വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നടത്തിയ ഉജ്ജ്വല പ്രഭാഷണം
ഏറനാട്ടുകാരേ, നമ്മൾ വളരെ പ്രയാസപ്പെട്ടവരും മറ്റുള്ളവരുടെ ചൊൽപ്പടിക്ക് നിൽക്കേണ്ടവരുമായി മാറിയിരിക്കുന്നു. ബ്രിട്ടീഷുകാരാണ് അതിനു കാരണം. അതുകൊണ്ട് അവരെ നാം ഒടുക്കണം. ഇന്ന് നമുക്ക് ആയുധമെടുത്ത് യുദ്ധം ചെയ്യേണ്ട അവസ്ഥ സംജാതമായിരിക്കുന്നു.
(തന്റെ കൈ, കുന്തത്തിൽ നാട്ടിയ "മുസൽമാനായ" ചേക്കുട്ടി പോലീസിന്റെ ശിരസ്സിലേക്ക് ചൂണ്ടുന്നു) ബ്രിട്ടന്റെ ഏറനാട്ടിലെ പോലീസ്, ആനക്കയത്തുകാരൻ ചേക്കുട്ടി ആണിത്. ബ്രിട്ടീഷുകാരോട് കളിക്കണ്ട, ജന്മിമാരോട് കളിക്കണ്ട എന്ന് പറഞ്ഞ് ഇവൻ നമ്മെ നിരന്തരം ഭീഷണിപ്പെടുത്തി. നമുക്കെതിരെ പ്രവർത്തിക്കുമെന്ന് ശപഥം ചെയ്തു. അതിന്റെ ശിക്ഷയാണിത്. നിങ്ങൾ എന്തുപറയുന്നു? ഞാൻ ചെയ്തത് തെറ്റാണെങ്കിൽ ഇവിടെയിട്ട് നിങ്ങളെന്നെ കൊല്ലണം. (താങ്കൾ ചെയ്തത് ശരിയാണെന്ന് ആളുകൾ ആർത്തുവിളിക്കുന്നു.)
ഞാൻ ഇന്നലെ ഒരു വാർത്ത അറിഞ്ഞു. ഇത് ഹിന്ദുക്കളും മുസൽമാന്മാരും തമ്മിലുള്ള യുദ്ധമാണെന്ന് പുറംരാജ്യങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വെള്ളക്കാരും അവരുടെ സിൽബന്ധികളായ ചേക്കുട്ടിമാരും ദൈവത്തിന്റെ മേൽ കളവുപറഞ്ഞ് സൃഷ്ടികളെ നാലാക്കി തിരിച്ച് ചിലരെ അടിമകളാക്കി വക്കുന്ന ജന്മിമാരുമാണ് ഈ പ്രചാരണത്തിന്റെ പിന്നിൽ. നമുക്ക് ഹിന്ദുക്കളോട് പകയില്ല. പക്ഷേ, ബ്രിട്ടിഷ് ഗവർമെന്റിനെ സഹായിക്കുന്നവരെയും സ്വന്തം ദേശത്തെ ഒറ്റുകൊടുക്കുന്നവരെയും ആരാണെങ്കിലും നാം നിർദ്ദയം ശിക്ഷിക്കും.
ഹിന്ദുക്കൾ നമ്മുടെ നാട്ടുകാരാണ്. വല്ലവരും അനാവശ്യമായി അവരെ ദ്രോഹിക്കുകയോ അവരുടെ സ്വത്ത് കവരുകയോ ചെയ്താൽ അവരെ നാം ശിക്ഷിക്കും. ഇതിനെ ഒരു മുസൽമാൻ രാജ്യമാക്കാൻ എനിക്ക് ഉദ്ദേശ്യമില്ല. എനിക്കൊന്ന് പറയാനുണ്ട്: ഹിന്ദുക്കളെ നിങ്ങൾ ഭയപ്പെടുത്തരുത്. അനുവാദമില്ലാതെ അവരെ ദീനിൽ ചേർക്കരുത്. അവരുടെ സ്വത്ത് നശിപ്പിക്കരുത്. അവരും നമ്മെപ്പോലെ കഷ്ടപ്പെടുന്നവരാണ്. അവരെ നാം ദ്രോഹിച്ചാൽ അവർ ബ്രിട്ടീഷ് ഗവർമെന്റിന്റെ ഭാഗമാകും. അത് നമ്മുടെ പരാജയത്തിന് കാരണമാകുന്നതാണ്.
ആരും പട്ടിണി കിടക്കരുത്. അതു കൊണ്ട് പരസ്പരം സഹായിക്കുക. ഉള്ളവർ ഇല്ലാത്തവർക്ക് കൊടുക്കുക. കൊടുത്തില്ലെങ്കിൽ അവർ ശിക്ഷിക്കപ്പെടും. നാട്ടിൽ കൃഷി നടക്കണം. അതിനാൽ കുടിയാന്മാരെ പ്രയാസപ്പെടുത്തരുത്.
വേണ്ടി വന്നാൽ ഈ രാജ്യത്തിനു വേണ്ടി മരിക്കാൻ നാം ഒരുക്കമാണ്, ഇൻഷാ അല്ലാഹ്..! (ഉദ്ധരണം: സർദാർ ചന്ദ്രോത്ത്, ദേശാഭിമാനി 1946 ആഗ. 25).
(മുസൽമാനായ ബ്രിട്ടീഷ് പോലീസ് ചേക്കുട്ടിയെ കൊന്ന് തലയറുത്ത് അത് കുന്തത്തിൽ ഉയർത്തിപ്പിടിച്ച് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മഞ്ചേരി അങ്ങാടിയിൽ നടത്തിയ പ്രസംഗത്തിന്റെ സംഗ്രഹ രൂപം. ഏറനാട് കേന്ദ്രീകരിച്ച് താൻ സ്ഥാപിച്ച മലയാള രാജ്യത്തിന്റെ പൊതുനിയമായി ഇത് വായിക്കപ്പെടുന്നു.)
Post a Comment