രോഗം വന്നാൽ ചികിത്സിക്കൽ സുന്നത്താണെന്ന് പഠിപ്പിക്കുന്ന മതത്തിന്റെ പേരിൽ ഇപ്പോൾ നടക്കുന്നതെന്ത്..?

സകല രോഗങ്ങൾക്കും അല്ലാഹു പ്രതിവിധികൾ നിശ്ചയിച്ചിട്ടുണ്ട്. രോഗം വന്നാൽ ചികിത്സിക്കണം. അത് പ്രവാചക നിർദേശമാണ്. ' നിങ്ങൾ ചികിത്സിക്കുക, മരുന്നില്ലാതെ ഒരു രോഗത്തെയും അല്ലാഹു സൃഷ്ടിച്ചിട്ടില്ല.' എന്ന് അവിടുന്ന് ലോകത്തോട് പറഞ്ഞു.
ولا تلقوا بأيديكم إلى التهلكة
“ആത്മ നാശത്തിലേക്ക് നിങ്ങൾ സ്വന്തം ചെന്ന് ചാടരുത്”
എന്ന് വിശുദ്ധ ഖുർആൻ തന്നെ പറയുന്നുണ്ട്.
തുഹ്ഫ എന്ന വിശ്രുത കർമശാസ്ത്ര ഗ്രന്ഥം പറയുന്നത് കാണുക..
(ﻭﻳﺴﻦ اﻟﺘﺪاﻭﻱ) ﻟﻠﺨﺒﺮ اﻟﺼﺤﻴﺢ «ﺗﺪاﻭﻭا ﻓﺈﻥ اﻟﻠﻪ ﻟﻢ ﻳﻀﻊ ﺩاء ﺇﻻ ﻭﺿﻊ ﻟﻪ ﺩﻭاء ﻏﻴﺮ اﻟﻬﺮﻡ» ﻭﻓﻲ ﺭﻭاﻳﺔ ﺻﺤﻴﺤﺔ «ﻣﺎ ﺃﻧﺰﻝ اﻟﻠﻪ ﺩاء ﺇﻻ ﺃﻧﺰﻝ ﻟﻪ ﺷﻔﺎء»
“ചികിത്സിക്കൽ സുന്നത്താണ്.
നബി തങ്ങൾ പറഞ്ഞു നിങ്ങൾ ചികിത്സിക്കുക..
അള്ളാഹു അവതരിപ്പിച്ച ഏത് രോഗത്തിനും മരുന്നും അവൻ ഇറക്കിയിട്ടുണ്ട്.”

രോഗം വന്നാൽ ചികിത്സിക്കാതെ വീട്ടിൽ ഇരിക്കുന്നതും കേവല ഖുർആനിക മന്ത്രം കൊണ്ട് മാത്രം രോഗം മാറും എന്ന് വിശ്വസിച്ച് ഭൗതിക ചികിത്സ നൽകാതെ ഇരിക്കുന്നതും ഇസ്ലാമികമല്ല.
അങ്ങനെ ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല.
പക്ഷേ അത്തരം കാര്യങ്ങൾ ഇസ്ലാമിൻറെ പേരിൽ ചില ആളുകൾ എന്ന് വെച്ചു കിട്ടുന്നുണ്ട്.
ഇതിന് വിശുദ്ധ ഇസ്ലാമുമായി ഒരു ബന്ധവുമില്ല.
പ്രവാചകർ (സ) തങ്ങളുടെ ചികിത്സാരീതികൾ നമുക്കു മുമ്പിലുണ്ട്.
1.രോഗം വരുന്നതിനു മുമ്പ് അവിടുന്ന് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി.
2.രോഗം വന്നപ്പോൾ ഭൗതികമായി ചികിത്സിച്ചു.
3. കൂടെ രോഗശമനത്തിനായി ഖുർആനിലെ ആയത്തുകൾ കൊണ്ട് മന്ത്രിച്ചു.  

ഈ മൂന്ന് രീതിയിൽ ഉള്ള ചികിത്സയും നബിതങ്ങൾ നടത്തിയതായി കാണാം.

എന്നാൽ ഏതു തരത്തിലുള്ള ചികിത്സയാണ് വേണ്ടത് എന്നത് മനുഷ്യരുടെ ഗവേഷണങ്ങൾക്കും അനുഭവങ്ങൾക്കും വിധേയമാണ്. ആധുനിക വൈദ്യശാസ്ത്ര രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന കിടമത്സരങ്ങൾ സാധാരണക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. അലോപതിയാണോ ആയുർവേദമാണോ ഹോമിയോപതിയാണോ സിദ്ധയാണോ നല്ലത് എന്ന ചോദ്യങ്ങൾ പ്രസക്തമല്ല. ഏതുകൊണ്ടാണ് രോഗം ഭേദപ്പെടുന്നത് എന്ന കാര്യമാണ് പ്രസക്തമായിട്ടുള്ളത്. ഇങ്ങനെയുള്ള തർക്കങ്ങൾ ഒഴിവാക്കി സാധാരണക്കാർക്ക് സഹായകമാകുന്ന വിധത്തിൽ , മുഴുവൻ വൈദ്യശാസ്ത്ര മേഖലകളും കൈകോർക്കാൻ തയാറാവണം. ആദിമ മനുഷ്യർ മുതൽ രോഗങ്ങൾ നിലനിൽക്കുന്നുണ്ട്. അവരും ചികിത്സിച്ചിട്ടുണ്ട്. വലിയ ഗവേഷണങ്ങളോ ഒന്നും സാധ്യമല്ലാതിരുന്ന കാലത്ത് അനുഭവങ്ങൾ തന്നെയായിരുന്നു അവർ മാനദണ്ഡമായി കണ്ടിരുന്നത്. നാം ഗവേഷണം ചെയ്തു ബോധ്യപ്പെട്ടതിൽ മാത്രമേ ചികിത്സക്ക് ഫലമുള്ളൂ എന്ന് വിശ്വസിക്കുന്നത് മൗഢ്യമാണ്. നമ്മുടെ ഗവേഷണങ്ങൾക്കുമപ്പുറം ഈ ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ധാരാളം പ്രവർത്തനങ്ങളുണ്ട്. ചിലതൊക്കെ സ്രഷ്ടാവ് നമുക്ക് കാണിച്ചുതരുന്നു. മറ്റു ചിലത് ഇപ്പോഴും നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. എല്ലാ കാര്യകാരണങ്ങളും നമുക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. കാരണം മനുഷ്യന്റെ ബുദ്ധി വളരെ പരിമിതമാണ്. ' വിജ്ഞാനത്തിൽ നിന്നും അൽപമല്ലാതെ നിങ്ങൾക്ക് നൽകപ്പെട്ടിട്ടില്ല ' ( 17:85 ) എന്ന ഖുർആനിക വചനം ഇക്കാര്യത്തിൽ നമുക്ക് വിനയം നൽകേണ്ടതുണ്ട്. പ്രവാചക വചനങ്ങളിലും ധാരാളം ചികിത്സാ മാർഗങ്ങൾ പഠിപ്പിക്കുന്നുണ്ട്. പ്രവാചക വചനങ്ങളെ നമ്മുടെ പരിമിതമായ ബുദ്ധിക്ക് യോജിക്കുന്നില്ല എന്ന് പറഞ്ഞു തള്ളുന്നത് അഹങ്കാരത്തിന്റെ അടയാളമാണ്. നിർദോഷമായ ചികിത്സകൾ മാത്രമാണ് അവിടെയും നമുക്ക് കാണാൻ കഴിയുന്നത്. വൈദ്യചികിത്സാ മേഖല ഒരു സേവനമായാണ് പൗരാണികർ കണ്ടിരുന്നത്. ഒരിക്കലും അതൊരു ധനാഗമന മാർഗമായി കണ്ടിരുന്നില്ല. ചികിത്സകൾ ഇന്നൊരു പ്രൊഫഷൻ ആയി മാറിയതോടെ അവിടെ കിടമത്സരങ്ങളും വാണിജ്യവത്കരണങ്ങളും കടന്നുവന്നു. ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ ചികിത്സിക്കാവുന്ന സന്ദർഭങ്ങളിൽ പോലും അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് ചികിത്സകൾക്ക് വലിയ ചെലവുകൾ സൃഷ്ടിക്കുന്ന അവസ്ഥ കടന്നുവന്നു. അറിഞ്ഞുകൊണ്ട് ഒരു മനുഷ്യനെ ബുദ്ധിമുട്ടിക്കുകയും അവർക്ക് സാമ്പത്തിക ബാധ്യതകൾ അടിച്ചേൽപിക്കുകയും ചെയ്യുന്നത് എത്രമാത്രം കുറ്റകരമാണെന്ന് പലരും ചിന്തിക്കുന്നില്ല.  എന്നാൽ വളരെ ആത്മാർത്ഥമായി രോഗികളിൽ നിന്നും അമിതമായ കൂലി പ്രതീക്ഷിക്കാതെ അവരോട് കരുണ പുലർത്തി അവരെ ചേർത്തുനിർത്തി ചികിത്സിക്കുന്ന ഡോക്ടർമാരും ഉണ്ട്. അവരുടെ സാന്നിധ്യം രോഗികൾക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.