ഇന്നത്തെ നുബാത്തി ഖുതുബയുടെ അർത്ഥം (സ്വഫർ മാസത്തിലെ ഒന്നാമത്തെ വെള്ളിയാഴ്ച്ച)

 

       ✍🏼വൻ പാപങ്ങൾ പൊറുക്കുന്ന, ഹൃദയ രഹസ്യങ്ങൾ അറിയുന്ന, സുശക്തമായ സഹായം നൽകാൻ കഴിയുന്ന, ഭദ്രമായ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ സാധിക്കുന്ന അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

   പങ്കുകാരനില്ലാത്ത ഏകനായ അല്ലാഹു ﷻ മാത്രമേ ആരാധ്യനൊള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം മുഹമ്മദ് നബി ﷺ അവന്റെ അടിമയും പ്രവാചകനുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.

   നക്ഷത്രോദയവും അസ്തമയവും നടക്കുന്ന കാലത്തോളം മുഹമ്മദ് നബിﷺയുടെയും കുടുംബത്തിന്റെയും മേൽ അല്ലാഹു ﷻ ഗുണം ചെയ്യട്ടെ...

   _*ജനങ്ങളെ..,*_ 
   അല്ലാഹുﷻവിനെ ഭയപ്പെട്ട് ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

   ശ്രദ്ധിക്കുന്ന ഹൃദയം നഷ്ടപ്പെടുന്നവന്റെ നാശം എത്ര ഭയങ്കരം! കരയുന്ന കണ്ണ് നഷ്ടപ്പെട്ടവനിലേക്ക് ശിക്ഷ കടന്നു വരുന്നത് എത്ര പെട്ടെന്ന്! ദോഷിയായി അന്ത്യദിനത്തെ സമീപിച്ചവന്റെ ഖേദം എത്ര കഠിനം! പരിധി വിട്ട് അക്രമം പ്രവർത്തിച്ചവന്റെ ദുഃഖം എത്ര അധികം.

   നിങ്ങളുടെ ഹൃദയങ്ങളിൽ ഇച്ഛ ആധിപത്യം നേടിയിരിക്കുന്നു. നിങ്ങളുടെ മനസ്സുകളിൽ കൊതി അധികാരം സ്ഥാപിക്കുകയും, അവയെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.

 നിങ്ങൾ നിങ്ങളാൽ ഉദ്ദേശിക്കപ്പെട്ടതിനെ കുറിച്ച് അശ്രദ്ധരാണ്. നിങ്ങൾ മനസ്സിലാക്കി വെച്ചതിനെതിരിൽ പ്രവർത്തിക്കുന്നവരാണ്. നിങ്ങൾ ഉറപ്പിച്ച ഒന്നിനെ - മരണത്തെ - കുറിച്ച് വിവരമില്ലാത്തവരായ പോലെ നിലകൊള്ളുന്നു. അടുത്ത് തന്നെ നിങ്ങൾ ഭൂമിയിൽ നിന്നും യാത്ര തിരിക്കുന്നവരാണ്. 

   ഉപദേശം നിങ്ങളിലെ രോഗിയെ - ദോഷിയെ - സുഖപ്പെടുത്തുന്നില്ല. മുന്നറിയിപ്പ് നിങ്ങളുടെ ഹൃദയത്തിലേക്ക് വഴികാണുന്നില്ല. നിങ്ങളുടെ പിറകിൽ ഭാരമേറിയ ഒരു ദിവസം ഉണ്ടെന്നും, നിങ്ങളുടെ മുമ്പിൽ മരണമാകുന്ന വൻ സംഭവമുണ്ടെന്നും നിങ്ങൾ അറിഞ്ഞിട്ടുണ്ട്. എത്തിക്കൽ അനിവാര്യമായ ലക്ഷ്യത്തെ - പാരത്രിക - മോക്ഷത്തെ കുറിച്ചുള്ള അശ്രദ്ധ എത്ര അൽഭുതം! രക്ഷയാൽ വഞ്ചിക്കപ്പെട്ട് നാശം ഉറപ്പായവനുള്ള അനുഗ്രഹം എത്ര വിദൂരം.

   ചെവി കേൾക്കുന്നില്ലയോ? ഹൃദയം ഭയപ്പെടുന്നില്ലയോ? കണ്ണ് കരയുന്നില്ലയോ? അല്ലാഹുﷻവിലേക്ക് ഓടിക്കൊണ്ടിരിക്കുന്നവൻ ഭയപ്പെടുന്നില്ലയോ? ഖേദിച്ച് കുറ്റത്തിൽ നിന്നും ഒഴിവാകുന്നവനില്ലയോ? ആരാധനയിൽ അത്യുൽസാഹം കാണിക്കുന്നവനില്ലയോ? സ്വശരീരത്തോട് അനുഗ്രഹം ചൊരിയുന്നവനില്ലയോ? ഖബറിനെ സ്മരിക്കുന്നവനില്ലയോ? മഹ്ശറാ ദിനത്തിന്റെ വിഷമത്തെ ഭയപ്പെടുന്നവനില്ലയോ? നിങ്ങൾ ഭൗതിക ലോകത്ത് സ്ഥിര താമസക്കാരാണെന്ന് ധരിക്കുന്നുണ്ടോ? 

   അന്ത്യനാൾ വരെ എഴുന്നേൽപിക്കപ്പെടാത്ത ഒരു സ്ഥലത്തേക്ക് - ഖബറിലേക്ക് - നിങ്ങൾ വരുന്നവരാണ്. 

   മരണം വരുന്നതിന് മുമ്പ്, രക്ഷയില്ലാതാവുന്നതിന് മുമ്പ്, മലക്കുകൾ ഇറങ്ങുന്നതിനു മുമ്പ്, മരണം എത്തിപ്പെടുന്നതിനു മുമ്പ്, ആത്മാവ് പോകുന്നതിനു മുമ്പ്, ഒഴിവ് പറയൽ സ്വീകരിക്കപ്പെടാത്തതിനു മുമ്പ്, കണ്ണുകൾ തള്ളുന്നതിന്നു മുമ്പ്, ഹൃദയം തൊണ്ടക്കുഴിയിൽ എത്തുന്നതിനു മുമ്പ്, നിശ്ചലമാകുന്നതിന്നു മുമ്പ്, നീ കാര്യം മനസ്സിലാക്കുക. തന്റെ ബന്ധനത്തിൽ നിന്നും ഒരാൾക്കും മോചനമില്ല. 

   അവിടെ വെച്ച് കണ്ണുകൾ പ്രകാശിക്കും, ഭയം യാഥാർത്ഥ്യമാകും, മരണം സംഭവിക്കും, രക്ഷാസങ്കേതമെവിടെ? മനുഷ്യൻ ചോദിക്കും, അന്ത്യസമയം വിപത്തുകൾ നിറഞ്ഞതും കയ്പ്പുറ്റതുമാകുന്നു. അതൊരു ഊത്ത് മാത്രമായിരിക്കും, അപ്പോഴേക്കും ജനങ്ങൾ മഹ്ശറയിൽ എത്തിയിരിക്കും. മുട്ടുകൾ കുത്തിയവരായി, ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ട വഷളായ കാര്യങ്ങളാൽ കരയുന്നവരായി. 

   അവരെ കൊണ്ട് ഭൂമി വിറക്കും, തീപൊരികൾ കൊണ്ട് അവരെ എറിയും, സൃഷ്ടികൾ യജമാനന്റെ മുമ്പിൽ വെളിവാക്കപ്പെടും, രഹസ്യവും പരസ്യവുമായ കാര്യങ്ങൾ വിചാരണക്ക് വിധേയമാകും. മുൻ ജീവിതത്തിൽ സമ്പാദിച്ചവയെക്കുറിച്ച് അവരോട് പറയപ്പെടും. ഒരു പക്ഷേ, സ്വർഗ്ഗത്തിലേക്ക് ഒരു പക്ഷേ നരകത്തിലേക്ക്. 

   നാശഭവനത്തിൽ നിന്നും അല്ലാഹു ﷻ നമ്മെ അകറ്റുമാറാവട്ടെ. സ്ഥിരഭവനമായ സ്വർഗ്ഗത്തിൽ അല്ലാഹു ﷻ നമ്മേ പ്രവേശിപ്പിക്കുമാറാവട്ടെ. 

   ഏകനും, നിരാശ്രയനും, പ്രതാപശാലിയുമായ അല്ലാഹുﷻവിന്റെ വചനം:
*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ ۖ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ ۗ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ ﴿١٨٥﴾*

 (എല്ലാ ശരീരവും മരണത്തെ രുചി നോക്കുന്നതാകുന്നു. നിങ്ങളുടെ - കർമ്മങ്ങളുടെ - കൂലികൾ അന്ത്യദിനത്തിലെ പൂർണ്ണമായും വീട്ടപ്പെടുകയുള്ളൂ. ഏതൊരുവൻ നരകത്തിൽ നിന്നും അകറ്റപ്പെട്ട് സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നുവോ നിശ്ചയം അവൻ വിജയിച്ചു. ഇഹലോക ജീവിതം, വഞ്ചനയുടെ വിഭവം അല്ലാതെ മറ്റൊന്നുമല്ല.) 
  (ആലുഇംറാൻ -186)

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*
*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*

*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*

*📍രണ്ടാമത്തെ ഖുതുബ*

     ഉദാരനും ആരാധ്യനുമായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും. 

   കരുണാനിധിയും സ്തുതിക്കപ്പെടുന്നവനുമായ അല്ലാഹു ﷻ മാത്രമേ ആരാധ്യനുള്ളൂ എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. പ്രസവിക്കപ്പെട്ടവരിൽ ഏറ്റവും പവിത്രതയുള്ള മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനും അടിമയുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. 

   സുജൂദിൽ കിടന്ന് മലക്ക് തസ്ബീഹ് ചൊല്ലുന്ന കാലത്തോളം അല്ലാഹു ﷻ മുഹമ്മദ് നബിﷺയിലും അവിടത്തെ കുടുംബത്തിലും ഗുണം ചെയ്യട്ടെ.

   *_ജനങ്ങളെ..,_*
   നിങ്ങൾ അല്ലാഹുﷻവിനെ സൂക്ഷിക്കേണ്ട വിധം സൂക്ഷിക്കുക. അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ നിർവഹിക്കുന്നതിലേക്ക് ധൃതിപ്പെടുക. നിശ്ചയം അല്ലാഹു ﷻ തന്റെ സ്വന്തം സത്ത കൊണ്ട് ആരംഭിച്ച്, അവന്റെ പരിശുദ്ധിയെ വാഴ്ത്തി തസ്ബീഹ് ചൊല്ലുന്ന അവന്റെ മലക്കുകളെ രണ്ടാമതായി പറഞ്ഞ് തന്റെ സൃഷ്ടികളിൽ നിന്നും വിശ്വാസികളെ "ഓ" എന്ന് അഭിസംബോധന ചെയ്ത് വിളിച്ച് അവൻ ഒരു കാര്യം പ്രവർത്തിക്കാൻ നിങ്ങളോട് കൽപിച്ചിട്ടുണ്ട് എന്ന വസ്തുത നിങ്ങൾ അറിയുക. 

   അല്ലാഹു ﷻ പറഞ്ഞു : നിശ്ചയം അല്ലാഹുﷻവും അവന്റെ മലക്കുകളും അവന്റെ പ്രവാചകന്റെ (ﷺ) മേൽ സ്വലാത്ത് ചൊല്ലുന്നു അതിനാൽ "ഓ" സത്യവിശ്വാസികളെ, നിങ്ങൾ അദ്ദേഹത്തിന്റെ മേൽ സ്വലാത്തും സ്വലാമും ചൊല്ലുക.

   അല്ലാഹുﷻവേ, നീ നിന്റെ പ്രവാചകനും ഞങ്ങളുടെ നേതാവുമായ മുഹമ്മദ് നബിﷺയുടെ മേൽ ഗുണവും രക്ഷയും ചൊരിയേണമേ, ആ  പ്രവാചകന്റെ കയ്യിൽ വെച്ച് ചരൽക്കല്ല് തസ്ബീഹ് ചൊല്ലിയിരിക്കുന്നു. അവിടത്തെ വിരലുകൾക്കിടയിൽ നിന്നും ജലം ഉറവെടുത്തിരിക്കുന്നു. 

   സന്മാർഗ്ഗം സിദ്ധിച്ച് അവിടത്തെ പിൻഗാമികളിൽ ആദ്യത്തവരും മാർഗ്ഗദർശനം നൽകുന്ന നേതാക്കളിൽ ഉത്തമരും ആയവരേ തൊട്ട് നീ തൃപ്തിപ്പെടേണമേ. അദ്ദേഹം അനുകമ്പയുള്ള ഇമാമും
വിശ്വാസികളുടെ നായകനുമായ അബൂബക്കർ സിദ്ദീഖ് (റ) ആകുന്നു.

   അല്ലാഹുﷻവെ, സഹപാഠികളിൽ ബഹുമാനമർഹിക്കുന്ന ഇമാമിനെ തൊട്ടും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നായകനായ ഉമർബ്നുൽ ഖത്ത്വാബ്(റ)വിനെ.
പെൺമക്കളുടെ ഭർത്താവിനെയും നീ തൃപ്തിപ്പെടേണമേ, അതായത് വിശ്വാസികളുടെ നേതാവായ ഉസ്മാനുബ്നു അഫ്ഫാൻ (റ)എന്നവരെ.

   അല്ലാഹുﷻവെ, അൽഭുതങ്ങൾ വെളിവാക്കിയവരെ നീ തൃപ്തിപ്പെടേണമേ. അതായത് വിശ്വാസികളുടെ നേതാവായ അലിയ്യുബ്നു അബീത്വാലിബ്(റ)വിനെ. നബിﷺയുടെ രണ്ട് പിതൃസഹോദരന്മാരായ ഹംസ(റ), അബ്ബാസ്(റ) എന്നിവരെ നീ തൃപ്തിപ്പെടേണമേ, നിന്റെ പ്രവാചകന്റെ അവശേഷിക്കുന്ന സ്വഹാബാക്കളെ തൊട്ടും നീ തൃപ്തിപ്പെടേണമേ. 

   അല്ലാഹുﷻവെ, വിശ്വാസികൾക്കും വിശ്വാസിനികൾക്കും മുസ്ലിംകൾക്കും മുസ്ലിമത്തുകൾക്കും നീ പൊറുത്ത് കൊടുക്കേണമേ. അവരിൽ നിന്നും ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും, നിശ്ചയം നീ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനാണ്. ആവശ്യങ്ങൾ വീട്ടുന്നവനെ അവരുടെ മണ്ണിനെ നീ നന്നാക്കേണമേ, അവരുടെ അഭയ കേന്ദ്രം സ്വർഗ്ഗവും ആക്കേണമേ..

   അല്ലാഹുﷻവെ, ഞങ്ങൾക്ക് ദുനിയാവിൽ നല്ലതിനെയും ആഖിറത്തിൽ നല്ലതിനേയും നീ നൽകേണമേ, നരകശിക്ഷയിൽ നിന്നും ഞങ്ങളെ കാക്കേണമേ. അല്ലാഹുﷻവെ, നരകത്തിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ. (ഇത് മൂന്നു പ്രാവശ്യം പറയണം)  അല്ലാഹുﷻവെ, തീ കൊണ്ട് ഞങ്ങളെ നീ ചൂടാക്കരുതേ, നരകത്തിന്റെ വിറകിൽ നീ ഞങ്ങളെ ഉൾപ്പെടുത്തരുതേ. നിശ്ചയം നരകം മോശമായ ഭവനമാണ്. സ്ഥിരതാമസം മോശമായതും. വാസസ്ഥലം ചീത്തയായതുമാണ്.

   ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്കും, വിശ്വാസത്തിൽ ഞങ്ങളുടെ മുൻകഴിഞ്ഞ് പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും പൊറുത്ത് തരേണമേ.. വിശ്വസിച്ചവരോട് ഞങ്ങളുടെ ഹൃദയങ്ങളിൽ നീ പകയെ കുടിയിരുത്തരുതെ. ഞങ്ങളുടെ രക്ഷിതാവേ, നീ കൂടുതൽ കരുണ ചെയ്യുന്നവനും, അനുകമ്പ കാണിക്കുന്നവനുമാണ്.

   നിശ്ചയം അല്ലാഹു ﷻ നീതി കൊണ്ടും നന്മ കൊണ്ടും, അടുത്തവർക്ക് ദാനം നൽകൽ കൊണ്ടും കൽപിക്കുന്നു. ചീത്തയേയും, വെറുക്കപ്പെട്ടതിനെയും, അക്രമത്തേയും അവൻ തടയുന്നു. നിങ്ങൾ ചിന്തിക്കുന്നവരാകാൻ വേണ്ടി അവൻ നിങ്ങളെ ഉപദേശിക്കുന്നു.

   അല്ലാഹുﷻവിനെ സ്മരിക്കലാണ് ഏറ്റവും വലിയതായിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്നതിനെ അവൻ അറിയുന്നു.