തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാർ ആത്മജ്ഞാനത്തിന്റെ നിറശോഭ
ഭൗതിക ലോകത്തെ അവഗണിക്കലും അതിന്റെ ലക്ഷണങ്ങളെ ഹൃദയത്തില്‍ നിന്നും തുടച്ചു നീക്കലുമാണ് സുഹ്ദ്; പരിത്യാഗം. ഇബാദത്തും സുഹ്ദും തവക്കുലുമായി നമുക്കു മുമ്പിലൂടെ ജീവിച്ചു മണ്‍മറഞ്ഞുപോയ ആത്മജ്ഞാനിയാണ് തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാര്‍. ആത്മീയമതയുടെ അന്തസത്തയെ തന്റെ ജീവിതത്തിലൂടെ വരച്ചുകാണിച്ച് ആയിരങ്ങള്‍ക്ക് വെളിച്ചം നല്‍കിയ മഹാന്‍ ഈ ആധുനിക യുഗത്തിന് പടച്ചവന്‍ കനിഞ്ഞു നല്‍കിയ വഴികാട്ടിയാണ്.
മലപ്പുറം ജില്ലയിലെ തൃപ്പനച്ചി അംശം പാലക്കാട് ദേശത്ത് അരിയാനിയില്‍ ആലുങ്ങക്കണ്ടി തവളക്കുഴിയന്‍ രായിന്‍-നെടിയിരുപ്പ് കുഞ്ഞാത്തു ദമ്പതികളുടെ നാലാമത്തെ പുത്രനായി 1931-ലാണ് ജനനം. ഒരു വയസ്സ് തികയും മുമ്പെ മാതാവ് മരണപ്പെട്ടതിനാല്‍ മൂത്തസഹോദരി ഫാത്തിമക്കുട്ടിയുടെ പരിചരണത്തിലാണ് വളര്‍ന്നത്. പിതാവ് ഒരു സാധാരണ കര്‍ഷകനായിരുന്നു. കൃഷിയോടൊപ്പം ആടുമാടുകളെയും പരിപാലിച്ചിരുന്നു. പിതാവിനെ മുഴുവന്‍ ജോലികളിലും ബാലനായ മുഹമ്മദ് മുസ്‌ലിയാര്‍ സഹായിച്ചിരുന്നു. മലമുകളില്‍ കയറി ആടുകളെ മേക്കുന്നതും പാറപ്പുറത്ത് ഏകാംഗനായി ഇരിക്കുന്നതും ചെറുപ്പത്തിലെ ശീലങ്ങളായിരുന്നു.
വിജ്ഞാനത്തോട് അടങ്ങാത്ത താല്‍പര്യം കാണിച്ചിരുന്ന മുഹമ്മദ് മുസ്‌ലിയാര്‍ 30 വര്‍ഷമാണ് പഠനത്തിനു വേണ്ടി ചിലവഴിച്ചത്. തൃപനച്ചി പാലക്കാട് പഴയപള്ളി, മെലപ്പുറം, പുല്ലാര, രാമനാട്ടുകര ചെമ്മല, മുസ്‌ലിയാരങ്ങാടി, അരിമ്പ്ര, പൊടിയാട്, നെടിയിരുപ്പ്, ഒതുക്കുങ്ങല്‍, ചെമ്മങ്കടവ് എന്നിവിടങ്ങളിലാണ് പ്രധാനമായും പഠിച്ചത്. മുഹമ്മദ് മുസ്‌ലിയാര്‍ ചിറ്റമണ്ണില്‍, പാലക്കാട് മൊയ്തീന്‍ മുസ്‌ലിയാര്‍, വീമ്പൂര്‍ കെ.പി മുഹമ്മദ് എന്ന മാനു മുസ്‌ലിയാര്‍, ഒ.കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പട്ടര്‍ക്കുളം കെ.ടി ബഷീര്‍ മുസ്‌ലിയാര്‍, കുഞ്ഞസ്സനാജി നെല്ലിക്കുത്ത്, കിടങ്ങഴി മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ഊരകം മുഹമ്മദ് മുസ്‌ലിയാര്‍, ഊരകം അഹമ്മദ് മുസ്‌ലിയാര്‍, പള്ളിപ്പുറം കുട്ടി മുസ്‌ലിയാര്‍, മമ്മാലി മുസ്‌ലിയാര്‍ കൊല്ലം, കാളങ്ങാടന്‍ മുഹമ്മദ് മുസ്‌ലിയാര്‍, മുണ്ടമ്പ്ര അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, അരിമ്പ്ര അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ഗുരുനാഥന്‍മാരാണ്.
ദിക്ര്‍, പാരത്രിക ചിന്ത, വിശപ്പ്, ഉറക്കമൊഴിക്കല്‍, മൗനം, ഏതാന്തത എന്നിവയായിരുന്നു മുഹമ്മദ് മുസ്‌ലിയാരുടെ ജീവിതം. കു്ന്നിനു മുകളില്‍ കൊടിമരങ്ങള്‍ നാട്ടപ്പെട്ട പിതാവിന്റെ സ്ഥലം, ആനപ്പാലത്ത് മസ്ജിദുല്ലിവാഇന്റെ സ്ഥാനത്തുണ്ടായിരുന്ന സ്രാമ്പ്യ എന്നിവിടങ്ങളില്‍ ദീര്‍ഘ കാലം ഇബാദത്തിലും ഖല്‍വത്തിലും ഇരുന്നു. വയനാട്ടിലും അജ്മീറിലും വര്‍ഷങ്ങളോളം കഴിഞ്ഞിട്ടുണ്ട്. പാലക്കാട്, തൃപ്പനച്ചി, പൂക്കൊളത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പള്ളികളില്‍ വെച്ചും പീടികകളില്‍ വെച്ചുമെല്ലാം നിരന്തരം വഅ്‌ളുകള്‍ പറയുമായിരുന്നു. എല്ലാവരെയും പിടിച്ചിരുത്തുന്നതിന് പകരം തന്റെ ചുറ്റും കൂടിയിരിക്കുന്ന ചെറു സംഘങ്ങള്‍ക്കാണ് ഉപദേശങ്ങള്‍ നല്‍കിയിരുന്നത്. ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രബോധന രീതി. 1962-63 വര്‍ഷത്തിലായിരുന്നു ഹജ്ജ് യാത്ര.
തൃപ്പനച്ചി-പാലക്കാട് ആനപ്പാലത്ത് മുഹമ്മദ് മുസ്‌ലിയാരുടെ തറവാടു വക സ്ഥലത്ത് ഒരു വഴിയാത്രക്കാരന്‍ ചെറിയ നിസ്‌കാരക്കട്ട് (സ്രാമ്പ്യ) നിര്‍മ്മിച്ചിരുന്നു. മരത്തിന്റെ കാലില്‍ കെട്ടിപ്പൊക്കിയതായിരുന്ന ഇതിന്റെ സ്ഥാനത്താണ് മസ്ജിദുല്ലിവാഅ് സ്ഥാപിച്ചത്. പിന്നീട് പടിഞ്ഞാറ് ഭാഗത്ത് ഒരു പള്ളി നിര്‍മ്മിച്ചു. രണ്ടുപള്ളികളും ഗ്രാനൈറ്റ് പതിച്ച് ഭംഗിയാക്കി. 2001 മാര്‍ച്ച് 26/ 1422 മുഹറം 1 തിങ്കളാഴ്ചയാണ് കുന്നിനു മുകളില്‍ ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(ന.മ) തങ്ങളുടെ പേരില്‍ കൊടിമരം സ്ഥാപിക്കുന്നത്. പിന്നീട് ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഇ(ന.മ) തങ്ങളുടെ പേരിലും കൊടിമരം സ്ഥാപിച്ചു. ഇവിടങ്ങള്‍ കേന്ദ്രീകരിച്ച് ദര്‍സിനും ആത്മീയ പരിപാടികള്‍ക്കും തുടക്കം കുറിച്ചു. ഏറെ ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളാണിവ.
കുശാഗ്രബുദ്ധിയും കിതാബുകള്‍ മനഃപാഠവും തലനാരിഴ കീറുന്ന അപഗ്രഥന ശേഷിയുമുള്ള പണ്ഡിത പ്രതിഭയായിരുന്നു അദ്ദേഹം. ഭൗതിക സുഖങ്ങളില്‍ നിന്നും തെന്നിമാറി ആത്മീയ ലോകത്തോടു ചേര്‍ന്നായിരുന്നു മുഹമ്മദ് മുസ്‌ലിയാരുടെ ജീവിതം. വിവാഹം പോലും വേണ്ടെന്നു വെച്ചു. ആയിരങ്ങള്‍ തന്റ ഒരു നിമിഷത്തെ സഹവാസമെങ്കിലും കൊതിക്കുമ്പോഴും ജനങ്ങളില്‍ നിന്നും പരമാവധി അകന്നു നില്‍ക്കാന്‍ ശ്രമിച്ചു. അത്ഭുത സിദ്ധികള്‍ നിരന്തരം പ്രകടമായി. പാരമ്പര്യ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുേേമ്പാള്‍ മാത്രമാണ് സാമുദായിക പുരോഗതിയും മുന്നേറ്റവും സാധ്യമാവുകയൊള്ളൂ എന്ന് സമൂഹത്തെ പഠിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പാണക്കാട് കുടുംബത്തിന്റെയും നേതൃമഹിമയും പട്ടിക്കാട് ജാമിഅ നൂരിയ്യ, ചെമ്മാട് ദാറുല്‍ ഹുദാ പോലുള്ള സ്ഥാപനങ്ങളുടെ പ്രാധാന്യവും സമുദായത്തെ മഹാന്‍ ബോധ്യപ്പെടുത്തി. ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്ന പണ്ഡിത വിസ്മയം ഇവിടുത്തെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു.
2011 ഡിസംബര്‍ 26/ 1433 സഫര്‍ 1 തിങ്കളാഴ്ചയായിരുന്നു വിയോഗം. ആനപ്പാലത്തുള്ള പള്ളിയോട് ചേര്‍ന്ന കെട്ടിടത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
സൂഫീവര്യനും അല്ലാഹുവിന്റെ ഇഷ്ടദാസനുമായിരുന്ന മഹാനായ തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാരുടെ വഫാത്ത് കഴിഞ്ഞ്10 വര്‍ഷം തികയുന്ന ഈ സന്ദര്‍ഭത്തില്‍ മഹാനവര്‍കള്‍ കാണിച്ച മാതൃകകള്‍ പുതുസമൂഹത്തിന് പകര്‍ന്നുകൊടുക്കല്‍ നമ്മുടെ ബാധ്യതയാണ്.
ഓരോ കാലഘട്ടത്തിലും അല്ലാഹുവിന്റെ ഔലിയാക്കളുണ്ടാകുമെന്നും പലരും പല രീതികളും ജീവിത ശൈലികളും സ്വീകരിക്കുന്നവരായിരിക്കുമെന്നും രേഖകളില്‍ കാണാം. തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാര്‍ പലരില്‍നിന്നും വ്യത്യസ്തനായി ജീവിച്ച മഹോന്നത വ്യക്തിത്വത്തിനു ഉടമയായിരുന്നു. എല്ലാം തന്റെ നാഥനില്‍ അര്‍പ്പിച്ച്, ഐഹിക പരിത്യാഗം ജീവിതമുദ്രയായി കൊണ്ടുനടന്ന്, അല്ലാഹു എന്ന ചിന്തയില്‍ മാത്രം ജീവിതം കഴിച്ചുകൂട്ടിയ വലിയ പണ്ഡിതനും കൂടിയായിരുന്നു മഹാനവര്‍കള്‍.
ഔലിയാക്കള്‍ വ്യത്യസ്ത തട്ടിലാണ്. അവരില്‍ തവക്കുലിന്റെ ശൈലി സ്വീകരിച്ചവരായിരുന്നു മഹാനവര്‍കള്‍. ഇങ്ങനെയുള്ളവര്‍ വിചാരണ കൂടാതെ സ്വര്‍ഗപ്രവേശം ലഭിക്കുന്നവരാണെന്ന് ഹദീസില്‍ കാണാം. ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: ''നബി(സ) പറയുന്നു: പല നബിമാരും കൂടെ അവരുടെ സമുദായങ്ങളും എനിക്ക് വെളിവാക്കപ്പെട്ടു. ചിലരുടെ കൂടെ ചെറിയ സംഘമാളുകളുണ്ടെങ്കില്‍ ഒന്നോ രണ്ടോ ആളുകള്‍ മാത്രമുള്ളവരുമുണ്ടതില്‍. ചിലരുടെ കൂടെ ആരുമില്ല. പിന്നീട് വലിയ ഒരു കൂട്ടം എനിക്ക് കാണിക്കപ്പെട്ടു. അവരെന്റെ സമുദായമാകുമെന്ന് ഞാന്‍ വിചാരിച്ചു. അത് മൂസാ നബിയും അനുയായികളുമാണെന്ന് എനിക്കു വിവരം ലഭിച്ചു. എന്നോട് ചക്രവാളത്തിലേക്കു നോക്കാന്‍ ആവശ്യപ്പെട്ടു. അവിടെയപ്പോള്‍ വലിയ ഒരു കൂട്ടമാളുകളുണ്ട്. മറ്റൊരു ഭാഗത്തേക്കും നോക്കാന്‍ കല്‍പ്പന വന്നു. അവിടെയും അതു പോലെയൊരു കൂട്ടമുണ്ട്. ഇതു നിങ്ങളുടെ സമുദായമാണ്. അവരുടെ കൂടെ വിചാരണയും ശിക്ഷയുമില്ലാതെ സ്വര്‍ഗത്തില്‍ കടക്കുന്ന എഴുപതിനായിരമാളുകളുണ്ട്. ഇതു പറഞ്ഞ് നബി(സ) വീട്ടിനകത്ത് പ്രവേശിച്ചു. ആ വിഭാഗം ആരാകുമെന്നത് ഞങ്ങളില്‍ പലരും പലതും ഊഹിച്ചു പറഞ്ഞു. അല്‍പം കഴിഞ്ഞു തിരിച്ചു വന്ന നബി(സ) ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കാര്യമെന്താണെന്നു തിരക്കി. ഞങ്ങള്‍ കാര്യം പറഞ്ഞു. അന്നേരം നബി(സ) പറഞ്ഞു: മന്ത്രിക്കുകയോ പക്ഷിരാശി നോക്കുകയോ ചെയ്യാത്ത, അതൊന്നും ചെയ്യാനാവശ്യപ്പെടാത്ത, റബ്ബിന്റെ മേല്‍ എല്ലാം സമര്‍പിച്ചവരാണവര്‍.'' (ഹദീസ്).
''ആരെങ്കിലും അല്ലാഹുവിനെ സൂക്ഷിച്ചാല്‍ എല്ലാ ബുദ്ധിമുട്ടുകളില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗം അല്ലാഹു അവന് തുറന്നുകൊടുക്കും. അവന്‍ കണക്കുകൂട്ടാത്ത മാര്‍ഗത്തിലൂടെ അല്ലാഹു അവന് നല്‍കുകയും ചെയ്യും. ആര് അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പിച്ചുവോ, അവന് അല്ലാഹു മാത്രം മതി. അവന്റെ കാര്യങ്ങള്‍ എല്ലാം അല്ലാഹു എത്തിച്ചുകൊടുക്കുന്നതാണ്. എല്ലാ കാര്യങ്ങള്‍ക്കും അല്ലാഹു ഒരു കണക്ക് നിശ്ചയിച്ചിട്ടുണ്ട്.'' (സൂറത്തു ത്വലാഖ്: 3-4)
ഉസ്താദിന്റെ ജീവിതം മുന്‍ചൊന്ന ആയത്തിന്റെ സാരം ഉള്‍ക്കൊള്ളുന്നതായിരുന്നു. തഖ്‌വയും സൂക്ഷ്മതയും കൈമുതലാക്കി, അല്ലാഹുവില്‍ മാത്രം കാര്യങ്ങളേല്‍പ്പിച്ചുള്ള ജീവിതം. സഹ്‌ല്ബ്‌നു അബ്ദില്ലാഹി ത്തസത്തരി(റ) പറയുന്നു: സ്വൂഫികളായ ഞങ്ങള്‍ക്ക് ഏഴ് കാര്യങ്ങളാണ് അടിസ്ഥാനമായിട്ടുള്ളത്.1) അല്ലാഹുവിന്റെ ഗ്രന്ഥം മുറുകെ പിടിക്കുക. 2)നബി(സ)യുടെ ചര്യ പിന്തുടരക. 3) ഹലാലായ ഭക്ഷണം കഴിക്കുക. 4) ബുദ്ധിമുട്ടുകള്‍ തട്ടിമാറ്റുക 5)തെറ്റുകുറ്റങ്ങള്‍ വെടിയുക. 6)പാപമോചനമര്‍ത്ഥിക്കുക. 7)കടമകള്‍ വീട്ടുക. ഈ ഏഴ് കാര്യങ്ങളും മഹാനുഭാവന്റെ ജീവിതത്തില്‍ സൂര്യപ്രകാശം കണക്കെ പ്രകടമായിരുന്നു.
ആരാണ് സ്വൂഫിയെന്ന ചോദ്യത്തിന് വലതു കൈയില്‍ വിശുദ്ധ ഖുര്‍ആനും ഇടതു കൈയില്‍ തിരുസുന്നത്തും കൊണ്ടു നടന്ന്, ഒരു കണ്ണു കൊണ്ട് സ്വര്‍ഗത്തിലേക്കും മറുകണ്ണുകൊണ്ടു നരകത്തിലേക്കും നോക്കുന്ന, ദുന്‍യാവു കൊണ്ട് വസ്ത്രം ധരിച്ച് പരലോകത്തെ മേല്‍തട്ടമായി സ്വീകരിച്ച് അവയ്ക്കിടയില്‍നിന്ന് അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കുന്നവനായിരിക്കുമെന്നാണ് അബൂയസീദില്‍ ബിസ്ത്വാമി(റ) പ്രതികരിച്ചത്. ഈ കാര്യം നമുക്കു മുന്നില്‍ തുറന്നു കാണിച്ചവരായിരുന്നു മഹാനുഭാവന്‍. ചെറുപ്പം തൊട്ടെ ഹൃദയശുദ്ധി വരുത്തി അല്ലാഹുവിലേക്കടുക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. ഐഹിക കാര്യങ്ങള്‍ ചോദിക്കുന്നതിനു പകരം പാരത്രിക ലോകത്ത് നേട്ടമുണ്ടാക്കുന്ന കാര്യങ്ങള്‍ മാത്രമാണ് അല്ലാഹുവിനോടവര്‍ ആവശ്യപ്പെട്ടത്.
ദര്‍സില്‍ പഠിക്കുന്ന കാലത്ത് വസൂരി പോലോത്ത എന്തോ അസുഖം ബാധിച്ചപ്പോള്‍ പിതാവ് പല ദര്‍ഗകളിലും ചെന്ന് രോഗശമനത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു. അന്നേരം പരിശുദ്ധ മക്കയില്‍ ചെന്ന് ഹജ്ജ് ചെയ്യാന്‍ തൗഫീഖിനു വേണ്ടിയാണ് ഉസ്താദവര്‍കള്‍ പ്രാര്‍ത്ഥിച്ചിരുന്നത്. അങ്ങനെ 1963ല്‍ മഹാനവര്‍കള്‍ ഹജ്ജിനു പുറപ്പെട്ടു. അതിനു മുമ്പത്തെ വര്‍ഷം (1962ല്‍) മുഹമ്മദിയ്യ എന്ന പേരിലുള്ള ഒരു കപ്പലിറങ്ങി. ആ വര്‍ഷം ശംസുല്‍ഉലമ അതില്‍ ഹജ്ജിനു പുറപ്പെട്ടു; തൊട്ടുടനയുള്ള വര്‍ഷം ഉസ്താദും. അങ്ങനെ ഹറമിലെത്തിയപ്പോള്‍ കേരളത്തിന്റെ ഭാഗത്തേക്ക് ഒരു പ്രകാശഗോപുരം നീങ്ങുന്നത് ദര്‍ശനമുണ്ടായി. പ്രാകാശമെന്നാല്‍ അത് നൂറാണ്. വിജ്ഞാനത്തെ 'അല്ലാഹുവിന്റെ നൂര്‍' എന്നാണല്ലോ വിശേഷിപ്പിക്ക പ്പെടാറുള്ളത്. എന്നാല്‍, ആ വര്‍ഷമാണ് ദക്ഷിണേന്ത്യയിലെ അത്യുന്നത വൈജ്ഞാനിക കലാലയമായ ജാമിഅ നൂരിയ്യക്ക് തറക്കല്ലിട്ടത്. അതാണ് ഉസ്താദവര്‍കള്‍ അവിടുന്ന് ദര്‍ശിച്ചത്. തന്റെ ജീവിതത്തില്‍ ആകെ പങ്കെടുത്തിരുന്നതും ജാമിഅയുടെ സമ്മേളനങ്ങള്‍ക്ക് ആണെന്നത് ആ മതസ്ഥാപനത്തിന് അല്ലാഹുവിങ്കലുള്ള സ്വീകാര്യത വിളിച്ചോതുന്നുണ്ട്.
മഹാന്‍മാരെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുകയും അവരുമായി ആത്മീയ ബന്ധം പുലര്‍ത്തുകയും ചെയ്യുന്നവരുമായിരുന്നു വലിയ്യുല്ലാഹി തൃപ്പനച്ചി ഉസ്താദ് (ന:മ). ഞാന്‍ മുഹ്‌യിദ്ദീന്‍ ശൈഖില്‍ നിന്ന് നേരിട്ട് ത്വരീഖത് സ്വീകരിച്ചവനാണെന്ന് മഹാനവര്‍കള്‍ പറയാറുണ്ടായിരുന്നു. ഉസ്താദ് താമസിച്ചിരുന്ന മലയുടെ മുകളിലുള്ള രണ്ട് കൊടിമരങ്ങളിലൊന്ന് മുഹ്‌യിദ്ദീന്‍ ശൈഖിന്റെയും മറ്റൊന്ന് രിഫാഈ ശൈഖിന്റെയും പേരിലുള്ളതാണ്. മഹാന്‍മാരില്‍നിന്നുള്ള ആത്മീയ നിര്‍ദേശങ്ങള്‍ വഴിയാണ് അവയവിടെ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. മുഹ്‌യിദ്ദീന്‍ ശൈഖ്(റ)വിന്റെ പേരിലുള്ള കൊടിമരം ക്രിസ്തുവര്‍ഷം 2000ത്തിലെ മുഹര്‍റം ഒന്നിനാണ് സ്ഥാപിക്കപ്പെട്ടത്. അതിന്റെ പിന്നില്‍ ഒരു ചരിത്രസംഭവമുണ്ട്.
ഉസ്താദും കുഞ്ഞാപ്പു ഹാജിയും കൂടി അജ്മീര്‍സിയാറത്തിന് പുറപ്പെട്ടു. യാത്ര ചെയ്ത് ബോംബെയിലെത്തി. അവിടെ നിന്ന് രണ്ട് മൂന്ന് ദിവസം എടുത്ത് ചെയ്ത് തീര്‍ക്കേണ്ട ചില കാര്യങ്ങള്‍ കുഞ്ഞാപ്പു ഹാജിക്ക് ഒരു ദിവസം കൊണ്ട് തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. യാത്ര തുടര്‍ന്ന് ഏകദേശം രാത്രി ഒമ്പത് മണി സമയത്ത് അവര്‍ അജ്മീറിലെത്തി. സാധാരണ ദര്‍ഗ അടക്കാനുള്ള സമയമായിട്ടും അവിടത്തെ ഖാദിം അന്ന് ദര്‍ഗ അടച്ചിട്ടില്ല. ഉസ്താദിനും സഹയാത്രികനും സിയാറത്തിനു വേണ്ട സര്‍വ സൗകര്യങ്ങളും ചെയ്തു കൊടുത്തു. ഞങ്ങള്‍ ഭക്ഷണം കഴിച്ച് വരാമെന്ന് പറഞ്ഞപ്പോള്‍ വേണ്ട, നിങ്ങള്‍ക്ക് വേണ്ടത് ഞാന്‍ തന്നെ കൊണ്ടുവന്ന് തരാമെന്നു പറയുകയും കിടക്കാനുള്ള സൗകര്യങ്ങളും ആ മനുഷ്യന്‍ ചെയ്തു കൊടുത്തു. സിയാറത്ത് കഴിഞ്ഞ് കുഞ്ഞാപ്പുഹാജി സുഖമായി ഉറങ്ങി. പിറ്റേ ദിവസം രാവിലെ ഉസ്താദ് ചോദിച്ചുവത്രെ നിങ്ങള്‍ സുഖമായി ഉറങ്ങിയല്ലേ. ഞാന്‍ രാത്രി അവസാനിക്കരുതെന്ന് കൊതിച്ചുപോയി. കാരണം ഞാന്‍ ഇവരുമായി ധാരാളം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. അന്ന് അവിടെയുള്ള ദര്‍ഗകളൊക്കെ സിയാറത്ത് ചെയ്ത് മലയുടെ മുകളില്‍ കയറി മുഹ്‌യിദ്ദീന്‍ ശൈഖ് അജ്മീര്‍ സന്ദര്‍ശന വേളയില്‍ ഇരുന്ന സ്ഥലത്ത് ചെന്നിരുന്ന് ശൈഖവര്‍കളുമായി ആത്മീയമായി അഭിമുഖം നടത്തി.
ആ അഭിമുഖ സംഭാഷണത്തിനിടയില്‍ നല്‍കിയ നിര്‍ദേശങ്ങളിലൊന്ന് നിങ്ങളുടെ നാട്ടിലെ മലമുകളില്‍ ഒരു കൊടി നാട്ടണമെന്നായിരുന്നു. സമയമാവുമ്പോള്‍ ഞാന്‍ പറയാമെന്നും അവിടുന്ന് പറഞ്ഞു. അങ്ങനെയാണ് 20 വര്‍ഷങ്ങള്‍ക്കു ശേഷം മുഹര്‍റം ഒന്നിന് ആ കൊടിമരം സ്ഥാപിക്കപ്പെടുന്നത്.
മഹാനായ ശംസുല്‍ ഉലമയുമായി വളരെ വലിയ ബന്ധം പുലര്‍ത്തിയിരുന്നവരാണ് ഉസ്താദവര്‍കള്‍. പഠിക്കുന്ന കാലത്തു തന്നെ 1943ല്‍ മുത്തന്നൂര്‍ പള്ളിയുടെ കേസ് ശംസുല്‍ ഉലമ വാദിക്കുന്നത് കേള്‍ക്കാന്‍ തൃപ്പനച്ചി ഉസ്താദ് പോകാറുണ്ടായിരുന്നു. സ്‌നേഹത്തോടെയും ആദരവോടെയും ഇ.കെ. മൊയ്‌ല്യേര് എന്നാണ് അവര്‍ വിളിച്ചിരുന്നത്. ആത്മീയ ദാഹം തീര്‍ക്കാന്‍ തന്നെ സമീപിക്കുന്ന പലരെയും തൃപ്പനച്ചി ഉസ്താദ് ശംസുല്‍ ഉലമയുടെ അടുക്കലേക്കും ശംസുല്‍ ഉലമ തിരിച്ചും അയക്കാറുണ്ടായിരുന്നു.
ശംസുല്‍ ഉലമ വഫാത്തായ സമയം തൃപ്പനച്ചി ഉസ്താദ് ഇങ്ങനെ പറഞ്ഞുവത്രെ: 'ആളുകളെ അയക്കാന്‍ പറ്റിയ ഒരാളായിരുന്നു അദ്ദേഹം, ഇനി ആ ഭാരം കൂടി ഞാന്‍ വഹിക്കണമല്ലോ' എന്ന്. ഒരിക്കല്‍ ശംസുല്‍ ഉലമയെ കാണാന്‍ ഉസ്താദവര്‍കള്‍ ഇടിയങ്ങര ശൈഖിന്റ പള്ളിയില്‍ ചെന്നു. ചെന്ന സമയം ശംസുല്‍ഉലമ സിയാറത്തിലാണ്. സിയാറത്ത് കഴിഞ്ഞപ്പോള്‍ ശംസുല്‍ ഉലമയുടെ കൈപ്പിടിച്ചു. ശംസുല്‍ ഉലമ കൈ വലിച്ചു. പിന്നെ അവിടെയുള്ള ഒരു റൂമിലേക്ക് വിളിച്ച് ഒരുപാട് നേരം സംസാരിച്ചു. എന്നിട്ട് തൃപ്പനച്ചി ഉസ്താദിനെയും കൂടെ വന്നവരെയും ഗെയ്റ്റ് വരെ കൂടെ ചെന്ന് യാത്രയാക്കി. കൈ തട്ടിയതിനെ കുറിച്ച് പിന്നീട് ശംസുല്‍ ഉലമയോട് ആരാഞ്ഞപ്പോള്‍ പറഞ്ഞു. എന്റെ കൈ മഖ്ബറയില്‍ വച്ച് പിടിച്ചാല്‍ അവിടെ കിടക്കുന്ന മഹാനേക്കാള്‍ ഞാന്‍ വലിയവനായി എന്ന തോന്നല്‍ ഉണ്ടാകുമെന്ന ഭയമാണ് അങ്ങനെ ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്. സമസ്തയില്‍നിന്ന് ചിലര്‍ മാറിപോയതിനുശേഷം പൂക്കൊളത്തൂര് വച്ച് ഒരു നബിദിന സമ്മേളനം നടക്കുകയാണ്.
കണ്ണിയത്ത് ഉസ്താദും ശംസുല്‍ ഉലമയും പങ്കെടുക്കുന്ന സമ്മേളനമാണ്. അന്നു ശക്തമായ മഴ. അസ്വ്‌റിനു ശേഷം തൃപ്പനച്ചി ഉസ്താദ് വന്ന് സ്റ്റേജില്‍ വച്ച് ജലാലിയ്യ റാതീബ് ചൊല്ലി. ഉടന്‍ മഴ നിന്നു. സമ്മേളനം വളരെ ഭംഗിയായി സംഘടിപ്പിക്കപ്പെട്ടു. ശംസുല്‍ ഉലമയോടും സമസ്ത ഉലമാക്കളോടുമുള്ള സ്‌നേഹമാണ് ഇങ്ങനെ ചെയ്യാനുള്ള പ്രേരകം. ശംസുല്‍ ഉലമയ്ക്ക് കലശലായ രോഗം ബാധിച്ചപ്പോള്‍ കോഴിക്കോട് ഹോസ്പിറ്റലില്‍ അഡ്മിറ്റായി. രോഗശമനത്തിനു വേണ്ടി തൃപ്പനച്ചി ഉസ്താദിനോടു പ്രാര്‍ത്ഥിക്കാന്‍ ശംസുല്‍ ഉലമയുടെ ആവശ്യപ്രകാരം പറഞ്ഞു. പ്രാര്‍ത്ഥിച്ചു. പിറ്റേന്ന് പരിശോധിച്ചപ്പോള്‍ രോഗം ശമനമായിട്ടുണ്ട്. ഡിസ്ചാര്‍ജ് ചെയ്തു. അപ്പോള്‍ ശംസുല്‍ ഉലമ പ്രതികരിച്ചതിങ്ങനെയാണ്: പോകാന്‍ ഏതാണ്ട് സമയമായിരുന്നു. തൃപ്പനച്ചി ഉസ്താദ് നീട്ടിയതാണ്. വീണ്ടും രോഗം ബാധിച്ചപ്പോള്‍ തൃപ്പനച്ചി ഉസ്താദിനോട്. ശംസുല്‍ഉലമയുടെ ശിഷ്യന്‍മാര്‍ ദുആ ചെയ്യാന്‍ ആവശ്യപ്പെടാന്‍ വേണ്ടി വന്നു. പക്ഷേ, കണ്ടില്ല. തിങ്കളാഴ്ച സുബ്ഹിക്കാണ് കണ്ടത്. വിഷയം പറഞ്ഞപ്പോള്‍ ചോദിച്ചുവത്രെ ഒരു വിളവ് പാകമായാല്‍ അത് കൊയ്തില്ലെങ്കില്‍ ഉടമക്ക് നഷ്ടമല്ലേ? കൊണ്ടു പൊയ്‌ക്കോട്ടെ. ആ പറഞ്ഞതും ശംസുല്‍ഉലമ(റ) വഫാത്തായതും ഒരേ സമയമാണ്. പാണക്കാട് സാദാത്തീങ്ങളെ അതിരറ്റ് സ്‌നേഹിച്ച തൃപ്പനച്ചി ഉസ്താദ് മുഹമ്മദലി ശിഹാബ് തങ്ങളുമായും ഹൈദരലി തങ്ങളുമായും വലിയ ബന്ധം പുലര്‍ത്തുന്നവരായിരുന്നു.
ശിഹാബ് തങ്ങള്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന വിവരം കിട്ടിയപ്പോള്‍ തങ്ങള്‍ ഇങ്ങോട്ടു വന്ന് പ്രയാസപ്പെടേണ്ടെന്നും ഞാനങ്ങോട്ട് ചെന്നു കാണാമെന്നും പറഞ്ഞു. പിന്നീട് നടന്ന ജാമിഅ സമ്മേളനത്തില്‍വച്ച് അവര്‍ കണ്ടുമുട്ടി ദീര്‍ഘ നേരം സംഭാഷണം നടത്തി.
മഹാനായ ഹൈദരലി ശിഹാബ് തങ്ങള്‍ ഉസ്താദ് നിര്‍മിച്ച പള്ളിയില്‍ ചെന്നപ്പോള്‍ ആ പള്ളി മുഴുവന്‍ നടന്ന് കാണിച്ചുകൊടുക്കുകയും പല സ്ഥലങ്ങളിലും തബര്‍റുകിന് വേണ്ടി നിസ്‌കരിപ്പിക്കുകയും ചെയ്ത സംഭവം തങ്ങള്‍ തന്നെ അനുസ്മരിക്കുന്നുണ്ട്. ഒരു മഹാപണ്ഡിതന്‍ കൂടിയായിരുന്നു മഹാനായ മുഹമ്മദ് മുസ്‌ലിയാര്‍. നിരവധി പണ്ഡിതര്‍ക്കുണ്ടായ അനുഭവങ്ങള്‍ ഇതാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. ഹിദായത്തുണ്ടാകാന്‍ ദുആ ചെയ്യണമെന്ന് ആവശ്യപ്പെട്ട പണ്ഡിതനോട് 'അല്‍ഹിദായതു അംറുന്‍ മിന്‍ ലദൈഹി' എന്ന വാക്യം ഏതു കിതാബില്‍ ഉള്ളതാണെന്നു ചോദിച്ചു.
പെട്ടെന്ന് മറുപടി പറയാന്‍ സാധിക്കാത്ത ആ സുഹൃത്തിന് അത് മൈബദിയിലെ ഇബാറതാണെന്ന് പിന്നീടാണ് ബോധ്യമായത്. കണക്കില്‍ ഉസ്താദിന്റെ പ്രാഗത്ഭ്യം അംഗീകരിച്ച അധ്യാപകരുണ്ട്. വീടു പണി പൂര്‍ത്തിയാകാന്‍ ദുആ ചെയ്യാന്‍ ആവശ്യപ്പെട്ട ഖുതുബി അടക്കം ഓതിക്കൊടുക്കുന്ന മുദരിസിനോട് ഇല്ലത്തുകള്‍ എത്ര വിധമുണ്ടെന്ന് ചോദിച്ച് ഇല്ലത്തുഗാഇയ്യയിലെത്താന്‍ മറ്റു മൂന്ന് ഇല്ലതുകളുണ്ടായാല്‍ മതിയെന്ന് പറഞ്ഞുവിട്ടു. കറാമത്തുകള്‍ ഒരിക്കലും വലിയ്യിനെ അളക്കുവാനുള്ള മാനദണ്ഡമല്ല. ഔലിയാക്കളില്‍ അമാനുഷിക കാര്യങ്ങള്‍ പ്രകടിപ്പിച്ചവരും അല്ലാത്തവരുമുണ്ടായിട്ടുണ്ട്. അമാനുഷികതകള്‍ പ്രകടിപ്പിച്ചവര്‍ മുഴുവന്‍ വലിയ്യിന്റെ പരിധിയില്‍ പെടില്ലതാനും. ഇമാം ഖുശൈരി(റ) തന്റെ അര്‍രിസാലതുല്‍ ഖുശൈരിയ്യയില്‍ പറയുന്നു: ഔലിയാക്കള്‍ക്കുണ്ടാകുന്ന പ്രധാനപ്പെട്ട കറാമത്ത് എന്നുപറഞ്ഞാല്‍ നന്‍മകള്‍ നിത്യമായി ചെയ്യുവാനുള്ള തൗഫീഖും ഇലാഹീ കല്‍പനകള്‍ക്ക് എതിര് ചെയ്യുന്നതില്‍ നിന്നും തെറ്റുകളില്‍നിന്നുമുള്ള സംരക്ഷണവുമാണ്. ഇത് ഉസ്താദിനുണ്ടായിരുന്നുവെന്നതില്‍ യാതൊരു സംശയവുമില്ല. എപ്പോഴും അന്‍ഫാസില്‍ മുഴുകിയിരുന്ന അവര്‍ക്ക് അല്ലാഹ് എന്നല്ലാതെ യാതൊരു ചിന്തയുമുണ്ടായിരുന്നില്ല.
മെഡിക്കല്‍ കോളേജില്‍ നിന്നു മടക്കിയ രോഗങ്ങള്‍ പോലും അവിടുത്തെ നിര്‍ദേശപ്രകാരം ചികിത്സ നടത്തിയപ്പോള്‍ ഭേദമായിട്ടുണ്ട്. രോഗപീഡകളെ കുറിച്ച് പരാതി പറയുന്ന മിക്ക ആളുകളോടും കൊടിമരത്തില്‍ ചെന്ന് പ്രാര്‍ത്ഥിക്കാനും ശിഫാഇന്റെ വെള്ളം കുടിക്കുവാനുമാണ് നിര്‍ദേശിക്കാറുണ്ടായിരുന്നത്.
ഉസ്താദിന്റെ നിര്‍ദേശപ്രകാരം ആരംഭിച്ച റാതീബില്‍ പങ്കെടുത്തുകൊണ്ടിരിക്കെ പാദസരം നഷ്ടപ്പെട്ട സ്ത്രീയുടെ കുടുംബക്കാര്‍ ഉസ്താദിന്റെ അടുക്കല്‍ വന്ന് പരാതി പറഞ്ഞു. ''എടുത്തവന്‍ ഇവിടെ കൊണ്ടു വന്ന് തരും''-ഉസ്താദ് ഉടനെ പ്രതികരിച്ചു. പിന്നീട് പാദസരം കിട്ടിയ വിവരം നടക്കാവ് പോലീസ് അറിയിച്ചപ്പോള്‍ ആ കാര്യം ഉസ്താദിനെ അറിയിച്ചു. അപ്പോള്‍ 'അവനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയക്കണമെന്ന്' പറഞ്ഞു. സാധാരണ ഇത്തരം കേസുകളില്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കപ്പെടാറില്ലെങ്കിലും ഉസ്താദിന്റെ വാക്ക് പുലര്‍ന്നു. മാറാട് കേസ് വിചാരണ നടക്കുന്ന സമയമായതു കൊണ്ട് ജയിലില്‍ അനുഭവപ്പെട്ട സ്ഥലപരിമിതി മൂലം അവന്‍ കണ്ണൂര്‍ ജയിലിലേക്ക് മാറ്റപ്പെട്ടു.
അല്ലാഹുവിന്റെ അടിമകളില്‍ ചിലര്‍ എന്തെങ്കിലും പറഞ്ഞാല്‍ അല്ലാഹു അത് പുലര്‍ത്തിക്കൊടുക്കും എന്ന ഗണത്തിലായിരുന്നു ഉസ്താദും. ജനങ്ങള്‍ക്ക് ആത്മീയ ഉന്നമനത്തിനു വേണ്ട കാര്യങ്ങളാണ് ഉസ്താദ് നിര്‍ദേശിച്ചുകൊടുക്കാറുണ്ടായിരുന്നത്. ജലാലിയ്യാ റാതീബും ദിക്‌റ് സദസ്സുകളും മറ്റും ഉസ്താദിന്റെ നിര്‍ദേശാനുസരണം പല സ്ഥങ്ങളിലും ഇന്നും നടക്കുന്നുണ്ട്. മലയുടെ മുകളില്‍ നിര്‍മിക്കപ്പെട്ട കെട്ടിടങ്ങള്‍ എന്തിനാണെന്ന് ആര്‍ക്കും ബോധ്യമില്ലായിരുന്നു. ഇപ്പോള്‍ അവിടെ നടക്കുന്ന വൈജ്ഞാനിക സംരംഭങ്ങള്‍ ആ കെട്ടിട നിര്‍മാണങ്ങള്‍ക്കു പിന്നില്‍ മഹാനവര്‍കള്‍ ലക്ഷ്യം വച്ച കാര്യങ്ങളിലേക്ക് ജനങ്ങളെ വഴിനടത്തുന്നു. സമസ്തയെയും അതിന്റെ പണ്ഡിതശ്രേഷ്ഠരെയും വിശിഷ്യ ശംസുല്‍ഉലമയെയും പാണക്കാട് സാദാത്തീങ്ങളെയും ആദരിച്ചവരായിരുന്നു മഹാനുഭാവന്‍ എന്നത് നമ്മെ ഏറെ സമാധാനത്തിലാക്കുന്നു. അവരുടെ മദദ് കൊണ്ട് അല്ലാഹു നമ്മെ ഇരുവീട്ടിലും രക്ഷപ്പെടുത്തുമാറാകട്ടെ.
Post a Comment