പിളർപ്പുകളും തുടർപ്പിളർപ്പുകളും പരിഹാസ്യമായ ആശയ വിതണ്ഡവാദങ്ങളും കാലഹരണപ്പെട്ട ഒരവസ്ഥയിലേക്ക് മുജാഹിദ് പ്രസ്ഥാനത്തെ കൊണ്ടുപോയി, താൻ പൂർണ്ണമായും മുജാഹിദ് മതം വിട്ടെന്ന് മുജീബ് റഹ്മാൻ കിനാലൂർ

“മുജാഹിദ്‌ സംഘടന പതുക്കെ സലഫിവൽകരിക്കപ്പെടുകയും സലഫിസത്തിന്റെ യാഥാസ്ഥികത അതിനെ വിഴുങ്ങുകയും ചെയ്തു. മുജാഹിദിൽ പിളർപ്പ്‌ ഉണ്ടാക്കിയപ്പോൾ താരത്മ്യേന സലഫി മുക്ത മുജാഹിദിന്റെ കൂടെ നിന്നു. എന്നാൽ തുടർപ്പിളർപ്പുകളും പരിഹാസ്യമായ ആശയ വിതണ്ഡവാദങ്ങളും കാലഹരണപ്പെട്ട ഒരവസ്ഥയിലേക്കാണ് അതിനെ കൊണ്ടുപോയത്‌.”
വിദ്യാർത്ഥി പ്രസ്ഥാനമായ എം എസ്‌ എം, യുവജന വിഭാഗമായ ഐ എസ്‌ എം എന്നിവയുടെ സംസ്ഥാന പ്രസിഡന്റ്‌ പദവികൾ വഹിച്ചിരുന്ന മുജീബ് റഹ്മാൻ കിനാലൂർ പൂർണമായും മുജാഹിദ് മതം വിട്ടതായി തൻറെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രഖ്യാപിച്ചു.


ഫേസ്ബുക്ക് പോസ്റ്റ് താഴെ

ഇന്ന് മെയ്‌ ദിനം.
എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസം കൂടിയാണിന്ന്. എന്റെ ഔദ്യോഗിക ജന്മദിനം!. യഥാർത്ഥത്തിൽ ജനുവരി 24 ആണ് എന്റെ ജന്മദിനം എന്നാണ് ഉമ്മയുടെ കണക്ക്‌. എന്നാൽ സ്കൂൾ രേഖകളിൽ മെയ്‌ ഒന്നാണ്. 

പണ്ടൊക്കെ അങ്ങനെ ആണല്ലൊ. സ്കൂളിൽ ചേർക്കുമ്പോൾ ബർത്ത്‌ സർട്ടിഫിക്കറ്റ്‌ ഒന്നും ആരും ചോദിക്കുകയോ ഹാജരാക്കുകയോ ചെയ്യാറില്ല. അപ്പോൾ സ്കൂളിൽ പ്രവേശിപ്പിക്കുന്ന ദിവസം കണക്കാക്കി ഹെഡ്‌മാസ്റ്റർ ഒരു തിയ്യതി എഴുതും. രേഖപ്പെട്ട ദിനം ഔദ്യോഗിക ജന്മദിനമാകും. 

അങ്ങനെ മെയ്‌ 1 എന്റെ ജന്മനാളായി. ഈ ജന്മദിനം അമ്പതിന്റെ നിറവിലാണ് എന്ന പ്രത്യേകത കൂടിയുണ്ട്‌. എന്നുകരുതി പ്രായമായി എന്ന് ആരും തെറ്റിദ്ധരിക്കേണ്ട. ഞാൻ സമ്മതിച്ച്‌ തരികയുമില്ല. മനസ്സ്‌ ഇപ്പോഴും യൗവനത്തിൽ തന്നെയാണ്. അല്ലെങ്കിലും ഈ വയസ്സ്‌ ഒക്കെ വെറും നമ്പറുകൾ ആണെന്നല്ലേ മയക്കോവ്സ്‌കി പറഞ്ഞത്‌ 😉(പുള്ളി അങ്ങനെ പറഞ്ഞോ 🤔)

ഒരു സിനിമയിലെ സീനുകൾ എന്ന പോലെ ജീവിച്ച അര നൂറ്റാണ്ട്‌ കാലം മനസ്സിലൂടെ മിന്നി മറയുമ്പോൾ ഞാൻ തന്നെ അമ്പരപ്പോടെയാണ് കാണുന്നത്‌. എന്തെല്ലാം വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞ അനുഭവങ്ങൾ!. ഒരു ചെറിയ ആയുസ്സിനുള്ളിൽ എന്തെന്ത്‌ വേഷങ്ങളാണ് നാം ആടിത്തിമർക്കുന്നത്‌!. 

നാം അണിയുന്ന വേഷങ്ങളിൽ പലതും കാലവും സാഹചര്യവും സാമൂഹിക ബന്ധങ്ങളുമെല്ലാം നമ്മിൽ ചാർത്തി തരുന്നതാണ് എന്നതല്ലേ വാസ്തവം?. ജന്മം പോലും നമ്മുടെ ഇഷ്ടപ്രകാരം സംഭവിച്ചതല്ല എന്ന പോലെ ജീവിതവും പൂർണമായും നമ്മുടെ ഇഷ്‌ട പ്രകാരം സംഭവിക്കുന്നതല്ല. പല ഘട്ടങ്ങളിലും നമ്മുടെ മനസാക്ഷിയോട്‌ പൂർണ്ണമായും നീതി പുലർത്താൻ കഴിഞ്ഞിട്ടുണ്ടാകണമെന്നില്ല. 

സത്യസന്ധമായി പറഞ്ഞാൽ, സമൂഹം, മതം, പ്രസ്ഥാനം, കുടുംബം തുടങ്ങിയ ബാഹ്യഘടകങ്ങൾ തയ്ച്ച്‌ തന്ന ഒരു മേൽക്കുപ്പായമല്ലേ നമ്മുടെ വ്യക്തിത്വം?. 
സ്വന്തം അഭിപ്രായങ്ങളെ, ഇഷ്ടങ്ങളെ, ആഗ്രഹങ്ങളെ അമർത്തി വെച്ചല്ലേ ആ മേൽക്കുപ്പായത്തിനകത്ത്‌ നാം പുലരുന്നത്‌?. സ്വന്തത്തോട്‌ നീതി പുലർത്തുന്ന ആർക്കും അതേ എന്നെ മറുപടി പറയാനാകൂ എന്ന് ഞാൻ കരുതുന്നു.

അപ്പോൾ യഥാർത്ഥ വ്യക്തിത്വം പുറത്ത്‌ കാണിക്കാതെ, മറ്റുള്ളവർ ഉണ്ടാക്കി തന്ന പ്രതിച്ഛായയിൽ ജീവിക്കുന്നത്‌ കാപട്യമല്ലേ എന്ന് ചോദിക്കാം. അല്ലെന്നാണ് എന്റെ ഉത്തരം. നമ്മുടെ സമൂഹത്തിൽ വ്യക്തികൾക്ക്‌ പൂർണ സ്വാതന്ത്ര്യത്തിൽ ജീവിക്കാനാവില്ല. അതാണ് പ്രാക്റ്റിക്കൽ റിയാലിറ്റി. സമൂഹത്തെ കൂടി പരിഗണിച്ച്‌, നമ്മുടെ ഇഷ്ടങ്ങളും സന്തോഷങ്ങളും കണ്ടെത്താനേ കഴിയൂ. 

ബാല്യം തൊട്ടു തന്നെ ഞാൻ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ആ സംഘടനയുടെ കയറ്റിറങ്ങൾ എന്റെ ജീവിതത്തെ കൂടി ബാധിച്ചു കൊണ്ടിരുന്നു. ബാലവേദി മുതൽ ആ സംഘടനയുടെ ഭാഗമായിരുന്ന ഞാൻ മറ്റൊരു രാഷ്ട്രീയ, മത സംഘടനകളിലും പ്രവർത്തിച്ചിട്ടില്ല. എന്റെ നാട്ടിൽ മറ്റ്‌ മത സംഘടനകൾ ഇല്ലാത്തത്‌ കൊണ്ടും നാട്ടുകാരായ, പ്രസ്ഥാനത്തിന്റെ അന്നത്തെ ചില നേതാക്കൾ എന്നിൽ എന്തോ ചില നേതൃഗുണങ്ങളോ പ്രതിഭയോ കണ്ടതു കൊണ്ടും എന്നെ അതിലേക്ക്‌ നയിക്കുക ആയിരുന്നു. 

മുജാഹിദ്‌ സംഘടനയുടെ ഏറ്റവും നല്ല കാലത്താണ് ഞാൻ അതിലേക്ക്‌ ആകൃഷ്‌ടനായത്‌. അന്ന് വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തനങ്ങൾ ഏറെ സർഗാത്മകമായിരുന്നു. മറ്റ്‌ മുസ്ലിം സംഘടനകളോട്‌ തർക്കിച്ചും വാദിച്ചും മുന്നേറിയ ഒരു തലം മുജാഹിദ്‌ സംഘടനക്ക്‌ ഉള്ള പോലെ സാഹിത്യത്തോടും സർഗാത്മകതയോടും കലകളോടുമെല്ലാം ക്രിയാത്മകമായി സംവദിച്ച ഒരു തലവും അതിന്ന് ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ച്‌ ആ തലമായിരുന്നു പ്രധാനം. 

വിദ്യാർത്ഥി പ്രസ്ഥാനമായ എം എസ്‌ എം, യുവജന വിഭാഗമായ ഐ എസ്‌ എം എന്നിവയുടെ സംസ്ഥാന പ്രസിഡന്റ്‌ പദവികൾ വരെ എന്നിൽ വന്ന് ചേർന്നു. പ്രസ്ഥാനത്തെ കൂടുതൽ കാലോചിതമാക്കാനും സമൂഹവുമായി സർഗാത്മകമായി സംവദിക്കാൻ പ്രാപ്‌തമാക്കാനുമാണ് എന്റെ നേതൃകാലത്ത്‌ ശ്രദ്ധിച്ചത്‌. ( അതൊക്കെ വളരെ വിശദമായി പറയാനുണ്ട്‌).

മുജാഹിദ്‌ സംഘടന പതുക്കെ സലഫിവൽകരിക്കപ്പെടുകയും സലഫിസത്തിന്റെ യാഥാസ്ഥികത അതിനെ വിഴുങ്ങുകയും ചെയ്യുമ്പോൾ അതിനകത്ത് നിന്ന്,‌ കഴിയുമ്പോലെ പ്രതിരോധിക്കാൻ ശ്രമിച്ചിട്ടുണ്ട്‌ എന്നതിൽ ചാരിതാർത്ഥ്യമുണ്ട്‌. ആ ശ്രമങ്ങൾ മുജാഹിദിൽ പിളർപ്പ്‌ ഉണ്ടാക്കിയപ്പോൾ താരത്മ്യേന സലഫി മുക്ത മുജാഹിദിന്റെ കൂടെ നിന്നു. എന്നാൽ തുടർപ്പിളർപ്പുകളും പരിഹാസ്യമായ ആശയ വിതണ്ഡവാദങ്ങളും കാലഹരണപ്പെട്ട ഒരവസ്ഥയിലേക്കാണ് അതിനെ കൊണ്ടുപോയത്‌.

മുജാഹിദ്‌ പ്രസ്ഥാനത്തിനകത്ത്‌ പ്രവർത്തിക്കുമ്പോൾ തന്നെ പ്രസ്ഥാനം മുന്നോട്ട്‌ വെക്കുന്ന പ്രമേയങ്ങളിൽ പല സന്ദേഹങ്ങളും എനിക്ക്‌ ഉണ്ടായിരുന്നു. നവോത്ഥാന പ്രസ്ഥാനം എന്ന അവകാശവാദം ഉൾപ്പെടെ അതിന്റെ അമിതമായ ശ്രേഷ്ഠവാദങ്ങൾ പൊള്ളയാണെന്ന് പിന്നീട്‌ ബോധ്യമായി. ഒരേ ഒരു ശരി, ബാക്കിയുള്ള വിഭാഗങ്ങൾ പിഴച്ചവർ എന്ന സലഫിസത്തിന്റെ ലളിത യുക്തി എനിക്ക്‌ തീരേ ദഹിക്കുന്നതായിരുന്നില്ല. ഇത്തരം അവകാശവാദങ്ങളെ വിയോജിക്കുന്നവരും വിമർശനാത്മകമായി കാണുന്നവരും അന്നും ഇന്നും പ്രസ്ഥാനത്തിനകത്ത്‌ ഉണ്ട്‌ എന്നുതന്നെയാണ് ഞാൻ കരുതുന്നത്‌. 

മൂന്ന് പതിറ്റാണ്ട്‌ കാലം നീണ്ട എന്റെ മുജാഹിദ്‌ ജീവിതം പൂർണ്ണമായും അവസാനിച്ചപ്പോൾ, എനിക്ക്‌ നഷ്ട ബോധമോ നിരാശയോ ഇല്ല. ആത്മസംഘർഷങ്ങളിൽ നിന്ന് മോചിതമായി കുറേകൂടി സമാധാനമുള്ള ഒരു ജീവിതത്തിലേക്ക്‌ എത്താൻ, ആ യാത്ര എന്നെ സഹായിച്ചു എന്നാണെന്റെ വിശ്വാസം. 

പ്രസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോൾ എന്റെ അറിവുകളും കഴിവുകളും അതിന്ന് സമർപ്പിച്ചിട്ടുണ്ട്‌. തിരിച്ച്‌ എന്റെ വളർച്ചയിൽ പ്രസ്ഥാനവും പല അവസരങ്ങൾ നൽകിയിട്ടുണ്ട്‌. 
ആശയ രംഗത്ത്‌ മുജാഹിദ്‌ പ്രസ്ഥാനം നൽകിയ ഏറ്റവും വിലപ്പെട്ട സംഭാവന, ഒന്നും അന്ധമായി വിശ്വസിക്കരുത്‌ എന്ന അതിന്റെ സന്ദേശമാണ്. മത പ്രമാണങ്ങളെ പോലും യുക്തി ബോധത്തോടെ സമീപിക്കുന്ന ഒരു രീതിശാസ്ത്രം അതിലുണ്ട്‌. എന്നാൽ ആ യുക്തി ബോധം സെലക്റ്റീവ്‌ ആകുമ്പോൾ മാത്രമേ മുജാഹിദ്‌ ആയി നിൽക്കാൻ കഴിയൂ എന്നത്‌ മറ്റൊരു ഐറണി. സലഫിവൽക്കരിക്കപ്പെട്ട മുജാഹിദിലാകട്ടെ, യുക്ത്യധിഷ്ഠിത വിശകലനങ്ങൾ തന്നെ അസംബന്ധമാണ്.

പുതിയ ബോധ്യങ്ങളിലേക്കുള്ള പ്രയാണത്തിലൂടെ പഴയ കാലത്തെ തിയോളജിക്കൽ ജാർഗണുകളിൽ നിന്ന് സ്വയം വിച്ഛേദിക്കാൻ എനിക്കായി. ഒരു സാധാരണ മനുഷ്യ ജീവിയുടെ സന്തോഷ സന്താപങ്ങളും വിചാര വികാരങ്ങളും അനുഭവിച്ചും ആസ്വദിച്ചും മുന്നോട്ടു പോകാൻ എനിക്ക്‌ ഇപ്പോൾ സാധിക്കുന്നുണ്ട്‌. മായാലോകത്ത്‌ നിന്ന് യാഥാർത്ഥ്യ ബോധത്തിൽ വന്നു ചേർന്ന ഒരു പ്രതീതിയാണത്‌. 

ഈ ജീവിത യാത്രയിൽ ഒരുപാട്‌ പേരെ പരിചയപ്പെടാൻ കഴിഞ്ഞു. അതിൽ വളരെ അടുത്ത സുഹൃത്തുക്കൾ, ഒരുപക്ഷെ ആശയപരമായ വിയോജിപ്പുകളോടെ തന്നെ കൂടെയുണ്ട്‌. പലരും സൗഹൃദത്തിൽ നിന്ന് അകന്നു പോയി. ആശയവും ആദർശവും, അടുപ്പത്തിന്റെയും അകലത്തിന്റെയും മാനദണ്ഡമാക്കുമ്പോൾ അത്‌ സ്വാഭാവികമാണ്. അതിൽ ആരോടും പരിഭവമില്ല. 

എന്റെ ബോധ്യങ്ങൾ മാത്രമാണ് അന്തിമ ശരി, അതിലേക്ക്‌ എല്ലാവരും എത്തണം എന്ന ഒരാഗ്രഹമോ വിചാരമോ അശേഷം ഇല്ല. എന്റെ ജീവിതം ഒരു അന്വേഷണ യാത്രയാണ്. ആ യാത്ര തുടരും. മുമ്പത്തെ പോലെ ഒരു സുന്ദര സുമോഹന ലോകം ഉണ്ടാക്കിക്കളയാം എന്ന മോഹചിന്തയുമില്ല. ആർക്കും ദ്രോഹം ചെയ്യാനിട വരാതെ, മറ്റ്‌ മനുഷ്യരെ കുറിച്ച്‌ വിധി പറയാതെ ജീവിച്ച്‌ പോകണം. എന്റെ നൈതിക ബോധ്യങ്ങൾ എന്റെ ശരി ആണെന്ന പോലെ മറ്റുള്ളവർക്കും അങ്ങനെ ആണെന്ന് വക വെച്ച്‌ കൊടുക്കാനുള്ള വിനയത്തിൽ നിന്ന് വ്യതിചലിക്കാതെ കരുതണം. 

യൗവനം മുഴുക്കെ ഓവർടൈം പണികൾ ആയിരുന്നല്ലൊ. അതിനിടയിൽ ജീവിക്കൻ മറന്ന് പോയിരുന്നു. ജീവിതത്തിന്ന് കുളിരും പ്രസന്നതയും നൽകുന്ന പലതും നഷ്ടമായിരുന്നു. തിരക്കുകളിൽ നിന്നുള്ള ആശ്വാസം ജീവിതം ത്രസിപ്പിക്കുന്നുണ്ടിപ്പോൾ. ഇനിയും കഴിയുന്നത്ര ജീവിതം ആസ്വാദ്യമാക്കണം. അതിൽ കൂടുതൽ വലിയ ആഗ്രഹങ്ങളൊന്നുമില്ല.

എന്നെ സ്നേഹത്തൊടെ ചേർത്ത്‌ പിടിക്കുന്ന കുറേ അധികം ആളുകളുണ്ട്‌. അവരാണ് ജീവിതത്തിന് കരുത്തും ഊർജ്ജവും നൽകുന്നത്‌. സ്നേഹം എല്ലാവർക്കും ❤️

ഗോൾഡൻ ജൂബിലി ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഉപദേശമൊഴികെ മറ്റ്‌ എല്ലാ സമ്മാനങ്ങളും സ്വീകരിക്കാൻ കൗണ്ടർ ഏർപ്പെടുത്തിയിട്ടുണ്ട്‌. ജീ പെ യായും ബർത്ത്ഡേ വിഷസ്‌ സ്വീകരിക്കപ്പെടും..
😃😃❣️❤️