അതിരുവിടുന്ന വിനോദയാത്രകൾ, അല്ലാഹുവിനെ മറക്കുന്ന ഉല്ലാസങ്ങൾ

പ്രപഞ്ചവും അതിലെ സകലമാന വിഭവങ്ങളും മനുഷ്യന് വേണ്ടി സംവിധാനിക്കപ്പെട്ടതാണെന്നത് ഇസ്‌ലാമിക മതം. മനുഷ്യന് അത്യാവശ്യത്തിനും ആവശ്യത്തിനും അലങ്കാരത്തിനും ഉപയോഗിക്കാവുന്നവയെല്ലാം അതില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്നു. പക്ഷെ, പുഴകളും അരുവികളും, പര്‍വതങ്ങളും കുന്നുകളും മരങ്ങളും ചെടികളും കേവലം വിഭവങ്ങള്‍ പ്രദാനം ചെയ്യാന്‍ മാത്രമായിരുന്നെങ്കില്‍ പിന്നെ അവയെല്ലാം ഇത്ര സുന്ദരവും, ആകര്‍ഷകവുമായ രൂപത്തില്‍ എന്തിന് സംവിധാനിക്കപ്പെട്ടു?

 ഇവിടെയാണ് ഇവയെല്ലാം മറ്റൊരു തലത്തില്‍ കൂടി മനുഷ്യന് പ്രയോജനകരമാണെന്ന് നാം മനസ്സിലാക്കുന്നത്. അവ ഉല്‍പാദിപ്പിക്കുന്ന ഫലങ്ങളും വിഭവങ്ങളും മാത്രമല്ല, അവ സൃഷ്ടിക്കുന്ന അന്തരീക്ഷവും പ്രകൃതിയും ചുറ്റുപാടും മനുഷ്യന് ആസ്വദിക്കാനും ആനന്ദിക്കാനുമുള്ള ദൈവികവരദാനമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”തങ്ങള്‍ക്ക് മേലുള്ള ആകാശത്തെ എങ്ങനെയാണ് നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന് അവര്‍ നോക്കുന്നില്ലേ? അതിന് യാതൊരു വിടവ് പോലും ഇല്ല. ഭൂമിയെ നാം വിശാലമാക്കുകയും അവയില്‍ പര്‍വതങ്ങള്‍ സ്ഥാപിക്കുകയും മനോഹരവും ഇണകളുളളതുമായ വിധത്തില്‍ നാം അവയില്‍ ചെടികള്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.” (ഖാഫ് 6)

ദൈവത്തിന്റെ ദൃഷ്ടാന്തങ്ങളും പൂര്‍വകാല സമൂഹങ്ങളുടെ ശേഷിപ്പുകളും കാണുന്നതിനും ഗുണപാഠമുള്‍ക്കൊള്ളുന്നതിനുമുള്ള യാത്രകളെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ ഒട്ടേറെ വചനങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്. ദൈവിക ദൃഷ്ടാന്തങ്ങള്‍ ദര്‍ശിക്കാനും, വരദാനങ്ങള്‍ ഗ്രഹിക്കാനും യാത്ര പോവുന്നതിനെ വിശുദ്ധ ഖുര്‍ആനില്‍ ഒരുപാടിടങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നത് സുവിദിതമാണല്ലോ. പ്രസ്തുത യാത്രകള്‍ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തെക്കുറിച്ച് കൂടുതല്‍ ബോധ്യം ഹൃദയത്തിന് പകര്‍ന്ന് നല്‍കാനും അതു മുഖേന അല്ലാഹുവിന് നന്ദി പ്രകടിപ്പിക്കാനും പ്രചോദകമാവേണ്ടതുണ്ട്.
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ദര്‍ശിക്കാനും നിഷേധികളുടെ ദുരന്തങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളാനും മാത്രമല്ല മറിച്ച് ലോകത്തിലെ വിവിധങ്ങളായ ദൈവിക വരദാനങ്ങളെ എങ്ങനെ ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്താം എന്ന ലക്ഷ്യവും വിശ്വാസിയുടെ യാത്രക്ക് ഉണ്ടായിരിക്കേണ്ടതാണ്. നബി തിരുമേനി (സ) തന്റെ മക്കാ കാലഘട്ടത്തില്‍ അത്തരത്തിലുള്ള പല യാത്രകള്‍ നടത്തിയതായും അനുചരരെ ലോകത്തിന്റെ പല ഭാഗങ്ങല്‍ലേക്കും നിയോഗിച്ചതായുമുള്ള സംഭവങ്ങള്‍ പ്രസിദ്ധമാണ്. 

മഹത്തായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നിര്‍ദേശിക്കപ്പെട്ട ഒരു കാര്യം എത്രത്തോളം ദുരുപയോഗപ്പെടുത്താമെന്നതിന് തെളിവാണ് നിലവിലെ സാമൂഹിക സംവിധാനത്തിലെ വിനോദയാത്രകള്‍. നമ്മുടെ ഉല്ലാസയാത്ര നിഷിദ്ധമാക്കപ്പെട്ട സകല നിയമങ്ങളും അനുവദനീയമാക്കാനും പരമാവധി ആര്‍മാദിച്ച് ദൈവ നിഷേധപ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള സംവിധാനമായാണ് പലരും മനസ്സിലാക്കുന്നത്.
വാര്‍ദ്ധക്യത്തില്‍ കഷ്ടപ്പെടുന്ന മാതാപിതാക്കളില്‍ നിന്ന് രക്ഷയായും അവരുടെ ശല്യത്തില്‍ നിന്ന് മോചനമായും വിനോദയാത്രയെ അവലംബിക്കുന്ന സന്താനങ്ങള്‍ സമൂഹത്തില്‍ കുറവല്ല.

 കുടുംബത്തില്‍ മാന്യമായ വസ്ത്രധാരണം നടത്തി ജീവിക്കുന്ന പല വീട്ടമ്മമാര്‍ക്കും തങ്ങളുടെ സൗന്ദര്യവും ആര്‍ഭാടവും വെളിവാക്കാന്‍ വിനോദ യാത്രകളെ ഉപയോഗിക്കുന്നവരുമുണ്ട്.
ഇസ്‌ലാമിക ശരീഅത്തിന്റെ നിയമങ്ങള്‍ കാറ്റില്‍ പറത്തി ആസ്വാദനത്തിന്റെയും ആനന്ദത്തിന്റെയും പേരില്‍ അന്യ പുരുഷന്‍മാരുള്‍പ്പെടെയുള്ള വേദികളില്‍ വിനോദത്തിലേര്‍പെടുകയും ആഘോഷിക്കുകയും ചെയ്യുന്നവരും നമ്മുടെ സമൂഹത്തില്‍ ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
സന്താനങ്ങളുടെ കാര്യവും ഇതില്‍ നിന്നും ഭിന്നമല്ല. രക്ഷിതാക്കളുടെ മേല്‍നോട്ടമില്ലാതെ കൗമാരക്കാരായ വിദ്യാര്‍ഥികളെ വിനോദയാത്രക്കയക്കുന്നതും തങ്ങളുടെ യൗവനം തോന്നിയത് പോലെ ആസ്വദിക്കാന്‍ അവര്‍ക്ക് അവസരമൊരുക്കുന്നതും നാം നിസ്സാരമായി അവഗണിക്കുന്ന ഗുരുതരമായ വീഴ്ച തന്നെയാണ്. നമ്മുടെ വിദ്യാര്‍ഥികളുടെ ധാര്‍മികജീവിതം കവര്‍ന്നെടുക്കുന്ന സാഹചര്യമാണ് ഇത് മുഖേന സൃഷ്ടിക്കപ്പെടുന്നതെന്ന് നാം മനസ്സിലാക്കുന്നില്ല.

നിര്‍ബന്ധമായ ഉത്തരവാദിത്തങ്ങള്‍ ഉപേക്ഷിച്ച് കേവലം അനുവദനീയമായ കര്‍മം നിര്‍വഹിക്കുന്നതിന് യാതൊരു ന്യായവുമില്ല. പരിചരണം ചുമതലയിലുള്ള മാതാപിതാക്കളുണ്ടായിരിക്കെ അവരെ അവഗണിച്ച് കൊണ്ടോ, നിസ്‌കാരം പോലുള്ള ആരാധനകളെ മാറ്റിവെച്ച് കൊണ്ടോ വിനോദ യാത്രകള്‍ നടത്താവതല്ല.

യാതൊരു കാരണവുമില്ലാതെ നിസ്കാരം അഴകി കളയുന്നത് വൻ ദോഷമാണ്.
ഖുർആൻ പറയുന്നു: 
فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيًّا * إِلَّا مَنْ تَابَ وَآمَنَ وَعَمِلَ صَالِحًا فَأُولَئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ شَيْئًا
“എന്നിട്ട് അവര്‍ക്കൊരു പിന്‍തലമുറയുണ്ടായി. നമസ്‌കാരം പാഴാക്കുകയും ദേഹേച്ഛകള്‍ പിന്തുടരുകയുമാണവര്‍ ചെയ്തത്. തന്നിമിത്തം ആ ദുര്‍മാര്‍ഗഫലം അവര്‍ കണ്ടെത്തും. എന്നാല്‍ പശ്ചാത്തപിക്കുകയും സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മമനുഷ്ഠിക്കുകയും ചെയ്തവരിങ്ങനെയല്ല അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും; - ഒരുവിധ അനീതിയും അവരോടനുവര്‍ത്തിക്കപ്പെടില്ല .”
(സൂറ: മർയം)

ഖുർആൻ മറ്റൊരു സ്ഥലത്ത് പറയുന്നു:

مَا سَلَكَكُمْ فِي سَقَرَ * قَالُوا لَمْ نَكُ مِنَ الْمُصَلِّينَ
وَلَمْ نَكُ نُطْعِمُ الْمِسْكِينَ ﴿٤٤﴾ وَكُنَّا نَخُوضُ مَعَ الْخَائِضِينَ ﴿٤٥﴾ وَكُنَّا نُكَذِّبُ بِيَوْمِ الدِّينِ ﴿٤٦﴾ حَتَّىٰ أَتَانَا الْيَقِينُ 
“നിങ്ങളെ നരകത്തില്‍ കടത്തിയത് എന്തു നിലപാടാണെന്ന്. അവര്‍ പ്രതികരിക്കും: ഞങ്ങള്‍ നമസ്‌കാരം നിലനിര്‍ത്തുന്നവരുടെ ഗണത്തിലാവുകയോ അഗതികള്‍ക്ക് ഭക്ഷണം കൊടുക്കുകയോ ചെയ്തില്ല. പാപകൃത്യങ്ങളില്‍ വിലയിച്ചിരുന്നവരോടൊപ്പം ഞങ്ങളും മുഴുകുകയും അന്ത്യനാളിനെ നിഷേധിക്കുകയും ചെയ്തു. അങ്ങനെ കഴിയവെ ഞങ്ങള്‍ക്ക് മരണം വന്നെത്തി.”
(സൂറ: അൽ മുദ്ദസ്സിർ)