1965 ലെ കേന്ദ്ര വഖഫ് നിയമത്തിൽ 2016 ൽ തിരുത്തിയത് ഗുരുതര കാര്യങ്ങൾ.. വഖ്ഫിൽ നവീന വാദികൾക്കും യുക്തിവാദികൾക്കും വഴിതുറന്നത് ആര്.?

ചില വിവാദങ്ങൾ ഉമ്മത്തിന് നന്മയാണ് പ്രദാനം ചെയ്യുക. വഖഫ് വിവാദമുയർന്നപ്പോൾ പൊതു സമൂഹം അതേ കുറിച്ചു പഠിക്കാൻ ശ്രമിക്കുന്നു. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കളെ കുറിച്ചും വകമാറ്റി ചെലവഴിച്ചതിനെ പറ്റിയും ചർച്ചവരുന്നു. പാരമ്പര്യ മുസ്ലിംകൾ ഖബ്റിങ്ങൽ ഓതാൻ വേണ്ടിയും മറ്റും വഖഫ് ചെയ്തവ, വാഖിഫിൻ്റെ ഉദ്ദേശ്യലക്ഷങ്ങൾക്ക് വിരുദ്ധമായി സലഫിസത്തിൻ്റെ പ്രചാരണത്തിനു മാത്രമായി കൈകാര്യം ചെയ്യപ്പെടുന്നതിൻ്റെ വാർത്ത വരുന്നു. മുഹ്യദീൻ പള്ളിയും ശാദുലീപള്ളിയും സുന്നീ പശ്ചാത്തലത്തിലുള്ള വഖ്ഫിൽ നിന്ന് വകമാറിയ കഥകൾ ചർച്ചയാവുന്നു.... ഇതെല്ലാം പോസിറ്റീവാണ്.

വഖഫ് നിയമനം PSC ക്ക് വിട്ടാൽ അമുസ്ലിംകളും എക്സ് മുസ്ലിംകളും പാരമ്പര്യ വിരുദ്ധരും അതിൽ കയറിക്കൂടുകയും, വഖ്ഫിൻ്റെ സ്വത്ത് അത്തരം അനർഹർ ഉപയോഗിക്കുകയും ചെയ്യുമെന്നതാണ് നമ്മുടെ പ്രധാന ആശങ്ക. എന്നാൽ പുറത്തു വരുന്ന വാർത്തകളനുസരിച്ച്, ഇപ്പോൾ തന്നെ വഖഫ് ബോർഡിൽ അത്തരക്കാർ ഉണ്ട്.
അതിനു കാരണം 2016 ജനുവരിയിലെ കേരള വഖഫ് ബോർഡുകാർ നടത്തിയ തിരുത്താണത്രെ. 1965 ലെ കേന്ദ്ര വഖഫ് നിയമത്തിൽ പറയുന്നത്, ബോർഡിന്റെ ഉയർന്നതോ താഴ്ന്നതോ ആയ തസ്തികകളിൽ അമുസ്‌ലിംകളെയോ മില്ലത്ത് അംഗീകരിക്കാത്തവരെയോ (പാരമ്പര്യം അംഗീകരിക്കാത്തവർ) ദൈവനിഷേധികളായ ജീവനക്കാരെയോ സ്വതന്ത്ര ചിന്തകരെയോ നിയമിക്കരുതെന്നാണ്. എന്നാൽ 2016 ഫെബ്രുവരി 1 ന് കേരള സർക്കാർ ഇറക്കിയ വഖഫ് നിയമത്തിൽ നിന്ന് അത് മാറ്റിയിരിക്കുന്നു. 'മുസ് ലിം' ആയാൽ മതി എന്നാക്കിയിരിക്കുന്നു. അഥവാ തിരുത്തിയ നിയമമനുസരിച്ച് ജബ്ബാർ മാഷ് മുതൽ ജാമിതടീച്ചർ വരെയുള്ളവർക്ക് വഖഫ് ബോർഡിൽ നിയമനം കിട്ടും. പാരമ്പര്യ മുസ്‌ലിംകൾ വഖ്ഫ് ചെയ്തത്, അതിനെ പരിഹസിക്കുന്നവർ കൈകാര്യം ചെയ്യുന്ന അവസ്ഥ വരും.

ഇത് ഗൗരവപ്പെട്ടതാണ്. വസ്തുത എന്താണ്? അന്നു ഭരിച്ചവർക്ക് ഇതിൻ്റെ നിജസ്ഥിതി വിശദീകരിക്കാൻ ബാധ്യതയുണ്ട്. 'വിശാല മുസ്ലിം' എന്ന് തിരുത്ത് ഇറക്കാൻ ഉണ്ടായ കാരണം അന്വേഷിക്കപ്പെടണം. പുതിയ സമര പശ്ചാത്തലത്തിൽ 1965 ലെ നിയമം തന്നെ കർശനമാക്കാൻ പാരമ്പര്യ മുസ്‌ലിംകൾ ആവശ്യപ്പെടണം. പാരമ്പര്യ മുസ് ലിംകൾ അല്ലാത്തവർ ബോർഡിൽ ഉണ്ടെങ്കിൽ പിരിച്ചുവിടാൻ നടപടി സ്വീകരിക്കണം. PSC നിയമനം ഉപേക്ഷിക്കുന്നതോടൊപ്പം, വാഖിൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ നടപ്പിലാക്കുന്നവർ അവിടെ നിയമിക്കപ്പെടണം. എങ്കിലേ ഈ സമരം പൂർണമാകൂ.
Anwar Sadiq faizy Tanur