സ്ത്രീ വിദ്യാഭ്യാസം ഇസ്ലാമിൽ - ✒️ഫായിസ ഷാഹീൻ , ഫാളില വിദ്യാർത്ഥിനി
മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വേർതിരിക്കുന്നതും സംസ്കാര സമ്പന്നൻ ആക്കുന്നതും ഒരളവോളം അവൻ നേടുന്ന നല്ല വിദ്യാഭ്യാസം ആണെന്നതിൽ സംശയമില്ല. വിദ്യ നേടുക എന്നത് ഒരു മനുഷ്യന്റെ അവകാശമാണ്. സാമൂഹിക മുന്നേറ്റത്തിൽ വിദ്യാഭ്യാസം ചെലുത്തുന്ന പങ്ക് വളരെ വലുതാണ്.
സാമൂഹ്യ മുന്നേറ്റത്തിന് സ്ത്രീകളുടെ വിദ്യാഭ്യാസം പരമപ്രധാനമാണ്. രാജ്യപുരോഗതിയിൽ സ്ത്രീകളുടെ വിദ്യാഭ്യാസം വളരെയേറെ പങ്കുവഹിച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനും ധാർമിക വിദ്യാഭ്യാസം കൂടിയേതീരൂ. ഒരു സ്ത്രീക്ക് വിദ്യാഭ്യാസം ലഭിക്കുമ്പോൾ ഒരു കുടുംബത്തിന് ഒന്നാകെ വിദ്യാഭ്യാസം ലഭിക്കുന്നു. ഇതിലൂടെ സമൂഹമൊന്നാകെ വിദ്യാസമ്പന്നമാകുന്നു. അവർ ജീവിതത്തിലും സമൂഹത്തിലും കൂടുതൽ ഇടപെടൽ നടത്തുന്നു. മറ്റുള്ളവരെ മുന്നിൽ നിന്ന് നയിക്കുവാൻ അവർക്ക് കഴിയുന്നു.
കേരളത്തിലെ ഉയർന്ന സ്ത്രീ സാക്ഷരത, സ്ത്രീവിദ്യാഭ്യാസം എന്നിവയെപ്പറ്റി മലയാളികൾക്ക് പൊതുവെ വലിയ അഭിമാനമാണ്. കേരളം സാമ്പത്തികമായി പിന്നോകാവസ്ഥയിലായിരുന്ന കാലത്താണ് ഈ നേട്ടങ്ങൾ കൈവരിച്ചത്. സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരിൽ വലിയൊരു ശതമാനം അക്ഷര വിദ്യാഭ്യാസം എങ്കിലും നേടാനുള്ള സാഹചര്യം ഇവിടെ ഉണ്ടായി. സാങ്കേതിക വിദ്യാഭ്യാസത്തിലും ആരോഗ്യ രംഗത്തും അവർ മുന്നേറിക്കൊണ്ടിരിക്കുന്നു. ഇന്ന് കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥ, സാമൂഹിക വികാസം, ആരോഗ്യരംഗം, എന്നിവയിൽ നല്ലൊരു പങ്ക് സ്ത്രീകളുടെ സംഭാവനയാണെന്ന് നിസംശയം പറയാം.
സ്ത്രീ വിദ്യാഭ്യാസം ഇന്ന് വലിയ ചർച്ചകളുടെ വേദിയായിരിക്കുകയാണ്. വിദ്യാർഥികളെ സാംസ്കാരികമായി വളർത്തിയെടുക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തുന്ന കലാലയങ്ങളും മറ്റും ഇന്ന് സാംസ്കാരികാധ:പതനത്തിൽ നിറയുന്ന ഈ കാലഘട്ടത്തിൽ സ്ത്രീ വിദ്യാഭ്യാസം നമുക്ക് മുന്നിൽ ഒരു വലിയ ചോദ്യചിഹ്നമായി നിലനിൽക്കുകയാണ്. വിദ്യാഭ്യാസത്തിന്റെ പേരുപറഞ്ഞ് സ്ത്രീകളെ പുറത്തിറക്കാൻ ചിലർ കഠിനയത്നം തന്നെ നടത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം സന്ദർഭത്തിൽ ഇസ്ലാമിൻ്റെ വീക്ഷണത്തെ നമുക്ക് മനസ്സിലാക്കേണ്ടതുണ്ട്.
സ്ത്രീ വിദ്യാഭ്യാസത്തെ ഇസ്ലാം ഒരിക്കലും വിലക്കുന്നില്ല. വിജ്ഞാനം സമ്പാദിക്കണം എന്ന് തന്നെയാണ് ഇസ്ലാം കൽപ്പിക്കുന്നത്. പക്ഷേ പരിധികളും പരിമിതികളും ലംഘിച്ചുകൊണ്ടുള്ള ഒരു വിദ്യാഭ്യാസ രീതിയെയും ഇസ്ലാം അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. സംശുദ്ധമായ ഇസ്ലാമിന്റെ സംസ്കാരത്തെയും മത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെയും കുറിച്ചുള്ള അറിവാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്.
ഇന്ന് നാം ഭൗതിക വിദ്യാഭ്യാസത്തിന് പിന്നാലെയാണ്. ആണും പെണ്ണും ഒരേ ബെഞ്ചിലിരുന്ന് സംശയങ്ങൾ ദുരീകരിച്ചും അഭിപ്രായ പ്രകടനങ്ങൾ നടത്തിയും ചെയ്തു വരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തെ കണ്ണുമടച്ച് സ്വീകരിച്ച സമൂഹം വരാനിരിക്കുന്ന വിപത്തുകൾ തിരിച്ചറിയുന്നില്ല. അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നു. പരിപാവനമായ മത വിദ്യാഭ്യാസത്തെ പുറംകാൽ കൊണ്ട് തട്ടിത്തെറിപ്പിച്ച് മക്കളെ കയറൂരിവിടുന്ന മാതാപിതാക്കൾ. ഒടുവിൽ അപമാനത്തിന്റെ ഭാണ്ഡവും പേറി സമൂഹത്തിന്റെ പരിഹാസങ്ങൾക്കും കുത്തുന്ന നോട്ടങ്ങൾകും മുന്നിൽ തലതാഴ്ത്തി ഇരിക്കേണ്ടി വരുന്നു. പത്തുമാസം ഗർഭം ചുമന്ന് നൊന്തു പ്രസവിച്ച് രണ്ടുവർഷം മുലയൂട്ടി ഓരോ നിമിഷവും മക്കൾക്കായി ജീവിക്കുന്ന ഉമ്മയുടെ മഹത്വം ഈ മക്കൾ അറിയുന്നില്ല. ഒരായുഷ്ക്കാലം മുഴുവൻ പ്രയാസങ്ങളുടെ ഭാരവും പേറി ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ വിശ്രമമില്ലാതെ കാളയെ പോലെ പണിയെടുത്ത് അധ്വാനിക്കുന്ന പിതാവിന്റെ സ്നേഹം അവർ തിരിച്ചറിയുന്നില്ല. അവിടെയാണ് ഇസ്ലാമിന്റെ വിദ്യാഭ്യാസ രീതിയെ നാം തിരിച്ചറിയേണ്ടത്.
വിജ്ഞാന സമ്പാദനത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന മതമാണ് ഇസ്ലാം.മതപരമായ അറിവുകളും ഇസ്ലാമിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ടുള്ള ഭൗതിക വിദ്യാഭ്യാസവും കരസ്ഥമാക്കൽ ഏതൊരു മുസ്ലിമിൻ്റെയും ഒഴിച്ചുകൂടാനാവാത്ത ഇക്കാലത്തെ ബാധ്യതയാണ്. മത വിദ്യാഭ്യാസത്തിന് ഇസ്ലാം വളരെയധികം പ്രാധാന്യം നൽകുന്നു. അതുതന്നെയാണ് മറ്റു മതങ്ങളുടെ പ്രത്യയശാസ്ത്രങ്ങളിൽ നിന്ന് ഇസ്ലാമിനെ വ്യത്യസ്തമാക്കുന്നത്. ഒരു ഉത്തമ സമുദായത്തിന്റെ വളർച്ചയ്ക്കും വിഷലിപ്ത രഹിതമായ ജനതയെ വാർത്തെടുക്കുന്നത്തിനും മതവിദ്യാഭ്യാസം ചെലുത്തുന്ന പങ്ക് വളരെ നിസ്സീമമാണ്. മനുഷ്യമനസ്സുകളിൽ ആത്മീയ ചിന്ത വളർത്തിയെടുക്കാനും നല്ലൊരു സംസ്കാരത്തിനുടമയാ കാനും മതവിദ്യാഭ്യാസം കൂടിയേ തീരൂ.
ഇന്ന് നമുക്ക് മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുന്ന തരത്തിലുള്ള പലവിധ കോഴ്സുകൾ സമസ്തയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു. ഫാളില, ഫളീല, വഫിയ്യ, സഹ്റാവിയ്യ... തുടങ്ങിയവ ഇതിൽപ്പെടുന്നു. ഈ കോഴ്സുകൾ മത ഭൗതിക വിദ്യാഭ്യാസത്തെ ഒരുമിച്ചു കൊണ്ടുപോകുവാൻ നമ്മെ സഹായിക്കുന്നു.
*ഫാളില, ഫളീല:*
മതവിദ്യാഭ്യാസ രംഗത്ത് നിസ്തുല സേവനം നിർവഹിക്കുന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ വനിതകൾക്കായുള്ള മത ഭൗതിക സമന്വയ പഠന കേന്ദ്രമാണ് ഇസ്‌ലാമിക് ആർട്സ് കോളേജ്. ഇസ്ലാമിക കുടുംബത്തിന്റെ സംസ്ഥാപനത്തിന് കുടുംബനാഥനും കുടുംബിനിയും മതബോധം ഉള്ളവരും മതപഠനം നേടിയവരും ആയിരിക്കണം. ആദർശാധിഷ്ഠിത മത പഠനത്തോടൊപ്പം ഭൗതിക പഠനത്തിന് കൂടിയും സാഹചര്യമൊരുക്കുന്ന പദ്ധതിയാണ് ഈ കോഴ്സിൽ വിഭാവനം ചെയ്തിട്ടുള്ളത്. പ്രഗൽഭ പണ്ഡിതരും വിദ്യാഭ്യാസ വിചക്ഷണരും ചേർന്ന് തയ്യാറാക്കിയ സിലബസും പ്രത്യേക പരിശീലനം നേടിയ അധ്യാപകരും ഈ കോഴ്സിന്റെ സവിശേഷതയാണ്. ഉത്തമ കുടുംബ സൃഷ്ടിക്കായി ഒരു സമുദായത്തിലെ അധാർമികതകളെ ഒരു പരിധിവരെ തടയാൻ കഴിയും എന്ന് തീർച്ചയാണ്.
എസ്എസ്എൽസി പാസായ മുസ്ലിം പെൺകുട്ടികൾക്ക് മത പഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസം നേടാൻ സമസ്ത സാഹചര്യമൊരുക്കുന്നു. മതപഠനവും പ്ലസ് ടുവും
ഡിഗ്രിയും ഒന്നിച്ചു നേടുവാൻ സഹായകമായ സിലബസ് ക്രമീകരിക്കുകയും അത് പ്രായോഗിക വൽക്കരിക്കുകയും ചെയ്തു . ഇതിൽ ആദ്യ രണ്ട് വർഷ കോഴ്സ് ഫാളില എന്നും തുടർന്ന് മൂന്ന് വർഷ കോഴ്സ് ഫളീല എന്നുമാണ് അറിയപ്പെടുന്നത്.
അഞ്ചുവർഷം നീണ്ടുനിൽക്കുന്ന ഈ കോഴ്സിൽ ഇസ്ലാമിക് വിഷയങ്ങളായ ഖുർആൻ, ഹദീസ്, ഫിഖ്ഹ്, അഖീദ, ചരിത്രം, കൂടാതെ ഭൗതിക വിഷയങ്ങളായ ഹയർസെക്കൻഡറിയും (കോമേഴ്സ്, ഹ്യുമാനിറ്റീസ്) പൊതുവിഷയങ്ങളായ ബിഹേവിയർ സൈക്കോളജി, പ്രീ മരിറ്റൽ കോഴ്സ്, ഫസ്റ്റ് എയ്ഡ്, പാലിയേറ്റീവ് പ്രവർത്തനം, ചൈൽഡ് കെയർ, ഹോം സയൻസ്, കമ്പ്യൂട്ടർ പഠനം, എന്നിവ നേടിയെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നു. മത വിഷയത്തിൽ സമസ്ത നേരിട്ടു പരീക്ഷകൾ നടത്തുന്നു.
വഫിയ്യ :
ദീനി അന്തരീക്ഷത്തിന്റെയും സുരക്ഷിതത്വത്തിന്റെയും അഭാവത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ഇന്ന് പ്രതിസന്ധിയിലാണ്. അതിന് ഒരു പരിഹാരമാണ് വഫിയ്യ. ഉത്തമ കുടുംബിനിയെയും വിചക്ഷണയായ അധ്യാപികയേയും വിശുദ്ധയായ പ്രബോധകയേയും സൃഷ്ടിക്കാൻ ഈ പദ്ധതി സഹായിക്കുന്നു. ദീനി ബോധവും ആധുനികതയും ലാളിത്യവും കൈകോർക്കുന്ന വഫിയ ക്യാമ്പസുകൾ സ്ത്രീ പാണ്ഡിത്യത്തിന് അടിത്തറയേകുന്ന കേന്ദ്രങ്ങളാണ്. മതഭൗതിക സമന്വയത്തിലൂടെ വിശാലമായ വീക്ഷണവും സ്വത്വബോധവും ഈ ക്യാമ്പസുകൾ പകർന്നു നൽകുന്നു.
സഹ്റവിയ്യ :
കേരളത്തിലെ മുസ്‌ലിം പെൺകുട്ടികളിൽ ഗുണനിലവാരമുള്ള ഇസ്ലാമിക പരിജ്ഞാനവും സമകാലിക വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നത്തിനും അങ്ങനെ വനിതാ പണ്ഡിതകളെ വാർത്തെടുക്കുന്നതിനും ഇസ്ലാമിക സംസ്കാരം എന്നിവയിൽ വേരൂന്നിയ മാതൃകാപരമായ സ്ത്രീകളായി വളർത്തുന്നതിനായി സമസ്തയുടെ കീഴിൽ ആരംഭിച്ച ഒരു കോഴ്സ് ആണ് സഹ്റാവിയ്യ.
ആറു വർഷം നീണ്ടുനിൽക്കുന്ന ഈ കോഴ്സ് ഓപ്പൺ സ്കൂൾ സംവിധാനത്തിലൂടെ മെട്രിക്കുലേഷൻ, പ്ലസ് വൺ, പ്ലസ് ടു വിദ്യാഭ്യാസം എന്നിവ ഉൾപ്പെടുന്നു. തുടർന്ന് മൂന്നുവർഷത്തെ ഓപ്ഷണൽ സ്പെഷ്യലൈസേഷൻ കോഴ്സും. ഇസ്ലാമിക വിഷയങ്ങളായ ഖുർആൻ, ഹദീസ്, തഫ്സീർ, തസവ്വുഫ് കൂടാതെ സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി, മുതലായവയും ഇംഗ്ലീഷ്, അറബിക്, ഹിന്ദി, മലയാളം, എന്നീ നാലു ഭാഷകളിൽ വിദ്യാർത്ഥിനികളെ നന്നായി സജ്ജരാക്കുന്നു.
ഇസ്ലാമിന്റെ ഒന്നാം നാൾ മുതൽ മുസ്ലീങ്ങളുടെ പ്രഥമ പരിഗണനയിലുള്ള വിഷയമായിരുന്നു വിദ്യാഭ്യാസം. ഖുർആനിലെ ഒന്നാമത്തെ വാക്ക് തന്നെ വായിക്കാനുള്ള ആഹ്വാനം ആയ *ഇഖ്‌റഅ*. അറിവ് നേടൽ ഓരോരുത്തരുടേയും ബാധ്യതയാണെന്ന് പ്രവാചകൻ നബി(സ) പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രവാചക കല്പന പ്രാവർത്തികമാക്കാനായി മുസ്ലീങ്ങൾ വിദ്യാഭ്യാസ സംവിധാനത്തിന് വലിയ പ്രാധാന്യം നൽകി.
ഇസ്ലാമിക ചരിത്രം പരിശോധിക്കുമ്പോൾ സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയിരുന്നു എന്ന് കാണാം. അതിന് ഉത്തമോദാഹരണമാണ് പ്രവാചക പത്നി ആയിഷ(റ). അവർ അക്കാലത്തെ പ്രമുഖ പണ്ഡിതയായിരുന്നു. നബി(സ) യുടെ വഫാത്തിന് ശേഷം ആയിഷ(റ) രണ്ടായിരത്തോളം ഹദീസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെതന്നെയാണ് ഈജിപ്തിലെ നഫീസത്തുൽ മിസ്രിയ. ലോക വനിതകൾക്ക് ഒരു മാതൃകയായിരുന്നു അവർ. ഖുർആനും ഹദീസ് ഗ്രന്ഥമായ മുവത്വയും കാണാതെ പഠിച്ചു. പല വിജ്ഞാന സദസ്സുകൾ അവർക്ക് കൂടുതൽ അറിവ് പകർന്നു കൊടുത്തു.
ഈ പുതിയ കാലത്തെ മതഭൗതിക സമന്വയതിലൂടെയുള്ള അറിവ് നേടിയിറങ്ങിയ നമ്മുടെ പെൺകുട്ടികൾ മികച്ച കഴിവുള്ളവരായി തീരുന്നു. പെൺ പ്രബോധനം മുസ്ലിം സ്ത്രീകൾക്കിടയിലും അല്ലാതെയും ഇസ്ലാമിനെ പക്വമാർന്ന തരത്തിൽ അവതരിപ്പിക്കാൻ ഇവരുടെ സംഘടിത ശ്രമങ്ങൾക്ക് വലിയ സാധ്യതയുണ്ട്.
ചുരുക്കത്തിൽ പുതിയ കാലഘട്ടത്തിലെ സവിശേഷതയായ സമന്വയ വിദ്യാഭ്യാസ രീതികളിലൂടെയും അല്ലാതെയും പഠനം പൂർത്തിയാക്കിയ സഹോദരിമാർക്ക് വലിയ അളവിൽ ഇസ്ലാമികമായി തന്നെ സമൂഹത്തിൽ ഇടപെടാനും പ്രവർത്തിക്കാനും സാധിക്കും. മുസ്ലിം പെണ്ണിന് വേണ്ടി മുസ്ലിം പെണ്ണുങ്ങൾ തന്നെ രംഗത്തിറങ്ങുന്ന സാഹചര്യം ഉണ്ടാകണം.എങ്കിൽ മാത്രമേ വ്യാജ വനിതാ പ്രേമികളുടെ വരട്ടു വാദങ്ങളെ എതിർത്തു തോൽപ്പിക്കാൻ സാധിക്കുകയുള്ളൂ.
ഇത്രയും വിദ്യാഭ്യാസ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതുകൊണ്ട് ഒരു പരിധി വരെ സ്ത്രീകളുടെ വിദ്യാഭ്യാസം ഉയർത്താൻ നമുക്ക് സാധിക്കുന്നുണ്ട്. ഇനിയും ഇതുപോലെയുള്ള ഒരുപാട് ഇസ്ലാമിക രീതിയിലുള്ള പഠന പാഠ്യ രീതികൾ ഉണ്ടാകട്ടെ. എങ്കിൽ മാത്രമേ നമ്മുടെ സമൂഹം ഇസ്ലാമിക ചൈതന്യത്തോടെ മുന്നോട്ടു പോവുകയുള്ളൂ.....
മതവിദ്യാഭ്യാസ ഇല്ലെങ്കിൽ എന്ത് സംഭവിക്കും?
***********************
ഇസ്ലാമിന്റെ മഹത്വം അറിഞ്ഞില്ലെങ്കിൽ എന്ത് സംഭവിക്കും? ബാല്യത്തിലെ ആരാധനകളും അതിനുവേണ്ട വിജ്ഞാനങ്ങളും മക്കൾക്ക് പഠിപ്പിച്ചു കൊടുക്കാൻ മാതാപിതാക്കളോട് ഇസ്ലാം കല്പ്പിക്കുന്നു. മത വിദ്യാഭ്യാസത്തെ ഗൗരവത്തിൽ ചിന്തിക്കേണ്ട കാലഘട്ടമാണിത്. എന്നാൽ ഭൗതിക വിദ്യാഭ്യാസഭ്രമം നമ്മിൽ മതപഠനത്തിനുളള പ്രാധാന്യം നഷ്ടപ്പെടുത്തിയിരിക്കുന്നു. നന്മതിന്മകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ പഠിപ്പിക്കുന്നത് മതപഠനം ആണ്.
ഇസ്ലാമിക് ചുറ്റുപാടിൽ ജീവിക്കുന്ന പെൺകുട്ടികൾക്ക് നന്മതിന്മകളെ തിരിച്ചറിയാൻ കഴിയും. അത് ഇല്ലാതാകുമ്പോഴാണ് ഇതര മതസ്ഥരുടെ കൂടെ പോകുന്നതും മറ്റും. അങ്ങനെ എത്രയെത്ര പെൺകുട്ടികൾ. ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഭാഗ്യം മുസ്ലിമായി ജീവിക്കുക എന്നതാണ്. ആ സൗഭാഗ്യത്തെ ഭൗതിക സുഖത്തിനുവേണ്ടി വലിച്ചെറിഞ്ഞു
അന്യമതസ്ഥരുടെ കൂടെ ഒളിച്ചോടി പോകാൻ മാത്രം പെൺകുട്ടികൾക്ക് എങ്ങനെ കിട്ടുന്നു ഈ മനോധൈര്യം? അങ്ങനെ മനോധൈര്യം കിട്ടിയവളാണ് കണ്ണൂരിലെ റാഹില എന്ന പെൺ കുട്ടി. അങ്ങനെ എത്രയെത്ര റാഹിലമാർ!
ഇസ്ലാമിക ചൈതന്യം നഷ്ടപ്പെടുമ്പോഴാണ് ഇതുപോലുള്ള റാഹിലമാർ സൃഷ്ടിക്കപ്പെടുന്നത്. മത ബോധമില്ലാത്ത ചുറ്റുപാടിൽ ജീവിക്കുന്ന പെൺകുട്ടികൾക്കേ ഇങ്ങനെയൊക്കെ ചിന്തിക്കാനും പ്രവർത്തിക്കാനും സാധ്യമാകൂ.ഇസ്ലാമിക ചുറ്റുപാടിൽ ജീവിക്കുന്ന ഒരു പെൺകുട്ടിക്കും ഇങ്ങനെയൊന്നും ചിന്തിക്കാൻ പോലും കഴിയില്ല. അതുകൊണ്ടുതന്നെ മക്കൾക്ക് ഇസ്ലാമിക മഹത്വം പഠിപ്പിച്ചു കൊടുക്കാൻ മാതാപിതാക്കൾ തയ്യാറാകണം.
മത വിദ്യാഭ്യാസത്തെ ഗൗരവത്തിൽ ചിന്തിക്കേണ്ട സമയമാണിന്ന്. മതവിദ്യാഭ്യാസം നേടൽ ഓരോ മുസ്ലിമിനും നിർബന്ധ ബാധ്യതയാണ്. ബാല്യത്തിലെ ആരാധനകളും അതിനുവേണ്ട വിജ്ഞാനങ്ങളും മക്കൾക്ക് പഠിപ്പിച്ചു കൊടുക്കാൻ മാതാപിതാക്കളോട് ഇസ്ലാം കൽപ്പിക്കുന്നു.
ഭൗദ്ധിക വിജ്ഞാനത്തിന് ഈ ജീവിതകാലം മാത്രമാണ് ആയുസുള്ളത്. അത് മരണത്തോടെ അസ്തമിക്കും. നാം സമ്പാദിച്ച സർട്ടിഫിക്കറ്റുകളും അംഗീകാരങ്ങളും മരണത്തോടെ അവസാനിക്കുന്നതാണ്. മാത്രമല്ല ധാർമികതയും മൂല്യവും പകർന്നുനൽകാൻ ഭൗതിക വിജ്ഞാനത്തിന് പലപ്പോഴും സാധിക്കാറില്ല.
അതുകൊണ്ട് മതവിജ്ഞാനത്തിന് നാം പ്രാധാന്യം കൽപ്പിക്കണം. അതിന് സമയം കാണുകയും മക്കളെ മത ബോധവാന്മാരായി വളരാൻ നിർബന്ധിക്കുകയും ചെയ്യണം. മതാന്തരീക്ഷമുള്ള വീടും ചുറ്റുപാടും സൃഷ്ടിക്കുവാനും ഒഴിവു സമയങ്ങളിൽ ദീനിചിട്ടയോടെ മക്കൾ വളരാനുള്ള അവസരങ്ങൾ ഒരുക്കുകയും ചെയ്യണം. മാറിയ സാഹചര്യത്തിനെ കുറ്റപ്പെടുത്തുന്നതിലേറെ ഇസ്ലാമിക മഹത്വം സംരക്ഷിക്കണമെന്ന് നിർബന്ധ ബോധം നമുക്കുണ്ടാകണം. അതിനായിരിക്കട്ടെ ഈ പ്രതികൂല സാഹചര്യത്തിലുള്ള നമ്മുടെ പരിശ്രമങ്ങൾ......
✒️ഫായിസ ഷാഹീൻ
ഫാളില വിദ്യാർത്ഥിനി
AL AMEEN WOMEN'S ISLAMIC ARTS COLLEGE
AYYANKULLAM, PALAKAD
Post a Comment