ആരാണ് ഡോ: തൈകാ ശുഐബ് ആലിം സാഹിബ്(ന.മ)


ഡോ തൈകാ ശുഐബ് ആലിം സാഹിബ്, ലോകത്തെ അഞ്ഞൂറ് മുസ്‌ലിം പ്രമുഖരുടെ ലിസ്റ്റിൽ ഇടം പിടിച്ച അതുല്യപ്രതിഭ. ഖാദിരീ അറൂസി ജലാലിയ്യാ ആത്മീയസരണിയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ശൈഖായിരുന്നു ആലിം സാഹിബ്. ഒരേ സമയം ഖുതുബുൽ ആലം സി എം വലിയ്യുല്ലാഹിയുടെ ശൈഖും മുരീദുമാണ് മഹാനവർകൾ. ഇരുവരും പരസ്പരം ഇജാസതുകൾ വാങ്ങുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ജന്മം കൊണ്ട് തമിഴ്നാട്ടിലെ കീളക്കര സ്വദേശി ആയിരുന്നുവെങ്കിലും അദ്ധേഹം ഏറെക്കാലം താമസിച്ചിരുന്നത് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടായിരുന്നു. 

ജലാലിയ്യ റാതീബ് എന്ന് കേൾക്കുമ്പോൾ ഏവരുടെയും മനസിലെത്തുന്ന നാമമാണ് ആലിം സാഹിബിന്റെത്. ജലാലിയ്യ റാതീബ് മജ്ലിസുകളിൽ പങ്കെടുക്കവെയാണ് അദ്ധേഹത്തെ കുറിച്ചറിയുന്നത്. അങ്ങനെയാണ് ആദ്യമായി ആ ചാരെയെത്തുന്നത്. അൽഹംദുലില്ലാഹ്, അന്ന് അവിടുന്ന് ഞങ്ങളെ ഹൃദ്യമായി സ്വീകരിക്കുകയും ജലാലിയ്യ റാതീബിന്റെ ഇജാസത് നൽകി അനുഗ്രഹിക്കുകയും ചെയ്തു. കൂടാതെ മഹാനവർകളിൽ നിന്ന് അസ്മാഉൽ ബദ്ർ, ഖാദിരിയ്യാ ത്വരീഖത്, മറ്റു ഔറാദുകളുടെയും ഇജാസതുകളും സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്.
ഏതാനും മാസങ്ങൾക്ക് മുമ്പ് ഞങ്ങളുടെ വീട് കുറ്റിയടിക്കൽ കർമത്തോട് അനുബന്ധിച്ചാണ് അവസാനമായി അവിടുത്തെ സന്ദർശിച്ചത്. രോഗശയ്യയിലായിരുന്നുവെങ്കിലും അന്ന് തറക്കല്ലും കുറ്റിയും മന്ത്രിച്ചു നൽകുകയുണ്ടായി. തിരികെ അവിടുത്തെ താത്പര്യം മാനിച്ച് ശിരസിൽ മന്ത്രിച്ചു നൽകിയപ്പോൾ ആ മുഖത്ത് പ്രകടമായ സന്തോഷം വളരെ വലുതായിരുന്നു.

അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് തമിഴ് മുസ്‌ലിം പാരമ്പര്യത്തെ കുറിച്ച് ഡോക്ടറേറ്റ് നേടിയ ആലിം സാഹിബിന്റെ ഗവേഷണ പഠനങ്ങൾ വിസ്മയിപ്പിക്കുന്നവയായിരുന്നു. 
നബിദിനാഘോഷം, വിവിധ റാതീബുകൾ, ഉറൂസുകൾ തുടങ്ങിയ പാരമ്പര്യ മുസ്‌ലിം ചിഹ്നങ്ങളെ അവഹേളിച്ചവർക്ക് തന്റെ രചനകളിലൂടെ അദ്ധേഹം മറുപടി നൽകി. ഇപ്പോഴും നവീന വാദികളെ വാഴ്ത്തുകയും പാരമ്പര്യത്തെ ഇകഴ്ത്തുകയും ചെയ്യുന്നതാണല്ലോ കേരളീയ മുസ്‌ലിം ചരിത്രം. എന്നാൽ ശ്രീലങ്കൻ തമിഴ് പാരമ്പര്യത്തെ അത്തരം ആക്രമണങ്ങളിൽ നിന്ന് പ്രതിരോധിച്ചത് ഡോ തൈകാ ശുഐബ് ആലിം സാഹിബായിരുന്നു. 

"അറബിക് അർവി പേർഷ്യൻ ആൻഡ് ഉർദു ഇൻ സറൻദീപ്&തമിൽനാട്" ആണ് ആലിം സാഹിബിന്റെ രചനകളിലെ മാസ്റ്റർപീസ്. മുപ്പത് വർഷത്തെ നിരന്തര അന്വേഷണങ്ങളെ തുടർന്ന് വിരചിതമായ ആ ഗ്രന്ഥം രാഷ്ട്രപതി ഭവനിൽ വെച്ച് അന്നത്തെ രാഷ്ട്രപതി ശങ്കർ ദയാൽ ശർമയാണ് പ്രകാശനം ചെയ്തത്. മാത്രമല്ല, എ പി ജെ അബ്ദുൽ കലാം ഉൾപ്പെടെ മറ്റു ഇന്ത്യൻ രാഷ്ട്രപതിമാരുമായും പ്രധാനമന്ത്രിമാരുമായും അടുത്ത ബന്ധമുണ്ടായിരുന്നു അദ്ധേഹത്തിന്.

ഇരുപതാം നൂറ്റാണ്ടിലെ അറിയപ്പെട്ട ശൈഖുമാരിൽ നിന്ന് ത്വരീഖതുകളും ഇജാസതുകളും സ്വീകരിക്കുകയും അവ ഇന്നു ജീവിച്ചിരിക്കുന്ന മഹത്തുക്കൾക്ക് സമ്മാനിക്കുകയും ചെയ്ത ആത്മീയ നക്ഷത്രമായിരുന്നു ഡോ തൈകാ ഷുഐബ്. പാരമ്പര്യത്തിന്റെ വലിയ സൂക്ഷിപ്പുകാരനെയാണ് അവിടുത്തെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്. അല്ലാഹു അവിടുത്തെ സേവനങ്ങൾ സ്വീകരിക്കട്ടെ, ദറജ വർധിപ്പിക്കട്ടെ..