യുവ പണ്ഡിതരുടെ ഗുരുനാഥൻ - ഉസ്താദ് സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര
✒️സി.കെ ബഷീർ ഫൈസി അരിപ്ര
ഉസ്താദ് സി കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര
അറിവിൻ്റെയും അദബിൻ്റെയും സമന്വയം,
ആത്മാർത്ഥ പരിശ്രമത്തിൻ്റെ ആൾരൂപം.
ഈ തണൽ ഒരുപാട് കാലം നൽകണേ അല്ലാഹ്... ആമീൻ
നാലു മദ്ഹബിലും മതവിധി നൽകാൻ പ്രാപ്തിയുണ്ടായിരുന്ന, മഹാ പണ്ഡിതനും സൂഫീവര്യനും സമസ്തയുടെ ആദ്യകാല മുശാവറ അംഗവുമായിരുന്ന സി കെ മൊയ്ദീൻ ഹാജി(ബാഖവി)യുടെ രണ്ടാമത്തെ പുത്രൻ പണ്ഡിത പ്രതിഭയും വിനയത്തിൻ്റെ വജ്രരൂപവുമായ സി കെ മുഹമ്മദ് സഈദ് മുസ്ലിയാരുടെയും
പെരിമ്പലം ശൈഖ് യൂസുഫുൽ ഫള്ഫരിയുടെ പുത്രൻ കുഞ്ഞിമുഹമ്മദ് മുസ്ലിയാരുടെ മകൾ ആയിഷ ഹജ്ജുമ്മയുടെയും പുത്രനായി 1970 ൽ ജനനം..
SSLC ക്ക് ശേഷം കടമേരി റഹ്മാനിയ്യ അറബിക് കോളേജിൽ എട്ട് വർഷത്തെ മതഭൗതിക പഠനം.
കോട്ടുമല ബാപ്പു മുസ്ലിയാർ ,അരീക്കൽ അബ്ദുറഹ്മാൻ മുസ്ലിയാർ,അരീക്കൽ ഇബ്റാഹീം മുസ്ലിയാർ ,തവളേങ്ങൽ കുഞ്ഞഹമ്മദ് മുസ്ലിയാർ,എം ടി അബ്ദുല്ല മുസ്ലിയാർ, സയ്യിദുൽ ഉലമ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ, മൊയ്തീൻ മുസ്ലിയാർ മഞ്ചേരി (കോഡൂർ ഉസ്താദ്) തുടങ്ങിയ മഹാരഥന്മാരായിരുന്നു അന്നവിടത്തെ ഗുരുവര്യർ.
ശേഷം രണ്ട് വർഷം പട്ടിക്കാട് ജാമിഅ: നൂരിയ്യ അറബിയ്യ:യിൽ ഉപരിപഠനം.
കാളമ്പാടി മുഹമ്മദ് മുസ്ലിയാർ, കുമരംപുത്തുർ എ പി മുഹമ്മദ് മുസ്ലിയാർ, കരുവാരക്കുണ്ട് കെ കെ ഉസ്താദ്, കിടങ്ങഴി അബ്ദുറഹ്മാൻ മുസ്ലിയാർ, ചേലക്കാട് ഉസ്താദ്,ശൈഖുൽ ജാമിഅ: ആലിക്കുട്ടി മുസ്ലിയാർ, കോട്ടുമല മൊയ്ദീൻ കുട്ടി മുസ്ലിയാർ തുടങ്ങിയ മഹാന്മാരാണ് ജാമിഅ: യിലെ ഗുരുവര്യർ.
1995ൽ ഒന്നാം റാങ്കോടെ ഫൈസി ബിരുദം നേടി.
ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ നിന്ന് ട്രൈനിങ്ങ് കോഴ്സും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് MA മലയാളവും അറബിയും പൂർത്തീകരിച്ചു.
ഇപ്പോൾ "കേരളപള്ളിദർസ് സിലബസും അറബി ഭാഷയുടെ പുരോഗതിയിൽ അത് വഹിച്ച പങ്കും " എന്ന വിഷയത്തിൽ തിരൂർ മലയാള സർവ്വകലാശാലയിൽ PhD ചെയ്തു കൊണ്ടിരിക്കുന്നു.
അഞ്ച് വർഷം ഏലംകുളം ജുമാ മസ്ജിദിലും ശേഷം
ഇരുപത്തിരണ്ട് വർഷമായി ആലത്തൂർ പടി (പഴമക്കാർ പൊടിയാട് പള്ളി എന്ന് പറയും) പള്ളിയിൽ ദർസ് നടത്തിക്കൊണ്ടിരിക്കുന്നു.
ആലി മുസ്ലിയാർ, പിതാമഹൻ സി കെ മൊയ്ദീൻ ഹാജി, അബ്ദുറഹ്മാൻ ഫള്ഫരി ,എ പി അബ്ദുറഹ്മാൻ മുസ്ലിയാർ കുമരം പുത്തൂർ ,കെ കെ ഹസ്രത്ത് ,ഒ കെ സൈനുദ്ദീൻ മുസ്ലിയാർ, കിടങ്ങഴി അബ്ദുറഹ്മാൻ മുസ്ലിയാർ, പൊന്മള ഫരീദ് മുസ്ലിയാർ ,കെ സി ജമാലുദ്ദീൻ മുസ്ലിയാർ, അൻവർ അബ്ദുള്ള ഫള്ഫരി തുടങ്ങിയ പണ്ഡിത പ്രതിഭകളുടെ ജ്ഞാനപ്രസരണത്തിൻ്റെ പ്രകാശകിരണങ്ങൾ വെട്ടിത്തിളങ്ങിയ ആലത്തൂർ പടി ജുമാ മസ്ജിദിൽ രണ്ടു പതിറ്റാണ്ടിലേറെയായി ദർസ് നടത്താൻ ഭാഗ്യം ലഭിക്കുന്നത് വലിയ തൗഫീഖ് തന്നെ.
ഇരുന്നൂറിലേറെ വിദ്യാർത്ഥികളുമായി
ജ്ഞാനപ്രസരണത്തിൻ്റെ പാരമ്പര്യവഴിയിൽ ജൈത്രയാത്ര തുടരുന്നു..
അൽഹംദുലില്ലാഹ്.
2002 മുതൽ മുന്നോ നാലോ വർഷം ഒഴികെ മുഴുവൻ വർഷങ്ങളിലും ഉപരിപഠനാർത്ഥം ദർസീസന്തതികൾ പട്ടിക്കാട് ജാമിഅ: യിലെത്തിയിട്ടുണ്ട്.വിവിധ വർഷങ്ങളിലായി ജാമിഅ: ഫൈനൽ പരീക്ഷയിൽ ഇരുപത് റാങ്കുകൾ ദർസിലെ പൂർവ്വ വിദ്യാർത്ഥികൾ നേടിയിട്ടുണ്ട് .(പതിനൊന്ന് ഫസ്റ്റ് റാങ്കും നാല് സെക്കൻ്റ് റാങ്കും അഞ്ച് തേഡ് റാങ്കും) ഇരുപത്തേഴ് വർഷത്തെ ദർസ്അധ്യാപന കാലയളവിനിടയിൽ ഇത് മഹത്തായ തൗഫീഖ് തന്നെ.
ശക്തിക്കെതിരെ ഭക്തി ,
ഖുർആൻ പഠനവും പാരായണവും,
ഇസ്ലാമിക സമ്പത് വ്യവസ്ഥ,
റാഇയ്യത്തു സുഗ്റാ (വിവർത്തനം),
ജീവിതം നാളേക്ക് വേണ്ടി,
അരിപ്ര മൊയ്തീൻ ഹാജി (ജീവചരിത്രം)
തുടങ്ങിയ മലയാള രചനകളും
سيرة الشيخ محي الدين الأرفراوي ،
حركة التدريس في مساجد مليبار ،
مناقب الشيخ المخدوم الثاني
(സൈനുദ്ദീൻ മഖ്ദൂം തങ്ങളുടെ മൗലിദ് )
نسيم المدينة ,
الإنسان الكامل.
(കവിതാ സമാഹാരങ്ങൾ)
الكافية في علمي العروض والقافية.
എന്നീ അറബീ രചനകളും മുടങ്ങാത്ത ദർസീ ജീവിതത്തിനിടയിൽ ലഭ്യമാകുന്ന സമയങ്ങളുപയോഗപ്പെടുത്തിയതിൻ്റെ ഫലമായി ആ തൂലികയിൽ നിന്നുദിച്ചതാണ്.
ജാമിഅ: നൂരിയ്യ: ഗോൾഡൻ ജൂബിലി സമ്മേളനത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 50 ഫൈസികൾക്ക് കോട്ടുമല അബൂബക്കർ മുസ്ലിയാർ സ്മാരക അവാർഡ് നൽ കിയപ്പോൾ അതിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു (ദർസീ മേഖലയിലെ മികച്ച സേവനത്തിന് )
SYS മലപ്പുറം ജില്ലാ കമ്മറ്റി നൽകുന്ന മികച്ച മുദരിസിനുള്ള
ശിഹാബ് തങ്ങൾ സ്മാരക അവാർഡ് (2014) ലഭിച്ചതും ദർസിനുള്ള അംഗീകാരം തന്നെ.
ചെമ്മാട് ദാറുൽ ഹുദായിൽ പരീക്ഷാ ബോർഡ് മെമ്പറായി സേവനം ചെയ്തിട്ടുണ്ട് .
2001 മുതൽ ജാമിഅ: നൂരിയ്യ പരീക്ഷാ ബോർഡ് മെമ്പറാണ്.
സമസ്ത മലപ്പുറം ജില്ലാ മുശാവറ മെമ്പർ,
സമസ്ത കേരള ജംഇയ്യത്തുൽ മുദരിസീൻ മലപ്പുറം ജില്ലാ ജന:സെക്രട്ടറി, SKIMVB ജനറൽ ബോഡി മെമ്പർ( സമസ്ത വിദ്യാഭ്യാസ ബോർഡ്), കടമേരി റഹ്മാനിയ്യ പരീക്ഷാ ബോർഡ് മെമ്പർ , ജാമിഅ പൂർവ്വ വിദ്യാർത്ഥി സംഘടന ഓസ്ഫോജന മങ്കട മണ്ഡലം ജന:സെക്രട്ടറി, കടമേരി റഹ്മാനിയ്യ അലുംനി ഫോറം( RAF )പ്രസിഡൻ്റ് എന്നീ ഉത്തരവാദിത്തങ്ങൾക്ക് കൂടി സമയം കണ്ടെത്തി സംഘടനാ രംഗത്തും സജീവമാണ്.
മാതാപിതാക്കളുടെയും മൂത്താപ്പ സി കെ മുഹമ്മദ് മുസ്ല്യാരുടെയും ആത്മീയ ഗുരു കണ്ണ്യാല മൗലയുടെയും ഗുരുത്വവും പൊരുത്തവും വേണ്ടുവോളം ലഭിച്ച അനുഗ്രഹീത വ്യതിത്വം.
അസ്ഹരി തങ്ങൾ, അരിമ്പ്ര ഉസ്താദ് ,തൃപ്പനച്ചി ഉസ്താദ്, അത്തിപ്പറ്റ ഉസ്താദ് തുടങ്ങിയ അനേകം മഹത്തുക്കളുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും നേടി കരുത്താർജിക്കാൻ ഭാഗ്യം ലഭിച്ചവർ.
പഠിപ്പിച്ച ഗുരുനാഥന്മാരുടെ സ്നേഹവും പ്രാർത്ഥനകളും അംഗീകാരങ്ങളും പ്രശംസകളും വേണ്ടുവോളം ലഭിച്ചിട്ടുണ്ട്. അവരുടെ മാർഗനിർദേശങ്ങൾക്കനുസരിച്ച് ദർസീ പ്രസ്ഥാനത്തിൻ്റെ ഉയർച്ചക്ക് വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുന്ന മാതൃകായോഗ്യനായ മുദരിസ്.
ഇനിയും ഒരു പാട് പണ്ഡിതന്മാരെ സമൂഹത്തിന് സമർപ്പിക്കാൻ അല്ലാഹു സൗഭാഗ്യം നൽകട്ടെ.. സർവ്വശക്തനായ നാഥൻ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി നമ്മുടെ കണ്ണുകൾക്കും മനസ്സിനും കുളിർമ്മ നൽകട്ടെ.. ആമീൻ.
Post a Comment