ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന് വിശ്വസിച്ചു അണിചേരാൻ പറ്റിയ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനമില്ല - സാദിഖ് ഫൈസി താനൂർ

അതിജീവനമാണ്_പ്രധാനം

ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന് വിശ്വസിച്ചു അണിചേരാൻ പറ്റിയ ഏതെങ്കിലും മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനമുണ്ടോ? ഇല്ലെന്ന് കഴിഞ്ഞ രണ്ടു ദിവസം കൊണ്ടെങ്കിലും കേരള മുസ്‌ലിംകൾക്ക് മനസ്സിലായിക്കാണും. ഇമ്മിണിബല്യ മതനിരപേക്ഷത പറയുന്നവർ പോലും ഇരകളെ സ്വാന്തനിപ്പിക്കുന്നതിനു പകരം വേട്ടക്കാരനെ സന്ദർശിച്ചു തലോടി വരുന്നതാണ് കണ്ടത്. വർഗീയ പാർട്ടിയെന്ന് ആരോപിക്കപ്പെടുന്ന BJP യുടെ നേതാവ് സി.കെ പത്മനാഭൻ്റെ തിരിച്ചറിവു പോലും 916 പ്യൂരിട്ടിയുടെ സെക്യുലറിസം പറയുന്നവരിൽ നാം കണ്ടില്ല.

മുസ് ലിംകൾക്ക് സ്ഥിരം രക്ഷകരില്ലെന്ന യാഥാർത്ഥ്യം ഇനിയെങ്കിലും സമുദായം തിരിച്ചറിയണം. നിലനിൽപ്പും അതിജീവനവുമാണ് പ്രധാനം. അതിനു സഹായകമായ വഴികളെല്ലാം സമുദായത്തിന് സ്വീകാര്യമാവണം. ഇവിടെ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും വേണ്ടത് വോട്ടാണ്. അതു കഴിഞ്ഞിട്ടേ എല്ലാവർക്കും നീതിയും നിഷ്പക്ഷതയും മതേതരത്വവുമുള്ളൂ. ഇത് സമുദായം എപ്പോൾ കാര്യ ഗൗരവത്തോടെ തിരിച്ചറിയുന്നുവോ, അപ്പോൾ ഈ വിലാപങ്ങൾക്ക് അറുതിവരും.

ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാർടിയെ ചൂണ്ടിക്കാട്ടി അവർ മുസ്‌ലിംകളുടെ ശത്രുക്കളാണെന്ന് സ്ഥാപിക്കൽ വോട്ടു ലക്ഷ്യമിടുന്ന മറ്റുള്ള രാഷ്ട്രീയ കക്ഷികളുടെ തന്ത്രമാണോ എന്ന് നാം പരിശോധിക്കണം. മുസ്ലിംകൾ അകന്നു നിന്നതു കൊണ്ട് മുസ് ലിംകളുടെ ശത്രുക്കളായവരെയും നാം കാണണം. മുൻധാരണകൾ മാറ്റി വച്ചു ഞങ്ങളോട് മാന്യമായ സമീപനം സ്വീകരിക്കുന്ന ഇന്ത്യയിലെ സർവ രാഷ്ട്രീയ  കക്ഷികളോടും ഞങ്ങളും മാന്യമായ സമീപനം സ്വീകരിക്കുമെന്ന നിലപാട് വേണം. ആരെയും മാറ്റി നിർത്താതെ, എല്ലാവരോടും ഒരേ സമീപനം സ്വീകരിച്ചു തുടങ്ങിയാൽ, നിലവിൽ വർഗീയത വിളമ്പുന്നവർക്കും അതുവഴി അധികാരം പിടിക്കുന്നവർക്കും മുസ്ലിംകളെ അവഗണിക്കാനാവില്ല.

 The war is a stratagem എന്ന പ്രവാചക വചനത്തിൻ്റെ അർത്ഥ തലങ്ങളെ കുറിച്ച് സമുദായം ഇനിയും വിചാരപ്പെടേണ്ടിയിരിക്കുന്നു എന്നു സാരം. അതിവൈകാരികതയല്ല, അതിജീവനമാണ് പ്രധാനം.
Anwar Sadiq faizy Tanur