കച്ചവടം എന്നതില്‍ ഏതെല്ലാമാണ് പെടുന്നത്? വ്യവസായികള്‍ കച്ചവടത്തിന്റെ സകാത് കൊടുക്കേണ്ടതുണ്ടോ?

ഉ: സാധനങ്ങള്‍ വിലകൊടുത്തു വാങ്ങി വിലക്ക് വില്‍ക്കുന്നവനാണ് വ്യാപാരി. വിലകൊടുത്തു വാങ്ങിയ വസ്തുക്കള്‍ അതേ രൂപത്തില്‍ വില്‍ക്കാതെ രൂപവും ഭാവവും മാറ്റി വില്‍പ്പന നടത്തുന്നവനും വ്യാപാരിയാണ്. എണ്ണക്കുരു വാങ്ങി ആട്ടിയശേഷം എണ്ണവില്‍പ്പന നടത്തുന്നവനും നൂല്‍വാങ്ങി വസ്ത്രമുണ്ടാക്കി വില്‍ക്കുന്നവനും വ്യാപാരിയാണ്. പച്ചിരുമ്പ് വാങ്ങി പലവിധ ഉപകരണങ്ങള്‍ നിര്‍മിച്ചു വില്‍ക്കുന്നവനും യൂ ക്കാലിപ്റ്റസ് മരം വാങ്ങി പള്‍പ്പാക്കി വില്‍ക്കുന്നവനും അത് വാങ്ങി തുണി നിര്‍മിച്ച് നല്‍കുന്നവനും തുണി വാങ്ങി കച്ചവടം ചെയ്യുന്നവനുമൊക്കെ സകാത് നിര്‍ബന്ധമാകുന്ന കച്ചവടക്കാരാണ്. കൊല്ലം പൂര്‍ത്തിയാകുമ്പോള്‍ ഇവരുടെ കച്ചവട വസ്തുക്കള്‍ക്ക് സകാതിന്റെ സംഖ്യ തികയുമെങ്കില്‍ സകാത് കൊടുക്കേണ്ടതാണ്. ഹോട്ടല്‍ വ്യാപാരികളുടെയും ബേക്കറി കച്ചവടക്കാരുടെയും സ്ഥിതിയും ഇതുതന്നെ. വസ്തുക്കള്‍ വിലക്കുവാങ്ങി അതുകൊണ്ട് ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചു വിതരണം ചെയ്യുന്ന എല്ലാ വ്യവസായികളും കച്ചവടക്കാരാണ്.
വിലക്കുവാങ്ങാതെ സ്വന്തം വസ്തുക്കള്‍ എടുത്ത് നിര്‍മിച്ച് വില്‍ക്കുന്നവന്‍ സകാത് കൊടുക്കേണ്ട കച്ചവടക്കാരനല്ല. സ്വന്തം വയലിലെ മണ്ണെടുത്ത് ചൂള ശരിയാക്കി ഇഷ്ടിക ചുട്ട് വില്‍പ്പന നടത്തുന്നവന്‍ സകാത് കൊടുക്കേണ്ടതില്ല. അതേസമയം മണ്ണ് വില കൊടുത്തുവാങ്ങി ഓടും ഇഷ്ടികയും നിര്‍മിക്കുന്ന വ്യവസായികള്‍ സകാത് കൊടുക്കണം. മത്സ്യബന്ധനം നടത്തുന്നവര്‍ സകാത് കൊടുക്കേണ്ടതില്ല. പക്ഷേ, അവരില്‍ നിന്നു മത്സ്യം വാങ്ങി വില്‍പ്പന നടത്തുന്നവര്‍ സകാത് കൊടുക്കേണ്ടതാണ്.