കൊറോണ വൈറസ് ചൈനീസ് ലാബിൽ നിന്ന് ചോർന്നതെന്ന് ഞെട്ടിക്കുന്ന യു.എസ് റിപ്പോർട്ട്

വാഷിംഗ്ടൺ: ലോകരാജ്യങ്ങളെ പിടിച്ചുലച്ച കൊറോണ വൈറസ് ചൈനയിലെ വുഹാൻ ലാബിൽ നിന്ന് ചോർന്നതാണെന്ന് യു.എസിന്റെ പഠനറിപ്പോർട്ട്. യുഎസിലെ ദേശീയ പരീക്ഷണശാല പുറത്തുവിട്ട റിപ്പോർട്ട് വാൾസ്ട്രീറ്റ് ജേണലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
    2020 മെയ് മാസത്തിൽ സർക്കാരിനു കീഴിലുള്ള  കാലിഫോർണിയയിലെ ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
    വൈറസിന്റെ ഉത്ഭവം ചൈനയിലെ ലാബിൽ നിന്നാണെന്നും ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.മുൻ യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അധികാരം ഒഴിയാൻ മാസങ്ങൾ  മാത്രം ബാക്കി നിൽക്കെ വിദേശകാര്യവകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് പഠനം നടത്തിയത്. കൊറോണ വൈറസിന്റെ ജീനുകളെ പഠനവിധേയമാക്കിയാണ് ലബോറട്ടറി പഠന റിപ്പോർട്ട് തയ്യാറാക്കിയതെന്നും വാൾസ്ട്രീറ്റ് ജേണൽ പറയുന്നു.
     ചൈന കൊറോണ വൈറസ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു മുമ്പ് 2019 നവംബറിൽ വുഹാനീലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്ന് ഗവേഷകർ രോഗബാധിതരായി ചികിത്സ തേടിയിരുന്നു എന്ന് യു.എസ് രഹസ്യാന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
    കൊറോണവൈറസ് ഉത്ഭവിച്ചത് ചൈനയിലെ ലബോറട്ടറിയിൽ നിന്നാണോ എന്ന ആരോപണം അന്വേഷിക്കാൻ ഉള്ള അമേരിക്കൻ തീരുമാനത്തെ വിമർശിച്ച് ചൈന രംഗത്തെത്തിയിരുന്നു. ഇക്കാര്യം അന്വേഷിക്കാൻ യു.എസ് പ്രസിഡണ്ട് ജോ ബൈഡൻ ഉത്തരവിട്ടതിന് പിന്നാലെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇതിനെതിരെ രംഗത്തുവന്നത്. അതിനിടെ, കൊറോണ വൈറസിനെ ഉത്ഭവവുമായി ബന്ധപ്പെട്ട് സുതാര്യമായ രീതിയിൽ വിവരങ്ങൾ കൈമാറാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ ചൈനക്കു മേൽ സമ്മർദ്ദം ചെലുത്തുമെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജയ്ക് സുള്ളിവൻ പറഞ്ഞു. ഇക്കാര്യത്തിൽ സത്യം വെളിച്ചത്തുകൊണ്ടുവരാൻ യു.എസ് സ്വന്തം നിലയ്ക്കു ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
      അതേസമയം, കോവിഡ് ഉത്ഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കൈമാറാൻ ചൈനയെ നിർബന്ധിക്കാൻ ലോകാരോഗ്യസംഘടനയ്ക്കു കഴിയില്ലെന്ന് ഡബ്ല്യു.എച്ച്.ഒ അടിയന്തര പദ്ധതി ഡയറക്ടർ  മൈക് റയാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.