അഫ്ഗാന്റെ പുതിയ പ്രസിഡന്റാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന താലിബാൻ നേതാവ് മുല്ലാ ബറാദർ ആരാണ്.?



താലിബാൻ നിയന്ത്രണത്തിലാക്കിയ അഫ്ഗാനിസ്താനിൽ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ തകൃതിയിലാണ്. ഖത്തർ തലസ്ഥാനമായ ദോഹയിലാണ് സർക്കാർ രൂപീകരണ ചർച്ചകൾ നടക്കുന്നത്. ചർച്ച പൂർത്തിയാക്കി താലിബാൻ രാഷ്ട്രീയകാര്യ മേധാവി മുല്ലാ അബ്ദുൽ ഗനി ബറാദർ കാണ്ഡഹാറിലേക്ക് മടങ്ങിയതായാണ് വാര്‍ത്തകള്‍. പുതിയ താലിബാന്‍ ഭരണകൂടത്തിന്‍റെ നയപ്രഖ്യാപനവും ഇതിനകം ബറാദര്‍ നടത്തിക്കഴിഞ്ഞു. അഫ്ഗാന്റെ പുതിയ പ്രസിഡന്റാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന മുല്ലാ ബറാദർ ആരാണെന്ന് അറിയാം.

താലിബാന്റെ ജന്മഭൂമിയായ കാണ്ഡഹാർ തന്നെയാണ് മുല്ലാ അബ്ദുൽ ഗനി ബറാദറിന്റെയും ജന്മനാട്. തന്റെ സമപ്രായക്കാരിൽ മിക്കവരെയും പോലെ 1970കളിലെ സോവിയറ്റ് അധിനിവേശമാണ് ബറാദറിന്റെയും ജീവിതം മാറ്റിമറിക്കുന്നത്. സോവിയറ്റ് സൈന്യം അഫ്ഗാനിൽ നടത്തിയ തേർവാഴ്ചയില്‍ അസംതൃപ്തരായി ആയുധമെടുത്ത അഫ്ഗാൻ യുവത്വത്തിന്റെ നേർ പരിച്ഛേദം.

അഫ്ഗാൻ മുജാഹിദ് കമാൻഡറായിരുന്ന മുല്ലാ ഉമറാണ് 1990കളിൽ താലിബാന് രൂപംനൽകുന്നത്. 1996ൽ ഇസ്‍ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താന് രൂപംനൽകുന്നതും ഉമറാണ്. മുല്ലാ ഉമറിന്റെ വലംകൈയായിരുന്നു മുല്ലാ ബറാദറെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഉമറിനൊപ്പം താലിബാൻ രൂപീകരണത്തിലും മുന്നിൽനിന്നയാള്‍.

2001ൽ യുഎസ് നേതൃത്വത്തിലുള്ള വിദേശസൈന്യം താലിബാനെ അധികാരത്തിൽനിന്നിറക്കി. അതോടെ അധികാരം നഷ്ടമായ താലിബാൻ നേതാക്കൾ ഹാമിദ് കർസായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടത്തെ പുതിയൊരു ഫോർമുലയുമായി സമീപിച്ചു. താലിബാൻ പുതിയ ഭരണകൂടത്തെ അംഗീകരിക്കുമെന്നും പകരം തങ്ങൾക്കെതിരെ സൈനിക നടപടികളൊന്നും പാടില്ലെന്നുമായിരുന്നു ആവശ്യം.

ഈ ഫോർമുലയടങ്ങുന്ന കത്തുമായി അന്ന് ഹാമിദ് കർസായിയെ സമീപിച്ചത് മുല്ലാ ബറാദറായിരുന്നു. എന്നാൽ, ഇടക്കാല ഭരണകൂടത്തിൽനിന്ന് അനുകൂല സമീപനമല്ല ലഭിച്ചത്. അതോടെ താലിബാന്റെ അനുരഞ്ജന നീക്കങ്ങൾ പരാജയപ്പെടുകയും ചെയ്തു.

2010ൽ പാകിസ്താനിൽ വച്ച് ബറാദർ അറസ്റ്റിലായി. പാകിസ്താനിൽതന്നെ വർഷങ്ങളോളം കസ്റ്റഡിയിൽ തുടർന്ന ബറാദറിനെ പിന്നീട് യുഎസ് സമ്മർദത്തെ തുടർന്ന് 2018ൽ മോചിപ്പിച്ചു. ഇതിനുശേഷം അഫ്ഗാൻ താലിബാൻ തിരിച്ചുപിടിക്കും വരെ ഖത്തറിലായിരുന്നു ബറാദർ കഴിഞ്ഞത്. ദോഹയിൽ താലിബാൻ രാഷ്ട്രീയ കാര്യാലയം തുറക്കുന്നതും കേന്ദ്രത്തിന്റെ ചുമതല ബറാദറിനെ ഏൽപിക്കുന്നതും ഇതിനു പിറകെയാണ്. തുടർന്നാണ് അഫ്ഗാനിൽനിന്നുള്ള വിദേശസേനാ പിന്മാറ്റത്തിന് അമേരിക്കയുമായി ഖത്തറിന്റെ മധ്യസ്ഥതയിൽ താലിബാൻ ചർച്ച ആരംഭിച്ചത്.