നിസാമുദ്ദീൻ ഔലിയ: ആത്മീയ ഇന്ത്യയുടെ വെളിച്ചം

ആത്മീയത ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പരിചയപ്പെടുത്തേണ്ട ഒരു കാര്യമല്ല. ആയിരക്കണക്കിന് സൂഫി ഗുരുക്കളും സന്യാസിമാരും ഇന്ത്യൻ ജീവിതത്തിന്റെ ഭാഗമാണ്. വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെ ഇന്ത്യൻ ജന ജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുകയും ആത്മീയതയുടെ വഴിയിലേക്ക് ജനലക്ഷങ്ങളെ വലിച്ചടുപ്പിക്കുകയും ചെയ്ത മഹാനാണ് ഹസ്രത് നിസാമുദ്ധീൻ ഔലിയ. ഉലമ ആക്ടിവിസത്തിന്റെ പ്രതിരൂപമായി നിസാമുദ്ധീൻ ഔലിയയെ നമുക്ക് വിലയിരുത്താം.
രണ്ടു തരം ഭക്തിയെ മഹാൻ പരിചയപ്പെടുത്തുന്നുണ്ട്.’ താഅത്തേ ലാസിമും താഅത്തേ മുതഅദ്ധിയും’. നിസ്ക്കാരം, നോമ്പ് ,ഹജ്ജ്,, സക്കാത്ത് തുടങ്ങി വ്യക്തിയുടെ മോക്ഷത്തെ സംബന്ധിച്ചുളളതാണ് ആദ്യത്തേത്. സമൂഹത്തിന്റെ പൊതുനന്മയാണ് രണ്ടാമത്തേത് ലക്ഷ്യം വെക്കുന്നത്. പൊതുനന്മക്കായി ജലസംഭരണി സ്ഥാപിച്ച സുൽത്താൻ ഇൽതുമിഷിന് അതുകൊണ്ട് മാത്രം സ്വർഗം ലഭിക്കുമെന്ന് ഔലിയ പ്രസ്താവിക്കുകയുണ്ടായി. ഇങ്ങനെ ജന സേവനം ആരാധനയുടെ ഭാഗമായിക്കണ്ട സൂഫികൾ സമൂഹത്തിന് ഓജസ്സും ചലനാത്മകതയും നൽകുന്നതിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. തങ്ങളുടെ ജീവിതം സാമൂഹ്യ നന്മക്കുതകുന്ന വിധത്തിൽ ക്രമീകരിക്കാൻ സൂഫിഗുരുക്കൾ ശ്രദ്ധിച്ചിരുന്നു എന്ന് ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. ‘സൂഫി മാർഗത്തിലൂടെ മാത്രമാണ് ഇസ്ലാമിന്റെ സാമൂഹിക രൂപം ചലനാത്മകവും പുരോഗമനപരവുമായത് ‘ ( Some aspects of religion and politics in india during Thirteenth century – KA Nisami) അതേ സമയം പരിത്യാഗത്തെക്കുറിച്ചും ഇലാഹി സാമീപ്യത്തെക്കുറിച്ചും സൂഫി ഗുരുക്കൾ നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. നിസാമുദ്ധീൻ ഔലിയ വാക്കുകൾ ശ്രദ്ധിക്കുക: ‘ ലോക പരിത്യാഗമെന്നാൽ ഒരാൾ വസ്ത്രമുപേക്ഷിച്ച് അരമുണ്ട് മാത്രം ധരിച്ച് വെറുതെ ഇരിക്കലല്ല. അവനു ലഭിക്കുന്ന ഭക്ഷണം കഴിക്കുകയും വസ്ത്രം ധരിക്കുകയും വേണം. പക്ഷേ അവൻ ആഗ്രഹങ്ങളുടെ പിന്നാലെ പോകരുത്. അതു മാത്രമാണ് പരിത്യാഗം.
വ്യക്തി സംസ്കരണവും അതിലൂടെയുണ്ടാവുന്ന സാമൂഹ്യപരിഷ്ക്കരണവും സുഫി മാർഗത്തിന്റെ പ്രധാനപ്പെട്ട സവിശേഷതയാണ്.ഒരു ദേശത്ത് ഒരു സൂഫിവര്യൻ വന്നെത്തുന്നതോടുകൂടെ ആ ദേശത്തെ ജനങ്ങൾ അദ്ധേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുന്നതും ശേഷം ആ നാട് മുഴുവൻ പരിവർത്തന വിധേയമാകുന്നതിനും നിരവധി ചരിത്ര സാക്ഷ്യങ്ങൾ നമ്മുടെ മുമ്പിലുണ്ട്‌. അലാവുദ്ധീൻ ഖിൽജിയുടെ കാലത്തെ സാമൂഹികാവസ്ഥ പരാമർശിക്കുന്ന ചരിത്രകാരൻ സിയാഉദ്ധീൻ ബറനിയുടെ വാക്കുകൾ ശ്രദ്ധേയമാണ്: അലാവുദ്ധീൻ ഖിൽജിയുടെ കാലത്തെ പ്രധാന സൂഫികളായിരുന്നു നിസാമുദ്ധീൻ ഔലിയ, ശൈഖ് അലാവുദ്ധീൻ, ശൈഖ് റുക്നുദ്ധീൻ എന്നിവർ. ഒരു ലോകം മുഴുവൻ അവരിൽ നിന്ന് ചൈതന്യമുൾക്കൊണ്ടു. അലാവുദ്ധീൻ ഖിൽജിയുടെ ഭരണത്തിന്റെ അവസാനഘട്ടത്തിൽ പൊതുവായ സാംസ്കാരിക അവസ്ഥ വളരെ പുരോഗതിപ്പെട്ടിരുന്നു. മദ്യം, ചൂതുകളി, വ്യഭിചാരം തുടങ്ങിയ സാമൂഹിക ദുരാചാരങ്ങളിൽ നിന്ന് ജനങ്ങൾ വിട്ടുനിന്നു.
ജ്ഞാന ഗോപുരങ്ങൾ കീഴടക്കിയതിന് ശേഷമായിരുന്നു നിസാമുദ്ധീൻ ഔലിയ അടക്കമുളള മഹാന്മാർ സൂഫി മാർഗം തിരഞ്ഞെടുക്കുന്നത്. അറിവമ്പേഷണത്തിന്റെ പാരമ്യതയാണ് സൂഫിസം എന്ന സന്ദേശമാണ് ഇവർ നൽകുന്നത്. ചെറുപ്രായത്തിലേ പഠനത്തിലും പ്രഭാഷണത്തിലും നിപുണനായിരുന്ന നിസാമുദ്ദീന്‍ ഔലിയക്ക് തര്‍ക്കവിഷയങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള പ്രത്യേക പാടവവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ‘മഹ്ഫില്‍ ശികാന്‍’ (തര്‍ക്കങ്ങളെ തകര്‍ക്കുന്നവന്‍) എന്ന അപരനാമവും അദ്ദേഹത്തിനുണ്ട്. സൂഫികൾ ജ്ഞാനികൾ കൂടിയാകണമെന്ന് നിസാമുദ്ധീൻ ഔലിയക്ക് നിർബന്ധമുണ്ടായിരുന്നു. അല്ലാത്തവർക്ക് തസവ്വുഫിൽ ശിഷ്യത്വം നൽകാൻ മഹാൻ മടിച്ചു. ഔലിയയുടെ ശിഷ്യനായിരുന്ന മൗലാന ശംസുദ്ധീൻ യഹ്യ ഡൽഹിയിലെ വിഖ്യാത പണ്ഡിതനായിരുന്നു. അമീർ ഖുസ്രുവടക്കമുളള ശിഷ്യ ലോകം ഈയൊരു തലത്തിന് അടിവരയിടുന്നു. ഒരു ശൈഖിന് രണ്ടു തരത്തിലുളള ശിഷ്യന്മാരാണ് ഉണ്ടാകുക. തസവ്വുഫിന് ജീവിതം പൂർണമായി സമർപ്പിച്ചവരാണ് ആദ്യത്തെ വിഭാഗം.ആത്മീയ സംസ്കരണം മാത്രമാണ് രണ്ടാമത്തെ വിഭാഗം ലക്ഷ്യമാക്കുന്നത്. ഭൗതികമായ ജോലികളിൽ ഇവർ തുടരും. ഒന്നാമത്തെ വിഭാഗത്തെയാണ് ശൈഖ് സൂഫിസത്തിന്റെ അധ്യാപനത്തിന് നിയോഗിക്കുക. ഇത്തരം വിഭാഗത്തിന് ശിഷ്യന്മാരെ സ്വീകരിക്കാൻ ശൈഖ് ‘ഖിലാഫത്ത് നാമ ‘ എന്ന അനുമതിപത്രം നൽകും. വളരെ വിശേഷമായ ഒരു സ്ഥാനമാണിത്. ഹസ്രത് നിസാമുദ്ധീൻ ഔലിയയെ ഖലീഫയായി നിയമിക്കുമ്പോൾ ശൈഖ് ഫരീദ് ഔലിയ പറഞ്ഞത് പ്രസക്തമാണ്: ‘ ദൈവം താങ്കൾക്ക് ജ്ഞാനവും ബുദ്ധിയും ഭക്തിയും പ്രദാനം ചെയ്തിരിക്കുന്നു. ഈ ഗുണങ്ങളുടെ വിളനിലമായ താങ്കൾ മാത്രമാണ് സൂഫി ഖിലാഫത്തിനർഹൻ’ . ദിവ്യപ്രണയത്തിന്റെ അവർണനീയമായ തലങ്ങൾ കീഴടക്കിയതു കൊണ്ടുതന്നെ ‘മഹബൂബെ ഇലാഹി’ എന്ന സ്ഥാനപ്പേരിനും മഹാൻ അർഹനായിട്ടുണ്ട്.
ക്രിസ്താബ്ദം 1238 ൽ ഉത്തർപ്രദേശിലെ സോത് നദിയുടെ തീരത്തുളള ബുദൗനിലാണ് നിസാമുദ്ധീൻ ഔലിയ ജനിക്കുന്നത്. അഞ്ചാം വയസിൽ ഉപ്പ മരണപ്പെട്ടതോടെ നിറം മങ്ങിയ കുട്ടിക്കാലത്ത് കഷ്ടാരിഷ്ടതകളുടെ ഇടയിലാണ് മഹാൻ വളരുന്നത്. കനൽപഥങ്ങൾ താണ്ടാൻ തന്നെയായിരുന്നു ആ പ്രതിഭയുടെ തീരുമാനം.ഇരുപത്തൊന്നാം വയസാവുമ്പോഴേക്ക് ജ്ഞാന ഗോപുരങ്ങളിൽ പ്രധാനപ്പെട്ടവ കീഴടക്കിയ ആ യുവാവ് ഫരീദ് ഔലിയയുടെ ശിഷ്യത്വം സ്വീകരിക്കാനാണ് പിന്നീട് പോകുന്നത്.ആധ്യാത്മിക ലോകത്തോടുളള അഭിനിവേശത്തിന്റെ ഭാഗമായിരുന്നു ഇത്. വർഷങ്ങളോളം ശൈഖിന്റെ പർണശാലയിൽ കഴിഞ്ഞ നിസാമുദ്ധീൻ എന്ന ശിഷ്യന് ഫരീദ് ഔലിയ നൽകുന്ന ഉത്തരവാദിത്വം ദൽഹിയായിരുന്നു. സാമൂഹികമായി ജീർണിച്ചു പോയിരുന്ന ഡൽഹിയെ സമുദ്ധരിക്കാനുളള ഭാരിച്ച ഉത്തരവാദിത്തം. ദൽഹി കേന്ദ്രീകരിച്ച് ജനലക്ഷങ്ങളെ ആത്മീയതയുടെ വഴിയിലേക്ക് കൊണ്ടുവരാൻ നിസാമുദ്ധീൻ തങ്ങൾക്കായി എന്നതിന്റെ നേർസാക്ഷ്യമാണ് പഴയ ഡൽഹിയിൽ ഖിൽജി മസ്ജിദിന്റെ എതിർ ഭാഗത്തായി സ്ഥിതി ചെയ്യുന്ന മഹാന്റെ ദർഗ . 1325 ൽ ലോകത്തോട് വിട പറഞ്ഞെങ്കിലും ഇന്നും പതിനായിരങ്ങൾക്ക് ആശ്വാസമായി മഹാൻ നിലകൊളളുന്നു.