നബിദിനാഘോഷ നിഷേധികൾക്ക് പാശ്ചാത്യലോകത്തെ പണ്ഡിതതേജസ് ശൈഖ് ഹംസ യൂസുഫിന്റെ മറുപടി:
ഈ ലേഖനത്തിലെ യഥാർത്ഥഥ ഉറവിടം ഇംഗ്ലീഷിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
തിരുസുദിനം: നിഷേധികൾ സൂക്ഷിക്കുക - ശൈഖ് ഹംസ യൂസുഫ്
വിശ്വാസിസമൂഹത്തിനു സിദ്ധിച്ച അതിമഹത്തായ അനുഗ്രഹമാണു തിരുദൂതർ(സ) യുടെ ജന്മദിനം. അതിനാൽ ആ ദിനം ആഗതമാവുമ്പോൾ നമ്മുടെ ഹൃദയാന്തരം ആനന്ദനിർഭരമായിത്തീരുകയും നമ്മുടെ സന്തോഷം പതിന്മടങ്ങ് വർദ്ധിക്കുകയും വേണം.
മുസ്ലിം ലോകത്തെ സംബന്ധിച്ചടുത്തോളം തിരുസുദിനം പരമ്പരാഗതമായിത്തന്നെ തിരുദൂതർ(സ) യുടെ ജീവിതപാഠങ്ങളെയും അവിടുത്തെ അൽഭുതകൃത്യങ്ങളെയും കുറിച്ച് പര്യാലോചന നടത്താനും അവിടുന്ന് സഹിച്ച ത്യാഗങ്ങൾക്ക് മുന്നിൽ കൃതജ്ഞാലുക്കളാവാനുമുള്ള അസുലഭ മുഹൂർത്തമാണ്. ഇസ്ലാമിക സമൂഹം ഇന്ന് വരെ ദർശിച്ച സൂര്യതേജസുകളായ മുഴുവൻ പണ്ഢിതമഹത്തുക്കളും "ഇസ്ലാമിൽ ആരെങ്കിലും ഒരുത്കൃഷ്ഠ ചര്യ സ്ഥാപിച്ചാൽ അതിന്റെ പ്രതിഫലവും അത് അനുധാവനം ചെയ്യുന്നവരുടെ സദ്ഫലവും ആ സ്ഥാപിച്ചവനുണ്ട്" എന്ന പ്രാമാണ്യയോഗ്യമായ ഹദീസിന്റെ വെളിച്ചത്തിൽ നബിദിനാഘോഷം ഒരു സദ്പ്രവർത്തനമായാണു കണക്കാക്കിപ്പോന്നത്. "നമ്മുടെ ദീനിൽപ്പെടാത്ത വല്ലതും ആരെങ്കിലും പുതുതായി അതിലേക്ക് കടത്തിക്കൂട്ടിയാൽ അത് തള്ളപ്പെടേണ്ടതാണ്" എന്ന ആയിശ ബീവി(റ) ഉദ്ധരിച്ച തിരുവചനം നേരത്തെ പറയപ്പെട്ട ഹദിസിനു വിരുദ്ധമായി വരുന്നു എന്ന ബുദ്ധിശൂന്യരായ ചിലരുടെ വാദം ശരിയല്ല.
കാരണം ഇസ്ലാമിന്റെ ചട്ടക്കൂടിനു പുറത്തുള്ളതും അതിനെതിരായതുമായ പുത്തനാചാരങ്ങളെയാണു രണ്ടാമത്തെ ഹദീസിൽ പ്രതിപാദിക്കുന്നത്. ഇസ്ലാമിലെ ബഹുമുഖ വിജ്ഞാന ശാഖകളിൽ അഗാധ പാണ്ഢിത്യമുള്ള മഹാനായ ഇബ്നു ദഖീഖൽ ഈദ്(റ) ഈ ഹദീസ് വിശദീകരിക്കുന്നത് ഇങ്ങനെയാൺ: "തിരുചര്യയിൽ നിന്നും വ്യതിചലിക്കാതെ അതിന്റെ വേരിൽ നിന്നും ശാഖീഭവിക്കുന്ന കാര്യങ്ങൾ ഈ ഹദീസിന്റെ പരിധിയിൽ വരില്ല. ഖുർആൻ പാരായണത്തിൽ തെറ്റ് ഭവിക്കാതിരിക്കാൻ അത് പകർത്തിയെഴുതുന്നതോടൊപ്പം ഹർക്കത്തുക്കൾ ചേർത്തതും മുജ്തഹിദുകളായ പണ്ഢിതമഹത്തുക്കൾ ഇസ്ലാമിക കർമ്മ ശാസ്ത്രത്തിലെ നവവിജ്ഞാന ശാഖകൾ വികസിപ്പിച്ചതും ഇതിനുദാഹരണങ്ങളാണ്. ഒപ്പം തന്നെ വ്യാകരണശാസ്ത്രം, ഗണിതം, അനന്തരാവകാശ നിയമങ്ങൾ തുടങ്ങി തിരുദൂതർ (സ) യുടെ വഫാത്തിനു ശേഷം ആവിർഭവിച്ച മുഴുവൻ വിജ്ഞാന ശാഖകളുടെയും അടിസ്ഥാനം അവിടുത്തെ ദിവ്യവചനങ്ങളായിരുന്നു. ഇവയൊന്നും നേരത്തെ ഉദ്ധരിച്ച തിരുവചനത്തിൽ പ്രതിപാദിച്ച നവീനവാദത്തിന്റെ പരിധിയിൽ വരുന്നവയേയല്ല."
ഇമാം സുയൂഥി(റ) വിനെ പോലെയുള്ള മഹാവൈജ്ഞാനിക വാഹകർ ചൂണ്ടിക്കാണിച്ചത് പ്രകാരം തിരുസുദിനത്തിൽ സന്തോഷം പ്രകടിപ്പിക്കലും അതാഘോഷിക്കലും തിരുചര്യക്ക് വിരുദ്ധമല്ല എന്നതിനോടൊപ്പം അവിടുത്തെ സ്നേഹിക്കുക എന്ന അടിസ്ഥാനത്തിൽ നിന്നും ശാഖീഭവിക്കുന്ന കാര്യങ്ങളിൽ പെട്ടതാണ് മൗലിദാഘോഷം.
തിരുദൂതർ (സ) യെ സ്നേഹിക്കൽ സുന്നത്തിന്റെ ഭാഗമാണെന്ന് സുവ്യക്തമായ കാര്യമാണല്ലോ? ഇത് സംബന്ധിച്ച ഉമർ (റ) ന്റെ ചരിത്രം സുവിദിതമാണു താനും. ഒരിക്കൽ ഉമർ (റ) തിരുദൂതർ (സ) യോടുള്ള തന്റെ അദമ്യമായ സ്നേഹം പ്രകടിപ്പിക്കാൻ ഇങ്ങനെ പറഞ്ഞു: "അല്ലാഹുവിന്റെ ദൂതരേ... എന്റെ ശരീരത്തെ മാറ്റി നിർത്തിയാൽ എനിക്കേറ്റവും പ്രിയങ്കരം അങ്ങാൺ." തിരുദൂതർ (സ) യുടെ പ്രതിവചനം ഇവ്വിധമായിരുന്നു:"സ്വശരീരത്തേക്കാളും എന്നോട് പ്രിയം വെക്കുന്നത് വരെ നിങ്ങളിലാരും പൂർണ്ണ വിശ്വാസിയാവുകയില്ല." തദവസരം ഉമർ (റ) പറഞ്ഞു: "എന്റെ ശരീരത്തെക്കാളും എനിക്ക് പ്രിയം അങ്ങയോടാണു റസൂലേ." "ഇപ്പോൾ നിങ്ങൾ സമ്പൂർണ്ണ വിശ്വാസിയായിരിക്കുന്നു." എന്ന് തിരുദൂതർ (സ) അപ്പോൾ മൊഴിഞ്ഞു. തിരുസ്നേഹത്തിന്റെ പാരമ്യതയിലാണു വിശ്വാസത്തിന്റെ പൂറ്ണ്ണത പോലും നിലകൊള്ളുന്നതെന്ന് മനസ്സിലാക്കാൻ ഉമർ (റ) നു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആ നിമിഷം തന്നെ അനാത്മിക സ്നേഹത്തിന്റെ സങ്കുചിതത്വത്തിൽ നിന്ന് ഉമർ (റ) തന്റെ ഹൃദയത്തെ വിചാരപൂർവ്വക സ്നേഹത്തിന്റെ വിശാലതയിലേക്കുയർത്തി. അപ്പോൾ മാത്രമേ ഉമർ (റ) ന്റെ വിശ്വാസം പോലും സമ്പൂറ്ണ്ണമായുള്ളൂ. ഇവിടെ എന്താണു അനാത്മിക സ്നേഹം (സ്വാഭാവികമായ ഇഷ്ടം) എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരു കുട്ടിക്ക് തന്റെ രക്ഷിതാവിനോടോ അല്ലെങ്കിൽ നല്ല ഒരു ശിഷ്യനു തന്റെ ഗുരുവിനോടോ തോന്നുന്ന സ്നേഹമാണു അനാത്മിക സ്നേഹം. തിരുദൂതർ (സ) മൊഴിഞ്ഞ പോലെ "ഗുണം ചെയ്യുന്നവരെ സ്നേഹിക്കാൻ ഹൃദയങ്ങളിൽ താല്പര്യം ജനിപ്പിക്കപ്പെടുന്നു" എന്ന പ്രാപഞ്ചിക യാഥാർത്ഥ്യമാണു അനാത്മിക സ്നേഹത്തിന്നാധാരം. മറ്റൊരു തരത്തിൽ പറയുകയാണെങ്കിൽ അനാത്മിക സ്നേഹത്തിന്റെ കാര്യത്തിൽ ഹൃദയങ്ങൾക്ക് തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പോലുമില്ല. നാമറിയാതെത്തന്നെ ഗുണം ചെയ്യുന്നവരിലേക്ക് നമ്മുടെ സ്നേഹം ഒഴുകിക്കൊണ്ടേയിരിക്കും. എന്നാൽ വിചാരപൂർവ്വകമായ (തന്നിഷ്ടപ്രകാരമുള്ള) സ്നേഹത്തിന്റെ തലം ഏറെ ഉയർന്നതാൺ. പ്രണയഭാജനത്തെ കുറിച്ചുള്ള നീണ്ട മനനങ്ങൾക്ക് ശേഷം ഭാജനത്തിന്റെ വൈശിഷ്ട്യത്തെ സംബന്ധിച്ച് സമ്പൂറ്ണ്ണ ബോദ്ധ്യം ജനിച്ചതിനും ഒപ്പം സ്നേഹഭാജനത്തീടുള്ള അറ്റമില്ലാത്ത കടപ്പാടിനെക്കുറിച്ച് ബോധവാനായിത്തീർന്നതിനും ശേഷം മാത്രമേ വിചാരപൂർവ്വക സ്നേഹം ഒരാളിൽ ഉണ്ടാവുകയുള്ളൂ. അല്ലാഹുവിനോടും അവന്റെ തിരുദൂതരോടുമുള്ള (സ) സ്നേഹം ഇതിനുദാഹരണമാൺ. ആത്മപരിശോധനയിലൂടെയുള്ള തിരഞ്ഞെടുപ്പാൺ യഥാർത്ഥത്തിൽ വിചാര പൂർവ്വകസ്നേഹം. തിരുദൂതർ (സ) യുടെ അനുഗ്രഹമില്ലായിരുന്നെങ്കിൽ താനേറെ സ്നേഹിക്കുന്ന തന്റെ ശരീരം പോലും ഒന്നുമല്ലാതായി തീരുമായിരുന്നു എന്ന തിരിച്ചറിവാൺ ഉമർ (റ) ന്റെ മനസ്സിൽ വിചാരപൂർവ്വകസ്നേഹം സൃഷ്ടിച്ചത്.
തിരുദൂതർ (സ) യുടെ ജന്മദിനാഘോഷം വിചാരപൂർവകസ്നേഹത്തിന്റെ ഭാഗമാൺ. കാരണം നബിദിനാഘോഷം ഇസ്ലാമിന്റെ പരിധിക്കുള്ളിൽ വരുന്നതും തിരുദൂതർ (സ) യെ ആദരിക്കാനും സ്മരിക്കാനുമുള്ള മാധ്യമവുമാൺ. അവിടുത്തേക്കായി സ്വലാത്ത് ചൊല്ലുന്നതിലൂടെ അല്ലാഹു പോലും തിരുദൂതർ (സ) യെ സ്മരിച്ചു കൊണ്ടിരിക്കുന്നു താനും. തിരുസ്മരണക്ക് സഹായകരമായിത്തീരുന്ന യാതൊന്നും ബിദ്'അത്തല്ല എന്ന് മാത്രമല്ല, അതൊക്കെ വലിയ നന്മയും കൂടിയാൺ. "ഒരു സുന്നത്തിനെ ഇല്ലാതാക്കുന്നതെന്തോ അതാൺ ബിദ്'അത്ത്" എന്ന് ഇബ്നു ലുബ്ബ് (റ) നെ പോലുള്ള പണ്ഢിതമഹത്തുക്കൾ പ്രസ്ഥാവിച്ചിട്ടുണ്ട്. തിരുദൂതർ (സ) ഭൂജാതരായ വിശുദ്ധദിനത്തിൽ അവിടുത്തെ സ്മരിക്കാൻ വിശ്വാസികളെ പ്രേരിപ്പിക്കൽ ഒരു തരത്തിലും തിരുസുന്നത്തിനു വിനാശകരമല്ല. കൂട്ടത്തിൽ തിരുദൂതർ (സ) മദീനയിൽ പ്രവേശിച്ച സുദിനം എന്നതിനാലും റബീഉൽ അവ്വൽ 12 സന്തോഷദായകമായ ദിനമാൺ. അവിടുന്ന് ഈ ലോകത്തോട് വിട ചൊല്ലിയതും ഒരു റബീഉൽ അവ്വൽ 12 നാൺ. ഇതൊന്നും തന്നെ യാദൃശ്ചികതയല്ല; മറിച്ച് അല്ലാഹുവിന്റെ നിശ്ചയങ്ങളാൺ. ആയതിനാൽ ആശിഖീങ്ങളെയും മുഹിബ്ബീങ്ങളെയും വെറുതെ വിടുക. അവർ തിരുസ്നേഹത്തിന്റെ മാധുര്യം നുകർന്നു കൊള്ളട്ടെ. തിരുസുദിനം ഒരു രാജ്യമൊഴികെ ബാക്കി മുഴുവൻ മുസ്ലിം രാജ്യങ്ങളിലും പൊതു അവധി ദിനമാൺ എന്നതും ശ്രദ്ധേയമാൺ (ഈ വർഷം മുതൽ ആ രാജ്യത്തും അവധി തന്നെ). ഈ നബിദിനം തിരുദൂതർ (സ) യുടെ ചരിത്രപാരായണത്തിനും അവിടുന്ന് നമുക്കെത്തിച്ച അനുഗ്രഹങ്ങളെ കുറിച്ചോർക്കാനും നിങ്ങളിൽ പ്രേരണയുളവാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
മൊഴിമാറ്റം: കടപ്പാട്
Post a Comment