റബീഉൽ ആഖിർ മാസത്തിലെ അഞ്ചാമത്തെ വെള്ളിയാഴ്ച്ച
✍🏼തന്റെ രൂപത്തെ ബുദ്ധിമാന്മാരുടെ ഗ്രാഹ്യശക്തികളെ തൊട്ട് മറച്ചു നിർത്തുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.
മുഹമ്മദ് നബിﷺയിലും, അനുഗ്രഹങ്ങളും ശ്രേഷ്ഠതയും ഉള്ളവരായ അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ.
*_ജനങ്ങളെ..,_*
അല്ലാഹുﷻവിനോട് ഭയഭക്തി പ്രകടിപ്പിച്ച് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.
ദുനിയാവിനെ അതിന്റെ യഥാർത്ഥ സ്വഭാവത്തിൽ ഒരാൾ വീക്ഷിച്ചാൽ അതിന്റെ അനന്തരഫലങ്ങൾ എന്തായിരിക്കുമെന്ന് സത്യസന്ധമായി അവന്ന് മനസ്സിലാക്കാൻ കഴിയും. സ്വന്തം ആത്മാവിനെ പ്രതാപമുള്ളതും ഭംഗിയുള്ളതുമാക്കാൻ ഒരുത്തൻ ആഗ്രഹിക്കുന്നു വെങ്കിൽ സ്വന്തം ആത്മാവിന്റെ ബാദ്ധ്യതകൾ -ആരാധനകൾ- നിർവഹിക്കുന്നതിൽ പരിശ്രമിക്കുകയും അതിനെ നരകത്തിൽ വീഴുന്നതിൽ നിന്നും മോചിപ്പിക്കുകയും ചെയ്യും.
എങ്കിൽ വരാനുള്ള ശാശ്വത ജീവിതം കൊതിച്ചതിനാൽ ഭൗതിക സുഖങ്ങളെ വെടിഞ്ഞു ജീവിച്ചവർ ധാരാളമുണ്ട്. ദുനിയാവിനെ അവർ പരീക്ഷിച്ചറിഞ്ഞു. അതിനാൽ അവർ അതിനെ ഭയപ്പെടുന്നു. ദുനിയാവിനെ അവർ ചെറുതായിക്കണ്ടു. സ്വന്തം ആത്മാക്കളെ ഉയർന്നവയായും അവർ കരുതി. അവർ പന്തയത്തിനു തയ്യാറായി ആ മത്സരത്തിന്റെ ദൂരം അവർ ശ്രദ്ധാപൂർവ്വം സൂക്ഷിച്ചു. സൽസ്വഭാവത്തിലൂടെ മൽസരത്തിന്റെ പരമലക്ഷ്യം അവർ എത്തിച്ചു. അവർ നിർഭയത്വത്തിന്റെ തോട്ടങ്ങളിൽ മേയുന്നവരാണ്. പരിശുദ്ധമായ ഹൗളുകളിൽ നിന്നും കുടിക്കുന്നവരാണ്. ദുനിയാവിലേയും പരലോകത്തെയും മരുഭൂമികളെ -പ്രയാസങ്ങൾ നിറഞ്ഞ സ്ഥലങ്ങളെ- അവർ മുറിച്ചു കടന്നു. രാജാക്കന്മാരുടെ അഭിമാനാർഹമായ പദവികളെ അവർ സ്വന്തമാക്കി.
അവരുടെ മുഖങ്ങൾ സുഖം അനുഭവിക്കുന്നതിനാൽ പ്രകാശിക്കുന്നവയാണ്. അവരുടെ സമ്മേളന സ്ഥലങ്ങൾ ശാശ്വതമായവയും പച്ചപിടിച്ചവയുമാണ്. അവരുടെ വാസസ്ഥലങ്ങൾ സുഗന്ധം നിറഞ്ഞവയാണ്. അവരുടെ ഹൃദയങ്ങൾ കരുണാനിധിയും പൊറുക്കുന്നവനുമായ അല്ലാഹുﷻവിന്റെ സാമീപ്യത്താൽ സന്തോഷിക്കുന്നവയാണ്.
അവരെ തൊട്ടു ദുഃഖം നീങ്ങിപ്പോയി. അവരിൽ നിന്നും പരീക്ഷണങ്ങൾ അകന്നു നിന്നു. അവരുടെ ഹൃദയങ്ങളിൽ നിന്നും ശത്രുതകൾ നീക്കപ്പെട്ടു. അതിനാൽ ഉറക്കസ്ഥാനവും -ഖബർ-നാടും-സ്വർഗ്ഗം- അവർക്ക് നല്ലതായി.
സ്വർഗ്ഗം വിശാലമായതാണ്. അതിലെ പഴങ്ങൾ പഴുത്തവയാണ്. അതിലെ പുഴകൾ ഒഴുകുന്നവയാണ്. അതിലെ മരങ്ങൾ ആടുന്നവയാണ്. അതിലെ പക്ഷികൾ പാട്ടുപാടുന്നവയാണ്. അവരുടെ ഇരിപ്പിടങ്ങൾ ഉയർത്തപ്പെട്ടവയാണ്. അതിലെ സ്ത്രീകൾ ആഭരണങ്ങൾ അണിയിക്കപ്പെട്ടവയാണ്. അതിന്റെ അനുഭൂതികൾ നിത്യമായവയാണ്. അതിന്റെ വിശേഷണങ്ങൾ ഉന്നതമായവയാണ്. അതിലെ ഖുബ്ബകൾ പ്രകാശിക്കുന്നവയാണ്. അതിന്റെ കോപകൾ നിറക്കപ്പെട്ടവയാണ്. അത് വേദനകളിൽ നിന്നും നിർഭയമായതാണ്.
സ്വർഗ്ഗാവകാശികൾക്ക് അല്ലാഹു ﷻ സ്നേഹത്താൽ വെളിപ്പെട്ടിരിക്കുന്നു. ഉദ്ദേശിച്ചതിലധികം അവർക്ക് അല്ലാഹു ﷻ നൽകിയിരിക്കുന്നു. അശ്രദ്ധർ ചിരിക്കുമ്പോൾ കരയുന്നവരാണ് അവർ. വിഡ്ഢികൾ ചെയ്യുന്നതിനെ ഉപേക്ഷിക്കുന്നവരും. ഉറങ്ങുന്നവർ ഉറങ്ങുമ്പോൾ അവർ ഉറക്കമൊഴിച്ചു ആരാധനകൾക്ക് വേണ്ടി. ഇരുൾ ഏകാന്തത സൃഷ്ടിക്കുമ്പോഴും ഉല്ലാസം ലഭിക്കുന്നവരാണവർ. അവർ അല്ലാഹുﷻവിന്റെ ഇഷ്ടദാസന്മാരും വിശ്വസ്ഥരും പ്രത്യേകക്കാരുമാണ്. ദുനിയാവിൽ നിന്നും അൽപം ക്ഷീണിച്ചതിനാൽ ദീർഘനേരം ആശ്വാസം കൊള്ളുന്നവരാണ്. അവർ അൽപം ചിലവഴിച്ചു ധാരാളം കരസ്ഥമാക്കി. ആത്മാക്കളെ അവർ ദാനം ചെയ്തു. വിലമതിക്കാനാവാത്തതിനെ സ്വർഗ്ഗത്തെ അല്ലാഹു ﷻ അവർക്കും ദാനം ചെയ്തു.
നല്ലവരുടെ മക്കളെ.. ബുദ്ധിയും, വിവേകവും, ഉള്ളവരേ.. അറിവുകളും വിധികളും അനന്തരമാക്കിയവരെ.. മേൽ പറയപ്പെട്ട സുഖാനു ഭൂതികളാണോ നല്ലത് അതല്ല സഖ്ഖൂം മരമോ..? നരകത്തിന്റെ അടിത്തട്ടിൽ നിന്നാണ് അത് മുളച്ചു വരുന്നത്. നിശ്ചയം കുറ്റവാളികൾക്കുള്ള ഭക്ഷണമാണത്.
പരലോക യാത്രക്കുള്ള ഭക്ഷണം -സൽക്കർമ്മങ്ങൾ- ശേഖരിച്ചവന്ന് അല്ലാഹു ﷻ അനുഗ്രഹം ചൊരിയട്ടെ...
*നിരാശ്രയനും ഏകനുമായ അല്ലാഹുﷻവിന്റെ വചനം :*
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*تِلْكَ الدَّارُ الْآخِرَةُ نَجْعَلُهَا لِلَّذِينَ لَا يُرِيدُونَ عُلُوًّا فِي الْأَرْضِ وَلَا فَسَادًا ۚ وَالْعَاقِبَةُ لِلْمُتَّقِينَ*
*(ആ പാരത്രിക സൗഭാഗ്യം നാം സംവിധാനിച്ചുകൊടുക്കുക ഭൂമിയില്‍ ഔന്ദത്യമോ വിനാശമോ ആഗ്രഹിക്കാത്തവര്‍ക്കാണ്. ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്കത്രേ അന്തിമമായ ശുഭപരിണാമമുണ്ടാവുക*
*(ഖസ്വസ് - 83 )*
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*
*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*
*📍രണ്ടാമത്തെ ഖുതുബ*
ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.
കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.
*_ജനങ്ങളെ..,_*
നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക.
അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.
അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു.
സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.
അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.
അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ.
അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..
അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം) അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.
ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.
നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.
അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.
Post a Comment