റബീഉൽ ആഖിർ മാസത്തിലെ നാലാമത്തെ വെള്ളിയാഴ്ച്ച
✍🏼ശത്രുതയില്ലാതെ വിധി നടപ്പാക്കുന്ന, മറ്റൊരാളെ പിന്തുടരാതെ വസ്തുക്കളെ കൂട്ടിയിണക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വ സ്തുതിയും. മുഹമ്മദ് നബിﷺയിലും ഭക്തരും ഗുണവാന്മാരുമായ അവിടത്തെ കുടുംബത്തിലും അനുചരന്മാരിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ.
*_ജനങ്ങളെ..,_*
അല്ലാഹുﷻവേ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു..,
ഇഷ്ടങ്ങൾക്ക് വിപരീതം പ്രവർത്തിക്കുവാൻ നിങ്ങൾ ശരീരങ്ങളെ നിർബന്ധിക്കുക. ശത്രുക്കളോട് യുദ്ധം ചെയ്യുന്നത് പോലെ അല്ലാഹുﷻവിന്റെ ബാധ്യത നിർവഹിക്കുവാൻ അവയോട് നിങ്ങൾ യുദ്ധം ചെയ്യുക. ദുനിയാവിൽ വെച്ച് പരീക്ഷണങ്ങളിൽ ക്ഷമിക്കാൻ അവയെ നിങ്ങൾ നിർബന്ധിക്കുക. പരലോകത്തെ നീണ്ടകാല സുഖങ്ങൾ കൊണ്ട് നിങ്ങൾ അവയെ വിജയിപ്പിക്കുക. രോഗം സുഖപ്പെടുന്നതിൽ പ്രതീക്ഷിച്ചാണ് രോഗിയെ മരുന്ന് കഴിക്കാൻ നിർബന്ധിക്കുന്നത്. അത് പോലെ പരലോക സുഖം പ്രതീക്ഷിച്ചാണ് ദുനിയാവിൽ പ്രയാസപ്പെടാൻ നിങ്ങൾ നിർബന്ധിക്കപ്പെടുന്നത്.
ദുനിയാവ് സന്തോഷം നഷ്ടപ്പെട്ട വീടാണ്. അതിൽ വസിക്കുന്നവരുടെ സുഖം നിഴലുകൾ നീങ്ങുന്ന പോലെ നീങ്ങും. അറിയുക, അല്ലാഹു ﷻ നിങ്ങളെ അനുഗ്രഹിക്കട്ടെ, അതിന്റെ ചരക്കുകളോടുള്ള ആഗ്രഹങ്ങളെ നിങ്ങൾ മുറിച്ചു കളയുക, അതിൽ സ്ഥിരതാമസം നേടാൻ ഒരു വഴിയുമില്ലെന്ന് നിങ്ങൾ അറിഞ്ഞിട്ടുണ്ട്. ദുനിയാവ് ക്ഷീണം, വിഷമം, കൂട്ടുകാരും ഇഷ്ടക്കാരും വേർപെട്ടു പോകൽ എന്നിവ സംഭവിക്കുന്ന ഒരു സ്ഥലമാണ്.
നിങ്ങൾക്കു മുമ്പുള്ളവർ എവിടെ? മഹാന്മാരും, രാജാക്കന്മാരും, അടക്കിഭരിക്കുന്നവരും, നേതാക്കന്മാരും, എല്ലാം ആയിരുന്നു. അവർ സമ്പത്തും ഐശ്വര്യവും ഉള്ളവരായിരുന്നു അവർ, രാഗവും സുഭിക്ഷതയും കൈവരിച്ചവർ.
അല്ലാഹുﷻവിനെ വിട്ട് അഹങ്കരിച്ചവനും രോഗികളുടെ വീട്ടിൽ ദുനിയാവിൽ ആരോഗ്യം ഉറപ്പിച്ചവനും എവിടെ? ദുനിയാവ് പ്രൗഡിയുടെ അഴക് നൽകിയവർ എവിടെ? പ്രതാപം അവരെ വാനോളം ഉയർത്തിയിരുന്നു. സ്വത്തും അടിമകളും അവർക്ക് ധാരാളമായിരുന്നു.
നോക്കൂ, എങ്ങിനെയാണ് അവരിൽ വിപത്തുകൾ വ്യാപകമായത്? മരണമാകുന്ന വാളിനാൽ ദിവസങ്ങൾ അവരെ വീഴ്ത്തിയത്? അവരിൽ നിന്നും പ്രൗഡിയുടെ വസ്ത്രങ്ങൾ ഊരിക്കളഞ്ഞത്? വിരൂപതയുടെ വസ്ത്രം അവരെ ധരിപ്പിച്ചത്?
മരണം -കാരണത്താൽ- അവരുടെ വൻകെട്ടിടങ്ങളെ പൊളിച്ചു കളഞ്ഞു. അവരുടെ അവയവങ്ങളുടെ അനക്കങ്ങൾ അടക്കിക്കളഞ്ഞു. വിജനമായ സ്ഥലങ്ങളിലെ ഖബറുകളിൽ അവരെ മറച്ചു കളഞ്ഞു. ചികിത്സാരികളും സൂക്ഷ്മമായ തന്ത്രങ്ങൾ ഉള്ളവരും ഉപകരിച്ചില്ല.
അവരുടെ ഖബറുകൾ നാശമടഞ്ഞവയാണ്. ഇരുൾനിറഞ്ഞവയാണ്. പ്രഭാതത്തിലും, പ്രദോഷത്തിലും ഏകാന്തത നിറഞ്ഞവയാണ്. അവയുടെ ഭാഗങ്ങളിൽ നിന്നും വരുന്ന മാറ്റൊലികളുടെ ശബ്ദം നിനക്ക് കേൾക്കാം. മനുഷ്യരുടെ ഭൗതിക ജീവിതത്തിന്റെ അവസ്ഥയേ വ്യക്തമായി മനസ്സിലാക്കിത്തരുന്ന പ്രാസംഗികന്മാരുടെ ഉപദേശത്തേക്കാൾ ഉന്നതമായ ഉപദേശങ്ങളാണവ.
മൂടി നീക്കപ്പെടുകയും, ആമാശയങ്ങൾ വിറക്കുകയും, നെടുവീർപ്പിടുകയും, ഇഷ്ടക്കാരെ പിരിയുകയും, കൂട്ടു കുടുംബങ്ങളെ തൊട്ട് ശ്രദ്ധ തെറ്റുകയും, മുമ്പ് മരിച്ചവരിൽ നിന്നും അനുഭവിച്ചറിഞ്ഞ കാര്യങ്ങളാൽ പാഠമുൾക്കൊണ്ട് മനുഷ്യന് അല്ലാഹു ﷻ അനുഗ്രഹം ചെയ്യട്ടെ.., അല്ലാഹുﷻവിൽ നിന്നും അവർ വേണ്ട വിധം ലജ്ജിച്ചിട്ടുണ്ട്. തന്റെ ആത്മാവിന്റെ വരാനിരിക്കുന്ന അവസ്ഥകൾ ഓർത്ത് അദ്ദേഹം ഒരുപാട് കരഞ്ഞിട്ടുണ്ട്.
എല്ലാം നാശത്തിലേക്കാണ് നീങ്ങുന്നത്. പ്രതിഫലം ലഭിക്കൽ അനിവാര്യമാണ്. വിധി പറയാൻ നീതിമാനായ വിധികർത്താവ് -അല്ലാഹുﷻ- പ്രത്യക്ഷപ്പെടുന്ന ദിവസം കൊമ്പുള്ള ആടിൽ നിന്നും കൊമ്പില്ലാത്ത ആടിനു വേണ്ടി പ്രതികാരമെടുക്കും. കുറ്റവാളികൾ നിന്ദ്യരായി നിൽക്കുന്ന ദിവസം ലിവാഉൽ ഹംദിന്റെ തണലിൽ അല്ലാഹുﷻവിന്റെ ഇഷ്ടദാസന്മാർ തണൽ കൊള്ളും. അല്ലാഹുﷻവിന്റെ ശത്രുക്കൾ ദൗർഭാഗ്യവാന്മാരുടെ സ്ഥാനത്ത് നരകത്തിൽ ഇറങ്ങും. രണ്ടു വിഭാഗവും സജ്ജനങ്ങളും, ദുർജ്ജനങ്ങളും ഒരു പ്രഖ്യാപനം ശ്രവിക്കും.
സ്വർഗ്ഗവാസികളെ.., നിങ്ങൾക്ക് സ്വർഗ്ഗീയ സുഖം ശാശ്വതമായിരിക്കും. നരകവാസികളെ.., നിങ്ങൾക്ക് നരക ജീവിതം നിത്യമായിരിക്കും.
ചീത്ത കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നവരിൽ അല്ലാഹു ﷻ നമ്മെ ഉൾപ്പെടുത്തട്ടെ..,
*മുഴുവൻ വസ്തുക്കളിൽ നിന്നും ഭിന്നമായവന്റെ -അല്ലാഹുﷻവിന്റെ- വചനം:*
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*وَكَذَٰلِكَ أَخْذُ رَبِّكَ إِذَا أَخَذَ الْقُرَىٰ وَهِيَ ظَالِمَةٌ ۚ إِنَّ أَخْذَهُ أَلِيمٌ شَدِيدٌ ﴿١٠٢﴾ إِنَّ فِي ذَٰلِكَ لَآيَةً لِّمَنْ خَافَ عَذَابَ الْآخِرَةِ ۚ ذَٰلِكَ يَوْمٌ مَّجْمُوعٌ لَّهُ النَّاسُ وَذَٰلِكَ يَوْمٌ مَّشْهُودٌ ﴿١٠٣﴾ وَمَا نُؤَخِّرُهُ إِلَّا لِأَجَلٍ مَّعْدُودٍ ﴿١٠٤﴾ يَوْمَ يَأْتِ لَا تَكَلَّمُ نَفْسٌ إِلَّا بِإِذْنِهِ ۚ فَمِنْهُمْ شَقِيٌّ وَسَعِيدٌ ﴿١٠٥﴾ فَأَمَّا الَّذِينَ شَقُوا فَفِي النَّارِ لَهُمْ فِيهَا زَفِيرٌ وَشَهِيقٌ ﴿١٠٦﴾ خَالِدِينَ فِيهَا مَا دَامَتِ السَّمَاوَاتُ وَالْأَرْضُ إِلَّا مَا شَاءَ رَبُّكَ ۚ إِنَّ رَبَّكَ فَعَّالٌ لِّمَا يُرِيدُ ﴿١٠٧﴾ ۞ وَأَمَّا الَّذِينَ سُعِدُوا فَفِي الْجَنَّةِ خَالِدِينَ فِيهَا مَا دَامَتِ السَّمَاوَاتُ وَالْأَرْضُ إِلَّا مَا شَاءَ رَبُّكَ ۖ عَطَاءً غَيْرَ مَجْذُوذٍ ﴿١٠٨﴾*
*(വിവിധ നാട്ടുകാര്‍ അക്രമം പ്രവര്‍ത്തിക്കുമ്പോള്‍ അവരെ പിടികൂടുന്ന സന്ദര്‍ഭം ഇങ്ങനെയാണ് താങ്കളുടെ രക്ഷിതാവ് ശിക്ഷിക്കുക. ആ ശിക്ഷാനടപടിയാകട്ടെ അതീവ വേദനാജനകവും ഏറെ കഠിനവുമത്രേ. പാരത്രിക ശിക്ഷ ഭയപ്പെടുന്നവര്‍ക്ക് നിശ്ചയം അതില്‍ ദൃഷ്ടാന്തമുണ്ട്. സകലമനുഷ്യരും ഒരുമിച്ചുകൂട്ടപ്പെടുന്ന ഒരു ദിനമാണത്. അന്ന് സര്‍വരും സന്നിഹിതരുമാകും. ഒരു നിര്‍ണിതാവധിവരെ മാത്രമേ അന്നാളിനെ നാം പിന്തിക്കൂ. അതാസന്നമാകുന്ന ദിവസം അല്ലാഹുﷻവിന്റെ സമ്മതത്തോടെയല്ലാതെ ഒരാളും സംസാരിക്കുന്നതല്ല. അവരില്‍ ഭാഗ്യഹീനരും സൗഭാഗ്യവാന്‍മാരും ഉണ്ടാകും എന്നാല്‍ ഭാഗ്യ ശൂന്യര്‍ നരകത്തിലാണ്. അവര്‍ക്കവിടെ നെടുനിശ്വാസവും തേങ്ങിക്കരച്ചിലുമുണ്ടാകും. ഭുവന-വാനങ്ങളുള്ള കാലമത്രയും അവരതില്‍ ശാശ്വതരായിരിക്കും-താങ്കളുടെ നാഥന്‍ ഉദ്ദേശിച്ചതൊഴികെ. താനാഗ്രഹിക്കുന്നത് അപ്പടി നിര്‍വഹിക്കുന്നവനാണ് താങ്കളുടെ രക്ഷിതാവ്. എന്നാല്‍ സൗഭാഗ്യവാന്‍മാര്‍ സ്വര്‍ഗത്തിലായിരിക്കും. ഭുവന-വാനങ്ങളുള്ളിടത്തോളം കാലം അവരതില്‍ സ്ഥിരതാമസക്കാരായിരിക്കും; താങ്കളുടെ നാഥന്‍ ഉദ്ദേശിച്ചതൊഴികെ. അവിച്ഛേദ്യമായ ഒരു സമ്മാനമാണത്)*
*(ഹൂദ് :102.._..108)*
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*
*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*
*📍രണ്ടാമത്തെ ഖുതുബ*
ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.
കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.
*_ജനങ്ങളെ..,_*
നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക.
അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.
അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു.
സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.
അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.
അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ.
അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..
അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം) അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.
ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.
നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.
അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.
Post a Comment