ഉമർ ഖാസി(റ): പണ്ഡിതൻ, കവി, സൂഫി, ആഷിഖ്, സമരനായകൻ..

അല്ലാഹു എല്ലാ മനുഷ്യരെയും ഒരു പോലെയല്ല സൃഷ്ടിച്ചത്. ചിലരെ ചിലരെക്കാള്‍ ശ്രേഷ്ഠരാക്കി. മഹാന്മാരായ പ്രവാചകന്മാരും മുര്‍സലീങ്ങളും ഏറ്റവും ശ്രേഷ്ഠര്‍ തന്നെ. അല്ലാഹുവിന്റെ ഔലിയാക്കളും സച്ചരിതരുമായ മുന്‍ഗാമികളില്‍ കേരളത്തില്‍ ജീവിച്ചു വഫാത്തായ മഹാനാണ് ഉമര്‍ ഖാസി. സുപ്രസിദ്ധ പണ്ഡിതന്‍ കൂടി ആയിരുന്ന ഉമര്‍ ഖാസി മമ്പുറം ഖുതുബുസ്സമാന്‍ സയ്യിദ്‌ അലവി തങ്ങളുടെ സമകാലികനായിരുന്നു. പ്രവാചക പ്രേമത്തിന്റെ ഈരടികള്‍ തിരു നബി സന്നിധിയില്‍ വെച്ച് ഉരുവിട്ടപ്പോള്‍ റൌള ശരീഫ്‌ തുറക്കപ്പെട്ടതടക്കം നിരവധി കറാമത്തുകള്‍ക്കുടമയാണ്.

ക്രിസ്താബ്ദം 1757 ല്‍ വെളിയംകോട്ട് ജനിച്ചു. ഖാസിയാരകത്ത്‌ ആലി മുസ്ലിയാരാണ് പിതാവ്. പ്രധാനമായും അറിവ് നുകര്‍ന്നത് അക്കാലത്തെ വിശ്രുത പണ്ഡിതാനായിരുന്ന മമ്മിക്കുട്ടി ഖാസിയില്‍ നിന്നാണ്.പൊതുജന സേവന രംഗത്തും തനതായ വ്യക്തി മുദ്ര പതിപ്പിച്ച മഹാനാണ് ഉമര്‍ ഖാസി. ഗാന്ധിജിയുടെ നികുതി നിഷേധ പ്രസ്ഥാനത്തിനും മുമ്പ്‌ നികുതി നിഷേധം നടപ്പിലാക്കിയ ധീര ദേശാഭിമാനിയും സ്വാതന്ത്ര്യ സമര നായകനുമാണദ്ദേഹം. ബ്രിട്ടീഷുകാരോട് മമ്പുറം തങ്ങള്‍ക്കുണ്ടായിരുന്ന ഈര്‍ഷ്യത ഉമര്‍ ഖാസിക്കുമുണ്ടായിരുന്നു. ബ്രിട്ടീഷുകാരന്റെ മര്‍ദ്ദനത്തിലും ചൂഷണത്തിലും പൊറുതി മുട്ടിയ ഇന്ത്യന്‍ ജനതയെ മോചിപ്പിക്കേണ്ടത് മുസല്‍മാന്‍റെ ബാധ്യതയാണെന്നായിരുന്നു മഹാനവര്‍കള്‍ വിശ്വസിച്ചത്. അല്ലാഹു അല്ലാത്ത ഒരു ശക്തിക്കും അടിമപ്പെട്ടു ജീവിക്കില്ലെന്നു ഉറക്കെ പ്രഖ്യാപിച്ചു. ബ്രിട്ടിഷുകാരുമായി ഒരു വിട്ടു വീഴ്ചക്കും തയ്യാറായില്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ രംഗത്തിറങ്ങാന്‍ ആവശ്യപ്പെട്ടു നിരവധി ഫത്‌വകളും അദ്ദേഹം എഴുതി. ബ്രിട്ടീഷുകാരെ എതിര്‍ത്തതിന്റെ പേരില്‍ ജയില്‍ വാസം അനുഭവിച്ചിട്ടുമുണ്ട്.

മുസ്‌ലിം നവോദ്ധാന നായകനും മികച്ച സാമൂഹ്യ പരിഷ്കര്‍ത്താവു മായിരുന്ന ഉമര്‍ ഖാസി വിശ്രുതനായ ഒരു കവി കൂടിയായിരുന്നു.നിരവധി പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ രചിച്ചിട്ടുണ്ട്." നഫാഇസുദ്ദുറര്‍, മഖാസിദുന്നികാഹ്, സ്വല്ലല്‍ ഇലാഹ് ബൈത്ത്, അടിക്കണക്ക് ബൈത്ത്" എന്നിവ അവയില്‍ ചിലതാണ്. അസാമാന്യ ധൈഷണിക പ്രഭാവം പ്രകടിപ്പിച്ചു 8 പതിറ്റാണ്ട് ലോകത്തെ വിസ്മയിപ്പിച്ച ആ പണ്ഡിത തേജസ് 1852 ല്‍ അസ്തമിച്ചു. വെളിയംകോട് ജുമുഅത്ത്‌ പള്ളിക്ക് സമീപം മഹാന്‍ അന്ത്യ വിശ്രമം കൊള്ളുന്നു..