ഫുട്ബോൾ ആരാധകർ തമ്മിൽ സംഘർഷം: പൊരിഞ്ഞ അടി.. 50 പേർക്കെതിരെ കേസ്
ഫുട്ബോൾ ആവേശം പരിധി വിട്ടതോടെ ആരാധകർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെ ജനക്കൂട്ടം തടഞ്ഞു.
സംഘർഷത്തിനിടയിൽ പോലീസ് വാഹനത്തിന്റെ ഗ്ലാസ് തകർന്നു. ബുധനാഴ്ച മേൽപ്പറമ്പ് കീഴൂർ ജങ്‌ഷനിലാണ് സംഭവം. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും അന്യായമായി സംഘം ചേർന്നതിനും പൊതുമുതൽ നശിപ്പിച്ചതിനും കണ്ടാലറിയാവുന്ന 50 പേർക്കെതിരേ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. കീഴൂർ ജങ്ഷനിൽ പോർച്ചുഗൽ ടീമിന്റെ ഫ്ലക്സ് ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കീഴൂരിലെ പോലീസ് എയ്ഡ് പോസ്റ്റിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പട്രോളിങ്ങിനിടെ സ്ഥലത്തെത്തിയ മേൽപ്പറമ്പ് എസ്.ഐ. സി.വി.രാമചന്ദ്രൻ, സി.പി.ഒ. സക്കറിയ എന്നിവരെയാണ് ആൾക്കൂട്ടം തടഞ്ഞത്. നൂറോളംപേർ സ്ഥലത്തുണ്ടായിരുന്നു. പിരിഞ്ഞുപോകാൻ ഇവരോട് ആവശ്യപ്പെട്ടപ്പോൾ പോലീസ് ജീപ്പിനുനേരേ അൻപതോളം പേർ കല്ലും വടികളുമായി പാഞ്ഞുവന്ന് തടഞ്ഞുനിർത്തുകയും ഇവിടത്തെ കാര്യത്തിൽ പോലീസ് ഇടപെടേണ്ടെന്ന് ആക്രോശിക്കുകയും ചെയ്തതായി പ്രഥമവിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പോലീസ് വാഹനത്തിന്റെ ക്വാർട്ടർ ഗ്ലാസ്, ഇരുഭാഗത്തെയും ഇൻഡിക്കേറ്റർ, അസംബ്ലി ലൈറ്റ്, ഫ്ലാഗ് പോസ്റ്റ് എന്നിവയാണ് ആൾക്കൂട്ടം തകർത്തത്. എസ്.ഐ. ഇതിനിടെ ബേക്കൽ ഡിവൈ.എസ്.പി.യെ വിവരമറിയിച്ചു. ബേക്കൽ അഡീഷണൽ എസ്.ഐ. പി.രാജീവന്റെ നേതൃത്വത്തിൽ ഉടൻ സ്ഥലത്ത് കൂടുതൽ പോലീസെത്തി. മൊബൈലിൽ അദ്ദേഹം രംഗം ചിത്രീകരിക്കുന്നതിനിടെ ഒരുസംഘം പിടിച്ചുതള്ളുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങി നിലത്തെറിയുകയും ചെയ്തു. ഈ സംഭവത്തിലും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മേൽപ്പറമ്പ് പോലീസ് കേസെടുത്തു.
Post a Comment