താലിബാൻ തീവ്രവാദം : ഭീകര ഗ്രൂപ്പുകൾ ഊർജ്ജം സ്വീകരിക്കുന്നത് വഹാബിസത്തിൽ നിന്ന് - അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്

താലിബാന്‍ തീവ്രവാദം: ഇസ്‌ലാമില്‍ ചേര്‍ക്കേണ്ടതില്ല

✒️അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് 

പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ദാനിഷ് സിദ്ദീഖിയെ താലിബാന്‍ പിടികൂടി വധിച്ചതായി ഔദ്യോഗികമായി സ്ഥിരീകരണം വന്നു. താലിബാനും അഫ്ഗാന്‍ സൈന്യവും ഏറ്റുമുട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ മരണപ്പെട്ടുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. മാധ്യമപ്രവര്‍ത്തകരെ പ്രതിയോഗികള്‍ പോലും വധിക്കാറില്ല. താലിബാന്‍, അല്‍ഖാഇദ, ബൊക്കെഹറാം, ഐ.എസ്, ലഷ്‌കറെ തൈ്വയ്ബ തുടങ്ങിയ തീവ്രവാദി ഗ്രൂപ്പുകള്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ഉണ്ടാക്കിത്തീര്‍ക്കുന്ന പരുക്ക് ചില്ലറയല്ല. 'ജിഹാദ്' എന്ന വിശുദ്ധ പദം പോലും ഇവര്‍ മൂലം ഇന്ന് ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ഇസ്‌ലാമിനോട് വൈരമുള്ള അമുസ്‌ലിംകള്‍ 'ജിഹാദി'കള്‍ എന്നാണ് കേരളത്തില്‍ പോലും മുസ്‌ലിംകളെ വിശേഷിപ്പിക്കുന്നത്.
ഈ ഭീകരവാദികളെ സൃഷ്ടിച്ചത് ഇസ്‌ലാമിക വിരുദ്ധ ശക്തികളാണെന്ന് ഇതിനകം പുറത്തുവന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്നു. ഇവിടെ രണ്ട് കാര്യങ്ങള്‍ നാം പരിഗണിക്കേണ്ടിയിരിക്കുന്നു. മുസ്‌ലിംകളെ ഇത്തരം ഭീകര ഗ്രൂപ്പുകളില്‍ എങ്ങനെ കണ്ണിചേര്‍ക്കാന്‍ സാധിക്കുന്നു എന്നതാണ് ഒരു കാര്യം. ഇസ്‌ലാമിന്റെ മൂല പ്രമാണങ്ങളാണ് ഖുര്‍ആനും സുന്നത്തും. സച്ചരിതരായ മുന്‍ഗാമികള്‍ ക്രോഡീകരിച്ച പ്രമാണങ്ങളുടെ യഥാര്‍ഥ വ്യാഖ്യാനം ലോക മുസ്‌ലിം സമൂഹം സ്വീകരിച്ചുവരുന്നു. ഭൂരിപക്ഷം വരുന്ന സുന്നികളാണ് ഇപ്രകാരം ചെയ്യുന്നത്. എന്നാല്‍ വഹാബി, ഇഖ്‌വാനി ഗ്രൂപ്പുകള്‍ ഖുര്‍ആനും സുന്നത്തും സ്വതന്ത്രമായി വ്യഖ്യാനിക്കുകയും മറ്റുള്ളവര്‍ക്ക് വ്യാഖ്യാനിക്കാന്‍ അനുമതി നല്‍കുകയും ചെയ്യുന്നു. ഈ പഴുതിലൂടെയാണ് ഇസ്‌ലാമിന്റെ മുഖം വകൃതമാക്കുന്ന ഭീകരര്‍ നുഴഞ്ഞുകയറുന്നത്.
മലയാളിയായ റാശിദ് അബ്ദുല്ലയെ പോലുള്ള മുസ്‌ലിംവിരുദ്ധരുടെ കൈയിലെ കളിപ്പാവകള്‍ പ്രമാണങ്ങള്‍ വളച്ചൊടിച്ചാണ് ഇസ്‌ലാമിന് ഭീകരമുഖം നല്‍കുന്നത്. ഗൂഗിളിന്റെ സഹായത്തോടെ ഇവര്‍ കണ്ടെത്തുന്ന മതവിധികള്‍ ഇവര്‍തന്നെ വിളംബരം ചെയ്യുന്നു. കേരളത്തില്‍ നിന്ന് ഈയിടെ സിറിയയിലേക്കും അഫ്ഗാനിലേക്കും വിശുദ്ധ ജിഹാദിനെന്ന് പറഞ്ഞ് പാലായനം ചെയ്തവര്‍ സലഫി പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരായിരുന്നു. ഇസ്‌ലാമിന്റെ മുഖം തെളിമയോടെ അവതരിപ്പിച്ച ഔലിയാക്കളുടെയും സൂഫികളുടെയും മഖാമുകളും ഖാന്‍ഖാഹുകളും തകര്‍ത്തുകൊണ്ടാണ് ഈ ഭീകര ഗ്രൂപ്പുകളെല്ലാം രംഗത്തുവന്നത്. തിരുനബി(സ്വ) ജനിച്ച വീടും വിശുദ്ധാത്മാക്കളുടെ മഖാമുകളും ചരിത്ര സ്മാരകങ്ങളും തകര്‍ത്ത വഹാബിസത്തിന്റെ ക്രൂരതകള്‍ ഇതിനോട് ചേര്‍ത്തുവായിക്കുക. വഹാബിസം പ്രചരിപ്പിച്ചത് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ആവശ്യപ്രകാരമായിരുന്നുവെന്ന് സഊദി കരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ വാഷിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത് ഈയിടെയായിരുന്നു. വഹാബിസം ഒറിജിനല്‍ ഇസ്‌ലാമാണെങ്കില്‍ അത് പ്രചരിപ്പിക്കാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആവശ്യപ്പെടില്ലല്ലോ. ഒരുകാര്യം തീര്‍ച്ച, ഭീകര ഗ്രൂപ്പുകള്‍ ഊര്‍ജം സ്വീകരിച്ചത് പാരമ്പര്യ ഇസ്‌ലാമില്‍ നിന്നല്ല. പ്രത്യുത, വഹാബിസമായിരുന്നു അവരുടെ ആശയസ്രോതസ്.
ഇസ്‌ലാമിലെ ജിഹാദ് ഭീകരതയാണെന്ന ആരോപണത്തില്‍ കഴമ്പുണ്ടോ എന്നതാണ് രണ്ടാമത്തെ വിഷയം. ഇസ്‌ലാം കാരുണ്യമാണ്. മുസ്‌ലിമിനും അമുസ്‌ലിമിനും ഒരുപോലെ ഈ കാരുണ്യം ഇസ്‌ലാമില്‍ നിന്ന് ലഭിക്കും. പ്രവാചകന്‍മാരെ അല്ലാഹു നിയോഗിച്ചത് നീതിയും ധര്‍മവും ജനങ്ങള്‍ക്കിടയില്‍ നടപ്പാക്കാനാണ്. മുസ്‌ലിംകള്‍ക്കിടയില്‍ മാത്രമല്ല. ജനങ്ങള്‍ക്കിടയില്‍ വി.ഖുര്‍ആന്‍ പറയുന്നു: 'വ്യക്തമായ ദൃഷ്ടാന്തങ്ങളും മാര്‍ഗ ദര്‍ശനങ്ങളുമായി നാം നമ്മുടെ ദൂതന്‍മാരെ അയച്ചിരിക്കുന്നു. അവരോടൊപ്പം വേദവും ത്രാസും അവതരിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ നീതി നിര്‍വഹിക്കാന്‍ വേണ്ടി' (അല്‍ഹദീദ്: 25).
നിര്‍ബന്ധിത മതപരിവര്‍ത്തനം ഇസ്‌ലാമിന്റെ അജന്‍ഡയിലില്ലേ ഇല്ല. അത് സാധ്യവുമല്ല. കാരണം മതപരിവര്‍ത്തനം മനസിലാണ് പ്രഥമമായി സ്ഥാനം പിടിക്കേണ്ടത്. മദീനയിലെ സാലിം വംശജരില്‍പെട്ട ഒരാളുടെ രണ്ടു മക്കള്‍ ക്രിസ്ത്യാനികളായിരുന്നു. അവര്‍ ഇസ്‌ലാം ആശ്ലേഷിച്ചിരുന്നില്ല. വിദേശത്തായിരുന്ന രണ്ടുപേരും മദീനയില്‍ വന്നപ്പോള്‍ ഇസ്‌ലാം സ്വീകരിക്കാന്‍ ഇരുവരെയും ഉപദേശിച്ചു. അവര്‍ സ്വീകരിച്ചില്ല. പിതാവ് നിര്‍ബന്ധം ചെലുത്തിയ സാഹചര്യത്തിലാണ് താഴെ പറയുന്ന ഖുര്‍ആന്‍ സൂക്തം അവതരിച്ചത്. 'മതത്തില്‍ ബലപ്രയോഗമില്ല. സത്യമാര്‍ഗം അസത്യത്തില്‍ നിന്നു വ്യതിരിക്തമായിരിക്കുന്നു. ഇനി ആര് പിശാചിനെ നിഷേധിച്ച് അല്ലാഹുവില്‍ വിശ്വസിക്കുന്നുവോ അവന്‍ ബലിഷ്ഠമായ ഒരു പാശത്തില്‍ പിടിച്ചിരിക്കുന്നു. അത് ഒരിക്കലും അറ്റ് പോകുന്നതല്ല. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'(അല്‍ബഖറ: 256).
ആര് അറുകൊല നടത്തിയാലും അതിന്റെ ഉത്തരവാദിത്വം അത് ചെയ്തവന് മാത്രമാണ്. ഇസ്‌ലാമിന് ആ ചോരയില്‍ യാതൊരു പങ്കുമില്ല. അല്ലാഹു ജിഹാദ് നിയമമാക്കിയത് അക്രമിക്കാനല്ല, അക്രമിയുടെ കൈപിടിക്കാനാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. 'കുഴപ്പവും നാശവും ഇല്ലാതെയാകും വരെ അവരോട് നിങ്ങള്‍ യുദ്ധം ചെയ്യുക' (അല്‍അന്‍ഫാല്‍: 39).
 വിശുദ്ധ സമരം അമുസ്‌ലിം ശത്രുക്കള്‍ക്കെതിരേയാണെന്ന ധാരണ ചിലര്‍ക്കുണ്ട്. യുദ്ധവും സമരവുമെല്ലാം ഇസ്‌ലാം നിശ്ചയിച്ചത് അമുസ്‌ലിംകള്‍ക്കെതിരിലല്ല. പ്രത്യുത, അതിക്രമകാരികള്‍ക്കെതിരേയാണ്. അവര്‍ മുസ്‌ലിംകളാകട്ടെ, അമുസ്‌ലിംകളാകട്ടെ. അക്രമികള്‍ക്കെതിരേ പ്രതിരോധവും ആവശ്യമെങ്കില്‍ പോരാട്ടവും നടത്തുകയെന്നത് ലോക നടപടിക്രമമാണ്.
നിഷ്ഠുരമായി ബോംബ് വര്‍ഷിച്ച് മനുഷ്യരെയും മൃഗങ്ങളെയും മൊത്തം ചാരമാക്കി കളയുന്ന ആധുനിക യുദ്ധം നമുക്കറിയാം. എന്നാല്‍ യുദ്ധത്തില്‍ പോലും സ്ത്രീകളെയും കുഞ്ഞുങ്ങളെയും വൃദ്ധന്‍മാരെയും പുരോഹിതന്‍മാരെയും വധിക്കരുതെന്ന് പഠിപ്പിച്ച മതമാണ് ഇസ്‌ലാം. അബൂബക്കര്‍ (റ) സൈനിക നായകന് നല്‍കിയ നിര്‍ദേശം ഇപ്രകാരം: 'കുഞ്ഞുങ്ങള്‍, സ്ത്രീകള്‍, വൃദ്ധന്‍മാര്‍, രോഗികള്‍, പുരോഹിതന്‍മാര്‍ തുടങ്ങിയവരെ വധിക്കരുത്. ഫലം കായ്ക്കുന്ന വൃക്ഷങ്ങള്‍ വെട്ടിമാറ്റരുത്. ജനവാസ കേന്ദ്രങ്ങള്‍ തകര്‍ക്കരുത്. ഒട്ടകങ്ങളെയും പശുക്കളെയും തിന്നാനല്ലാതെ അറുക്കരുത്. ഈന്തപ്പനകള്‍ക്ക് തീയിടരുത്' (സുനനുല്‍ കുബ്‌റാ).

04,08,2021
അമ്പലക്കടവ്