ഹോം ടൂറുകളിലൂടെയും ഫുഡ് റെസിപ്പികളിലൂടെയും മുസ്ലിം സ്ത്രീകൾ നിറഞ്ഞാടുന്നു.. നാടിനോടൊപ്പം നാട്യമാവരുതേ..!!
✒️ഷാനിയ പി.പി, വഫിയ്യ വിദ്യാർഥിനി
നാട്യങ്ങളുടെ കാലം..... മണവും രുചിയും ശരീരവും എല്ലാം വലിയ വലിയ നാട്യങ്ങൾ... അകക്കാമ്പുകൾ പരിശോധിക്കുമ്പോൾ സ്വന്തമായുള്ള ഒരു അസ്തിത്വം ഉണ്ടോ എന്ന് തന്നെ സംശയിക്കും...
لَم يَبقَ في الناسِ إِلّا المَكرُ وَالمَلَقُ
شَوكٌ إِذا لَمَسوا زَهرٌ إِذا رَمَقوا
എന്ന് നൂറ്റാണ്ടുകൾക്കു മുൻപേ ഷാഫി ഇമാം ലോക ജനതയോട് ഉണർത്തിയത് എത്ര വലിയ വാസ്തവം... പുറംമോടിയിൽ എല്ലാം സുഗന്ധം പരത്തുന്ന പനിനീർപൂക്കൾ തന്നെ.. പക്ഷേ നശിച്ചുപോകുന്ന ഹൃത്തടങ്ങളാണ് ഓരോ നാട്യങ്ങളും ബാക്കിയാക്കുന്നത്. ഫോട്ടോഷൂട്ടിന്റെ അതിപ്രസരത്തിൽ ഹറാമോ ഹലാലോ പ്രശ്നമല്ല.... ആണോ പെണ്ണോ മാറ്റമില്ല....സോഷ്യൽ മീഡിയ മനുഷ്യനെ മാറ്റാൻ കഴിവുള്ളവനാണ് എന്നത് മേനി അല്ല യഥാർത്ഥത്തിൽ വലിയ വിനയാണ് വിളമ്പുന്നത്. "പതിനായിരങ്ങൾ വിലയുള്ള ഫോണിൽ നാഴികക്ക് നാൽപത് വട്ടം സെൽഫി എടുക്കുന്നവർ അറിയുമോ പത്തു വർഷം കൂടെ പഠിച്ചവർക്കൊപ്പം എടുത്ത ഫോട്ടോ യുടെ കോപ്പി വാങ്ങാൻ 10 രൂപ ഇല്ലാത്തവന്റെ വേദന" സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഒരു കമന്റ് ആണിത്... വളരെ വലിയ യാഥാർഥ്യം! സെൽഫി ഭ്രമം ഒരു സാംക്രമികരോഗമായി മാറിയിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ചിരിച്ച മുഖങ്ങൾ ഒടുവിൽ കരഞ്ഞു ജീവനൊടുക്കുന്ന കാഴ്ചയും വിരളമല്ല. വാഷിംഗ്ടൺ പോസ്റ്റിന്റെ ഒരു റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം 27 സെൽഫി മരണങ്ങൾ ലോകത്ത് നടന്നപ്പോൾ അതിൽ പകുതിയും സംഭവിച്ചത് നമ്മുടെ ഇന്ത്യയിലായിരുന്നു. ഓടി വരുന്ന ട്രെയിനിനു മുന്നിലും കടലിന്റെ അരികിലും മലയുടെ നിറുകയിലുമായി സെൽഫിയെടുത്ത് ലോക ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിക്കുമ്പോഴേക്കും സ്വന്തം ജീവൻ ബലി കൊടുക്കേണ്ടി വരുന്നു. 15 വയസ്സുകാരൻ പത്ത് മണിക്കൂറോളം സെൽഫിക്ക് ശ്രമിച്ച് ഒടുവിൽ നല്ല സെൽഫി കിട്ടാതെ ആത്മഹത്യക്ക് ഒരുങ്ങി എന്ന വാർത്ത നമ്മുടെ കരണത്തടിക്കുന്നതാണ്.നഗ്ന പ്രദർശനവും ഇതിന്റെ മുതൽക്കൂട്ടു തന്നെ. പ്രണയിനിയുമായി പങ്കുവെക്കുന്ന അശ്ലീലദൃശ്യങ്ങൾ ഒടുവിൽ സോഷ്യൽ മീഡിയകൾ മൊത്തം ആ പ്രണയത്തെ ഏറ്റെടുക്കുന്നു. വിദ്യ ഉണ്ടായിട്ടും വിവേകമില്ലാത്ത ഒരു തലമുറയുടെ അടയാളങ്ങൾ ഇന്ന് ഏറെയാണ്." നിങ്ങൾ നിങ്ങളുടെ ജിൽബാബുകളെ താഴ്ത്തി ഇടുക"എന്ന ഖുർആൻ സന്ദേശം ലോകത്തോട് പറഞ്ഞപ്പോൾ ഫ്ലാഷ് മോബുകൾ കാണിച്ചു കൊഞ്ഞനം കുത്തുന്ന സമുദായത്തിനോടാണ് ഫോട്ടോഷൂട്ടിന്റെ നഷ്ടക്കണക്കുകൾ വിവരിക്കാനുള്ളത്. പരമ്പരയായി തുടരുന്ന ഹോം ടൂറുകളിലൂടെയും ഫുഡ് റെസിപ്പികളിലൂടെയും മുസ്ലിം സ്ത്രീകൾ തന്നെ വളരെ സജീവമാണ് എന്നത് വളരെ ഖേദകരം തന്നെയാണ്. പണത്തിനും അഭിമാനത്തിനും വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന ഒരു ഉപഭോഗ സംസ്കാരം നമ്മളിലും വളർന്നുകഴിഞ്ഞു. യൂട്യൂബ് വ്ലോഗുകൾ എല്ലാം തന്നെ അതിനുള്ള സത്യ സാക്ഷ്യങ്ങളാണ്.
സൗന്ദര്യബോധം അമിതമാകുമ്പോൾ..
പ്രകൃതിദത്ത വാർദ്ധക്യത്തിലെ വർഷങ്ങൾ കുറയ്ക്കുന്ന മറ്റൊരു ദുരന്തമാണ് ഫെയ്സ് ആപ്പുകൾ. ഉപയോഗിക്കുന്നവരുടെ യഥാർത്ഥ ഫോട്ടോയും അതിന്റെ ഡോക്ടറേറ്റ് പതിപ്പും ഫെയ്സ്ആപ്പിന്റെ പിന്നിലുള്ളവർക്ക് സരളമായി ലഭിക്കും. ആവേശത്തിനായി ആരംഭിക്കുന്നത് പിന്നീട് ഒരു രോഗമായി പിന്തുടരുകയാണ്."സെൽഫി സിൻഡ്രോം" കൗമാരക്കാരിലാണന്ന് കൂടുതലെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. അമേരിക്ക പുറത്തുവിടുന്ന കണക്കുകൾ പറയുന്നത് കൗമാരക്കാരിൽ പ്ലാസ്റ്റിക് സർജറി കളുടെ കണക്കുകൾ വർധിക്കാനുള്ള പ്രധാന കാരണം ഫോട്ടോ ഷൂട്ടുകളാണ്. "നാടോടുമ്പോൾ നടുവേ ഓടണം "എന്ന് വാക്യത്തെ അന്വർത്ഥമാക്കി പലരും ഫോട്ടോ ഷൂട്ട് കൈമുതലാക്കി. വിദ്യാർഥിനികളിൽ തന്നെ ധാർമിക അധപതനത്തിലേക്കുള്ള വഴി ചൂണ്ടിക്കാണിക്കുകയാണ് ആൽബം സോങ്ങുകളും സിനിമ രംഗങ്ങളും... മികച്ച സംസ്കാര രീതി പഠിപ്പിക്കേണ്ട ജനത തന്നെ തിന്മയെ കൈമുതലാക്കി കൊണ്ടുള്ള വഴികളാണ് വിദ്യാർത്ഥി ജനതയുടെമേൽ കുത്തി വെക്കുന്നത്.ഇത്തരം ഒരു സമൂഹത്തിൽ എങ്ങനെയാണ് ധാർമികമായി ചിന്തിക്കുന്ന ഒരു ജനതയെ നമുക്ക് വളർത്തിയെടുക്കുവാൻ സാധിക്കുക...? വിശ്വാസം എന്നാ മഹത്തായ രത്ന ത്തിലൂടെയാണ് മനുഷ്യബന്ധങ്ങളുടെ നിലനിൽപ്പിന്റെ ആധാരം എന്നാൽ വ്യാജ സിദ്ധന്മാരും വ്യാജ ഉസ്താദുമാരും സോഷ്യൽ മീഡിയകളിൽ തരംഗമായി കൊണ്ടിരിക്കുമ്പോൾ യാഥാർത്ഥ്യം ഏത് മിഥ്യയേത് എന്നറിയാതെ ലോകം തല പുകയ്ക്കുകയാണ്. സിനിമ ഹറാമോ ഹലാലോ എന്ന വിഷയത്തിൽ ആണ് പലപ്പോഴും ചർച്ച നടക്കുന്നത്. എന്നാൽ തിന്മയിൽ നിന്നും തിരിഞ്ഞു നടക്കുകയാണ് വേണ്ടതെന്ന് ബോധം ഉൾക്കൊള്ളുവാൻ പലരും തയ്യാറാകുന്നില്ല. ഇൻസ്റ്റാഗ്രാമിൽ ഇന്ന് 80ലക്ഷ്ത്തോളം ഫോട്ടോകൾ ഉണ്ടാകുമ്പോൾ അതിൽ 90%യുവതയുടെതാണ്.
നന്മ മരമാവണം....
സോഷ്യൽ മീഡിയയുടെയും ഫോട്ടോ ഷൂട്ടിന്റെയും അനന്തസാധ്യതകളെ
നന്മയിലൂടെ
എടുക്കുന്നവരും ഏറെയുണ്ട്. ഒട്ടേറെ രോഗികൾക്ക് ആശ്വാസമാവാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാനും ഒട്ടേറെ മംഗല്യ സ്വപ്നങ്ങളെ യാഥാർഥ്യമാക്കാനും വിശക്കുന്നവന് വയറു നിറക്കാനും ഇതിലൂടെ സാധിച്ചിട്ടുണ്ട് എന്നത് മറച്ചു വയ്ക്കാനാവില്ല. രഹസ്യമായ പല തെറ്റുകളും പരസ്യമാക്കി വെളിച്ചത്തു കൊണ്ടുവരാനും ഇതിലൂടെ സാധിച്ചിട്ടുണ്ട്. നന്മയെ നന്മയിലൂടെ പുൽ കാനും തിന്മയെ നന്മകൊണ്ട് നേരിടാനുമുള്ള ആർജ്ജവമാണ് നമുക്കാവശ്യം... ശുഭം
Post a Comment