ജുമാദൽ ഊലാ മാസത്തിലെ ഒന്നാമത്തെ വെള്ളിയാഴ്ച്ച



       ✍🏼എല്ലാവർക്കും രക്ഷനൽകുന്നവനും മറ്റൊരാളുടെ രക്ഷ ആവശ്യമില്ലാത്തവനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

   മുഹമ്മദ് നബിﷺയുടെയും അവിടത്തെ കുടുംബത്തിന്റെയും അവിടത്തെ അനുചരന്മാരുടെയും മേൽ അല്ലാഹു ﷻ ഗുണം ചെയ്യട്ടെ. 

   *_ജനങ്ങളെ..,_*
   അല്ലാഹുﷻവിനെ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. 

   ദുനിയാവ് പിന്നോട്ട് നീങ്ങുകയും ഒഴിവാവലിനെ കുറിച്ച് അറിയിക്കുകയും ചെയ്തിരിക്കുന്നു. പരലോകം മുന്നോട്ട് വരികയും പ്രത്യക്ഷപ്പെടാറാവുകയും ചെയ്തിരിക്കുന്നു. നഷ്ടലോകത്ത്_ ദുനിയാവിൽ നിന്ന്- ശിഷ്ടലോകത്തേക്ക് _ പരലോകത്തേക്ക്- വേണ്ടി നിങ്ങൾ ഭക്ഷണം_ അഥവാ സൽക്കർമ്മങ്ങൾ- ശേഖരിക്കുക. നശിക്കുന്ന ജീവിതത്തിൽ നിന്നും ശാശ്വത ജീവിതത്തിലേക്ക് നന്മകൾ ശേഖരിക്കുക. അറിയുക, ദുനിയാവ് ഒരു മരുഭൂമിയാണ്. പരലോകത്തേക്കുള്ള ഒരു വഴി അതിലുണ്ട്. അന്ത്യദിനത്തിലെ മൈതാനത്തിലേക്ക് പ്രവേശിക്കുവാനുള്ള ഒരു പാലവും അതിൽ ഉണ്ട്. 

   ദുനിയാവിലെ വഴികളെ വൃത്തികെട്ട പ്രവർത്തനങ്ങളിൽ നിന്നും മാറിനിന്നു കൊണ്ട് നിങ്ങൾ പ്രകാശിപ്പിക്കുക. അതിലെ ഇരുളുകളെ കുറിച്ച് ബോധത്തോടെ അപകടസ്ഥലങ്ങളെ നിങ്ങൾ മുറിച്ചു കടക്കുക. കാരണം, രാത്രിയെ ഒട്ടകമായി കാണുന്നവന്ന് അതിനെ ഉപയോഗിച്ച് അപകടങ്ങൾ നിറഞ്ഞ മരുഭൂമികളെ മുറിച്ചു കടക്കാൻ കഴിയും. ഭയഭക്തിയെ മാർഗ്ഗങ്ങളാക്കിയവനെ ബറക്കത്തുകൾ നിറഞ്ഞ സ്ഥലങ്ങളിലേക്ക് അത് കൊണ്ടെത്തിക്കും. സ്വന്തം ആത്മാവിനെ  സൂക്ഷിക്കുന്നതിൽ ഒരാൾ ബോധവാനായാൽ, രാത്രിയിലെ ആക്രമണത്തിൽ നിന്നും അവൻ നിർഭയനായിരിക്കും. ദുനിയാവിനെ ഒരുവൻ സുരക്ഷ നൽകുന്ന കോട്ടയാക്കിയാൽ അത് അവനെ അപകടങ്ങളിൽ പെടുത്തും.

   അല്ലാഹുﷻവിന്റെ അടിമകളെ നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിച്ചു ജീവിക്കുക. ജീവിത കാലത്തെ -അത് എത്ര നീണ്ടതായാലും- ചുരുങ്ങിയതായി കാണുക. അതിന്റെ അവസാനം മരണമാണ്. മരണം മറയിടുന്ന ആഗ്രഹത്തെ നിങ്ങൾ ചെറുതായി കാണുക. അവധികളുടെ മുൻനിരകൾ നിങ്ങൾക്ക് സൂചിപ്പിക്കപ്പെട്ടാൽ ആഗ്രഹങ്ങളുടെ ചതികൾ നിങ്ങൾക്കു വ്യക്തമാകുമായിരുന്നു. അവധികളിൽ നിന്നും മറച്ചുവെക്കപ്പെട്ടത് നിങ്ങൾക്ക് വെളിപ്പെട്ട പോലെയുണ്ട്. അവയുടെ വരവ് നിങ്ങളെ പിന്തുടരുന്നത് പോലെയും, അവയുടെ കണക്ക് നിങ്ങൾ പൂർത്തീകരിച്ച പോലെയും, അവയുടെ ചാടിവീഴൽ നിങ്ങളിലേക്ക് ധൃതിപ്പെട്ടപോലെയും തോന്നുന്നു.

   അവധികളുടെ ചാടിവീഴൽ -മരിക്കൽ മറഞ്ഞു കിടക്കുന്നവയുടെ മറകളെ ചീന്തിക്കളഞ്ഞിട്ടുണ്ട്. ഹൃദയത്തിന്റെ ആഗ്രഹങ്ങളെ അത് പിച്ചിച്ചീന്തിയിട്ടുണ്ട്. നിക്ഷേപങ്ങളെ പരീക്ഷണാർത്ഥം അല്ലാഹു ﷻ മനുഷ്യന് നൽകിയവയേ തിരിച്ചെടുത്തിട്ടുണ്ട്. വിപത്തുകളെ പകരം ഏൽപ്പിച്ചിട്ടുണ്ട്. ഐക്യത്തെ അത് തകർത്തു. ചേർച്ചയെ അത് മുറിച്ചു. കയ്പ്പു നിറഞ്ഞ കോപ്പകളെ -മരണത്തിന്റെ പ്രയാസങ്ങളെ- അത് കുടിപ്പിച്ചു. വിലപ്പെട്ട ആത്മാക്കളെ അത് ഊരിയെടുത്തു. ബന്ധങ്ങളെ മുറിച്ചു കളഞ്ഞു. യാഥാർത്ഥ്യങ്ങളെ വെളി വാക്കി. ശരീരങ്ങളെ അവ സൃഷ്ടിക്കപ്പെട്ട മണ്ണിലേക്കു തന്നെ മടക്കി. പുറത്തേക്ക് വരാൻ കഴിയാത്ത സ്ഥലത്തേക്ക് മരണം അവരെ കൊണ്ടെത്തിച്ചു. 

   അങ്ങനെ വിജനമായ സ്ഥലങ്ങൾ അവരുടെ താമസ സ്ഥലങ്ങളായി. ഇരുളുകൾ അവരുടെ നാടുകളുമായി. ഒരുമിച്ചു കൂടിയ സമ്പത്ത് മുഴുവൻ ഉപേക്ഷിച്ചു. പ്രവർത്തനങ്ങളെ മുഴുവൻ ഉടമയാക്കി. ഭൂമിയിൽ ഇട്ടേച്ചു പോയതിന്റെ ആവശ്യമില്ലാത്തവരായി. ജീവിതകാലത്തെ സൽക്കർമ്മങ്ങളിലേക്ക് ആവശ്യമുള്ളവയായി. ഖബറുകളിൽ അവർ ശാന്തരാണ്. മഹ്ശറയിൽ ഒരുമിച്ചു കൂട്ടപ്പെടുന്നത് വരെ ഈ അവസ്ഥ തുടരും.

   അന്ത്യദിനത്തിൽ ജനങ്ങൾ മഹ്ശറയിലേക്ക് വേഗത്തിൽ ഒരുമിച്ചു കൂട്ടപ്പെടും. അക്രമിക്ക് അല്ലാഹുﷻവിൽ നിന്നു സഹായിയേയോ രക്ഷ നൽകുന്നവനേയോ ലഭിക്കുകയില്ല. നല്ലതും ചീത്തയുമായ സമുദായങ്ങളും സൃഷ്ടികളും അവിടെ വെച്ച് വേർത്തിരിക്കപ്പെടും. അന്ന് അവിശ്വസിച്ചവരും പ്രവാചകനോട് എതിർപ്രവർത്തിച്ചവരും ഭൂമിയോടൊപ്പം അവരും നിരപ്പാക്കപ്പെട്ടിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കും. ഒരു വർത്തമാനവും അവർ അല്ലാഹുﷻവിൽ നിന്നും മറച്ചു വെക്കുന്നതല്ല. 

   *ദുനിയാവിൽ നിന്നും അതിന്റെ നാശങ്ങളിൽ നിന്നും അല്ലാഹു ﷻ നമ്മെ രക്ഷിക്കട്ടെ.*

   *ഉന്നതനും സർവ്വശക്തനുമായ അല്ലാഹുﷻവിന്റെ വചനം:*

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَا أَيُّهَا الْمُزَّمِّلُ ﴿١﴾ قُمِ اللَّيْلَ إِلَّا قَلِيلًا ﴿٢﴾ نِّصْفَهُ أَوِ انقُصْ مِنْهُ قَلِيلًا ﴿٣﴾ أَوْ زِدْ عَلَيْهِ وَرَتِّلِ الْقُرْآنَ تَرْتِيلًا ﴿٤﴾ إِنَّا سَنُلْقِي عَلَيْكَ قَوْلًا ثَقِيلًا ﴿٥﴾ إِنَّ نَاشِئَةَ اللَّيْلِ هِيَ أَشَدُّ وَطْئًا وَأَقْوَمُ قِيلًا ﴿٦﴾ إِنَّ لَكَ فِي النَّهَارِ سَبْحًا طَوِيلًا*

 *(പുതച്ചു മൂടിക്കിടക്കുന്ന നബീ, എഴുന്നേറ്റ് രാത്രിയുടെ കുറഞ്ഞ സമയമൊഴിച്ച് താങ്കള്‍ നിശാനമസ്‌കാരം നിര്‍വഹിക്കുക - അതായത് രാത്രിയുടെ പകുതി; അല്ലെങ്കില്‍ അല്‍പം കൂട്ടുകയോ കുറക്കുകയോ ചെയ്യുക. ഖുർആൻ സാവധാനം പാരായണം ചെയ്യുക. നിശ്ചയം താങ്കളിലേക്കു നാം ഒരു കനപ്പെട്ട ഭാഷ്യം നിക്ഷേപിക്കാന്‍ പോകയാണ്. ഉറക്കത്തില്‍ നിന്നുണര്‍ന്നുള്ള നിശാനമസ്‌കാരം അതിശക്തമായ ഹൃദയസാന്നിധ്യദായകവും വാക്കുകള്‍ സ്പഷ്ടമാക്കുന്നതുമാണ്. പകല്‍നീളേ താങ്കള്‍ക്ക് സുദീര്‍ഘമായ ജോലിത്തിരക്കുകളുണ്ട്.)*
  *(മുസ്സമ്മിൽ 1......7)*

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*

*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*

*📍രണ്ടാമത്തെ ഖുതുബ*

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.

   *_ജനങ്ങളെ..,_*
   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 

   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.

   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ  പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 

   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.

   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.

   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 

   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..

   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം)  അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.

   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.