റബീഉൽ ആഖിർ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച്ച

 

       ✍🏼വാക്യം ഉന്നതമായ, വാഗ്ദത്തം പൂർത്തീകരിക്കുന്ന, അനുഗ്രഹം ഐശ്വര്യമുണ്ടാക്കുന്ന ശിക്ഷ ഭയം ജനിപ്പിക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. മുഹമ്മദ് നബിﷺയിലും ധീരതയും ശൂരതയുമുള്ള അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ. 

   *_ജനങ്ങളെ..,_*
   അല്ലാഹുﷻവിനോട് ഭയഭക്തി പ്രകടിപ്പിച്ച് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

   നിങ്ങൾ നല്ലതിനെ തേടുക - പരലോകത്തേക്കുള്ള തിരിച്ചു പോക്കിന് വേണ്ടി പ്രവർത്തിക്കുക, നന്മ സമ്പാദിക്കുന്നതിൽ നിങ്ങൾ മത്സരിക്കുക, ഭയഭക്തിയുടെ ഏറ്റവും ശക്തമായ ഭാഗത്തെ നിങ്ങൾ മുറുകെ പിടിക്കുക. മധുരം കയ്പാകുന്ന ഒരു വീട്ടിലാണ് - ദുനിയാവിലാണ് - നിങ്ങൾ താമസിക്കുന്നത്. അതിന്റെ സ്ഫുടത കലർപ്പുള്ളതാണ്, അതിലെ സ്വപ്നങ്ങൾ വഞ്ചിക്കുന്നവയാണ്. അതിലെ ദിവസങ്ങൾ കഴിഞ്ഞു പോകുന്നവയാണ്. അതിലെ വിപത്തുകൾ ചാടിവീഴുന്നവയാണ്. അതിന്റെ മരണവുമായി - ബന്ധപ്പെടുന്ന - അവസാനഭാഗങ്ങൾ സന്തോഷകരമല്ല. അതിന്റെ നാശം ആസന്നമാണ്. അതിന്റെ വാഗ്ദത്തം ലംഘിക്കപ്പെടുന്നതാണ്. അതിലെ ജീവിതം നാശമടയുന്നതാണ്. 

   അതിനെ ദുനിയാവിനെ വിശ്വസ്ഥ ഉപദേശകനായി കണ്ടവൻ അശക്തനാണ്. അതിനെ അകറ്റി നിർത്തിയവൻ വിജയിച്ചവനാണ്. അല്ലാഹുﷻവിന്റെ അടിമകളെ.., നിങ്ങൾ അതിനെ സ്ഥിരവാസത്തിനുള്ള സ്ഥലമാക്കരുത്. നിശ്ചയം അല്ലാഹു ﷻ അതിനെ നിങ്ങൾക്ക് - പരലോകത്തേക്ക് - സഞ്ചരിക്കുവാനുള്ള ഒരു വഴിയാക്കിത്തന്നിരിക്കുന്നു.

   പരാജയ ഭവനം - നരകം - യാഥാർത്ഥ്യമാകുന്നതിന്നു മുമ്പ് നിങ്ങൾ തൗബ ചെയ്യുന്നതിലേക്ക് ധൃതിപ്പെടുക. സുഖജീവിതം നഷ്ടമായ ഒരു ഭവനമാണ് നരകം. അതിലെ വഴികൾ ഇരുളടഞ്ഞതാണ്. അതിലെ അപകട സ്ഥലങ്ങൾ അവ്യക്തമായവയാണ്. അതിൽ തടയപ്പെടുന്നവൻ സ്ഥിരമായി അതിൽ താമസിപ്പിക്കപ്പെടുന്നവനാണ്, അതിലെ പരീക്ഷണങ്ങൾ അനിവാര്യമായവയാണ്. അത് സ്ഥിരമായി കത്തിയെരിഞ്ഞു കൊണ്ടിരിക്കും. അതിന്റെ നെടുവീർപ്പ് ഉയർന്നതാണ്. അതിന്റെ മാറ്റം വരുത്തൽ - ശരീര ഘടനയിൽ പരമമായതാണ്. അതിലെ ആളുകൾക്ക് കുടിക്കാൻ ലഭിക്കുക അമിത ചൂടുള്ള വെള്ളമാണ്. അവരുടെ ശിക്ഷ സ്ഥിരമായതാണ്. 

   വടികൊണ്ട് മലക്കുകൾ അവരെ അടിക്കും. നരകം അവരെ ഒരുമിച്ചു കൂട്ടും. വിപത്തിനാൽ അതിൽ വെച്ച് അവർ അട്ടഹസിക്കും. അതിലെ തീജ്വാല ആളിക്കത്തും. അതിൽ അവർക്ക് ആഗ്രഹിക്കുവാനുള്ളത് നാശമാണ്. അതിന്റെ ബന്ധനത്തിൽ നിന്നും അവർക്ക് മോചനമില്ല. അവരുടെ ചെരിപ്പടിക്കാലുകൾ മൂർദ്ധാവിലേക്ക് ബന്ധിക്കപ്പെട്ടിരിക്കും. ദോഷങ്ങളുടെ നിന്ദ്യതയാൽ അവരുടെ മുഖങ്ങൾ കറുത്തിരിക്കും. അതിലെ ഇടുങ്ങിയ ഭാഗങ്ങളിൽ നിന്ന് തുടരെ ലഭിക്കുന്ന ശിക്ഷയാൽ കരഞ്ഞു കൊണ്ട് അവർ വിളിക്കും. 

   ഓ, മാലികേ - നരകം കാക്കുന്ന മലക് - ഭീഷണി ഞങ്ങളിൽ സംഭവിച്ചിരിക്കുന്നു. ഓ, മാലികേ, നീ അമിതമായി ഞങ്ങളെ ചൂടാക്കിയിരിക്കുന്നു . ഓ, മാലികേ, ഞങ്ങളിൽ നിന്നും ചലം ഒഴുകിയിരിക്കുന്നു. ഓ, മാലികേ, ചങ്ങല ഞങ്ങൾക്ക് ഭാരമായിരിക്കുന്നു. ഓ, മാലികേ, ഞങ്ങളുടെ തോലുകൾ വെന്തു പഴുത്തിരിക്കുന്നു . ഓ, മാലികേ, നരകത്തിൽ നിന്നും നീ ഞങ്ങളെ പുറത്താക്കുക. ശേഷം ഞങ്ങൾ കുറ്റങ്ങളിലേക്ക് മടങ്ങുകയില്ല.

   അൽപസമയത്തിനു ശേഷം മാലിക് അവരോട് മറുപടി പറയും, നിങ്ങൾ മോചനത്തിൽ നിന്നും വളരെ അകന്നവരാണ്. നിന്ദ്യത നിറഞ്ഞ ഈ നരകത്തിൽ നിന്നും നിങ്ങൾക്ക് മോചനമില്ല, റഹ്മാനായ അല്ലാഹുﷻവിന്റെ കോപം പേറുന്നവരായി നിങ്ങൾ നരകത്തിലേക്ക് താഴ്ന്നു പോവുക, നിങ്ങൾ തീരുമാനം തേടിയ കാര്യം തീരുമാനിക്കപ്പെട്ടിരിക്കുന്നു. കത്തിക്കപ്പെടുന്ന നരകത്തിൽ നിന്നും അല്ലാഹു ﷻ നമ്മെ സംരക്ഷിക്കുമാറാവട്ടെ.

 *കണ്ണുകൾക്ക് കാണാൻ കഴിയാത്തവന്റെ വചനംഃ* 
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*إِنَّ الْمُجْرِمِينَ فِي عَذَابِ جَهَنَّمَ خَالِدُونَ ﴿٧٤﴾ لَا يُفَتَّرُ عَنْهُمْ وَهُمْ فِيهِ مُبْلِسُونَ ﴿٧٥﴾ وَمَا ظَلَمْنَاهُمْ وَلَـٰكِن كَانُوا هُمُ الظَّالِمِينَ ﴿٧٦﴾ وَنَادَوْا يَا مَالِكُ لِيَقْضِ عَلَيْنَا رَبُّكَ ۖ قَالَ إِنَّكُم مَّاكِثُونَ ﴿٧٧﴾ لَقَدْ جِئْنَاكُم بِالْحَقِّ وَلَـٰكِنَّ أَكْثَرَكُمْ لِلْحَقِّ كَارِهُونَ ﴿٧٨﴾*

*തീർച്ചയായും അധര്‍മകാരികള്‍ നരകശിക്ഷയില്‍ ശാശ്വതരായിരിക്കും അത് ലഘൂകൃതമാകില്ല അവരതിൽ ആശയറ്റവരുമായിരിക്കും. നാമവരോട് അതിക്രമം കാട്ടിയിട്ടില്ല; പ്രത്യുത, അക്രമികള്‍ അവര്‍ തന്നെയായിരുന്നു. (22) അവര്‍ വിളിച്ചു കേഴും: ഹേ മാലിക്, താങ്കളുടെ നാഥന്‍ ഞങ്ങളെയൊന്ന് മരിപ്പിച്ചു തരട്ടെ. അദ്ദേഹം പ്രതികരിക്കും. നിശ്ചയം നിങ്ങള്‍ ഇവിടെത്തന്നെ താമസിക്കേണ്ടവരാകുന്നു; നിങ്ങള്‍ക്കു നാം സത്യവുമായി വന്നു; പക്ഷേ, നിങ്ങളില്‍ മിക്കവരും അതിനെ വെറുക്കുന്നവരായിരുന്നു*
  *(സൂറത്തു-സുഖ്റുഫ് 74 _...78)*

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*

*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*

*📍രണ്ടാമത്തെ ഖുതുബ*

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.

   *_ജനങ്ങളെ..,_*
   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 

   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.

   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ  പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 

   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.

   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.

   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 

   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..

   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം)  അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.

   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.