ദിവസങ്ങൾക്ക് മുമ്പ് വഫാത്തായ N K ഉസ്താദ് റഈസുൽ ഉലമ കാളമ്പാടി ഉസ്താദിനെ അനുസ്മരിച്ച് സത്യധാരയിൽ എഴുതിയ ലേഖനം.


ദിവസങ്ങൾക്ക് മുമ്പ് വഫാത്തായ കേരള സംസ്ഥാന ജംഇയത്തുൽ ഉലമയുടെ പ്രസിഡന്റായിരുന്ന N K ഉസ്താദ് റഈസുൽ ഉലമ കാളമ്പാടി ഉസ്താദിനെ അനുസ്മരിച്ച് സത്യധാരയിൽ എഴുതിയ ലേഖനം.

***************************************
കിതാബുകളിൽ_ജീവിച്ച_മഹാൻ
      - NK മുഹമ്മദ് മുസ്ലിയാർ

വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിന്റെ തിരു മുറ്റത്ത് വെച്ചാണ് കൂട്ടിലങ്ങാടിക്കാരനായ ഞാനും കാളമ്പാടിയിലെ മുഹമ്മദ് മുസ്ലിയാരും തമ്മിലെ ബന്ധം സുദൃഢമാകുന്നത്. രണ്ടാളുടെയും ജീവിതത്തിന്റെ വഴികളിൽ പലപ്പോഴും ഏകാത്മകത പ്രകടമാകുന്നുണ്ട്. 
അദ്ദേഹം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അദ്ധ്യഷ പദവിയിലെ വിനയസാന്നിധ്യമായിരുന്നെങ്കിൽ ഈ എളിയൻ കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ സ്റ്റേറ്റ് പ്രസിഡണ്ടാണ്.

ഇന്ന് എനിക്ക് കാളമ്പാടിയേക്കാൾ 2 വയസ് കൂടുതലുടെങ്കിലും പ്രായം തളർത്താത്ത യുവത്വത്തിന്റെ പ്രസരിപ്പോടെ ഓർമ വെച്ച നാൾ മുതൽ കണ്ട് പരിചയമുള്ള ഇളം പ്രായത്തിൽ തന്നെ ഉഖ്റവീ ചിന്തയോടെ ജീവിതം നയിച്ച കാളമ്പാടി മുഹമ്മദ് മുസ്ലിയാരെ ഓർത്തെടുക്കയാണ് ഞാനിപ്പോൾ
        ദർസ് ജീവിതക്കാലത്ത് ഞങ്ങൾ രണ്ടാളും വ്യത്യസ്ത ദിശകളിലായിരുന്നു. അടുത്ത നാട്ടുക്കാരായ 2 മുതഅല്ലിമുകൾ എന്ന രീതിയിലുള്ള പരിചയം മാത്രമായിരുന്നു. പലപ്പോഴും കാണും എന്തെങ്കിലുമൊക്കെ പറയും .അത്ര മാത്രം
           പിന്നീട് ഉപരിപഠനാർത്ഥം ഞങ്ങൾ വ്യത്യസ്ത ഉസ്താദുമാർക്ക് കീഴിൽ നിന്നാണ് വെല്ലൂരിലെത്തുന്നത്. ഞാൻ വണ്ടൂരിൽ നിന്ന് സ്വദഖത്തുല്ല ഉസ്താദിന്റെ അടുക്കൽ നിന്നും കാളമ്പാടി ഉസ്താദ് ശൈഖുനാ കോട്ടുമല ഉസ്താദിന്റെ അടുക്കൽ നിന്നും . കിടങ്ങഴി U അബ്ദുറഹ്മാൻ മുസ്ലിയാർ, ഇണ്ണി മുഹമ്മദ് മുസ്ലിയാർ, ok അർമിയാഅ് മുസ്ലിയാർ, ആദ്യശ്ശേരി മുഹമ്മദ് മുസ്ലിയാർ തുടങ്ങിയവരുമുണ്ടായിരുന്നു അന്ന് കേരളത്തിൽ നിന്ന് വെല്ലൂരിലെത്തിയവർ.1958 ലാണത്. ഒരേ വർഷമാണ് ഞങ്ങളവിടെ എത്തിയതെങ്കിലും ഞാനും കാളമ്പാടിയും ആദ്യവർഷം പരസ്പരം ക്ലാസുകളിൽ സംഗമിച്ചിരുന്നില്ല
.കാരണം ഞാൻ മുത്വവ്വലിലേക്കും അദ്ദേഹം മുഖ്തസ്വറിലേക്കുമാണ് അഡ്മിഷൻ നേടിയിരുന്നത്. വ്യത്യസ്ത റൂമും വ്യത്യസ്തമായ ക്ലാസും ആയത് കൊണ്ട് എപ്പോഴെങ്കിലുമൊക്കെ കാണും, സംസാരിക്കും അത്ര മാത്രം എന്നാൽ രണ്ടാം വർഷം അദ്ദേഹം മുത്വവ്വലിലെത്തിയതോടെ ഞങ്ങൾ തമ്മിലെ ബന്ധം ശക്തമായി മാറി.
            ഞങ്ങൾ തമ്മിൽ നല്ല സൗഹൃദമായിരുന്നു നിലനിന്നിരുന്നത്. പക്ഷേ അദ്ദേഹത്തിന്റെ സൗഹൃദ ചിന്തകൾ ഒച്ചപ്പാടുകൾ നിറഞ്ഞതായിരുന്നില്ല. സൗമ്യമായ പെരുമാറ്റം, ആത്മാർത്ഥവും നിഷ്ക്കളങ്കവുമായ ഇടപെടൽ, സ്നേഹം മുറ്റിനിൽക്കുന്ന ആത്മബന്ധത്തിന്റെ ശേഷിപ്പായി ഞങ്ങൾക്കിടയിലെ ജീവിതം വെല്ലൂരിൽ സുന്ദരമായി പരന്നൊഴുകി.
    കാളമ്പാടി ഉസ്താദ് ഞങ്ങൾക്കിടയിൽ വ്യത്യസ്തനായിരുന്നു. അധികം സസാരിക്കാനൊന്നും അദ്ദേഹത്തെ ആർക്കും കിട്ടുമായിരുന്നില്ല. ആവശ്യത്തിന് അത്യാവശ്യങ്ങൾ മാത്രം പറയുന്ന സ്വഭാവ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത് .അല്ലെങ്കിൽ അധിക സംസാരം അദ്ദേഹം ഒരു കാലത്തും ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് പറയുന്നതാവും ശരി.
      ഏത് സമയത്തും കിതാബിന്റെ ഇബാറത്തുകളിലൂടെയുള്ള സഞ്ചാരം എന്ന് വേണമെങ്കിൽ കാളമ്പാടിയുടെ ഞാനനുഭവിച്ച വെല്ലൂരിലെ ജീവിതത്തെ വേണമെങ്കിൽ ചുരുക്കി വിളിക്കാം. മുതഅല്ലിമിന്റെ മുതാലഅ ഏത് രീതിയിലാവണമെന്നതിന് ഉദാഹരണമായി അക്കാലത്തെ അദ്ദേഹത്തിന്റെ ജീവിതത്തെ എടുത്ത് പറയാം
        ഞങ്ങൾ സുഹൃത്തുകൾ തമ്മിൽ തമാശ പറയുകയാണെങ്കിൽ അദ്ദേഹം അവിടെ ഇരിക്കാറില്ല. ആ സദസ്സിൽ നിന്ന് എഴുന്നേറ്റ് പോവുമായിരുന്നു. ചില ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ ഞങ്ങൾ വെറുതെ നടക്കാനിറങ്ങും. എന്നാൽ അതിനൊന്നും കാളമ്പാടിയെ കാട്ടുമായിരുന്നില്ല. ആ സമയങ്ങളിലും അദ്ദേഹം ഏതെങ്കിലും കിതാബുകൾ തുറന്നു വെച്ചിരുന്ന് ഓതുകയായിരിക്കും. കിതാബിയ്യായ ജീവിതത്തിനപ്പുറത്തേക്കുള്ള ഒന്നിനെയും അദ്ദേഹം വലിയ കാര്യമായെടുത്തിരുന്നില്ല. അതിന്റെ ഫലവും ആ ജീവിതത്തിൽ എന്നും കാണാറുണ്ടായിരുന്നു.
       കിതാബ് മുതാലഅ ചെയ്യുന്ന സന്ദർഭത്തിൽ അദ്ദേഹമായിരുന്നു അധിക സമയത്തും വായിച്ചോത്തിന് നേതൃത്വം നൽകിയിരുന്നത് പരീക്ഷക്കാലം വന്നാൽ പൊതുവെ കിതാബിൽ തന്നെ മുഴുകി സമയങ്ങൾ തള്ളിനീക്കിയിരുന്ന അദ്ദേഹത്തിന് പ്രത്യേക ആവേശമായിരുന്നു. രാത്രിയുടെ യാമങ്ങളിലും പലരുമുറങ്ങുമ്പോഴും കാളമ്പാടി മുഹമ്മദ് മുസ്ലിയാർ എന്ന വിദ്യാർത്ഥി കിതാബിന്റെ വരികൾക്കിടയിലൂടെയുള്ള സഞ്ചാരത്തിലായിരിക്കും. എല്ലാ സന്തോഷങ്ങളും ആനന്ദങ്ങളും അതിലൂടെയായിരുന്നു അദ്ദേഹം കണ്ടെത്തിയത്. മറ്റെന്തെങ്കിലും കാര്യങ്ങളിൽ മുഴുകി സമയം പാഴാക്കുന്ന സ്വഭാവം അദ്ദേഹത്തിന്റെ ഡിക്ഷണറിയിലുണ്ടായിരുന്നില്ല
                  ഒരു വർഷത്തിൽ റബീഉൽ അവ്വലിലും പിന്നെ റമളാനിലമായിരുന്നു അന്ന് കോളേജിന് അവധി ഉണ്ടായിരുന്നത് .ഒപ്പം തന്നെയായിരുന്നു ഞങ്ങളൊക്കെ നാട്ടിൽ വന്നിരുന്നതും മടങ്ങി പോയിരുന്നതും. ശൈഖ് ഹസ്സൻ ഹസ്രത്ത്, അബൂബക്കർ ഹസ്രത്ത്, ആദം ഹസ്രത്ത് എന്നിവരുമായും നല്ല ബന്ധമായിരുന്നു കാത്തുസൂഷിച്ചിരുന്നത്.
              
 1960ലാണ് ഞാൻ വെല്ലൂരിൽ നിന്ന് ബിരുദമെടുത്ത് പോന്നത് കാളമ്പാടി ഉസ്താദ് 1961 ലും . അവിടെന്ന് വിട്ട ശേഷം ചപ്പാരപ്പടവിലാണ് ഞാൻ ആദ്യമായി ജോലിയേറ്റെടുക്കുന്നത്. അന്ന് തന്നെ സുന്നി രംഗത്ത് സജീവമായി ഉണ്ടായിരുന്നു ഞാൻ .ചപ്പാരപ്പടവിൽ സേവനം ചെയ്യുന്ന കാലത്താണ് ഞാൻ സമസ്ത മുശാവറയിൽ എത്തുന്നത്.
             1971ലാണല്ലോ കാളമ്പാടി മുശാവറയിലെത്തുന്നത്. അന്ന് കാളമ്പാടിയെ മുശാവറയിലെടുക്കാനുള്ള ചർച്ചക്ക് തുടക്കമിട്ടത് ഞാനായിരുന്നു ആരെങ്കിലുമൊക്കെ മരണപ്പെട്ട ഒഴിവിലേക്കായിരുക്കും പുതിയ ആളുകളെ തെരഞ്ഞെടുക്കാറുണ്ടായിരുന്നത്. അന്ന് പുതിയ ആളുകളെ തെരഞ്ഞെടുക്കാനുള്ള ചർച്ച തുടങ്ങിയപ്പോൾ ഞാൻ കോട്ടുമല അബൂബക്കർ മുസ്‌ലിയാരോട് പറഞ്ഞു, നമുക്ക് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരെ സമസ്ത മുശാവറയിലെടുത്ത് കൂടെ ... അദ്ദേഹം അതിന് ഏറ്റവും അർഹനാണു താനും.
            ഇത് കേട്ടപ്പോൾ കോട്ടുമല ഉസ്താദ് പറഞ്ഞു: എങ്കിൽ ഈ വിവരം നീ ശംസുൽ ഉലമയോട്  പറഞ്ഞോളൂ ....
അങ്ങനെ ഞാൻ കോട്ടുമല ഉസ്താദിന്റെ നിർദ്ദേശപ്രകാരം Ek ഉസ്താദിനോട് കാളമ്പാടിയെ പറ്റി ധരിപ്പിച്ചു. കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ കോട്ടുമല ഉസ്താദിന്റെ ശിഷ്യനായത് കൊണ്ട് അന്യേഷിച്ചാൽ മതിയെന്നും പറഞ്ഞു. അങ്ങനെ ശൈഖുനാ ശംസുൽ ഉലമ അദ്ദേഹത്തോട് കാളമ്പാടിയെ പറ്റിയുള്ള വിവരം ആരായുകയും തികഞ്ഞ ആളാണെന്ന് ബോധ്യപ്പെട്ടപ്പോൾ അദ്ദേഹത്തെ മുശാവറയിലെടുക്കാൻ തീരുമാനിക്കുകയും ചെയ്തു.
       
ഞാനും കാളമ്പാടി ഉസ്താദുമൊക്കെ അന്ന് മുശാവറയിൽ പിറക് വശത്താണ് ഇരിക്കാറുണ്ടായിരുന്നത്. ബാക്കിയുള്ള വലിയ വലിയ ഉസ്താദുമാർ പറയുന്നത് കേട്ടിരിക്കും. വെല്ലൂരിൽ നിന്ന് വിട്ട ശേഷം വ്യത്യസ്ത സ്ഥലങ്ങളിലായിരുന്നു ജോലി ചെയ്തിരുന്നത് എന്നത് കൊണ്ട് പിന്നീട് അടുത്ത് ബന്ധപ്പെടാൻ അവസരങ്ങൾ കുറവായിരുന്നു. മുശാവറ നടക്കുന്ന സമയത്ത് കണ്ട് മുട്ടും, പിന്നെ ഏതെങ്കിലുമൊക്കെ യാത്രക്കിടയിൽ വെച്ച് മലപ്പുറത്ത് വെച്ചോ മറ്റോ വല്ലപ്പോഴുമൊക്കെ കാണാറുണ്ടായിരുന്നു കണ്ട് മുട്ടു മ്പോഴൊക്കെ വല്ലതും പറയും പങ്ക് വെക്കും അത്ര തന്നെ.
         മുശാവറയിലെത്തിയ ശേഷം കാളമ്പാടി ഉസ്താദ് സജീവമായി സമസ്തയുടെയും സുന്നത്ത് ജമാഅത്തിന്റെയും വേദിയിൽ രംഗത്ത് വന്ന് തുടങ്ങി.

    1975 ന് ശേഷം ഞാൻ സമസ്തയുടെ പ്രവർത്തന രംഗത്ത് നിന്ന് ചില കാരണങ്ങളാൽ മാറി നിന്നതോടെ ഞാനും അദ്ദേഹവും തമ്മിൽ കാണാനുള്ള സാഹചര്യം കുറഞ്ഞ് വന്നു .എങ്കിലും കാണുന്ന സന്ദർഭങ്ങളിലൊക്കെ നല്ല രീതിയിലുള്ള വ്യക്തി ബന്ധമുണ്ടായിരുന്നു .കുറച്ച് മുമ്പ് കോഴിക്കോട് ഒരു ഹിഫ്ള് കോളേജുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കിടെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. അന്ന് ആരോഗ്യ വിവരങ്ങളൊക്കെ പരസ്പരം പങ്ക് വെക്കുകയുണ്ടായി.
ഏതായാലും കാളമ്പാടി ഉസ്താദ് യാത്രയായി . ചെറുപ്പകാലത്ത് തന്നെ നല്ല തഹ്‌ഖീഖുള്ള ആലിമായിരുന്നു എന്നതിന് പുറമെ നല്ല തഫ്ഹീമിനുള്ള ശേഷിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഉഖ്റവിയ്യായ ബോധമുള്ള അല്ലാഹുവിന്റെ ഒരു നല്ല അടിമയായിരുന്നു മഹാനവർകൾ . ചുരുക്കത്തിൽ കാളമ്പാടി ഉസ്താദ് ജീവിതത്തിൽ ലാളിത്യവും വിനയവും താഴ്മയും പ്രകടിപ്പിച്ച നല്ല കഴിവുറ്റൊരു വ്യക്തിത്വമായിരുന്നു. ഓർമ വെച്ച നാൾ മുതൽ കണ്ട് പരിചയമുള്ള ആ മുഖം ഇനി ഇവിടെ വെച്ച് കാണില്ല .അല്ലാഹു മഗ്ഫിറത്ത് നൽകട്ടെ.... സ്വർഗലോകത്ത് വെച്ച് കണ്ട് മുട്ടാനുള്ള ഭാഗ്യം അല്ലാഹു നമുക്ക് നൽകട്ടെ
           കുട്ടിക്കാലത്തു തന്നെ കണ്ട് പരിചയപ്പെടുകയും വെല്ലൂരിൽ വെച്ച് ശക്തിപ്പെടുകയും പിന്നീട് വഴിമാറിയൊഴുകിയിട്ടും പരസ്പരം മായാതെയും മറയാതെയും ജീവിച്ചിരുന്നു ഈ വിനീതനും കാളമ്പാടി ഉസ്താദും

.അവസാനം വഫാത്തായെന്ന് കേട്ടപ്പോൾ ആരോഗ്യം വകവെക്കാതെ പഴയ കൂട്ടുക്കാരനെയൊന്ന് അവസാന നോക്ക് കാണാൻ, ഒന്ന് ദുആ ചെയ്യാൻ, മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകാൻ ഞാനും എത്തിയിരുന്നു. 
ഒരു ഉദാത്തമായ സൗഹൃദത്തിന്റെ തീർത്താൽ തീരാത്ത കടപ്പാട് പൂർത്തിയാക്കാനെന്നോണം ...!