ഭീകരതയും ഇസ്ലാമോഫോബിയയും
✒️അബു വാഫി, പാലത്തുങ്കര
പ്രണയം നിരസിച്ച പെൺകുട്ടിയുടെ നെഞ്ചിൽ വെടിയുതിർത്ത് കൊലപ്പെടുത്തുക. ഈ സംഭവം നമ്മുടെ മനസ്സിൽ എത്രമാത്രം ഭീതി പരത്തുന്നുണ്ട്?
പ്രണയ ചാപല്യങ്ങളിൽ പലരും അകപ്പെട്ടു പോകാറുണ്ട്. അത് വിജയകരമായി മുന്നോട്ടു പോയേക്കാം, അല്ലെങ്കിൽ പരാജയപ്പെട്ടു തകർന്നു പോയേക്കാം. അത്തരം ഒരു പ്രണയത്തകർച്ചക്ക് പകരം വീട്ടാനായി തിരിച്ചെടുക്കുന്നത്, ഒരു ജീവൻ ഇല്ലാതാക്കിക്കൊണ്ടാണെങ്കിൽ…ഇവിടെ നാം സുരക്ഷിതരാണോ?
സംഘടിതമായി ഒരു സമൂഹത്തിന് നേരെയോ, ഒരു ഭരണകൂടത്തിന് നേരെയോ ഉള്ള അക്രമം അല്ല ഇത്. ഒരു വ്യക്തിയുടെ ദുഷിച്ച ചിന്താഗതി മറ്റൊരു വ്യക്തിക്ക് മേൽ അടിച്ചേൽപ്പിക്കലാണിത്. ഇതല്ലേ തീവ്രവാദം?
ഇത് നിങ്ങളെ ഭീതിപ്പെടുത്തുന്നുവെങ്കിൽ ഇത് ഭീകരതയല്ലേ? ഒരു പ്രണയത്തെ വിസമ്മതിച്ച പാവം പെൺകുട്ടിയുടെ സ്വതന്ത്രമായ സഞ്ചാര വഴിയിലും പ്രവർത്തനങ്ങളിലേക്കും ഉള്ള കടന്നുകയറ്റം അല്ലേ ഇത്? ഇത്തരം സംഭവങ്ങൾ പ്രത്യേകിച്ചും രക്ഷിതാക്കളെയാണ് ഭയപ്പെടുത്തുന്നത്.
മാസങ്ങൾക്ക് മുമ്പേ നാമെല്ലാവരും വായിച്ചറിഞ്ഞ വേദനിപ്പിക്കുന്ന ഒരു വാർത്തയായിരുന്നു ഇത്. ഈ വാർത്തയിൽ എവിടെയും ഞങ്ങൾ ഭീകരത എന്ന ഒരു വാക്ക് കണ്ടിട്ടില്ല. അതങ്ങനെയാണ്. മാധ്യമങ്ങൾ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന രീതിയിലും അതിനുപയോഗിക്കുന്ന പ്രയോഗങ്ങളിലും ശ്രദ്ധിച്ചാൽ അതിനോടുള്ള സമീപനം എങ്ങനെയാണെന്ന് മനസ്സിലാക്കാൻ സാധിക്കും.
പൊതുജനങ്ങളുടെ സ്വതന്ത്രമായ സഞ്ചാരത്തിന് ഭീഷണിയാകുന്ന ഇത്തരം ഭീതിപ്പെടുത്തുന്ന ധാരാളം സംഭവങ്ങൾ നമ്മുടെ നാടുകളിൽ വർദ്ധിച്ചു വരുന്നുണ്ട്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ കുറ്റകൃത്യങ്ങൾ ചില പ്രത്യേക സ്ഥലത്തുനിന്ന് പ്രസിദ്ധീകരിക്കപ്പെടുമ്പോൾ മാത്രം അതിനോട് ഭീകരത, തീവ്രവാദം എന്ന ചില പദങ്ങൾ ചേർന്നു വരുന്നത്, വിശ്വാസപരമായും ഭൂമിശാസ്ത്രപരമായും സ്പർദ്ധകൾ വളർത്തുന്ന സങ്കുചിതത്വത്തിന്റെയും ഇസ്‌ലാമോഫോബിയയുടെയും അടയാളമാണ്.
അഫ്ഗാനിസ്ഥാനിൽ ഒരു വ്യക്തി വെടിയേറ്റു മരിച്ചാൽ “നീചമായ ആ പ്രവർത്തി”യെ പറ്റി വാർത്തകൾ വരുന്നതിനിടയിലൂടെ, തീവ്രവാദം, ഭീകരവാദം തുടങ്ങിയ പദങ്ങൾ എത്രയോ തവണ ആവർത്തിച്ച് ഉണ്ടാകും. എന്നാൽ അതിനേക്കാൾ ക്രൂരമായ രീതിയിൽ നമ്മുടെ നാടുകളിൽ കാണപ്പെടുന്ന അക്രമ വാർത്തകളിലെ റിപ്പോർട്ടുകളോടൊപ്പം എന്തുകൊണ്ട് ഭീകരതയും തീവ്രവാദവും ചേർക്കപ്പെട്ടു കൂടാ? പ്രദേശങ്ങളെയും വിശ്വാസങ്ങളെയും ആധാരമാക്കിയാണോ ഈ വിഭജനം?
കുടുംബത്തിൽ നടന്ന ഒരു പ്രശ്നം സങ്കീർണമായ ഒരു കലഹത്തിലേക്ക് നയിക്കുകയും, തൽഫലമായി അവിടെ അക്രമ സംഭവങ്ങൾ അരങ്ങേറുകയും, കയ്യൂക്കുള്ളവൻ ആയുധം കൊണ്ടോ അല്ലാതെയോ അപരനെ കൊല്ലുകയോ, അംഗ വിച്ഛേദനം നടത്തുകയോ, പരിക്കേൽപ്പിക്കുകയോ ചെയ്താൽ…അവിടെ നടന്നത് ഭീകരാന്തരീക്ഷം അല്ലേ… തൻറെ ഇഷ്ടങ്ങൾക്ക് വിലങ്ങു തടിയാകുന്നവരെ സ്വന്തം നിയമ പ്രകാരം വക വരുത്തുകയല്ലേ കുറ്റവാളി ഇവിടെ ചെയ്തത്?
സ്വന്തം കുടുംബാംഗങ്ങളായ ഭാര്യയോടും മക്കളോടും അച്ഛനോടും അമ്മയോടും യോജിപ്പിൽ എത്താൻ കഴിയാത്ത ഈ നിലപാട് തന്നെയല്ലേ തീവ്രവാദം എന്ന് പറയുന്നത്? വ്യക്തികൾ മാത്രം ഉൾപ്പെടുന്നു എന്ന കാരണത്താൽ ഇത് ഭീകര പ്രക്രിയയും തീവ്രവാദ പ്രക്രിയയും അല്ലാതാകുമോ?
ഒരു വഴിയരികിലൂടെ നടന്നു പോകുന്ന നമ്മെ ഒരാൾ കീഴ്പ്പെടുത്തി തടഞ്ഞു വെച്ച്, തൻറെ കയ്യിലുള്ള ഒരു മൊട്ടുസൂചി കൊണ്ട് നമ്മുടെ ശരീരത്തിൽ കുത്തിയാൽ ഉള്ള നോവ് എന്തായിരിക്കും? അയാളുടെ ബലിഷ്ഠമായ കരങ്ങളിൽ നിന്ന് രക്ഷപ്പെടാനാവാതെ വീണ്ടും വീണ്ടും കുത്തേറ്റ് കൊണ്ടിരിക്കുകയാണ് എങ്കിൽ…ആലോചിച്ച് നോക്കൂ….ഒരു മൊട്ടുസൂചി കൊണ്ടാണ് അയാൾ കുത്തിനോവിച്ചു കൊണ്ടിരിക്കുന്നത്. അതേ വലിപ്പത്തിലുള്ള സൂചി തന്നെയാണല്ലോ വസ്ത്രം തുന്നുന്നതിനും ഞങ്ങൾ ഉപയോഗിക്കുന്നത്. അതേ സൂചികൊണ്ട് ഒരു ജീവനുള്ള പച്ചയായ സ്ത്രീയെ പിടിച്ചു കെട്ടി അവളുടെ രഹസ്യഭാഗങ്ങൾ തുന്നിക്കെട്ടി എന്നതിനെ കുറിച്ച് ആലോചിച്ചു നോക്കൂ?…എന്തുമാത്രം ക്രൂരവും ഭീകരവും ആണ് ആ രംഗം? അവിഹിത ബന്ധം ആരോപിച്ച് ഒരാൾ തൻറെ ഭാര്യക്ക് വിധിക്കുന്ന ശിക്ഷയാണിത്, എന്ന രീതിയിൽ നിങ്ങൾക്ക് ഇതിനെ ലഘൂകരിച്ച് കാണാൻ കഴിയുമോ? എന്നാൽ രണ്ടാഴ്ചയ്ക്ക് മുമ്പ് ഭോപാലിലും, നാല് മാസങ്ങൾക്ക് മുമ്പ് ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിലും ഇത്തരം സംഭവങ്ങൾ അരങ്ങേറുകയുണ്ടായി. 45 ഉം 22 ഉം വയസ്സുള്ള യുവതികൾക്കാണ് ഇത്തരം ഭീകരത നേരിടേണ്ടി വന്നത്. ഇതിന്റെ വാർത്താ ശീർഷകം ഇങ്ങനെയാണ്.
“അവിഹിത ബന്ധമുണ്ടെന്ന സംശയം മൂലം ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിക്കെട്ടി”. ഈ ശീർഷകത്തിൽ ഈ കൊടും ക്രൂരതയെ ലാഘവത്തോടെയല്ലേ സമീപിക്കുന്നത്. സ്വകാര്യഭാഗങ്ങൾ എന്ന മാന്യമായ പ്രയോഗത്തെ ഒരു ഔദാര്യമായി കണക്കാക്കാം.
അവിഹിത ബന്ധത്തിലൂടെ ജനിച്ച കുഞ്ഞിനെ പാറമടയിലെറിഞ്ഞും, കാമുകനോടൊപ്പം ജീവിക്കാനായി സ്വന്തം കുഞ്ഞിനെ കടൽഭിത്തിക്കുള്ളിലെറിഞ്ഞും കൊലപ്പെടുത്തുന്നതിലും, ആളൊഴിഞ്ഞ പറമ്പിലെ കരിയിലകൾ കൂട്ടിക്കത്തിച്ച് നവജാത ശിശുവിനെ ഭസ്മമാക്കുന്നതിലും നാം ഭയപ്പെടുകയും അത്ഭുതപ്പെടുകയും ചെയ്തവരല്ലേ…ഇത്തരം സംഭവങ്ങൾ നമ്മുടെ ചിന്തകളേയും ഭയത്തിലേക്കു തന്നെ നയിക്കുന്നു. ആ നവജാത ശിശുക്കളെല്ലാം നേരിട്ടത് അമ്മമാരുടെ സ്നേഹത്തെയല്ല, മറിച്ച് ഭീകരതയെയാണ്.
വൈഗ. മധുരയിലൂടെയും തേനിയിലൂടെയും ഒഴുകുന്ന നദി അല്ല. അതിക്രൂരമായ ഒരു ഭീകരതയുടെ ഇരയുടെ പേരാണ്. വെറും പതിനൊന്ന് വയസ്സ് മാത്രം പ്രായമുള്ള ചുറുചുറുക്കുള്ള ഒരു മകൾ. പഠനത്തിലും പഠനേതര പ്രവർത്തനങ്ങളിലും അവൾ വളരെയേറെ കഴിവ് തെളിയിച്ചു. ഒടുവിൽ മുട്ടാർ പുഴയുടെ ആഴത്തിൽ ആ ഇളം പൈതൽ മുങ്ങിത്താഴുകയുണ്ടായി. സ്വന്തം അച്ഛൻ എന്ന് പറയുന്ന സോനു മോഹൻ എന്ന രാക്ഷസന്റെ ഭീകര കരങ്ങളെ കൊണ്ടു തന്നെ. ഇവിടെ പ്രകടമായ ഭീകരതക്ക് സമാനതയുണ്ടോ? ആ മകളുടെ മൃതശരീരത്തിൽ അധികൃതർ നടത്തിയ രാസപരിശോധനയിൽ മദ്യത്തിന്റെ അംശവും കണ്ടെത്തിയതായി വാർത്തകൾ പറയുന്നു. കുട്ടി ബഹളമുണ്ടാക്കിയാൽ തന്റെ ശ്രമം പാഴാകുമെന്ന തിരിച്ചറിവിൽ നിന്നാണ് മദ്യം നൽകി അർധ ബോധാവസ്ഥയിൽ കുട്ടിയെ കാറിൽ കയറ്റി അവിടെ എത്തിച്ചതെന്ന് പോലിസ് പറയുന്നു. ആ കുട്ടി പിടിച്ച വിരൽ തുമ്പ് ഭീകരന്റേതല്ലേ.
രാജ്യത്ത് ജനങ്ങളുടെ സുരക്ഷിതത്വത്തിനും, നീതി നിയമങ്ങളുടെ സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന സേനയാണല്ലോ പോലീസ്. പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോയ എത്രയോ പ്രതികളെ സ്റ്റേഷനിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇറക്കി കൊണ്ടുപോകുന്ന ധാരാളം സംഭവങ്ങൾ നമ്മുടെ നാട്ടിൽ അരങ്ങേറിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾക്ക് പിന്നിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ തന്നെയാണ് നേതൃത്വം നൽകുന്നത്. പൊതുവിൽ ഒരു ഭരണകൂടത്തിനെതിരെയോ, നിയമപാലകരായ പോലീസ്, പട്ടാളം പോലുള്ളവർക്കെതിരെയോ വികാരങ്ങൾ സൃഷ്ടിച്ച്, അത്തരം ഭരണകൂടങ്ങൾക്കെതിരെ സംഘടിതമായി പ്രവർത്തിക്കുന്ന പ്രവർത്തനങ്ങളെയാണ് ഭീകരതയായി നാം മനസ്സിലാക്കുന്നത്. എങ്കിൽ നമ്മുടെ നാടുകളിൽ നടക്കുന്ന ഇത്തരം പോലീസ് സ്റ്റേഷൻ അക്രമങ്ങളും, പ്രതികളെ സംഘടിതമായി മോചിപ്പിക്കുന്നതും ഒരു ഭീകര തന്നെയല്ലേ?
മാനുഷിക പരിഗണനകളും മനുഷ്യത്വവും അവഗണിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും, വ്യക്തി സ്വാതന്ത്ര്യങ്ങൾക്ക് മുകളിലുള്ള എല്ലാ കടന്നുകയറ്റങ്ങളും തീവ്രവാദവും ഭീകരതയും തന്നെയാണ്. അത് അഫ്ഗാനിൽ നിന്നും താലിബാനിൽ നിന്നും മാത്രമാകുമ്പോൾ പറയുന്ന വാക്കായി ഭീകരത മാറുന്നു. ഇന്ത്യയിൽ നിന്നാകുമ്പോൾ “ആൾക്കൂട്ട ആക്രമണം” എന്നായി മാറും. ഒരു വ്യക്തി നായയെ വാഹനത്തിനു പിന്നിൽ കെട്ടി ക്രൂരമായി വലിച്ചിഴച്ചപ്പോൾ, നാം ഒന്നടങ്കം അതിനെ അപലപിച്ചു. ക്രൂരത മൃഗങ്ങളോട് ആണെങ്കിൽ പോലും അത് നമുക്ക് സഹിക്കാൻ കഴിയുകയില്ല എന്നതാണ് സത്യം. എന്നാൽ പേര് നോക്കി ഇതിലും വർഗീയതയുടെ നിറം കണ്ടെത്താൻ ശ്രമിച്ചവരും ഉണ്ട്. ഈ നായയുടെ സ്ഥാനത്ത് ഒരു മനുഷ്യനെയാണ് കെട്ടിവലിച്ച് കൊന്നത് എങ്കിൽ…അത് ഏത് ഗണത്തിൽ പെടും? രണ്ടാഴ്ചകൾക്ക് മുമ്പ് മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ ബന്ദ ഗ്രാമത്തിൽ അത്തരം ഒരു സംഭവം അരങ്ങേറുകയുണ്ടായി. 45 വയസ്സുള്ള കനയ്യലു ഭീലു എന്ന ആദിവാസി പൗരൻ ദാരുണമായി മരണപ്പെട്ടു. ഗുർജാർ എന്ന വ്യക്തിയും കുടുംബങ്ങളും ചേർന്ന് മർദ്ദിച്ച് കാലിൽ കയർ കെട്ടി വാഹനത്തിനു പിന്നിൽ വലിക്കുകയായിരുന്നു. ഈ ക്രൂര മനസ്സിന് ഒരു പേര് നിർദ്ദേശിക്കാമോ?
കഴിഞ്ഞ രണ്ടാഴ്ചക്കാലം അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ പിൻമാറ്റവും താലിബാന്റെ മുന്നേറ്റവും സംബന്ധിച്ച വാർത്തകളായിരുന്നു നിറയെ. താലിബാൻ സ്ത്രീകൾക്ക് പർദ്ധ നിർബന്ധമാക്കുന്നു എന്ന വാർത്തയിൽ നിറയെ, സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ അവിടെ അടിച്ചമർത്തുന്നു എന്ന രീതി ആയിരുന്നു. അതിനുശേഷം പാകിസ്താനിൽ, അവിടുത്തെ ഗവൺമെൻറ് ഒരു തീരുമാനം ഇറക്കുകയുണ്ടായി. അധ്യാപകരുടെ വസ്ത്രധാരണം സംബന്ധിച്ചായിരുന്നു അത്. അധ്യാപകർക്ക് ജീൻസ്, ടീഷർട്ട്, ടൈറ്റ്സ് എന്നിവ ധരിക്കുന്നതിന് അവിടെ വിലക്കേർപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട ഒരു വാർത്താ ശീർഷകം നമുക്കിങ്ങനെ വായിക്കാം.” താലിബാൻ ലൈനിൽ പാകിസ്ഥാൻ : അധ്യാപകർ ജീൻസും ടീ ഷർട്ടും ധരിക്കരുത്”. പാകിസ്ഥാൻ സർക്കാർ ഇറക്കിയ ഈ വിജ്ഞാപനത്തെ താലിബാനുമായി ചേർത്തിയാണ് തലക്കെട്ട് തന്നെ നൽകിയിരിക്കുന്നത്. അങ്ങനെയെങ്കിൽ വർഷങ്ങൾക്കു മുമ്പേ പെൺകുട്ടികൾ ജീൻസ് ധരിക്കരുതെന്ന് സുപ്രസിദ്ധ ഗായകൻ ശ്രീ യേശുദാസ് പറഞ്ഞതും താലിബാനിസം ആകുമോ? ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിലെ സാവ്റേജി ഖാർഗ് വില്ലേജിൽ, ജീൻസ് ധരിച്ചതിന് മുത്തച്ഛനും ബന്ധുക്കളും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ നേഹ പാസ്വാൻ താലിബാനിസത്തിന്റെ ഇരയല്ലേ?…
മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ ഗ്രാമമായ ബനിയ യിൽ പ്രായപൂർത്തിയാകാത്ത ആറോളം പെൺകുട്ടികളെ നഗ്നരാക്കി വീടുകൾതോറും നടത്തിച്ച് ഭിക്ഷാടനം ചെയ്യുകയുണ്ടായി. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇത് സംഭവിച്ചത്. അഞ്ച് വയസ്സ് പ്രായം വരുന്ന ഈ കുട്ടികളെ ഇങ്ങനെ നടത്തിച്ചത് ആചാരത്തിന്റെ ഭാഗമായാണ്. ആ കുട്ടികളുടെ ചുമലിൽ ഒരു ഉലക്കയും അതിലൊരു തവളയെയും കെട്ടി വെച്ചിട്ടുണ്ടായിരുന്നു. ഇങ്ങനെ ചെയ്താൽ മഴ ലഭിക്കുമെന്നാണ് വിശ്വാസം. ഭിക്ഷാടനത്തിലേക്കുള്ള പ്രേരണയും കുട്ടികളുടെ നഗ്നതാ പ്രദർശനവും ഒരു ആചാരവുമായി ബന്ധപ്പെടുത്തുമ്പോൾ എത്രത്തോളം നിസാര വൽക്കരിക്കപ്പെടുകയാണെന്ന് നാം വിലയിരുത്തേണ്ടതില്ലേ. തീവ്രവാദത്തിന്റെയും ഭീകരതയുടെയും വിഷയത്തിൽ ഇതിനെന്താണ് സ്ഥാനമെന്ന് ഒരുപക്ഷേ ചിന്തിച്ചേക്കാം. താലിബാൻ പർദ്ദ കൊണ്ട് വരുമ്പോൾ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ ഗ്രാഫ് താഴേക്ക് മൂക്കു കുത്തുന്നതുമായുള്ള താരതമ്യം ആണ് വിഷയം. ഇതേ പർദ്ദ ഉപയോഗിച്ച് അമേരിക്കൻ സൈനികർ പല ഓപറേഷനുകളും വിജയിപ്പിച്ചെടുത്തിട്ടുണ്ടെന്ന് മാധ്യമങ്ങൾ പറയുന്നു. അപ്പോൾ പർദ്ദ ധരിച്ചാൽ വിദേശ സൈനികർക്കും അഫ്ഗാനിൽ സുരക്ഷ തന്നെ.
നമ്മുടെ നാട്ടിലെ സ്ത്രീകൾ എത്രത്തോളം പാശ്ചാത്യ വേഷങ്ങളുമായി പുറത്തേക്കിറങ്ങുന്നുണ്ട്? സ്ലീവ് ലെസ് ബ്രീസ്റ്റ് ടോപ്പും, ജീൻസ് ട്രൗസറും ധരിച്ച് പാശ്ചാത്യൻ നാടുകളിൽ സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കുന്നതിൽ ഒരു ഭയവും വേണ്ടതില്ല. എന്നാൽ അത് നമ്മുടെ നാട്ടിൽ ആണെങ്കിലോ? കമിതാക്കളെ ഒരുമിച്ച്, പാർക്കിലോ ബീച്ചിലോ കണ്ടാൽ പൊതു വിചാരണ ചെയ്യപ്പെടുന്ന നാടാണിത്. അതിനെ “സദാചാര പോലീസ്” എന്ന ഓമനപ്പേരിട്ടു വിളിക്കും. അല്ലെങ്കിൽ സദാചാരഗുണ്ടായിസം. ഗുണ്ടായിസത്തിന് എന്ത് സദാചാരം എന്നൊന്നും ചോദിക്കരുത്. പാശ്ചാത്യൻ വസ്ത്രത്തോടുള്ള അഫ്ഗാൻ വിരോധം ഭീകരതയും, ഇന്ത്യൻ വിരോധം സദാചാരവും.
ഇക്കഴിഞ്ഞ സെപ്തംബർ 5ന് നാമെല്ലാവരും അധ്യാപകദിനമായി ആചരിക്കുകയുണ്ടായി. വിദ്യാർഥികളെല്ലാം തങ്ങളുടെ അധ്യാപകർക്ക് ആശംസ കാർഡുകൾ അയച്ചു കൊടുത്തു കൊണ്ട് അതിൽ പങ്കാളികളാവുകയുണ്ടായി. 1999ൽ ഒരു അധ്യാപകനെ ഇതേ വിദ്യാർത്ഥികളുടെ മുമ്പിലിട്ട് പള്ളിക്കൂടത്തിൽ വെച്ച് കൊലപ്പെടുത്തിയ നാടാണ് നമ്മുടേത്. കൂടാതെ ധാരാളം വെട്ടിയും കുത്തിയും കുടൽമാലകൾ പറിച്ചെടുത്തും കൈകാലുകൾ അറുത്തെടുത്തും ഒരുപാട് ജീവച്ഛവങ്ങളും മൃതദേഹങ്ങളും സമ്മാനിച്ച നാടാണ്. അഫ്ഗാനിസ്ഥാനിലെ വെടി മുഴക്കങ്ങളും ബോംബേറുകളും ഇസ്ലാമോഫോബിയ ബാധിച്ച മീഡിയകളെ വല്ലാതെ അലോസരപ്പെടുത്തുന്നുവെങ്കിൽ, മാനസയുടെ നെഞ്ചിലേക്ക് ചീറ്റിയ വെടി ശബ്ദവും, നാട്ടിൻ പുറങ്ങളിലെ വീട്ടുമുറ്റത്തും ആളൊഴിഞ്ഞ പറമ്പിലും മറ്റുമായി പൊട്ടിത്തെറിച്ച ബോംബൊച്ചകൾ തന്നെയാണ് ഇപ്പോഴും നമ്മെ ഭീതിപ്പെടുത്തുന്നത്. വലതുകാൽ ചിന്നിച്ചിതറിയ അശ്നയും, ചോരയിൽ മുങ്ങിക്കുളിച്ച ആനന്ദും, ഇടതുകൈയും വലത് കണ്ണും നഷ്ടമായ അമാവാസി എന്ന നാടോടി ബാലനും തന്നെയാണ് ഭീകരതയുടെ ഇരകൾ. കാരണം ഇവിടെയെല്ലാം പൊട്ടിത്തെറിച്ചത് ബോംബല്ല, ഭീകരതയാണ്.
നിരപരാധികളായ ജനങ്ങൾക്ക് നേരെ യോ വ്യക്തിക്ക് നേരെയോ ഒളിഞ്ഞും തെളിഞ്ഞും ഏതുരീതിയിൽ അക്രമം നടത്തിയാലും അത് ഭീകരത തന്നെ. 1988 ലെ അമേരിക്കൻ കരസേനയുടെ പഠനപ്രകാരം ടെററിസം എന്ന പദത്തിന് നൂറിലേറെ വിശകലനം കണ്ടെത്തുകയുണ്ടായി. ഭീകരവാദം എന്ന ആശയം തന്നെ ഏറെ വിവാദ പരമായി തുടരുന്നു. ഭരണാധികാരികൾ സ്വന്തം ഭരണത്തിൻറെ കുത്തക നില നിർത്തുവാനായി, ഭരണകൂട ഭീകരതയെ മറച്ചുവെക്കാൻ ഈ പദം ഏറെ ദുരുപയോഗം ചെയ്യുന്നു. ഭരണകർത്താക്കൾ, രാഷ്ട്രീയ പാർട്ടികൾ, വിപ്ലവകാരികൾ തുടങ്ങിയവരെല്ലാം തങ്ങളുടെ ആശയ പ്രചരണത്തിനായി ഭീകരവാദത്തെ ഉപയോഗിച്ചതായി നമുക്ക് കാണാം. ചത്തീസ്ഗഢിൽ ധീര ജവാന്മാർ ദേശദ്രോഹികളുടെ അക്രമത്തിൽ വീരമൃത്യു വരിക്കുമ്പോൾ മാവോയിസ്റ്റ് ആക്രമണവും, കശ്മീരിൽ ആകുമ്പോൾ ഭീകരാക്രമണവും ആണ് നടക്കുന്നത്. മാവോയിസ്റ്റുകളെ എന്നാണ് ഭീകരപ്പട്ടികയിൽ ഉൾപെടുത്തുക. മാധ്യമങ്ങളും ഭീകരവൽക്കരിക്കപ്പെട്ടുവോ? വിലയിരുത്തുക.
ദൗർഭാഗ്യകരമാകുന്ന ചില പ്രകൃതിയുടെ പ്രതിഭാസങ്ങളിൽ നൂറുകണക്കിനും ആയിരക്കണക്കിനും ആളുകൾ കൊല്ലപ്പെടാറുണ്ട്. പ്രളയമായോ, കൊടുങ്കാറ്റായോ, ഭൂമി കുലുങ്ങലായോ ഇങ്ങനെ സംഭവിക്കുമ്പോൾ, പൊതുവായി നാം പറയാറുള്ള ഒരു പദമാണ് "പ്രകൃതിയുടെ ഭീകര താണ്ഡവ"മെന്ന്. അഥവാ പ്രകൃതിക്കും നാം ഭീകരത ചാർത്തുന്നുണ്ട്, എന്നിരിക്കെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മളെല്ലാവരും ഭീകരതയുടെ ഇരകൾ ആണെന്ന് മനസ്സിലാക്കാം. അതിന് രാജ്യാതിർത്തികളുടെ ദൂരമോ, വിശ്വാസത്തിന്റെ വിലാസമോ ഇല്ലതന്നെ.
Post a Comment