രണ്ടുതവണ കടം കൊടുത്താൽ ഒരുതവണ ദാനം ചെയ്ത പ്രതിഫലം: കടം കൊടുക്കൽ സ്വദഖ ചെയ്യുന്നതിനേക്കാൾ പുണ്യമോ.?
കടം കൊടുക്കുക എന്നത് ഇസ്ലാമില്‍ വളരെ പ്രതിഫലാര്‍ഹമായ ഒരു സല്‍കര്‍മമാണ്.
عن ابن مسعود رضي الله عنه أن النبي صلى الله عليه وسلم قال : ما من مسلم يقرض مسلما قرضا مرتين إلا كان كصدقتها مرة - رواه ابن ماجه وابن حبان في صحيحه والبيهقي مرفوعا وموقوفا
നബി(സ) പറഞ്ഞു: “ഒരു മുസ്ലിം മറ്റൊരു മുസ്ലിമിന് രണ്ട് പ്രാവശ്യം കടം കൊടുത്താല്‍ അതില്‍ ഒന്ന് സദഖയായി പരിഗണിക്കും” (ഇബ്നുമാജ, ഇബ്നു ഹിബ്ബാൻ, ബൈഹഖി).
ജീവിതത്തില്‍ ഏത് രംഗത്താണെങ്കിലും പ്രയാസപ്പെടുന്നവനെ സഹായിക്കുന്നത് പുണ്യകരമാണ്.
عن أَبى هُرَيْرَةَ رَضِيَ اللَّهُ تَعَالَى عَنْهُ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَال: ( مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ يَسَّرَ اللَّهُ عَلَيْهِ فِي الدُّنْيَا وَالآْخِرَةِ، وَمَنْ سَتَرَ مُسْلِمًا سَتَرَهُ اللَّهُ فِي الدُّنْيَا وَالآْخِرَةِ، وَاللَّهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ
നബി(സ) പറഞ്ഞു: “ആരെങ്കിലും ഒരു പ്രയാസപ്പെടുന്നവന് എളുപ്പമാക്കിക്കൊടുത്താല്‍ അല്ലാഹു അവന് ദുന്‍യാവിലും ആഖിറത്തിലും എളുപ്പം നല്‍കും” (മുസ്ലിം).
മറ്റൊരു ഹദീസില്‍ നബി(സ) പറഞ്ഞു: “ആഖിറത്തിലെ ദുരിതത്തില്‍ നിന്ന് അല്ലാഹു ആരെയെങ്കിലും രക്ഷിക്കണമെന്നുണ്ടെങ്കില്‍ അവന്‍ ഒരു വിഷമമനുഭവിക്കുന്നവന് ആശ്വാസം നല്‍കട്ടെ അല്ലെങ്കില്‍ അത് ദൂരീകരിച്ച് കൊടുക്കട്ടെ” (മുസ്ലിം).
“പ്രയാസപ്പെടുന്ന ഒരുവന് ആരെങ്കിലും ഇട നല്‍കുകയോ ഇളവ് നല്‍കുകയോ ചെയ്യുകയാണെങ്കില്‍ പരലോകത്ത് വെച്ച് മറ്റൊരു തണലും ലഭ്യമല്ലാത്ത ദിവസം അല്ലാഹു അവന് തണലിട്ട് കൊടുക്കും” (മുസ്ലിം).
ബുഖാരി റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസിന്റെ ആശയം ഇപ്രകാരമാണ്: 'നിങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നവരില്‍ ഒരാളുടെ ആത്മാവിനെ മലക്കുകള്‍ പിടികൂടുകയും വല്ല നന്മയും ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: ഞാന്‍ എന്റെ ചെറുപ്പക്കാരോട് പ്രയാസപ്പെടുന്നവന് വിട്ട് വീഴ്ച നല്‍കാനും ഇട നല്‍കാനും കല്‍പിച്ചിരുന്നു. അത് അദ്ദേഹത്തിന്റെ വിമോചനത്തിന് കാരണമായിത്തീര്‍ന്നു.'
കടം കൊടുക്കുന്നത് ദാനം ചെയ്യുന്നത് പോലെ അല്ലെങ്കില്‍ അതിലേറെ പുണ്യമുളള കാര്യമാണ്. നബി(സ) പറഞ്ഞു: “ഇസ്രാഇന്റെ രാത്രിയില്‍ ഞാന്‍ സ്വര്‍ഗ വാതിലില്‍ ഇപ്രകാരം എഴുതി വെച്ചതായി കണ്ടു. ദാനധര്‍മത്തിന് പത്തിരട്ടിയുണ്ട്, കടം കൊടുക്കുന്നതിന് പതിനെട്ട് ഇരട്ടിയുമുണ്ട്. ഞാന്‍ ചോദിച്ചു: അല്ലയോ ജിബ്രീല്‍, കടം എന്ത്കൊണ്ടാണ് ദാനത്തേക്കാള്‍ ഉല്‍കൃഷ്ടമായത്.?
ജിബ്രീല്‍ പറഞ്ഞു: “ദാനം ചിലപ്പോള്‍ ഉളളവന് ലഭിക്കും. എന്നാല്‍ കടം ചോദിക്കുന്നവന്‍ ആവശ്യമുണ്ടാകുമ്പോഴല്ലാതെ കടം ചോദിക്കുകയില്ല”
(ശുഅബുല്‍ ഈമാന്‍).
Post a Comment