സി.എച്ച് ഹൈദ്രോസ് മുസ്ലിയാർ: ഇഖ്ലാസ് മുഖമുദ്രയാക്കി ഇങ്ങനെ ഒരു മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നു..


 
മൗലാന അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ ശിഷ്യന്മാരില്‍ പ്രധാനി ചീരങ്ങന്‍ മുഹമ്മദ് മുസ്ലിയാരുടെ മകനായി വാളക്കുളം പുതുപ്പറമ്പിലാണ് സി.എച്ച് ഹൈദ്രോസ് മുസ്ലിയാര്‍ ജനിച്ചത്. കോട്ടക്കല്‍ പാലപ്ര പള്ളിയിലെ മുദരിസ്സും, ഖത്വീബുമായിരുന്ന കരിപ്പള്ളി ഹൈദ്രോസ് മുല്ലായുടെ മകള്‍ ഫാത്വിമയാണ് മാതാവ്. പ്രസവിച്ചതിന്റെ പിറ്റേദിവസം തന്നെ മാതാവ് മരണപ്പെട്ടതിനാല്‍ അദ്ധേഹത്തിന് മുലകുടി ബന്ധത്തില്‍ ഒന്നിലധികം ഉമ്മമാരുണ്ടായിരുന്നു. അവരോടെല്ലാമുള്ള കടപ്പാടുകള്‍ യഥാവിധി വീട്ടുന്നതില്‍ ആ മഹാന്‍ അതീവ ശ്രദ്ദാലുവായിരുന്നു. അക്കാലത്ത് അബ്ദുല്‍ ബാരിയുടെ സാനിധ്യത്തില്‍ സമസ്തയുടെ മുശാവറ യോഗങ്ങള്‍ പുതുപ്പറമ്പിലാണ് ചേരാറുണ്ടായിരുന്നത്. അത് കൊണ്ട് ചെറുപ്പത്തില്‍ തന്നെ ഉന്നത ശീര്‍ഷരായ പണ്ഡിതന്മാരുമായി ഇടപഴകാനും, അവര്‍ക്ക് ഖിദ്മത്ത് ചെയ്യാനും സി.എച്ച് ഉസ്താദിന് ഭാഗ്യം ലഭിച്ചു. അഭിമാനത്തോടെ പലപ്പോഴും അദ്ദേഹമത്  പറയാറുണ്ടായിരുന്നു. 

  സ്വദേശത്തുവെച്ചുള്ള പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ,ക്ലാരി മൂച്ചിക്കല്‍,സി കെ മുഹമ്മദ് കുട്ടി മുസ്ലിയാരുടെയും ശേഷം ചേറൂരില്‍ പ്രസിദ്ധ പണ്ഡിതന്‍ പുവ്വാടന്‍ മൊയ്തൂന്‍ ഹാജിയുടെയും ദര്‍സില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു. ഉപരിപഠനാര്‍ത്ഥം വെല്ലൂര്‍ ബാഖിയാത്തില്‍ പോയി ബിരുധം കരസ്ഥമാക്കി.

ബാഖിയാത്തില്‍ നിന്ന് വന്ന ശേഷം ഊരകം കോണിത്തോട് പള്ളിയില്‍ മുദരിസായി സ്ഥാനമേറ്റു. വര്‍ഷം തോറുമുള്ള മത പ്രസംഗ പരമ്പരയില്‍ പങ്കാളിയാകുന്നതിനാല്‍ കോണിത്തോട്ടുകാര്‍ക്ക് സി.എച്ച് ഉസ്താദ് സുപരിചിതനായിരുന്നു.കോണിത്തോട് മുസ്ലിയാര്‍ എന്ന പേരിലാണ് പിന്നീടദ്ധേഹം അറിയപ്പെട്ടിരുന്നത്.1969ല്‍ സ്മസ്ത ഓര്‍ഗനൈസറായി ചാര്‍ജ്ജെടുക്കുന്നത് വരെ അവിടെ തന്നെ അദ്ധേഹം സേവനം ചെയ്തു. ഒരു വര്‍ഷത്തിന് ശേഷം എടക്കുളത്ത് മുദരിസായി സ്ഥാനമേറ്റു.1977ല്‍ മഹല്ല് ഫെഡറേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതില്‍ അദ്ദേഹം കര്‍മ്മ രംഗത്തിറങ്ങി. ദര്‍സിന്റെ ചുമതല തന്റെ പ്രധാന ശിഷ്യനും,നാട്ടുകാരനുമായിരുന്ന ടി.അഹ്മദ് ഹാജി ഫൈസിയെ ഏല്‍പിക്കുകയായിരുന്നു. യാത്രയില്‍ ഏതു വാഹനത്തിനും കൈകാണിക്കുക അദ്ധേഹത്തിന്റ സ്വഭാവമായിരുന്നു.ഒരിക്കല്‍ പോലീസ് ജീപ്പ് കൈകാണിച്ച് നിര്‍ത്തി എന്താ പോലീസ് ജീപ്പാണെന്നറിഞ്ഞ് കൂടെ എന്ന ഉദ്യോഗസ്ഥന്റെ ഗൗത്തോടെയുള്ള ചോദ്യത്തിന് പോലീസിലും ഇല്ലേ മനുഷ്യര്‍ എന്നായിരുന്നു മഹാന്റെ പുഞ്ചുരിച്ചുള്ള മറുപടി.

വൈജ്ഞാനിക രംഗത്ത് വിപ്ലവം സൃഷ്ടിച്ചു കൊണ്ട് വടവൃക്ഷമായി പടർന്നു പന്തലിച്ച സമസ്ത ഇസ്ലാംമത വിദ്യാഭ്യാസ ബോർഡിൻ്റെ മദ്രസാ പ്രസ്ഥാനത്തിനു വേണ്ടി ശൈഖുന ചെയ്ത സേവനങ്ങൾ വിലമതിക്കാനാവാത്തതാണ് .

ഭാവി തലമുറക്ക് വിദ്യ നുകരാൻ പാകത്തിൽ ഇന്ന് ഉയർന്നു നിൽക്കുന്ന കേരളത്തിലേയും അയൽ സംസ്ഥാനങ്ങളിലേയും ജിസിസി രാജ്യങ്ങയിലേയും പല മദ്രസകൾക്കു പിന്നിലും ആ പണ്ഡിതൻ്റെ സാരോപദേശവും ആ വിയർപ്പും ആ ഇടപെടലും ഉണ്ടായിരുന്നു.

സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും ഇന്നു കാണുന്ന ഈ വികാസത്തിനു പിന്നിൽ ആ നിഷ്കളങ്ക പ്രവർത്തനത്തിൻ്റെ ചൂടും ചൂരുമുണ്ടായിരുന്നു.
മത ഭൗതിക വിദ്യാഭ്യാസത്തിൻ്റെ ഈറ്റില്ലമായി തല ഉയർത്തി നിൽക്കുന്ന ദാറുൽ ഹുദായുടെ വളർച്ചക്കും ഉയർച്ചക്കും ദാറുൽ ഹുദായുടെ ശില്പി കൂടിയായ ആ പണ്ഡിത നേതാവിൻ്റെ വിലമതിക്കാനാവാത്ത ത്യാഗോജ്ജ്വലമായ ഒട്ടേറെ സംഭാവനകൾ ഉണ്ടായിരുന്നു.

പണ്ഡിത ലോകത്തിനു തന്നെ മാതൃകയായ ആ പണ്ഡിതൻ വിട പറഞ്ഞ ദിവസം കൂടിയാണ് ഇന്ന്.

ആ പുണ്യപുരുഷനേയും നമ്മേയും നാഥൻ അവൻ്റെ സ്വർഗ്ഗപൂങ്കാവനത്തിൽ ഒരുമിച്ചുകൂട്ടട്ടെ ആമീൻ