സിഎച്ച് ഹൈദ്രോസ് ഉസ്താദ്: ഉമ്മത്തിനോടുള്ള നസ്വീഹത് ജീവിതവ്രതമാക്കിയ നേതാവ്.
ദുൽഖിഅദ: 26, മൗലാനാ സി.എച്ച്.ഐദ്രൂസ് മുസ്ലിയാരെന്ന വിസ്മയ പുരുഷന്റെ വഫാത് ദിനമാണ്. ഈമാനും ഇഹ്സാനും ഇഖ്ലാസും തഖ്വയും വറഉം ഖുശൂഉം തവാളുഉം അലങ്കാരഞൊറി ചാർത്തിയ ആ ജീവിതം ഓർമയായിട്ട് 23 വർഷങ്ങൾ. ജീവിക്കുന്ന വർഷങ്ങളല്ല, വർഷിക്കുന്ന ജീവിതമാണ് പ്രധാനമെന്ന് പഠിപ്പിച്ച ജീവിതം.
അക്ഷരാർത്ഥത്തിൽ വിസ്മയമായിരുന്നു സി.എച്ച് ഉസ്താദ്. ഇങ്ങനെയൊരു മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നുവെന്ന് അടുത്ത ഒരു തലമുറയോട് പറഞ്ഞാൽ, വിശ്വസിക്കാൻ പ്രയാസകരമാവും വിധം സുകൃതങ്ങൾ സുഗന്ധം പരത്തിയ ജീവിതം.
ഉമ്മതിനോടുള്ള നസ്വീഹത് (ഗുണകാംക്ഷ) ആയിരുന്നു ഉസ്താദിന്റെ ജീവിതം. ദീൻ തന്നെ നസ്വീഹതാണെന്ന് തിരുവരുൾ. ആ തിരുവരുളിന്റെ സാക്ഷാൽക്കാരമായിരുന്നു ഉസ്താദ് സി.എച്ച്. ഐദറൂസ് മുസ്ലിയാർ.
*******************
ചന്ദ്രിക ദിനപത്രത്തിലെ ചരമ കോളം നോക്കി, മരണപ്പെട്ട് പോയ എല്ലാ വിശ്വാസികൾക്കും വേണ്ടി മയ്യത് നിസ്ക്കരിക്കാറുണ്ടായിരുന്നു ഉസ്താദ്.
***********************
അബ്ദു റസാഖ് ബുസ്താനി പറഞ്ഞ ഒരനുഭം: അദ്ദേഹം ദർസിൽ പഠിക്കുന്ന പള്ളിയിൽ ഒരു രാത്രി സമയത്ത് ഉസ്താദ് എത്തിപ്പെട്ടു, അവിടെ തങ്ങി. ഉറക്കത്തിൽ നിന്നെപ്പഴോ എഴുന്നേറ്റ് നോക്കുമ്പോൾ ഉസ്താദ് തഹജ്ജുദ് കഴിഞ്ഞ് പ്രാർത്ഥനയിലാണ്. അടുത്ത് ചെന്ന് കാതോർത്തപ്പോൾ പ്രാർത്ഥന മുഴുവൻ സമുദായത്തിനും സമസ്തക്കും സമസ്തയുടെ പ്രവർത്തകർക്കും വേണ്ടി!
നിശയുടെ നിശബ്ദതയിൽ, ലോകം ഉറങ്ങുമ്പോൾ, ഉണർന്നിരുന്ന് ഉമ്മതിന് വേണ്ടി കേഴുന്ന നേതാവ് നസ്വീഹതിന്റെ ഉദാത്ത മാതൃകയാണ്.
خيار أئمتكم الذين تحبونهم ويحبونكم، وتصلون عليهم ويصلون عليكم
നല്ല നേതാക്കൾ, നിങ്ങൾ സ്നേഹിക്കുന്നവരും നിങ്ങളെ സ്നേഹിക്കുന്നവരും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നവരും നിങ്ങളുടെ പ്രാർത്ഥന കിട്ടുന്നവരുമാണെന്ന് ഹദീസിലുണ്ട്.
**********************
ചെമ്മാട് ദാറുൽ ഹുദാ ആ ഗുണകാംക്ഷാ ബുദ്ധിയുടെ സാക്ഷാൽക്കാരമാണ്. സമസ്തയിൽ ഭിന്നിപ്പുണ്ടായപ്പോൾ, അനൈക്യത്തിന്റെ അന്തകവിത്തുകൾ സമുദായ ഗാത്രത്തിലെ കളകളായി വളരാൻ ശ്രമിച്ചപ്പോൾ, ഉറ്റതോഴനും സന്തത സഹചാരിയുമായിരുന്ന മർഹൂം ബാപ്പുട്ടി ഹാജിയോടൊപ്പം ഐക്യത്തിന്റെയും ഉദ്ഗ്രഥനത്തിന്റെയും സന്ദേശവുമായി ഓടി നടന്നതും, എടക്കുളത്തെ പ്രശസ്തമായ ദർസ് ഒഴിവാക്കി, ഒരു മുദരിസിന് കിട്ടാവുന്ന സാമ്പത്തിക നേട്ടങ്ങൾ തൃണവൽഗണിച്ച് , സുന്നീ യുവജന സംഘത്തിന്റെ മുഴുസമയ ഓർഗനൈസറായി പ്രവർത്തിക്കാൻ തീരുമാനിച്ചതും ഈ ഗുണകാംക്ഷ കൊണ്ട് തന്നെ.
ദർസ് ഒഴിവാക്കി സംഘടനാ പ്രവർത്തനിറങ്ങുന്നതെന്തിന് എന്ന് ചോദിച്ച കോയക്കുട്ടി ഉസ്താദിനോട് സി.എച്ച്. ഉസ്താദിന്റെ മറുപടി: " ദർസ് നടത്തൽ ഇബാദതാണ്, സമസ്തക്ക് വേണ്ടി പ്രവർത്തിക്കലും ഇബാദതാണ്. ദർസ് നടത്താൻ ആളുകളെമ്പാടും ഉണ്ടാവും. മുഴുസമയ സംഘടനാ പ്രവർത്തനത്തിന് ആളില്ലല്ലോ?"
സമസ്തയെ ഇത്രമേൽ ജനകീയമാക്കിയത് തൃണമൂല തലത്തിലിറങ്ങി, ആളുകളുടെ തോളിൽ കയ്യിട്ട് പ്രവർത്തിച്ച ആ മാതൃകാ സംഘാടകൻ തന്നെ.
**************
കണ്ണൂർ ജില്ലയിലൊരു പരിപാടിക്ക് വന്ന ഉസ്താദിനും കൂടെയുണ്ടായിരുന്ന ഒരു യുവ പ്രഭാഷകനും രാത്രി താമസിക്കാൻ സൗകര്യം ഒരുക്കിയിരുന്നത് ഒരു വീട്ടിലായിരുന്നു. നിർദിഷ്ട മുറിയിൽ കടന്ന്, ഒന്ന് നിരീക്ഷിച്ച് ഉസ്താദ് പറഞ്ഞു: ഇത് ഏതോ ദമ്പതികൾ കിടക്കുന്ന മുറിയാണ്. ആ ഭാര്യാഭർത്താക്കൻമാർക്ക് നമ്മളൊരു പ്രയാസമാവരുത്. നമുക്ക് പള്ളിയിൽ പോയി കിടക്കാം.
പലപ്പോഴും, കടത്തിണ്ണകളിലും ബസ് സ്റ്റോപ്പുകളിലും നനഞ്ഞ് കിടക്കുന്ന, കൊതുകും കൂത്താടിയും കൂത്തരങ്ങാക്കിയിരുന്ന ഹൗളിൻ കരകളിലുമൊക്കെ പ്രയാസലേശമന്യേ കിടന്നുറങ്ങിയിരുന്ന, പരിത്യാഗിയായ ആ പ്രബോധകന് കിടന്നുറങ്ങാൻ പള്ളി തന്നെ ധാരാളം !
************************
ഈജിപ്തിലെ പഠനം കഴിഞ്ഞ്, ഹജജ് നിർവഹിച്ച് തിരിച്ച് വന്ന മർഹൂം ശിഹാബ് തങ്ങളുടെ താടിയിൽ പിടിച്ച്, സ്നേഹത്തോടെ, ഉസ്താദ് പറഞ്ഞു: കോയ മോനേ! ഈ താടി കളയണ്ട, അതവിടെ നിന്നോട്ടെ. തങ്ങൾ ആ സ്നേഹ മസൃണമായ നിർദ്ദേശം പാലിക്കുകയും ചെയ്തു.
മന്ത്രിയായ ശേഷം ദാറുൽ ഹുദയിൽ വന്ന പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിനെറ് തോളിൽ കയ്യിട്ട്, സ്നേഹപൂർവം ചെവിയിൽ തിരുമ്മിക്കൊണ്ടായിരുന്നു ഉസ്താദ് പ്രസംഗിച്ചിരുന്നത്.
സമസ്തയുടെ വൈ. പ്രസി സ്ഥാനത്തിരിക്കുമ്പോഴും ദാറുൽ ഹുദാ യി ലെ കൊച്ചു കുട്ടികളുടെ പോലും തോളിൽ കയ്യിട്ട്, സ്നേഹനിധിയായ പിതാവിനെപ്പോലെ ഉപദേശിച്ചിരുന്നു, അടുക്കള ജോലിക്കാർക്ക് ദർസ് നടത്തിക്കൊടുത്തിരുന്നു!
************************
കല്യാണം കഴിച്ചയച്ച തന്റെ മകളോട്, പിറ്റേന്ന് ആ സ്നേഹ നിധിയായ പിതാവ് കാര്യമായി അന്വേഷിച്ചത്, ഇന്നലെ രാത്രി, ആദ്യ രാത്രി ഹദ്ദാദ് ചൊല്ലിയോ എന്നാണ്!
സൂക്ഷമതയുടെ , സാമ്പത്തിക ശുദ്ധിയുടെ, ജീവിത വിശുദ്ധിയുടെ , വിനയത്തിന്റെ, ലാളിത്യത്തിന്റെ, സൽസ്വഭാവങ്ങളുടെ, സദ്ഗുണങ്ങളുടെ സംഗമസ്ഥലിയായിരുന്നു ഉസ്താദ്. അല്ലാഹു പരലോക ദറജ ഏറ്റി നൽകട്ടെ - ആമീൻ.
Post a Comment