ ജവാഹിറുൽ ജലിയ്യ. ഉസ്താദ് ബഷീർ ഫൈസി ചീക്കോന്ന്)
Post a Comment