മുഹർറം മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച്ച
✍🏼ചക്രവാളങ്ങളിൽ സഞ്ചരിക്കും വിധം നക്ഷത്രങ്ങളെ കീഴ്പ്പെടുത്തിയ, മാലാഖമാരുടെ പുകഴ്ത്തലിന്റെ പരിശുദ്ധിയാൽ ആകാശങ്ങളെ ശുദ്ധീകരിച്ച, അനുസരിക്കുന്നവരുടെ ശരീരങ്ങളെ നരക മോചനത്തിനു വേണ്ടി പ്രവർത്തിക്കാൻ സൗകര്യപ്പെടുത്തിക്കൊടുത്ത അല്ലാഹുﷻവിനാണ് സർവ്വസ്തുതിയും...
പങ്കുകാരനില്ലാത്ത ഏകനായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ വെന്നും, മുഹമ്മദ് നബി ﷺ അവന്റെ അടിമയും പ്രവാചകനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
നമ്മുടെ നേതാവ് മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുﷻവിന്റെ ഗുണം വർഷിക്കുമാറാവട്ടെ.
*_ജനങ്ങളേ..,_*
അല്ലാഹുﷻവിനെ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.
നിങ്ങൾ ഭയഭക്തിയുള്ളവരാവുക, എങ്കിൽ അതിന്റെ ഗാംഭീര്യത നിങ്ങളിൽ നിലനിൽക്കും. ഭൗതിക സുഖങ്ങളോടുള്ള ആർത്തിയെ നിങ്ങൾ അകറ്റി നിർത്തുക, എങ്കിൽ നിന്ദ്യത നിങ്ങളിൽ നിന്നും അകന്നു നിൽക്കും. സന്മാർഗ്ഗങ്ങളെ നിങ്ങൾ ലക്ഷ്യം വെക്കുക, അവ നിങ്ങൾക്ക് വ്യക്തമായിട്ടുണ്ട്. ആഗ്രഹങ്ങളെ നിങ്ങൾ അകറ്റി നിർത്തുക, അവയുടെ പതനം നിങ്ങളെ ക്ഷീണിപ്പിച്ചിട്ടുണ്ട്. മുൻകാല സമുദായങ്ങളുടെ പതനങ്ങളെ കുറിച്ച് നിങ്ങൾ ചിന്തിക്കുക. കാലം ഉയർത്തിക്കാണിച്ച അവർ എവിടെപ്പോയി..?
വിപത്തുകൾ അവരിൽ നിന്നും അകന്നു നിന്നിരുന്നു. അതിനാൽ ഭയപ്പെടാതെ അവർ ഭൗതിക ലോകത്തെ പടുത്തുയർത്തി. അവരുടെ കൽപനകൾ കരയിലും കടലിലും നടപ്പാക്കപ്പെട്ടു. അങ്ങനെ അവർ മഹത്വത്തിന്റെ പീഠങ്ങളിൽ ഇരുന്നു. വമ്പ് പറയാൻ വേണ്ടി പരവതാനികൾ വിരിച്ചു. ഭൗതികാഗ്രഹങ്ങളുടെ കളവുകളെ അവർ വാസ്തവമാക്കി ഭൗതിക ലോകത്തിന്റെ ചുരുളിലുള്ള അപകടസ്ഥലങ്ങളെ അവർ കണ്ടില്ല.
കാലം മാറിവന്നു - ഭൗതിക ലോകത്തിന്റെ തെളിനീർ ധാരകൾ അവർക്ക് ഉപ്പ് രസമായിത്തീരുന്നു. അതിലേ വിപത്തുകളിലൂടെ അവർ സഞ്ചരിച്ചവരായി. നിർമിക്കപ്പെട്ട അവരുടെ ഭവനങ്ങൾ തകർന്നടിഞ്ഞു. അവരുടെ അടയാളങ്ങൾ മായ്ക്കപ്പെട്ടു. പ്രകാശ ലോകം അവരെ പിന്തള്ളി. വിപത്തു നിറഞ്ഞ സ്ഥലങ്ങൾ (ഖബറുകൾ) അവരേ ചുറ്റിപ്പൊതിഞ്ഞു. അവർ വഴുതി വീണു. അപ്പോൾ കാലം പറഞ്ഞു: “നിങ്ങൾ എഴുന്നേൽക്കാതിരിക്കട്ടെ." മരണജലം അവർക്ക് കുടിപ്പിക്കപ്പെട്ടു. അപ്പോൾ അവർ ഒന്നിച്ചു നശിച്ചു.
പരലോക യാത്രക്കാർ താമസിക്കുന്ന വീടുകളിൽ താമസിക്കുന്നവരേ, മരിച്ചവർ വെള്ളം കുടിച്ചിരുന്ന ഉറവകളിൽ നിന്നും വെള്ളം കുടിക്കുന്നവരേ, മരണം നിങ്ങളെ വിളിക്കുന്നു. നിങ്ങൾ വിളി കേൾക്കുക. നിങ്ങളെ തുണ്ടുകളാക്കി മാറ്റുന്ന നാശം നിങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.
വേദനിപ്പിക്കുന്ന മരണത്തിന്റെ വാൾ നിങ്ങളിൽ പെട്ട പലരേയും കൊന്നിട്ടുണ്ട്. പല വിപത്തുകളും നിങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. നിങ്ങളോ..? തല നിറയേ ആഗ്രഹങ്ങൾ ചുമക്കുന്നവരാണ്. അവ തീക്കനൽ പോലുള്ള മരണ ദിനത്തിന്റെ മുമ്പിൽ മറയായിത്തീർന്നിരിക്കുന്നു. മരണം നിങ്ങളല്ലാത്തവർക്ക് മാത്രമാണെന്ന് നിങ്ങൾ ധരിച്ച പോലെയുണ്ട്.
എന്തൊരു അൽഭുതം..? അശ്രദ്ധ എത്ര കഠിനം..? മരണം പെട്ടെന്നാണ്. ആഗ്രഹം ചതിക്കുന്നതാണ്. മരണം അടുത്തു കൊണ്ടിരിക്കുന്നു..!! അക്രമണത്തേക്കുറിച്ച് ദിവസങ്ങൾ നിങ്ങൾക്ക് മുന്നറിവ് നൽകിയിട്ടുണ്ട്. ദിവസങ്ങളുടെ തീരുമാനം മറ്റുള്ളവരിൽ നടപ്പാക്കി നിങ്ങൾക്ക് കാണിച്ചു തന്നിട്ടുണ്ട്.
അതിനാൽ, അല്ലാഹുﷻവിന്റെ അടിമകളെ, നിങ്ങൾ ധൃതിപ്പെടുക. സൽക്കർമ്മങ്ങൾ അധികരിപ്പിക്കുക. അവയുടെ കവാടങ്ങൾ തുറക്കപ്പെട്ടിരിക്കുന്നു. ചടഞ്ഞിരിക്കുന്ന സമയം തന്നെ സൽക്കർമ്മങ്ങൾ ചെയ്യാൻ ധാരാളമാണ്.
കണ്ഠനാഡി മുറിക്കപ്പെടും, തേങ്ങിക്കരച്ചിൽ പ്രകടമാവും, നെറ്റിത്തടം വിയർക്കും, മലക്ക് പ്രത്യക്ഷപ്പെടും, യതീമുകൾ ദുഖിക്കും, ഭാര്യ കരയും, നരയുടെ നിന്ദ്യത പ്രകടമാകും, ഗാംഭീര്യതയുടെ മറകൾ നീങ്ങും പരാജയത്തിന്റെ ഭവനം (നരകം) യാഥാർത്ഥ്യമാകും. ഇവയെല്ലാം സംഭവിക്കുന്നതിന്റെ മുമ്പ് സൽക്കർമ്മങ്ങൾ വർദ്ധിപ്പിക്കുക. നന്മകൾ അധികരിപ്പിക്കുക.
വിചാരണയുടെ ദിവസം ഭയത്താൽ ഹൃദയങ്ങൾ പിളരും, കുറ്റങ്ങൾ കഴുത്തിൽ മാലകളാക്കി അണിയിക്കപ്പെടും. കണക്ക് കൃത്യമാക്കപ്പെടും, അപ്പോൾ സർവ്വശക്തനായ അല്ലാഹു ﷻ അൽപവും അനീതി പ്രവർത്തിക്കുകയില്ല. വിധി വിലക്കുകൾ പാലിക്കുന്നവരിൽ അല്ലാഹു ﷻ നമ്മേ ഉൾപ്പെടുത്തട്ടെ.., (ആമീൻ)
*ഇതാ ജലത്തിൽ നിന്നും മനുഷ്യനെ സൃഷ്ടിച്ചവന്റെ വചനം:*
أَوَلَمْ يَسِيرُوا فِي الْأَرْضِ فَيَنظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ كَانُوا مِن قَبْلِهِمْ ۚ كَانُوا هُمْ أَشَدَّ مِنْهُمْ قُوَّةً وَآثَارًا فِي الْأَرْضِ فَأَخَذَهُمُ اللَّـهُ بِذُنُوبِهِمْ وَمَا كَانَ لَهُم مِّنَ اللَّـهِ مِن وَاقٍ ﴿
(ഇവർ ഭൂമിയിൽ സഞ്ചരിക്കാറില്ലേ..? അപ്പോൾ ഇവർക്കു കാണാമല്ലോ ഇവരുടെ മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയാണ് ഉണ്ടായതെന്ന് ശക്തിയിലും ഭൂമിയിലേ അവശിഷ്ടങ്ങളിലും ഇവരേക്കാൾ ഊക്കേറിയവർ അവരായിരുന്നു. എന്നിട്ട്, അവരുടെ പാപങ്ങൾ നിമിത്തം അല്ലാഹു ﷻ അവരെ പിടിച്ചു. അല്ലാഹുﷻവിൽ നിന്ന് അവരെ തടുക്കുന്ന ഒരാളും അവർക്കു ഉണ്ടായതുമില്ല)
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*
*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*
*📍രണ്ടാമത്തെ ഖുതുബ*
ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.
കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.
*_ജനങ്ങളെ..,_*
നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക.
അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.
അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു.
സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.
അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.
അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ.
അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..
അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം) അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.
ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.
നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.
അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.
Post a Comment