സ്വഫർ മാസവും അന്ധവിശ്വാസങ്ങളും

  
       വീണ്ടും സ്വഫർ മാസമെത്തുകയാണ്. ഓർമപ്പെടുത്തലിനുവേണ്ടി മാത്രം ചിലതു സ്വഫർ മാസത്തെക്കുറിച്ച് പറയേണ്ടതുണ്ട്. ഇങ്ങനെ പറഞ്ഞുപറഞ്ഞാണ് ഈ മാസവുമായി ബന്ധപ്പെട്ട് നിരവധി അബദ്ധധാരണകൾ കുറഞ്ഞത്. മണ്ണടിഞ്ഞുകൊണ്ടിരിക്കുന്ന അത്തരം ധാരണകൾ വീണ്ടും പൊട്ടിമുളക്കാതിരിക്കാൻ ഈ ഒർമപ്പെടുത്തൽ സഹായകവുമാണ്...

 എന്താണെന്നല്ലേ, സ്വഫർ പൊതുവെ നഹ്സിന്റെയും അപശകുനത്തിന്റെയും മാസമാണ് എന്നത് എങ്ങനെയോ നമുക്കിടയിൽ വന്നുപെട്ട ഒരു ധാരണയാണത്. ഇതെങ്ങനെ വന്നു എന്നു പറയാം.., ഇതൊരു ധാരണയാണ് എന്നു പറഞ്ഞുവല്ലോ. ധാരണകൾ പൊതുവെ അങ്ങനെയാണ്. തിരുത്തിയാലും തിരുത്തിയാലും പോകാതെ അങ്ങനെ കിടക്കും. കിടന്നുകിടന്ന് ചിലപ്പോൾ അതിനു വേറെ രൂപവും ഭാവവും ഒക്കെ കൈവന്നിട്ടുമുണ്ടാകും. ഈ ധാരണ എവിടെനിന്നു വന്നു എന്നതിനെ കുറിച്ച് ഇസ്ലാമിക സംസ്കൃതിയിൽ കൃത്യമായി ഉത്തരമുണ്ട്. ആ ഉത്തരം ഇത് മക്കാ മുശ്രിക്കുകളുടെ വിശ്വാസത്തിൽ നിന്നാണ് എന്നതാണ്. വന്ന വഴി വ്യക്തമായാൽ പിന്നെ അതിനെ കുറിച്ച് കൂടുതൽ ആഴത്തിലേക്കു പോകേണ്ടിവരില്ല. അതുകൊണ്ട് ആദ്യം അതു പറയാം.

 കലണ്ടറിലെ 4 മാസങ്ങളെ അഥവാ ദുൽഖഅ്ദ, ദുൽഹിജ്ജ, മുഹറം, റജബ് എന്നീ മാസങ്ങളെ ഇസ്ലാമിനു മുൻപേ അറബികൾ ആദരിക്കുമായിരുന്നു. യുദ്ധക്കൊതിയന്മാരായിരുന്നിട്ടും അവർ ആ മാസങ്ങളിൽ പടച്ചട്ടയണിയുമായിരുന്നില്ല. എന്നാൽ ചില സാഹചര്യങ്ങളിൽ അവരുടെ യുദ്ധവികാരം അനിയന്ത്രിതമാകുമ്പോൾ അവർ പരിഹാസ്യമായ ഒരു നിലപാടെടുക്കുമായിരുന്നു. യോഗം ചേർന്ന് ഈ മാസത്തിന്റെ പവിത്രതയെ അടുത്ത മാസത്തേക്ക് നീട്ടിവയ്ക്കാം എന്നു തീരുമാനിക്കുന്ന ഒരു നയം. ഇതിനു അറബിയിൽ നസീഅ് എന്നു പറയുന്നു. നസീഅ് എന്ന ഈ നയം അവിശ്വാസത്തിന്റെ മൂർധന്യതയാണ് എന്ന് വിശുദ്ധ ഖുർആൻ അധ്യായം തൗബയിൽ 39ാം സൂക്തത്തിൽ പറയുന്നുണ്ട്.

 ഈ നീട്ടിവെയ്ക്കൽ പ്രക്രിയക്ക് അധികവും വിധേയമായിരുന്ന മാസം സ്വഫറാണ്, കാരണം ദുൽഖഅ്ദ മുതൽ യുദ്ധവികാരം പിടിച്ചുകെട്ടിടുന്ന അവർക്ക് പലപ്പോഴും രണ്ടു മാസമൊക്കെ കഴിയുമ്പോഴേക്കും ക്ഷമയുടെ ചങ്ങല പൊട്ടിപ്പോകുന്ന അവസ്ഥയുണ്ടാകും. അപ്പോൾ അവർ ദുൽഹിജ്ജ കഴിഞ്ഞാലുടൻ ഇനിയൊരു മാസം കൂടി കാത്തിരിക്കുവാൻ വയ്യ എന്ന നിലക്ക് ഈ വർഷത്തെ മുഹർറം വിശുദ്ധി സ്വഫറിലേക്ക് നീട്ടിവയ്ക്കാം എന്നു തീരുമാനിക്കുമായിരുന്നു. അധികവും ഉണ്ടാവാറുള്ളതാണ് ഈ നീട്ടിവയ്ക്കൽ എന്നതിനാൽ ഇത് ഒരു പൊതുവായ സംഗതിയായി, കുറേ ആവർത്തിക്കപ്പെട്ടതോടെ യുദ്ധം നിഷിദ്ധമായ മാസങ്ങളുടെ പട്ടികയിൽ ഇല്ലാത്ത സ്വഫർ വിശുദ്ധ മാസവും ഒരു കാര്യത്തിനും ഇറങ്ങുവാൻ പറ്റാത്ത സമയവുമായി മാറി, അവിടെ നിന്നും വന്ന ഒരു ധാരണയാണ് സ്വഫറിന്റെ ഈ പ്രത്യേകത, ഇത് നബി ﷺ തന്നെ വ്യക്തമായും പറഞ്ഞിട്ടുള്ളതും തിരുത്തിയിട്ടുള്ളതുമാണ്.

 വ്യാധികളുടെ സ്വയപ്പകർച്ച, പക്ഷി ലക്ഷണങ്ങൾ നോക്കൽ തുടങ്ങിയ സമ്പ്രദായങ്ങൾക്കൊന്നും അടിസ്ഥാനമില്ല എന്ന് നബി ﷺ പറഞ്ഞതും ഇബ്നു മസ്ഊദ് (റ) ഉദ്ധരിച്ചതും ഇമാം ബുഖാരി തന്റെ സ്വഹീഹിൽ കിതാബുത്വിബ്ബിൽ രേഖപ്പെടുത്തിയതുമായ ഹദീസിൽ സ്വഫറും ഉൾപ്പെടുന്നുണ്ട്. പക്ഷേ, എന്നിട്ടും അതു കാലങ്ങൾ നിലനിന്നു. ഇപ്പോഴും ചെറിയ തോതിലെങ്കിലും നിലനിൽക്കുകയും ചെയ്യുന്നു.
ധാരണകൾ അങ്ങനെയാണല്ലോ,

 കാലത്തെ വച്ചുള്ള ഇത്തരം കളികൾ വളരെ ഗുരുതരമാണ്. അത് വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുകയും വിശ്വാസികളെ ആശങ്കാകുലരാക്കുകയും ചെയ്യുന്നു. എല്ലാ ആരാധനകൾക്കും കാലവുമായി ശക്തമായ ബന്ധമാണുള്ളത്. ഒരർത്ഥത്തിൽ ഓരോ സമയത്തിനും അല്ലാഹു ﷻ നൽകുന്ന ഒരു സവിശേഷതയും അനുഗ്രഹവുമാണ് ആ കാലത്തിൽ ചെയ്യാനുള്ള ആരാധനകൾ.

 യുദ്ധക്കൊതിയുടെ പേരിൽ മാത്രമായിരുന്നില്ല ജാഹിലീ അറബികൾ ഇങ്ങനെ ചെയ്തിരുന്നത് എന്നുകൂടി ചേർത്തുവായിക്കുമ്പോഴാണ് ആശയങ്ങൾ കൂടുതൽ വ്യക്തമാവുക. അതിനുദാഹരണമാണ് സ്വഫറിൽ ഉംറ പാടില്ല എന്ന അവരുടെ വിശ്വാസം. സ്വഫറിൽ ഒരു നല്ല കാര്യവും പാടില്ല എന്ന തരത്തിലേക്ക് ഈ വിശ്വാസം ഉയർന്നിരുന്നു. സ്വഫറല്ലാത്ത മാസങ്ങളെവെച്ചും ഇത്തരം കളികൾ അവർക്കുണ്ടായിരുന്നു. ഹജ്ജ് പോലും കാലത്തിന്റെ കാര്യത്തിൽ ഇതിൽപെട്ട് താളം തെറ്റിയിരുന്നു എന്നാണ്. 

 ഹിജ്റ ഒൻപതിൽ നബി ﷺ ഹജ്ജ് നിർവഹിക്കാനെത്തുമ്പോഴായിരുന്നു ശരിക്കും അത് ദുൽഹജ്ജിൽ തിരിച്ചെത്തിയത് എന്നാണ് ചരിത്രം. അതിനു മുമ്പ് പലപ്പോഴും ദുൽഖഅ്ദയിലും മുഹർറത്തിലുമൊക്കെയായിരുന്നു അവരുടെ ഹജ്ജ്. അതുകൊണ്ടാണ് നബി ﷺ തന്റെ ഹജ്ജിൽ കർമ്മങ്ങൾ തുടങ്ങും മുമ്പ് നടത്തിയ ഉപദേശങ്ങളിൽ 'കാലം അതിന്റെ പ്രകൃതത്തിൽ തിരിച്ചെത്തിയിരിക്കുന്നു' എന്നു പറഞ്ഞിരുന്നത്. എന്നാൽ, ഈ പറഞ്ഞുവരുന്നത് പൊതുവായ നഹ്സ് എന്ന ആശയത്തെ കുറിച്ചല്ല. അത് എന്താണെന്നും അത് ഏതർത്ഥത്തിൽ മാത്രം വ്യാഖ്യാനിക്കപ്പെടേണ്ടതാണെന്നും പണ്ഡിതർ അതിന്റെ ചർച്ചകളിൽ വ്യക്തമാക്കിയിട്ടുണ്ട്. 

 ഏതായാലും ഒട്ടും ഒന്നിനും പറ്റാത്ത വിധം മൂടിപ്പുതച്ചിരിക്കേണ്ട കാലമെന്നോ അവസ്ഥയെന്നോ അല്ല നഹ്സ് എന്നതിന്റെ ആശയം എന്ന് ആ ചർച്ചകളിൽ നിന്നു വ്യക്തമാണ്. ഇവിടെ നാം സ്വഫർ എന്ന മാസത്തെ കുറിച്ചുണ്ടായതും കാലങ്ങൾ നിലനിന്നതുമായ ഒരു അന്ധവിശ്വാസത്തെയും അതു വന്നവഴിയെയും പറ്റി മാത്രം ചർച്ചക്കെടുക്കുകയാണ്. സ്വഫറിൽ നബിﷺയുടെ അനുഭവം ഒട്ടും ശകുനം പിടിച്ചതായിരുന്നില്ല എന്നാണ് ചരിത്രം.

 നബിﷺയുടെ ആദ്യ വിവാഹം സ്വഫർ മാസത്തിലായിരുന്നു എന്നു ചരിത്രഗ്രന്ഥങ്ങളിലുണ്ട്. ആ വിവാഹം ഒട്ടും അപശകുനം പുരണ്ടതായിരുന്നില്ല. നബിﷺയുടെ ജീവിതത്തിലേക്ക് സന്തോഷവും സമ്പത്തും മാത്രമല്ല, രിസാലത്ത് എന്ന ദൗത്യം തന്നെയും കടന്നുവന്നത് ഖദീജാ ബീവി(റ)യുടെ കാലത്തായിരുന്നു. ആ വിവാഹം ഇരുപത്തഞ്ചു വർഷങ്ങൾ നീണ്ടുനിന്നു. അതിൽനിന്നു തന്നെ സ്വഫറിൽ ഒരു അപശകുനവുമില്ല എന്നു കരുതാം. 

 ഹിജ്റ രണ്ടാം വർഷം സ്വഫറിലായിരുന്നു നബി ﷺ തന്റെ പ്രിയപ്പെട്ട മകൾ ഫാത്വിമാ ബീവി(റ)യെ അലി(റ)വിന് വിവാഹം ചെയ്തുകൊടുത്തത് എന്ന് ഹാഫിള് ഇബ്നു കസീർ (റ) തന്റെ താരീഖിൽ പറയുന്നുണ്ട്. ഇതു മറ്റൊരു ശക്തമായ തെളിവാണ്. കാരണം നബിﷺയുമായി ഏറ്റവും ഹൃദയപരമായി ഇഴയടുപ്പമുള്ള മകളായിരുന്നു ഫാത്വിമാ ബീവി(റ). അവരുടെ വിവാഹത്തിൽ തന്നെ പരിഗണന തഖ് വക്കായിരുന്നു. പല സമ്പന്നരും കാത്തുനിൽക്കെ അലി (റ) വിന് അവരെ വിവാഹം ചെയ്തുകൊടുത്തത് അതുകൊണ്ടാണ്. മാത്രമല്ല, ഈ വിവാഹം നടക്കുമ്പോൾ നബി ﷺ ഒരു സമ്മർദ്ദത്തിന്റെയും മുമ്പിലായിരുന്നില്ല. വിജയകരമായ വിവാഹങ്ങൾ മാത്രമല്ല, യുദ്ധവിജയങ്ങളും ഈ മാസത്തിൽ നബിﷺയെയും അനുയായികളെയും തേടിയെത്തിയിട്ടുണ്ട്. മദീനയിലെത്തിയ നബിﷺയുടെ ആദ്യ സൈനികനീക്കം അബവാഇലേക്കായിരുന്നു. സ്വഫറിലായിരുന്നു ഇത്. 

 നബിﷺയുടെ ഹിജ്റ പുറപ്പാട് തന്നെ സ്വഫറിലായിരുന്നു. ഹിജ്റ ഏഴാം വർഷം ജൂതരുമായുള്ള യുദ്ധത്തിൽ ഖൈബറിൽ നബിﷺയും സൈന്യവും വിജയം നേടിയതും സ്വഫറിൽ തന്നെ. നബിﷺയുടെ ജീവിതത്തിലെ ഏറ്റവും ഒടുവിലത്തെ സൈനിക നീക്കം റോമിനെതിരെയുള്ളതായിരുന്നു. ഉസാമ ബിൻ സൈദ് (റ) വിന്റെ നേതൃത്വത്തിലുള്ള ഈ പുറപ്പാട് സ്വഫറിലായിരുന്നു. ഹിജ്റ പതിനൊന്നാം വർഷത്തിൽ. നബിﷺയുടെ അസുഖവും തുടർന്ന് വഫാത്തും കാരണം യാത്ര
നീണ്ടുവെങ്കിലും ഇത്തരം ഒരു ദൗത്യം ഏൽപ്പിക്കുമ്പോൾ അതു സ്വഫറാണല്ലോ എന്നു നോക്കുകയുണ്ടായില്ല. 

 ഒരു വിശ്വാസസംഹിതയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ജീർണതയുടെ സ്രോതസാണ് ഇത്തരം അന്ധവിശ്വാസങ്ങൾ. അവയെ ഫലപ്രദമായി നേരിട്ടില്ലെങ്കിൽ അവ വളർന്നുവന്ന് അബദ്ധങ്ങളിൽ എത്തിച്ചേരും. അതിനുവേണ്ടത് ശരിയായ അറിവാണ്. 

 ചിലർക്ക് കാര്യങ്ങൾ അറിയാമായിരിക്കും എന്നാലും അവർ അത്തരമൊരു സാഹചര്യത്തിലെത്തുമ്പോൾ സങ്കോചിച്ച് നിൽക്കുന്നതു കാണാം. അത് അബദ്ധവും അന്ധവിശ്വാസവും പ്രചരിപ്പിക്കുന്നതിനു തുല്യമായ സമീപനമാണ്. അന്ധവിശ്വാസങ്ങളെ ഈ വിധം നേരിടുക എന്നതും നബി ﷺ തന്നെ പഠിപ്പിച്ചതാണ്. അത് അവർ നിർവഹിച്ചതും സ്വന്തം ജീവിതം കൊണ്ടുതന്നെയായിരുന്നു. അതിനു ധാരാളം ഉദാഹരണങ്ങൾ നബിﷺയുടെ ജീവിതത്തിലുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ശവ്വാലിലെ വിവാഹങ്ങൾ. ശവ്വാലിൽ വിവാഹം പാടില്ല എന്നായിരുന്നു അന്നത്തെ അന്ധവിശ്വാസം. അതിനെതിരേ നബി ﷺ പ്രതികരിച്ചത് സ്വന്തം ജീവിതം കൊണ്ടായിരുന്നു. ആഇശാ ബീവി(റ)യെ വിവാഹം ചെയ്തതും അവരുമൊത്തുള്ള കുടുംബ ജീവിതം തുടങ്ങിയതും ശവ്വാൽ മാസത്തിലായിരുന്നു.
➖➖➖➖➖➖➖➖➖➖➖➖➖➖

300 ൽ അധികം നബിദിന പരിപാടികൾ - മദ്ഹ് ഗാനങ്ങൾ, പ്രസംഗങ്ങൾ, കുട്ടിക്കഥകൾ, അനൗൺസ്മെന്റുകൾ, സംഭാഷണങ്ങൾ, നന്ദി ഗാനങ്ങൾ, മാർച്ചിഗ് ഗാനങ്ങൾ, സ്റ്റേജ് പ്രകടനം>> http://www.ifshaussunna.in/2021/09/193-10-3.html