റബീഉൽ ആഖിർ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച്ച



       ✍🏼വാഗ്ദത്തം ചെയ്താൽ അത് നിറവേറ്റുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

   അന്ത്യനാളിൽ പ്രതാപവും, മാന്യതയും അല്ലാഹു ﷻ അധികരിപ്പിച്ചു കൊടുക്കുന്ന വിധമുള്ള ഗുണം നബി മുഹമ്മദ് ﷺ യിലും അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ചെയ്തു കൊടുക്കട്ടെ.

   *_ജനങ്ങളെ..,_*
   അല്ലാഹുﷻവിന്ന് തഖ്‌വ ചെയ്തു ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. 

   അക്രമം ചെയ്ത നിങ്ങളുടെ ശരീരത്തെ നിങ്ങൾ വിചാരണക്ക് വിധേയമാക്കുക.

   അവയുടെ മോചനത്തിന്ന് അവയെ തയ്യാറാക്കുക. വരാനിരിക്കുന്ന ഭീകരതകളെ കുറിച്ച് അവയെ ഓർമ്മിപ്പിക്കുക. നിങ്ങളുടെ മരണം നിങ്ങളുടെ തലക്കു മീതെ ചുരുട്ടി വെക്കപ്പെട്ടതാണ്. അതിന്റെ നഖങ്ങൾ നിങ്ങളുടെ ശരീരത്തിൽ തറക്കുന്നതാണ്.

   ദിവസങ്ങൾ വയസ്സിനെ നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ വീടുനിർമ്മിക്കുന്നവനെ കുറിച്ചും മരണം ഇറങ്ങുമെന്ന് ഉറപ്പിച്ചിരിക്കെ സ്ഥിരവാസം കൊതിക്കുന്നവനെക്കുറിച്ചുമാണ് അത്ഭുതം മുഴുവനും.

   തന്റെ ശരീരത്തെ തൊട്ട്, വഷളായതും ആക്ഷേപാർഹമായ പ്രവർത്തനങ്ങളെ  അകറ്റി നിർത്തുകയും സ്വന്തം ശരീരത്തെ  ഉപദേശിക്കുകയും ചെയ്യുന്ന മനുഷ്യന് അല്ലാഹു ﷻ അനുഗ്രഹം ചെയ്യട്ടെ. 

   മരിച്ചു പോയവരുടെ വഴികളിൽ പ്രവേശിക്കുന്നതിന്നു മുമ്പും അവരുടെ പട്ടികയിൽ സ്ഥാനം നേടുന്നതിന്നു മുമ്പുമാണ്. ഇത്തരം സൽപ്രവർത്തനങ്ങൾ ചെയ്യേണ്ടത്.

   അവർ -മരിച്ചു പോയവർ- ദുനിയാവിൽ നിന്നും പുറത്താക്കപ്പെട്ടത് ഓരോരുത്തരായാണ്. അതിന്റെ ചരക്കിൽ നിന്നും അവർക്ക് ലഭിച്ചത് കഫൻ പുടവകളാണ്. പ്രതാപത്തിനു പകരം നിന്ദ്യതയാണ് അവർക്ക് പകരമാക്കപ്പെട്ടത്. അതിലെ ഭയത്തിൽ നിന്നും നിർഭയത്വം അവർക്ക് ലഭിച്ചില്ല. ഭൂമിയുടെ പുറമെ താമസിച്ച ശേഷം അവർ അതിന്റെ ഉള്ളറകളിൽ -ഖബറുകളിൽ- താമസമാക്കി. മാളികകൾക്കു പകരം ഖബറുകളാണ് അവർക്ക് ലഭിച്ചത്. അവർ നാശങ്ങളുടെ കിടപ്പിടങ്ങളിൽ ഉറങ്ങുന്നവരാണ്.

   മരണത്തിന്റെ ഏകാന്തത അവരിൽ പരന്നിരിക്കുന്നു. അവരുടെ നാശത്തെക്കുറിച്ച് കാലം പ്രഖ്യാപിച്ചിരിക്കുന്നു. അവർ യാത്ര പുറപ്പെട്ട വീടുകളെ അവർ വിജനമാക്കി. അവർ സൃഷ്ടിക്കപ്പെട്ട മണ്ണു കൊണ്ടുള്ള ഖബറുകളെ അവർ വാസയോഗ്യമാക്കി.

   എന്തൊരു ഏകാന്തതയാണ് അവർ അനുഭവിക്കുന്നത്. അവർ നിർമ്മിച്ചുവെച്ചതിന്റെ വിജനത എത്രമാത്രമാണ്. അവർ അറിഞ്ഞത് എത്ര മാത്രം സത്യമാണ്. അവർ സൂക്ഷിച്ചു വെച്ചത് -സൽക്കർമ്മങ്ങൾ ഏതു വിധമാണ് അവർക്ക് ലഭിച്ചിരിക്കുന്നത്. അവർ ഇവിടെ ഇട്ടേച്ചു പോയത് എത്രമാത്രം നഷ്ടമാണ് അവർക്ക് വരുത്തി വെച്ചത്! എത്രമാത്രം കഠിനമായ അവസ്ഥയിലാണ് അവർ നിലകൊള്ളുന്നത് . 

   ദുനിയാവിന്റെ വർത്തമാനങ്ങൾ അന്ത്യദിനത്തിന്റെ വർത്തമാനം അവർക്കരികിൽ ചെറുതാക്കി കാണിച്ചു. മരണത്തിലൂടെ അന്ത്യദിനത്തിന്റെ മുമ്പിലെ മറ അവരെ തൊട്ട് നീങ്ങിയിരിക്കുന്നു. ഹൃദയങ്ങൾ തകരുമാറുള്ള കാഴ്ചകളാണ് അന്ത്യദിനത്തിൽ നിന്നും അവർ നോക്കിക്കണ്ടത്. ആ ദിവസത്തിൽ കുറ്റവാളികൾ വിപത്തുകളിൽ അകപ്പെടും. അതിൽ രഹസ്യങ്ങൾ പരസ്യമാകും. ചെറുതും വലുതുമായ ദോഷങ്ങൾ ക്ലിപ്തമാക്കപ്പെടും. നന്മ ചെയ്യുന്നതിൽ വീഴ്ച വരുത്തിയവൻ അന്ന് നഷ്ടം സംഭവിച്ചവനാണ്. ഉന്നതമായ നന്മ പ്രവർത്തിച്ചവൻ വിജയം വരിക്കുന്നവനാണ്.

   അല്ലാഹുﷻവിന്റെ സ്ഥാനം മനസ്സിലാക്കി നന്മ ചെയ്യുന്നവരിൽ അല്ലാഹു ﷻ നമ്മെ ഉൾപ്പെടുത്തട്ടെ.

   *രാജാവും ഉദാരനുമായ അല്ലാഹുﷻവിന്റെ വചനം:*

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَوْمَ تَجِدُ كُلُّ نَفْسٍ مَّا عَمِلَتْ مِنْ خَيْرٍ مُّحْضَرًا وَمَا عَمِلَتْ مِن سُوءٍ تَوَدُّ لَوْ أَنَّ بَيْنَهَا وَبَيْنَهُ أَمَدًا بَعِيدًا ۗ وَيُحَذِّرُكُمُ اللَّـهُ نَفْسَهُ ۗ وَاللَّـهُ رَءُوفٌ بِالْعِبَادِ ﴿٣٠﴾*
*(എല്ലാ ആത്മാവും അതു നന്മയായിട്ട് എന്തു പ്രവർത്തിച്ചുവോ അതിനെ തയ്യാറാക്കപ്പെട്ടതായി, അതു കണ്ടെത്തുന്ന ദിവസം അത് -ആത്മാവ്- തിന്മയായിട്ട് എന്ത് പ്രവർത്തിച്ചുവോ തന്റെയും അതിന്റെയും ഇടയിൽ വിദൂരമായ അകലം ഉണ്ടായിരുന്നെങ്കിൽ നന്നായേനേ എന്നു അതു കൊതിക്കുകയും ചെയ്യും. അല്ലാഹു ﷻ അവനെ കുറിച്ചു തന്നെ സൂക്ഷിക്കണമെന്ന് നിങ്ങളെ താക്കീതു ചെയ്യുന്നു. അല്ലാഹു ﷻ അടിയന്മാരോടു വളരെ ദയയുള്ളവനുമാകുന്നു.)*
  *(ആലു ഇംറാൻ - 30)*

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*

*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*

*📍രണ്ടാമത്തെ ഖുതുബ*

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.

   *_ജനങ്ങളെ..,_*
   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 

   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.

   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ  പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 

   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.

   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.

   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 

   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..

   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം)  അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.

   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.