റബീഉൽ ആഖിർ മാസത്തിലെ ഒന്നാമത്തെ വെള്ളിയാഴ്ച്ച
✍🏼പ്രകാശിക്കുന്ന നക്ഷത്രങ്ങളെ സഞ്ചരിപ്പിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്ന അല്ലാഹുവിﷻന്നാണ് സർവ്വസ്തുതിയും. ഹജ്ജും ഉംറയും നിർവഹിക്കുന്നവർ അതു നിർവഹിക്കുന്ന കാലത്തോളം മുഹമ്മദ് നബിﷺയിലും കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ.
*_ജനങ്ങളെ..,_*
അല്ലാഹുﷻവിനെ ഭയപ്പെട്ടു ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു. നിങ്ങൾ ഒരുങ്ങുക, അന്ത്യയാത്രക്കുള്ള കാഹളം മുഴങ്ങിക്കഴിഞ്ഞു. നിങ്ങൾ വെളിപ്പെട്ടു നിൽക്കുക, നിങ്ങളെ ഖബറുകളിലേക്ക് നീക്കിക്കളയാനുള്ള ആളുകൾ അടുത്തെത്തിക്കഴിഞ്ഞു. അസത്യങ്ങളുടെ പ്രതികളെയും, വിവിധ കാരണങ്ങൾ പറഞ്ഞ് നന്മകൾ ചെയ്യലിനെ നീട്ടിവെക്കലിനെയും, നിങ്ങൾ വിട്ടുകളയുക. നിരവധി ഗ്രാമങ്ങളിൽ ജീവിച്ചിരുന്നവരുടെ വർത്തമാനങ്ങളും കഥകളും ഖുർആൻ ആവർത്തിച്ചു പറഞ്ഞതും കഴിഞ്ഞുപോയ ജനവിഭാഗങ്ങളുടെ പതനങ്ങളും ചൂണ്ടിക്കാണിച്ച് നിങ്ങളെ ഉപദേശിച്ചതും നിങ്ങൾ കേട്ടിട്ടുണ്ട്. ഉൾക്കാഴ്ചയുള്ളവർക്ക് അവയിൽ ഒട്ടും തന്നെ സംശയം ഉണ്ടാവുകയില്ല.
നിർമ്മിച്ചുണ്ടാക്കപ്പെട്ട കള്ളക്കഥകളിൽ നിന്നും നിങ്ങൾ തിരിഞ്ഞു കളയുന്ന പോലെ സതുപദേശത്തെ തൊട്ട് നിങ്ങൾ തിരിഞ്ഞു കളയുന്നു. പ്രസ്തുത ഉപദേശത്തിൽ നിന്നും നിങ്ങൾക്ക് മനസ്സിലാകുന്നതിനെ തൂങ്ങിയുറക്കിലെ പാഴ്സ്വപ്നങ്ങളെപോലെ നിങ്ങൾ ഗണിക്കുന്നു.
മരണത്തിന്റെ കൈകൾ നിങ്ങളുടെ വയസ്സുകളെ ബന്ധിച്ച കയറിനെ പൊട്ടിച്ചിരിക്കുന്നു. സൽക്കരിക്കാൻ കൊള്ളാത്തവന്റെ ഭീകരതയിൽ അത് നിങ്ങളെ ആക്രമിച്ചിരിക്കുന്നു. അല്ലാഹു ﷻ നിങ്ങളോട് കരുണ കാണിക്കട്ടെ, നാശത്തിലെത്തിക്കുന്ന ദുഷ്കർമ്മങ്ങളിൽ നിന്നും നിങ്ങൾ പിന്മാറുക. പൗരുഷമുള്ളവരുടെ അവിശ്രമ പരിശ്രമത്തിലൂടെ നാശങ്ങളുടെ മരുഭൂമികളെ നിങ്ങൾ മുറിച്ചു കടക്കുക.
ഉയർന്ന പദവികളിൽ ജീവിച്ചിരുന്നവരുടെ ഖബറുകൾക്കരികിൽ നിങ്ങൾ നിൽക്കുക. മരണത്തിന്റെ വിപത്തുകൾക്ക് വിധേയരായ, മരണത്താൽ നേരിടേണ്ടി വന്ന കാര്യങ്ങളാൽ ജോലിയായവരായ മണ്ണിന്റെ ആവരണങ്ങൾക്കിടയിൽപ്പെട്ട ജീവിച്ചിരുന്നപ്പോൾ സുഖ ജീവിതം ലഭിച്ചിരുന്ന മുഖങ്ങളെ നിങ്ങൾ പരിശോധിക്കുക. അവയിൽ നിന്നും അവശേഷിക്കുന്ന അവശിഷ്ടങ്ങളിൽ നോക്കുന്നവന്ന് ഗുണപാഠമുള്ളതായി നിങ്ങൾ എത്തിക്കും.
മരണത്തിന്റെ ആക്രമണങ്ങൾ ആത്മാവിനെ സമീപിക്കുകയും ധാരണകളുടെ ദുഷിച്ച വാർത്തകൾ തന്നിൽ സത്യമാവുകയും ബന്ധുക്കളുടെ കണ്ണുകൾ തനിക്കു വേണ്ടി കരയുകയും, മരിച്ചു പോയവരോട് ചേരുകയും, മയ്യിത്ത് ചുമക്കുന്നവരുടെ ചുമലുകളിൽ ചുമക്കപ്പെടുകയും, വിപത്തുകൾ നിറഞ്ഞ ഖബറിലേക്ക് വഹിക്കപ്പെടുകയും, ഭൂമിയിൽ വെച്ച് ചെയ്യേണ്ടതായ കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുകയും, അല്ലാഹുﷻവിന്റെ മുമ്പിൽ വിചാരണക്ക് വിധേയമാവുകയും ചെയ്യുന്നതിന്നു മുമ്പ് സ്വന്തം ആത്മാവിന്ന് അനുഗ്രഹം ചൊരിയുകയും ആത്മാവിന്റെ കാര്യത്തിൽ കരയുകയും, ചെയ്ത മനുഷ്യന്ന് അല്ലാഹു ﷻ അനുഗ്രഹം ചൊരിയട്ടെ.
പരലോകത്ത് വെച്ച് മറകൾ ഉയർത്തപ്പെടും, നന്മ തിന്മകൾ രേഖപ്പെടുത്തിയ ഗ്രന്ഥം മുമ്പിൽ വെക്കപ്പെടും. കുടുംബബന്ധങ്ങൾ അറ്റുപോവും, ശിക്ഷക്ക് വിധേയരാകേണ്ടവരും പ്രതിഫലം ലഭിക്കേണ്ടവരും ഒരുമിച്ചു കൂട്ടപ്പെടും. അവർക്കിടയിൽ വാതിലോടു കൂടിയ ചുമർ നിർമ്മിക്കപ്പെടും. ചുമരിന്റെ അപ്പുറത്ത് സ്വർഗ്ഗത്തിൽ അനുഗ്രഹവും ഇപ്പുറത്ത് നരകത്തിൽ ശിക്ഷയുമായിരിക്കും.
അന്നേദിവസം അനുഗ്രഹത്തിന്റെ തണൽ കൊണ്ട് നമുക്ക് അല്ലാഹു ﷻ തണൽ നൽകട്ടെ.
*നമുക്ക് തടുക്കാൻ കഴിയാത്ത വിധി ആരുടേതാണോ അവന്റെ - അല്ലാഹുﷻവിന്റെ വചനം:*
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*فَكَأَيِّن مِّن قَرْيَةٍ أَهْلَكْنَاهَا وَهِيَ ظَالِمَةٌ فَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا وَبِئْرٍ مُّعَطَّلَةٍ وَقَصْرٍ مَّشِيدٍ ﴿٤٥﴾ أَفَلَمْ يَسِيرُوا فِي الْأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَا أَوْ آذَانٌ يَسْمَعُونَ بِهَا ۖ فَإِنَّهَا لَا تَعْمَى الْأَبْصَارُ وَلَـٰكِن تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ ﴿٤٦﴾*
*(അങ്ങനെ, അക്രമം പ്രവർത്തിച്ചുകൊണ്ടിരിക്കെ എത്രയെത്ര നാടുകളെയാണ് നാം നശിപ്പിച്ചത്. എന്നിട്ട് മേൽപുരകളോടെ അവ വീണു കിടക്കുകയാണ്. ഉപയോഗ ശൂന്യമായ കിണറുകളും കെട്ടി ഉയർത്തപ്പെട്ട മാളികകളും എത്രയാണ് നശിച്ചു കിടക്കുന്നത്. ഇവർ ഭൂമിയിൽ കൂടി സഞ്ചരിക്കുന്നില്ലേ..? എങ്കിൽ മനസ്സിലാക്കുവാനുള്ള ഹൃദയങ്ങളോ, കേട്ടറിയുവാനുള്ള കാതുകളോ അവർക്ക് ഉണ്ടാവേണ്ടിയിരുന്നു. എന്നാൽ കണ്ണുകൾക്ക് അന്ധത ബാധിക്കുന്നില്ല. എങ്കിലും നെഞ്ചുകൾക്ക് അകത്തുള്ള ഹൃദയങ്ങൾക്കത്രേ അന്ധത ബാധിക്കുന്നത്.)*
*(ഹജ്ജ് - 45 , 46)*
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*
*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*
*📍രണ്ടാമത്തെ ഖുതുബ*
ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.
കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.
*_ജനങ്ങളെ..,_*
നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക.
അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.
അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു.
സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.
അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.
അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ.
അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..
അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം) അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.
ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.
നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.
അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.
Post a Comment