തബ്‌ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി അറേബ്യ, ഭീകരവാദത്തിന്റെ കവാടങ്ങളിൽ ഒന്നെന്ന് ആരോപണം



റിയാദ് : ഇസ്ലാമിക് സംഘടനയായ തബ്ലീഗ് ജമാഅത്തിനെ സൗദി അറേബ്യ നിരോധിച്ചു . ‘ഭീകരവാദത്തിന്റെ കവാടങ്ങളിൽ ഒന്ന് എന്ന് വിശേഷിപ്പിച്ചാണ് സൗദി രാജ്യത്ത് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. തബ്ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി അടുത്ത വെള്ളിയാഴ്ച പള്ളികളിൽ പ്രഭാഷണം നടത്താനുള്ള നിർദേശം സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം നൽകിയിട്ടുണ്ട്.

തബ്ലീഗ് ഗ്രൂപ്പിന്റെ പ്രവർത്തനം വഴിതെറ്റിയാണെന്നും അത് അപകടമാണെന്നും തീവ്രവാദത്തിന്റെ കവാടങ്ങളിലൊന്നാണെന്നുമാണ് മന്ത്രാലയം പറയുന്നത്. ഇത്തരം ഗ്രൂപ്പുകൾ സമൂഹത്തിന് ആപത്താണെന്നും തബ്ലീഗും ദഅ് വ ഗ്രൂപ്പും ഉൾപ്പെടെയുള്ള പക്ഷപാതപരമായ ഗ്രൂപ്പുകളുമായുള്ള ബന്ധം സൗദി അറേബ്യയിൽ നിരോധിച്ചിരിക്കുന്നു എന്നും പ്രസ്താവനയിൽ മന്ത്രാലയം കൂട്ടിച്ചേർത്തു.

1926 ൽ ഇന്ത്യയിൽ സ്ഥാപിതമായ തബ് ലീഗ് ജമാഅത്ത് ഒരു നവീന ഇസ്ലാമിക മിഷനറി പ്രസ്ഥാനമാണ്. ലോകത്തെമ്പാടും 4 കോടി അംഗങ്ങളാണ് സംഘടനയ്ക്കുള്ളതെന്നാണ് കണക്കാക്കപ്പെടുന്നത്.