ബാബരി മസ്ജിദ് ധ്വംസനത്തിന്റെ നാൾവഴികൾ: 1525 മുതൽ 2020 വരെ.. മതേതര ഇന്ത്യ നാണംകെട്ട മൂഹൂർത്തങ്ങൾ..


16ാം നൂറ്റാണ്ടിൽ നിർമിച്ച ബാബ്‌റി മസ്ജിദ് 1992 ഡിസംബർ ആറിനു നൂറുകണക്കിന് കർസേവകർ ചേർന്ന് തകർത്തതിനെത്തുടർന്നാണ് കേസ് ജനിക്കുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരം ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന വാദം ഉന്നയിച്ചായിരുന്നു പള്ളി തകർത്തത്. 

ബാബരിയുടെ ചരിത്രം ഡോക്യുമെൻററി കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

മതേതര ഇന്ത്യ നാണിച്ച് തലതാഴ്ത്തിയ ദിവസമായിരുന്നു അത്..
പിന്നീട് വന്ന ഓരോ വിധികളും കാവിയിൽ മുക്കി എടുത്തതായിരുന്നു.. ചരിത്രത്തിന്റെ ഇന്നലെകളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം...


1528: മുഗൾ ഭരണ കാലഘട്ടത്തിലെ ചക്രവർത്തിയായിരുന്ന ബാബറുടെ നിർദ്ദേശപ്രകാരം മിർ ബാകിയാണ് അയോധ്യയിൽ ബാബ്റി മസ്ജിദ് നിർമ്മിച്ചത്. ഹിന്ദുദൈവമായ ശ്രീരാമന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്തെ ക്ഷേത്ര അവശിഷ്ടങ്ങൾക്ക് മുകളിലാണ് പള്ളി കെട്ടിപ്പൊക്കിയതെന്ന് ആരോപണം നിലനിന്നു

1949: ഡിസംബർ അവസാനം പള്ളിക്കകത്ത് ശ്രീരാമ വിഗ്രഹം പ്രത്യക്ഷപ്പെടുന്നു. ഇത് സ്ഥാപിച്ചത് ഹിന്ദുക്കളാണെന്ന പ്രചാരണം ഉയർന്നതോടെ സംഘർഷം ഉടലെടുത്തു. സർക്കാർ ഈ പ്രദേശം സംഘർഷബാധിതമായി രേഖപ്പെടുത്തുകയും പള്ളിയുടെ കവാടം താഴിട്ട് പൂട്ടുകയും ചെയ്തു.

1949: രാംലല്ല വിഗ്രഹത്തില്‍ പൂജയ്ക്ക് അനുമതി തേടി ഫൈസാബാദ് ജില്ലാ കോടതിയില്‍ ഗോപാല്‍ സിംല വിശാരദ് ഹര്‍ജി സമര്‍പ്പിച്ചു.

1950: അയോധ്യയിലെ രാം ജന്മഭൂമി ന്യാസിന്റെ തലവനായിരുന്ന മഹന്ത് പരമഹംസ് രാമചന്ദ്ര ദാസ് ഇവിടെ പ്രാർത്ഥിക്കാൻ അനുമതി ആവശ്യപ്പെട്ട് ഹർജി നൽകി. ഇത് അനുവദിച്ച കോടതി പള്ളിയുടെ മതിൽകെട്ടിന് പുറത്ത് പ്രാർത്ഥനയ്ക്ക് അനുമതി നൽകി.


1959: കേസിലെ പ്രധാന കക്ഷികളിലൊരാളായിരുന്ന നിർമോഹി അഗാഡ ഇവിടെ പ്രാർത്ഥനയ്ക്ക് അനുമതി തേടി വീണ്ടും കോടതിയെ സമീപിച്ചു.


1961: ഉത്തർപ്രദേശിലെ വഖഫ് സുന്നി സെൻട്രൽ ബോർഡ് പള്ളി നിലനിന്ന സ്ഥലം ശ്മശാനമായിരുന്നുവെന്ന വാദവുമായി പള്ളിക്ക് അവകാശ വാദം ഉന്നയിച്ച് രംഗത്ത് വന്നു. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഹര്‍ജി ഫയല്‍ ചെയ്തു


1984: പള്ളി നിലനിന്ന സ്ഥലം തങ്ങളുടേതാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാൻ വിശ്വ ഹിന്ദു പരിഷത്ത് ഒരു സമിതിക്ക് രൂപം നൽകി. എൽ.കെ.അദ്വാനിയായിരുന്നു ഇതിന്റെ മുഖ്യ പ്രചാരകൻ.


1986: ഫെബ്രുവരി ഒന്നിന് പള്ളിയുടെ കവാടം ഹിന്ദുക്കൾക്ക് പ്രാർത്ഥിക്കുന്നതിനായി തുറന്നുകൊടുക്കണമെന്ന് ഫൈസാബാദ് ജില്ല കോടതി ഉത്തരവിട്ടു. ഇതേ തുടർന്ന് ബാബ്റി മസ്ജിദ് ആക്ഷൻ കമ്മിറ്റി മറുഭാഗത്ത് രൂപീകരിക്കപ്പെട്ടു


1989: മതിൽകെട്ടിനകത്ത് ശിലാസ്ഥാപനം നടത്തുന്നതിന് ഹിന്ദുക്കൾക്ക് പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുമതി നൽകി. പിന്നാലെ കേസ് ഹൈക്കോടതിയിലേക്ക് മാറി. തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് അലഹാബാദ് ഹൈക്കോടതി ഉത്തരവ്

1990 സെപ്റ്റംബര്‍ 25: ഗുജറാത്തിലെ സോമനാഥില്‍നിന്ന് ബിജെപി നേതാവ് രഥയാത്ര ആരംഭിച്ചു

1990: നവംബറിൽ എ.കെ.അദ്വാനിയുടെ രഥയാത്ര ബീഹാറിൽ തടഞ്ഞ്, അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് വിപി സിംഗ് സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ചു. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി വൻവിജയം നേടി അധികാരത്തിലെത്തി.

1992: ഡിസംബർ ആറിന് രാജ്യത്താകമാനമുള്ള കർസേവകരുടെ വലിയ സംഘം ഇവിടെയെത്തി പള്ളി തകർത്ത് തത്സ്ഥാനത്ത് ക്ഷേത്രം പണിതു. പി.വി.നരസിംഹറാവു നയിച്ച കോൺഗ്രസ് സർക്കാർ ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചു.

1993 ഏപ്രില്‍ 3: തര്‍ക്കഭൂമിയിലെ ചില ഭാഗം ഏറ്റെടുക്കുന്നതിനുള്ള നിയമം കേന്ദ്രസര്‍ക്കാര്‍ പാസാക്കി. നിയമത്തിലെ വിവിധ വശങ്ങള്‍ ചോദ്യം ചെയ്ത് ഇസ്മയില്‍ ഫാറൂഖി ഉള്‍പ്പെടെയുള്ളവര്‍ അലഹബാദ് ഹൈക്കോടതിയില്‍ റിട്ട് പെറ്റിഷനുകള്‍ സമര്‍പ്പിച്ചു. ഹൈക്കോടതിയില്‍ നിലവിലുള്ള വിവിധ ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്കു മാറ്റി സുപ്രീം കോടതിയുടെ ഉത്തരവ്

1994 ഒക്ടോബര്‍ 24: ഇസ്ലാംമത വിശ്വാസമനുസരിച്ച് ആരാധനയ്ക്ക് പള്ളി അനിവാര്യഘടകമല്ലെന്നു ചരിത്രപ്രസിദ്ധമായ ഇസ്മായില്‍ ഫാറൂഖി കേസില്‍ സുപ്രിംകോടതി

2002 ഏപ്രില്‍: തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്നു തീരുമാനിക്കാനായി ഹൈക്കോടതിയില്‍ വാദം തുടങ്ങി.

2003: മാർച്ച് അഞ്ചിന് അലഹബാദ് ഹൈക്കോടതി സ്ഥലത്ത് പുരാവസ്തു ഗവേഷകരോട് പഠനം നടത്തി, പള്ളിയുടെ ഭൂമിയാണോ, ക്ഷേത്ര ഭൂമിയാണോ ഇതെന്ന് നിശ്ചയിക്കാൻ ആവശ്യപ്പെട്ടു.

2003 മാര്‍ച്ച് 13: ഏറ്റെടുത്ത ഭൂമിയില്‍ മതപരമായ ഒരു പ്രവൃത്തിയും പാടില്ലെന്നു ഭുരെ അസ്ലം കേസില്‍ സുപ്രീംകോടതി

2003 മാര്‍ച്ച് 14: സാമുദായിക ഐക്യം പുലര്‍ത്താനായി, അലഹാബദ് ഹൈക്കോടതിയിലുള്ള സിവില്‍ കേസുകളില്‍ തീര്‍പ്പുണ്ടാകുന്നതുവരെ ഇടക്കാല ഉത്തരവ് പാലിക്കാന്‍ സുപ്രിം കോടതി ഉത്തരവ്

2003: ഓഗസ്റ്റ് 22 ന് പള്ളിയുടെ അവശിഷ്ടങ്ങൾക്ക് താഴെ പത്താം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതെന്ന് കരുതുന്ന ക്ഷേത്ര അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.

2003: ഓഗസ്റ്റ് 31 ന് ഈ റിപ്പോർട്ടിനെതിരെ അവകാശവാദവുമായി മുസ്ലിം വ്യക്തിനിയമ ബോർഡ് രംഗത്തുവന്നു.

2010: ജൂലൈ 26 ന് പ്രശ്നം പരസ്പരം ഒത്തുതീർക്കാൻ കോടതി നിർദേശിച്ചെങ്കിലും ഇരുപക്ഷവും അതിന് തയാറായില്ല.

2010: സെപ്തംബർ എട്ടിന് നടത്തിയ പ്രസ്താവനയിൽ ഹൈക്കോടതി കേസിലെ വിധി സെപ്തംബർ 24 ന് പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കി.

2010: സെപ്തംബർ 14 ന് വിധി പുറപ്പെടുവിക്കുന്നതിനെതിരെ റിട്ട് ഹർജി സമർപ്പിച്ചുവെങ്കിലും ഹൈക്കോടതി തള്ളി.

2010: കേസ് കോടതിക്കു പുറത്ത് ഒത്തുതീർക്കണമെന്ന ആവശ്യം സുപ്രീം കോടതിയിൽ. ഇക്കാര്യം സെപ്തംബർ 28 ന് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി നിർദേശിച്ചു.

2010: സെപ്തംബർ 28 ന് നടത്തിയ പ്രസ്താവനയിൽ കേസിൽ വിധി പറയാൻ അലഹബാദ് ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

2010 സെപ്റ്റംബര്‍ 30: തര്‍ക്കഭൂമി മൂന്നായി വിഭജിച്ച് അലഹാബാദ് ഹൈക്കോടതി വിധി. 2:1 എന്ന രീതിയിലായിരുന്നു മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലല്ല എന്നിവയ്ക്കാണു ഭൂമി വീതിച്ചത്

2011 മേയ് 9: ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

2016 ഫെബ്രുവരി 26: തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ അനുമതി ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സുബ്രഹമണ്യന്‍ സ്വാമിയുടെ ഹര്‍ജി. വിഷയത്തിൽ ഇടപെടാൻ ബിജെപി നേതാവായ സുബ്രഹ്മണ്യം സ്വാമിയോട് സുപ്രീം കോടതി നിർദേശിച്ചു. തർക്കം ഒത്തുതീർക്കാൻ കക്ഷികളുമായി ധാരണയിലെത്താനായിരുന്നു ആവശ്യം.

2017 മാര്‍ച്ച് 21: കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പിനുള്ള സാധ്യത പരിശോധിക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് കെഹാര്‍ നിര്‍ദേശിച്ചു

2017 ഓഗസ്റ്റ് 7: 1994ലെ അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീം കോടതി മൂന്നംഗ ബെഞ്ച് രൂപീകരിച്ചു

2017 ഓഗസറ്റ് 8: തര്‍ക്കസ്ഥലത്തുനിന്ന് യുക്തമായ ദൂരം മാറി മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് പള്ളി പണിയാമെന്നു യുപി ഷിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചു

2017 സെപ്തംബര്‍ 11: തര്‍ക്കഭൂമിയുടെ പരിപാലനത്തിനു മേല്‍നോട്ടം വഹിക്കാന്‍ രണ്ട് അഡീഷണല്‍ ജില്ലാ ജഡ്ജിമാരെ 10 ദിവസത്തിനകം നാമനിര്‍ദേശം ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവ്.

2017 നവംബര്‍ 20: അയോധ്യയില്‍ അമ്പലവും ലക്‌നൗവില്‍ പള്ളിയും പണിയാമെന്ന് സുപ്രീം കോടതിയില്‍ യുപി ഷിയാ സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്റെ നിര്‍ദേശം

2017 ഡിസംബര്‍ 1: 2010ലെ അലഹാബാദ് ഹൈക്കോടതി വിധി ചോദ്യംചെയ്ത് 32 പൗരാവകാശ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

2018 ഫെബ്രുവരി 8: സിവില്‍ കേസ് അപ്പീലുകളില്‍ സുപ്രീംകോടതി വാദംകേള്‍ക്കല്‍ തുടങ്ങി

2018 മാര്‍ച്ച് 14: കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി ഉള്‍പ്പെടെ സമര്‍പ്പിച്ച ഇടക്കാല ഹര്‍ജികള്‍ സുപ്രികോടതി തള്ളി

2018 ഏപ്രില്‍ 6: 1994ലെ സുപ്രിം കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ വിശാല ബെഞ്ചിനു വിടണമെന്നു വഖഫ് ബോര്‍ഡിനു വേണ്ടി ഹാജരായ രാജീവ് ധവാന്‍ ആവശ്യപ്പെട്ടു

2018 ജൂലൈ 20: സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

2018 സെപ്തംബര്‍ 27: അഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്കു കേസ് മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. പുതുതായി രൂപീകരിക്കുന്ന മൂന്നംഗ ബെഞ്ച് ഒക്ടോബര്‍ 29നു കേസ് പരിഗണിക്കുമെന്നു കോടതി വ്യക്തമാക്കി

2018 ഒക്ടോബര്‍ 29: ഉചിതമായ ബെഞ്ചിലേക്കു ജനുവരി ആദ്യവാരത്തേക്കു കേസ് മാറ്റി. വാദം കേള്‍ക്കുന്ന തിയതി ആ ബെഞ്ച് നിശ്ചയിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി

2018 ഡിസംബര്‍ 24: 2019 ജനുവരി നാലു മുതല്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനം

2019 ജനുവരി 4: ഉചിതമായ ബെഞ്ച് കേസില്‍ വാദം കേള്‍ക്കുന്നതിനുള്ള തിയതി നിശ്ചയിച്ച് ജനുവരി 10ന് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീം കോടതി.

2019 ജനുവരി 8: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തലവനായി സുപ്രീം കോടതി അഞ്ചംഗ ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസുമാരായ എസ്എ ബോബ്‌ദെ, എന്‍വി രമണ, യുയു ലളിത്, ഡിവൈ ചന്ദ്രചൂഡ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍

2019 ജനുവരി 10: ജസ്റ്റിസ് യുയു ലളിത് പിന്മാറി. പുതിയ ബെഞ്ചിനു മുമ്പാകെ ജനുവരി 29ലേക്കു കേസ് മാറ്റി

2019 ജനുവരി 25: അഞ്ചംഗ ബെഞ്ച് പുനഃസംഘടിപ്പിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കു പുറമെ ജസ്റ്റിസുമാരായ എസ്എ ബോബ്‌ദെ, ഡിവൈ ചന്ദ്രൂചൂഡ്, അശോക് ഭൂഷണ്‍, എസ്എ നസീര്‍ എന്നിവര്‍ ബെഞ്ചില്‍

2019 ജനുവരി 29: തര്‍ക്കഭൂമിക്ക് ചുറ്റമുള്ള, ഏറ്റെടുത്ത 67 ഏക്കര്‍ യഥാര്‍ഥ ഉടമകള്‍ക്കു വിട്ടുകൊടുക്കാന്‍ അനുമതി തേടി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

2019 ഫെബ്രുവരി 20: കേസില്‍ ഫെബ്രുവരി 26നു വാദംകേള്‍ക്കാന്‍ തീരുമാനം

2019 ഫെബ്രുവരി 26: കേസില്‍ മധ്യസ്ഥ സാധ്യത ആരാഞ്ഞ് സുപ്രീംകോടതി. വിഷയം കോടതി നിയോഗിക്കുന്ന മധ്യസ്ഥനു വിടണമോയെന്ന കാര്യത്തില്‍ മാര്‍ച്ച് അഞ്ചിന് ഉത്തരവിടുമെന്നും വ്യക്തമാക്കി.

2019 മാര്‍ച്ച് 6: മധ്യസ്ഥതയിലൂടെ പ്രശ്‌നപരിഹാരത്തിനു ശ്രമിക്കണമോയെന്ന കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതു മാറ്റി

2019 മാര്‍ച്ച് 8: സുപ്രീംകോടതി മുന്‍ ജസ്റ്റിസ് എഫ്എംഐ ഖലിഫുള്ള, ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവര്‍ ഉള്‍പ്പെട്ട മധ്യസ്ഥ സമിതിയെ ഒത്തുതീര്‍പ്പിനു നിയോഗിച്ചു.

2019 ഏപ്രില്‍ 9: തര്‍ക്കപ്രദേശത്ത് ഏറ്റെടുത്ത ഭൂമി യഥാര്‍ഥ ഉടമകള്‍ക്ക് വിട്ടുകൊടുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ നിര്‍മോഹി അഖാഡ എതിര്‍ത്തു

2019 മേയ് 9: മൂന്നംഗ മധ്യസ്ഥസമിതി സുപ്രീം കോടതിക്ക് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

2019 ജൂലൈ 18: മധ്യസ്ഥ ശ്രമങ്ങള്‍ തുടരാന്‍ അനുവദിച്ച സുപ്രീംകോടതി ഓഗസ്റ്റ് ഒന്നിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു

2019 ഓഗസ്റ്റ് 1: മധ്യസ്ഥസമിതി മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കി.

2019 ഓഗസ്റ്റ് 2: മധ്യസ്ഥശ്രമം പരാജയപ്പെട്ടതിനാല്‍ ഓഗസ്റ്റ് ആറ് മുതല്‍ പ്രതിദിനവാദം കേള്‍ക്കുമെന്നു കോടതി വ്യക്തമാക്കി

2019 ഓഗസ്റ്റ് 6: പ്രതിദിന വാദം തുടങ്ങി

2019 ഒക്ടോബര്‍ 4: ഒക്ടോബര്‍ 17നു വാദം കേള്‍ക്കല്‍ അവസാനിപ്പിക്കുമെന്നും നവംബര്‍ 17നകം വിധി പറയുമെന്നും സുപ്രീം കോടതി

2019 ഒക്ടോബര്‍ 16: വാദംകേള്‍ക്കല്‍ അവസാനിപ്പിച്ച് കേസ് വിധി പറയാനായി മാറ്റി

2019 നവംബര്‍ 9:  ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രീം കോടതി ബഞ്ച് രാം ലല്ലയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. 2.7 ഏക്കര്‍ ഭൂമി രാമക്ഷേത്ര നിർമാണത്തിനായി സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കൈമാണം. പള്ളി നിര്‍മിക്കാന്‍ പകരം അഞ്ച് ഏക്കര്‍ നൽകാനും ഉത്തരവ്.

2020 ഫെബ്രുവരി 5: രാമക്ഷേത്ര നിർമാണത്തിന് ട്രസ്റ്റ് രൂപീകരിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ട്രസ്റ്റിന്റെ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ നടത്തി.

2020 ഓഗസ്റ്റ് 5: സുപ്രിം കോടതി നിർദേശപ്രകാരമുള്ള അഞ്ച് ഏക്കറിന്റെ രേഖ അയോധ്യ ജില്ലാ കലക്ടർ സുന്നി വഖഫ് ബോർഡിനു കൈമാറി. ധന്നിപ്പുർ വില്ലേജിൽ പുതിയ മസ്ജിദ് സമു ച്ചയത്തിൽ ആശുപത്രി ഉൾപ്പെടെയുള്ള സംവിധാനങ്ങളുണ്ടാകും.

2020 ഓഗസ്റ്റ് 5: അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു.