ശൈഖുനാ വാണിയമ്പലം അബ്ദുറഹ്മാൻ മുസ്ലിയാർ (ന.മ)
പൂവ്വഞ്ചേരി മമ്മദ് മുസ്ലിയാരുടേയും, പുന്നക്കണ്ടി ബിച്ചി ഫാത്വിമയുടേയും മകനായി 1917 ൽ അരീക്കോട് മൈത്രയിലാണ് ജനിച്ചത്. 1921 ലെ ഖിലാഫത്ത് പ്രസ്ഥാനത്തിൽ പങ്കെടുത്തു എന്ന കാരണം പറഞ്ഞ് മമ്മദ് മുസ്ലിയാരെ ബ്രിട്ടീഷ് ഗവൺമെന്റ് വെല്ലൂരിലേക്ക് നാട് കടത്തി. 3 വർഷത്തോളം അദ്ദേഹമവിടെ ഏകനായി കഴിഞ്ഞ ശേഷം ഭാര്യയേയും മക്കളേയും കൂട്ടിക്കൊണ്ടുപോയി. അത് കാരണം സ്മര്യ പുരുഷന്റെ പ്രാഥമിക പഠനം തന്നെ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്നായിത്തീർന്നു. അറബി, ഉർദു, ഫാരിസി തുടങ്ങിയ ഭാഷകൾ അദ്ദേഹത്തിന് യഥേഷ്ടം കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്നു. 1935-ലാണ് സ്വദേശത്ത് താമസമാക്കിയത്.
കണ്ണിയത്ത് അഹമ്മദ് മുസ്ലിയാർ (ന.മ), കെ.കെ സ്വദഖത്തുല്ല മൗലവി (ന.മ) എന്നിവരാണ് പ്രധാന ഗുരുവര്യന്മാർ. സ്വദേശത്ത് നിന്ന് ദർസ് പഠനം പൂർത്തിയാക്കി വീണ്ടും ബാഖിയാത്തിൽ പോയി ബിരുദം നേടി കൂരാട്, വെട്ടിക്കാട്ടിരി, വാണിയമ്പലം എന്നീ സ്ഥലങ്ങളിൽ ദീർഘകാലം ഖാളിയും മുദരിസുമായി സേവനം ചെയ്തിട്ടുണ്ട്. അരീക്കോട് പുത്തലം മഹല്ലിലെ ഖാളീ സ്ഥാനവും അദ്ദേഹത്തിന് തന്നെയായിരുന്നു.
ഉർദു ഭാഷ നന്നായി അറിയുന്നതിനാൽ ജമാഅത്തെ-ഇസ്ലാമിയുടെ ആശയ പൊള്ളത്തരം അദ്ദേഹം വ്യക്തമായി അവതരിപ്പിക്കും. മികച്ച പ്രാസംഗികനായിരുന്ന വാണിയമ്പലം കാര്യ പ്രാപ്തിയുള്ള നേതാവും കാഴ്ച്ചപ്പാടുള്ള വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു.
വണ്ടൂരിലെ പ്രമുഖ പണ്ഡിതനും, ഖാളിയുമായിരുന്ന കളത്തിങ്ങൽ കുഞ്ഞിമൊയ്തീൻ മുസ്ലിയാരുടെ മകൾ മറിയം ആണ് ഭാര്യ. അബ്ദുൽ ബാരി ഫൈസി, നഫീസ, മൈമൂന, ഹഫ്സത്ത്, സ്വഫിയ്യ, റുഖിയ്യ, സുബൈദ, ആമിനക്കുട്ടി എന്നിവർ മക്കളാണ്.
ജാമിഅ: നൂരിയ്യ: പ്രിൻസിപ്പലായിരുന്ന KK അബ്ദുല്ല മുസ്ലിയാർ ( ന. മ), ഖാസിം മുസ്ലിയാർ (കരുവാരക്കുണ്ട് ), KK അബ്ദുറഹ്മാൻ മുസ്ലിയാർ (മേലാറ്റൂർ ), CH അബൂബക്കർ മുസ്ലിയാർ, CH അബൂബക്കർ മുസ്ലിയാർ, സിദ്ദീഖ് മുസ്ലിയാർ (പത്തിരിയാൽ ) എന്നിവർ ജാമാതാക്കളാണ്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ട്, സമസ്ത വൈസ് പ്രസിഡണ്ട്, ജാമിഅ: നൂരിയ്യ: അറബിക് കോളേജ് കമ്മിറ്റി സെക്രട്ടറി മുതലായ സ്ഥാനങ്ങൾ വഹിച്ചിരുന്നു. മലേഷ്യ, സൗദി അറേബ്യ തുടങ്ങിയ വിദേശ രാജ്യങ്ങളും , ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും സന്ദർശിച്ചിട്ടുണ്ട്. നവീന വാദികളുടെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുന്നതിൽ സമർത്ഥനായ വാണിയമ്പലം സമസ്തയുടെ ജീവനാഡിയായിരുന്നു.
K. ആലിക്കുട്ടി മുസ്ലിയാർ (വാണിയമ്പലം ഖാളി ), P. മുഹമ്മദ് മുസ്ലിയാർ (മുഫത്തിശ് - SKIMVB ), ഒറ്റകത്ത് ആലി മുസ്ലിയാർ (തച്ചണ്ണ ), KK അബ്ദു റഹ്മാൻ മുസ്ലിയാർ (കരുതലമുണ്ട) മുതലായവർ ശിഷ്യ പ്രമുഖരാണ്.
ലളിതമായ ജീവിതവും, സൗമ്യമായ പെരുമാറ്റവും മുഖമുദ്രയായിരുന്ന ആ പണ്ഡിത ജ്യോതിസ്സ് 1980 ഡിസംബർ 5 - ന് വ്യാഴാഴ്ച പരലോക യാത്രയായി. അജ്മീർ മഖാം ശരീഫ് സിയാറത്ത് കഴിഞ്ഞ് വന്ന് ഒരാഴ്ച്ചക്ക് ശേഷമായിരുന്നു മരണം. 6ാം തിയതി രാവിലെ 10 മണിക്ക് വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ മറവ് ചെയ്തു. വാണിയമ്പലം ജുമുഅത്ത് പള്ളിയുടെ മുൻവശത്താണ് അദ്ദേഹത്തിന്റെ ഖബറിടം .
✍🏻 പിണങ്ങോട് അബൂബക്കർ
[സമസ്തയെ നയിച്ച നവോത്ഥാന നായകർ ]
Post a Comment